ചെറുചിന്ത:- ജനുവരി ഒന്ന് നവവത്സര ശുഭദിനം l രാജൻ പെണ്ണുക്കര

കൂരിരുളിന്റെയും, ഭയത്തിന്റെ താഴ്‌വരയിൽ കൂടി കടന്നു പോയ 25 മാസങ്ങൾ. ആദ്യമായി ഡിസംബർ 2019 എന്ന മാസം ലോകജനതയുടെ മനസ്സിൽ കൂട്ടമരണ മണിനാദത്തിന്റെ പ്രകമ്പനഭീതിയുടെ വിത്തുകൾ പാകി ജീവിത വഴിത്താരയെ ജീവൻ മരണ പോരാട്ടത്തിന്റെ മുൾമുനയിൽ നിർത്തിയില്ലേ!!. തുടർന്ന്, കോവിഡ് 19 എന്ന ഈ മഹാമാരി, സമുദ്രതീരത്തെ മണൽപോലെ മരണത്തിന്റെ വിത്തുകളെ ആകാശത്തുന്നിന്നും വാരി വിതറിയപ്പോൾ ലോകജനത പൂർണ്ണമായും ആശങ്കയിൽ ആയി, 2021 ജനുവരി ഒന്ന് കാണുമോ എന്ന വലിയ ??? (“”ചോദ്യചിഹ്നം””) മനുഷ്യരാശിയുടെ മുന്നിൽ ആകാശം മുട്ടെ നിന്നു ലോകത്തേ വെല്ലുവിളിച്ചു. പിന്നീട് അതേ ആശങ്ക 2022 ജനുവരി ഒന്ന് എന്ന വർഷത്തെ നോക്കിയും ദ്രഷ്ടങ്ങൾ കാണിച്ച് വീണ്ടും വെല്ലു വിളിച്ചില്ലേ???…

post watermark60x60

നമ്മുടെ സ്വന്തക്കാരുടെയും, ബന്ധുക്കാരുടെയും, അയൽക്കാരുടെയും അങ്ങനെ എത്രയോ പേരുടെ, ഓർക്കാപ്പുറത്തുള്ള നഷ്ടത്തിന്റെ മാത്രം കണക്കുകൾ നിരത്തിവെച്ച കഴിഞ്ഞ 25 മാസങ്ങൾ. ആശകളും, പകുതി വഴിയിൽ പൊലിഞ്ഞ സ്വപ്‌നങ്ങളും അപ്രതീക്ഷിത തീരാനഷ്ടങ്ങളും അനുഭവിച്ചവർ എണ്ണിത്തീരാതെവണ്ണം അനേകർ. എത്ര കുടുംബങ്ങൾ വഴിയാധാരമായി, എത്രയോ പേര് അനാഥരായി മാറി. ഏറ്റവും പ്രീയപെട്ടവരുടെ ജീവനറ്റ മുഖം പോലും കാണുവാനോ, ഒരന്ത്യ ചുംബനം പോലും കൊടുക്കാൻ പറ്റാതെ ചിതക്കിരയായി മണ്മറഞ്ഞു പോയവർ എത്രയധികം.

നാം അടുത്തു ഇടപെട്ട പലരും, കൂടാതെ നമ്മോട് അടുത്ത് ഇടപഴകിയവരായ എത്രയോ പേർ നാം അറിയാതെ തന്നേ, മണിക്കൂറിനുള്ളിൽ രോഗികൾ ആയി പ്രണാവായുവിനുവേണ്ടി ആംബുലൻസിൽ ചീറി പറഞ്ഞു പറന്നു നടന്നു. പലരും രക്ഷപെട്ടു, പലരും പിടഞ്ഞു പിടഞ്ഞു മരിച്ചു വീണു, ചിലർ ആശുപത്രിവരാന്തയിൽ, ചിലർ നടുറോഡിൽ, ചിലർ വാഹനത്തിൽ തങ്ങളുടെ ഊഴം കാത്തുകാത്തിരുന്നു ഇറ്റ് ശ്വാസം പോലും കിട്ടാതെ പൊലിഞ്ഞുപോയി. പലരും സ്വന്തക്കാരുടെ മടിയിൽ കിടന്നു പ്രാണൻ വെടിഞ്ഞു.

Download Our Android App | iOS App

ഇതിനിടയിൽ നമ്മിൽ പലരേയും ഈ രോഗം തേടിവന്നു. എന്നാൽ അവിടെയും ദൈവത്തിന്റെ അദൃശ്യ കരത്തിന്റെ കരുതൽ, കാവൽ, തലോടൽ, സംരക്ഷണം, സ്വാന്തനം നമ്മേ ഒരു നിമിഷം പോലും വിട്ടു മാറാതെ കൂടെയിരുന്നതിനാൽ നാമും രക്ഷപെട്ടു. അല്ലാതെ നാം സ്വീകരിച്ച കുത്തിവെപ്പോ, ഉപയോഗിക്കുന്ന മുന്ന് പാളി മുഖംമൂടിയോ അല്ലാ ഇന്നുവരെയും നമ്മേ രക്ഷിച്ചു നിർത്തിയത് എന്നു മാത്രമേ നമുക്ക് ഇന്നും സാക്ഷിക്കാനുള്ളു.

സാധാരണ കേട്ടിട്ടില്ലാത്ത, പ്രയോഗത്തിൽ വരാത്ത പദങ്ങൾ പഠിപ്പിച്ച 25 മാസങ്ങൾ, ഇന്നു പാമരനും ഉറക്കത്തിൽ വിളിച്ചു പറയാവുന്ന സാമാന്യ പദങ്ങൾ ആയി അവകൾ മാറിക്കഴിഞ്ഞു.

അതുകൊണ്ട്, പാപത്തോടും, ഈ രോഗത്തോടും നമുക്ക് വീണ്ടും വീണ്ടും സ്വയം അകലം പാലിക്കാം. നമ്മുടെ ഒരു ചെറിയ ശ്രദ്ധക്കുറവ്‌, ഉപേക്ഷ, മറവി, വീഴ്ച്ച പലപ്പോഴും, നമ്മേ ആത്മീക മരണത്തിലേക്കും, ശാരീരിക മരണത്തിലേക്കും നയിക്കാം.

ഇന്നു പുതിയ പേരിലും ഭാവത്തിലും അവൻ വീണ്ടും വന്നു കഴിഞ്ഞു. നാളത്തെ രൂപവും ഭാവവും എന്താകും, എങ്ങനെയാകും എന്ന് ആര് അറിയുന്നു.

അതുകൊണ്ട് വരും നാളുകളിലും നമുക്ക് വളരെ ജാഗ്രതയോടെ സൂക്ഷ്മതയോടെ, പ്രാർത്ഥനയോടെ, താഴ്മയോടെ, പ്രത്യാശയോട് നാഥന്റെ വരവിനായി കാത്തിരിക്കാം, ജീവിക്കാം. വചനം പറയുന്നു “””പ്രിയനേ, നിന്റെ ആത്മാവു ശുഭമായിരിക്കുന്നതു പോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു””” (3 യോഹ 1:2).

ഇന്നുവരെ ഇത്രയധികം പ്രോത്സാഹനങ്ങൾ തന്ന *ക്രൈസ്തവ എഴുത്തു പുരയുടെ* എല്ലാ അണിയറ പ്രവർത്തകർക്കും, എല്ലാ എഴുത്തുകാർക്കും, ലോകമെമ്പാടും ഉള്ള ഞങ്ങളുടെ പ്രീയപെട്ട വായനക്കാർക്കും “””എല്ലാവിധ അനുഗ്രഹങ്ങളും, ആശിർവാദങ്ങളും, പ്രത്യേകിച്ച് പുതുവത്സരത്തിന്റെ ആശംസകളും വേഗം വരുന്ന ക്രിസ്തുയേശുവിന്റ മാറ്റമില്ലാത്ത നാമത്തിൽ നേരുന്നു.”””.

Happy New Year 2022

-ADVERTISEMENT-

-ADVERTISEMENT-

You might also like