ഒരുലക്ഷത്തിൽ മുകളിൽ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പിന്‍വലിച്ച്‌ ഡല്‍ഹിയിലെ കേജ്‌രിവാള്‍ സര്‍ക്കാര്‍

KE NEWS DESK| NEW DELHI, INDIA

ന്യൂഡല്‍ഹി: പുതുവര്‍ഷദിനത്തില്‍ പത്ത് വര്‍ഷത്തിനു മുകളിൽ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടേയും 15 വര്‍ഷത്തിനു മുകളിൽ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളുടേയും രജിസ്ട്രേഷന്‍ പിന്‍വലിച്ച്‌ ഡല്‍ഹിയിലെ കേജ്‌രിവാള്‍ സര്‍ക്കാര്‍.
ഡല്‍ഹിയില്‍ വര്‍ദ്ധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണത്തിനുള്ള പരിഹാരമായിട്ടാണ് വാഹനങ്ങള്‍ ഡീ രജിസ്റ്റര്‍ ചെയ്യുന്നത്. ഏകദേശം ഒരുലക്ഷത്തിന് മേലെയുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഇത്തവണ പിന്‍വലിക്കുന്നുണ്ട്.

2016ലാണ് പത്ത് വര്‍ഷത്തിനു മേലെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പിന്‍വലിക്കുന്ന രീതിയില്‍ ഡല്‍ഹിയിലെ വാഹനനിയമങ്ങളില്‍ ആം ആദ്മി സ‌ര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരുന്നത്. ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി പത്ത് വര്‍ഷമായി കുറച്ചപ്പോള്‍ പെട്രോള്‍ വാഹനങ്ങളുടെ കാലാവധി 15 വര്‍ഷമായി തന്നെ നിലനിര്‍ത്തുകയായിരുന്നു.

അതേസമയം ഡല്‍ഹി നിവാസികള്‍ക്ക് തിരിച്ചടിയാണെങ്കിലും ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം കാരണം കോളടിച്ചത് മറ്റ് സംസ്ഥാനക്കാരാണ്. ഇന്ത്യയില്‍ കേരളം ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഡീസല്‍ വാഹനങ്ങള്‍ക്ക് 15 വര്‍ഷം വരെ അനുവദനീയ കാലാവധിയുണ്ട്. അതിനുശേഷം വാഹനത്തിന്റെ ഫിറ്റ്നസ് ടെസ്റ്റില്‍ പാസായാല്‍ വീണ്ടും ഉപയോഗിക്കാം. അതിനാല്‍ തന്നെ ഡല്‍ഹിയില്‍ നിന്ന് ഡീ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ചുളുവിലയ്ക്ക് വാങ്ങാന്‍ ഇവര്‍ക്ക് സാധിക്കും.

2016 മുതല്‍ ഡല്‍ഹി സര്‍ക്കാര്‍ വാഹനങ്ങളുടെ ഡീ രജിസ്ട്രേഷന്‍ നടത്തുന്നുണ്ടെങ്കിലും വാഹനം മറിച്ചുവില്‍ക്കാനുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ ഒ സി) നല്‍കുന്നില്ലായിരുന്നു. എന്നാല്‍ അടുത്തിടെ നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയ ഡല്‍ഹി സ‌ര്‍ക്കാര്‍ ഡീ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ എന്‍ ഒ സി നല്‍കാന്‍ ആരംഭിച്ചിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.