ചെറു ചിന്ത: നേരറിയാൻ നേരിട്ടറിയണം | പാസ്റ്റർ സൈമൺ തോമസ്, കൊട്ടാരക്കര

 

വെളിയിൽ മഴ പെയ്യുന്നുണ്ടോ?. കൃഷിമന്ത്രി തന്റെ വാച്ച്മാനോട്‌ ചോദിച്ചു.ഉടൻ മന്ത്രിയുടെ വളർത്തുനായ പുറത്തു നിന്നും നനഞ്ഞു കൊണ്ട് വന്നു.ഇത് കണ്ട വാച്ച്മാൻ പറഞ്ഞു:-വെളിയിൽ അതിശക്തമായ മഴ പെയ്യുന്നുണ്ട്. മഴ കുറയാൻ ക്ഷമയോടെ കാത്തിരുന്ന മന്ത്രി,കുറച്ചു കഴിഞ്ഞു പുറത്തു പോയി നോക്കിയപ്പോൾ അൽപ്പം പോലും മഴ പെയ്തിട്ടില്ല.നായയുടെ പുറത്ത് ആരോ വെള്ളം ഒഴിച്ചതായിരുന്നു.സത്യം മനസ്സിലാക്കാതെ വിവരം അറിയിച്ച വാച്ചുമാനെ മന്ത്രി ജോലിയിൽ നിന്നും പിരിച്ചുവിട്ടു.

ഈ ദൃഷ്ടാന്തകഥയിൽ നിന്നും നാം പഠിക്കേണ്ട ചില സത്യങ്ങളുണ്ട്.
?കാര്യമറിയാതെ ഊഹാപോഹങ്ങളിൽ ആശ്രയിച്ച് കാര്യങ്ങളെ വിലയിരുത്തരുത്.
?കാര്യമറിയാതെ ആരുടെയും കഥ പറഞ്ഞു നടക്കരുത്.
?നേരിട്ടറിയാൻ കഴിയുന്ന കാര്യങ്ങൾ നേർവഴിക്ക് തന്നെ അറിയണം.
?തെറ്റിദ്ധാരണകൾ ഉണ്ടാകുന്നത് തെറ്റായ വിവരങ്ങളിലും വ്യാഖ്യാനങ്ങളിലും നിന്നുമാണ്.
?നിരീക്ഷണത്തിനുള്ള കാര്യക്ഷമത മുൻവിധിക്കുള്ള മാർഗ്ഗമല്ല.
?തെറ്റായ നിഗമനങ്ങളുടെ യാഥാർത്ഥ്യങ്ങൾ പുറത്തുവരുമ്പോൾ ആത്മാർത്ഥമായ പല ബന്ധങ്ങളും തകരാം.പല നന്മകളും നഷ്ടമാകാം.

നീതിമാനും ദൈവഭക്തനുമായിരുന്ന ഇയ്യോബ് രോഗശയ്യയിലായപ്പോൾ തന്റെ മൂന്ന് സ്നേഹിതന്മാർ മാറിമാറി വിചാരണ നടത്തി.അവർ ഉന്നയിച്ച ആരോപണങ്ങളിൽ സത്യത്തിന്റെ ഒരു കണം പോലും ഉണ്ടായിരുന്നില്ല.
തന്നെ വേദനിപ്പിച്ച തന്റെ സുഹൃത്തുക്കളോട് ഹൃദയവേദനയോടെ ഇയ്യോബ് പറയുകയാണ് “ഇപ്പോൾ പത്തു പ്രാവശ്യം നിങ്ങൾ എന്നെ നിന്ദിച്ചിരിക്കുന്നു,എന്നോട് കാഠിന്യം കാണിപ്പാൻ നിങ്ങൾക്കു ലജ്ജയില്ല” (ഇയ്യോബ് 19:3). ദൈവത്തിന്റെ ദാസനായ ഇയ്യോബിനെ വേദനിപ്പിച്ച സ്നേഹിതന്മാരെ ദൈവം ശകാരിച്ചു(ഇയ്യോബ് 42:7).

പ്രിയരേ,സത്യമറിയാതെ നടത്തുന്ന സദാചാര വിചാരണകൾ എത്രയോ ഹൃദയങ്ങളെയാണ് കീറി കളയുന്നത്?.ആകയാൽ ഒരു സംഭവത്തെക്കുറിച്ചോ,വ്യക്തിയെ കുറിച്ചോ നടത്തുന്ന നമ്മുടെ വ്യാഖ്യാനങ്ങളും വിധികളും നേരായ അറിവിൽ നിന്നാകട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.