ദളിത് ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങളെ പട്ടികജാതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര നീക്കം

Kraisthava Ezhuthupura News

ദില്ലി: ദളിത് ക്രിസ്ത്യൻ, ദളിത് മുസ്ലിം വിഭാഗങ്ങളെ പട്ടികജാതിയിൽ (Scheduled Caste) ഉൾപ്പെടുത്താനുള്ള നടപടികൾ ആലോചിച്ച് കേന്ദ്ര സർക്കാർ. ഇക്കാര്യം പരിശോധിക്കാൻ കേന്ദ്രസർക്കാർ സമിതി രൂപീകരിക്കും. സുപ്രീംകോടതിയിൽ കേസ് വന്ന സാഹചര്യത്തിൽ കൂടിയാണ് കേന്ദ്രസർക്കാരിന്റെ നീക്കം.

1950 ലെ ഉത്തരവ് അനുസരിച്ചാണ് പട്ടികജാതിയിൽ എതൊക്ക വിഭാഗങ്ങൾ വരും എന്ന് നിശ്ചയിക്കുന്നത്. ഹിന്ദുമതത്തിലെ തൊട്ടുകൂടായ്മ നേരിട്ട സമൂഹങ്ങളെ മാത്രമാണ് പട്ടികജാതിയിൽ ആദ്യം ഉൾപ്പെടുത്തിയത്. എന്നാൽ പിന്നീട് സിഖ്, ബുദ്ധ മതങ്ങളിലെ ദളിത് വിഭാഗങ്ങളെ കൂടി ചേർത്തു. ക്രിസ്ത്യൻ, മുസ്ലിം മതങ്ങളിലേക്കും മതം മാറി എത്തിയ ഇത്തരം വിഭാഗങ്ങളുണ്ടെങ്കിലും അവരെ പട്ടികജാതി വിഭാദമായി കണക്കാക്കി ആനുകൂല്യങ്ങൾ നൽകുന്നില്ല. 2007 ൽ ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷൻ ഈ വിവേചനം പാടില്ലെന്ന് നിർദ്ദേശിച്ചിരുന്നു. 2020 ൽ നാഷണൽ കൗൺസിൽ ഫോർ ദളിത് ക്രിസ്ത്യൻസ് സുപ്രീംകോടതിയിൽ ഹർജി നൽകുകയും ചെയ്തു. കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് നല്കി. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തെക്കുറിച്ചുള്ള ആലോചന.

കേന്ദ്രമന്ത്രിയും ഒരു ജഡ്ജിയും ഉൾപ്പെടുന്ന സമിതി രൂപീകരിച്ച് പഠിക്കാനാണ് തീരുമാനം. പരിവർത്തിത ദളിത് വിഭാഗങ്ങൾക്കായി ഒരു ദേശീയ കമ്മീഷനുള്ള ആലോചനയും സർക്കാരിനുണ്ട്. നിർദ്ദേശം നടപ്പായാൽ ഇപ്പോൾ ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിലെ പട്ടികജാതി വിഭാഗങ്ങൾക്ക് കിട്ടുന്ന അതേ ആനുകൂല്യം ക്രിസ്ത്യൻ, മുസ്ലിം ദളിത് വിഭാഗങ്ങൾക്കും കിട്ടും. ചില സംസ്ഥാനങ്ങൾ ഈ വിഭാഗങ്ങളെ ഒബിസിയിലാണ് ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ് ആകെ പതിനാല് കോടി മുസ്ലിംങ്ങളും രണ്ടര കോടി ക്രിസ്ത്യാനികളും ഉണ്ടെന്നാണ് കഴിഞ്ഞ സെൻസസ് നല്കുന്ന കണക്ക്. എന്നാൽ ഇതിൽ എത്രയാണ് ദളിത് വിഭാഗങ്ങളെന്നതിൽ കണക്കില്ല. ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗത്തെയെങ്കിലും സ്വാധീനിക്കാനുള്ള ശ്രമം കൂടിയാണ് കേന്ദ്രത്തിന്റെ ഈ നീക്കം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.