ലേഖനം: തക്കസമയം | ജിനേഷ് പുനലൂർ

 

ബൈബിളിലുടനീളം നാം അവഗണിക്കുന്നതായി തോന്നുന്ന ഒരു പ്രസ്താവനയുണ്ട്. അത്, “നിശ്ചിത സമയം അഥവ തക്ക സമയം” എന്നാണ്. ദൈവത്തിന്റെ എല്ലാ വഴികളും പൂർണ്ണമായിരിക്കുന്നതുപോലെ, ദൈവത്തിന്റെ സമയത്തെക്കുറിച്ച് നാം ആദ്യം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. കാരണം, അത് പൂർണ്ണമാണ് എന്നതാണ് സത്യം. (സങ്കീർത്തനം 18:30; ഗലാത്യർ 4:4).
ദൈവത്തിന്റെ സമയം ഒരിക്കലും നേരത്തെയുമല്ല വൈകത്തുമില്ല. വാസ്‌തവത്തിൽ, നമ്മുടെ ജനനത്തിനു മുൻപ് തന്നെ നമ്മുടെ അവസാന ശ്വാസം നിലക്കുന്ന നിമിഷം വരെ, പരമാധികാരിയായ ദൈവം നമ്മുടെ ജീവകാലത്തു തന്റെ ദൈവീക ഉദ്ദേശ്യങ്ങൾ നിറവേറ്റുകയാണ് ചെയ്യുന്നത്. എല്ലാം അവിടുത്തെ കരങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണുള്ളത്. ലോകസ്ഥാപനത്തിനുമുമ്പ് ദൈവം രൂപകല്പന ചെയ്ത അവിടുത്തെ ശാശ്വത പദ്ധതിയുടെ സമയക്രമത്തിന് ചരിത്രത്തിലെ ഒരു സംഭവത്തിനും യാതൊരു മാറ്റവും വരുത്തുവാൻ കഴിഞ്ഞിട്ടില്ല ഇനിയൊട്ടു കഴിയുകയുമില്ല.

ദൈവത്തിന്റെ സമയം മനസ്സിലാക്കുന്നതിനുള്ള മറ്റൊരു താക്കോൽ “വിശ്വാസമാണ്”. വാസ്‌തവത്തിൽ, കർത്താവിനെ കാത്തിരിക്കുവാനുള്ള നമ്മുടെ കഴിവ് എന്നു പറയുന്നത് നാം അവനിൽ എത്രമാത്രം വിശ്വാസം അർപ്പിച്ചിരിക്കുന്നു എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. നാം പൂർണ്ണഹൃദയത്തോടെ ദൈവത്തിൽ ആശ്രയിക്കുമ്പോൾ, നമ്മുടെ സ്വയാശ്രയത്വം ഉപേക്ഷിക്കേണ്ടത് അത്യാവശ്യമാണ്. “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും”

സദൃശ്യവാക്യങ്ങൾ 3: 5- 6

യഹോവയുടെ അഗാധമായ സ്നേഹം (അഗാപെ) തന്നിൽ വിശ്വസിക്കുന്ന എല്ലാവരെയും വലയം ചെയ്യുന്നു. നിങ്ങൾ എപ്പോഴെങ്കിലും ഒരു പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടുണ്ടോ? ഒരുപക്ഷേ നിങ്ങൾ ഇപ്പോൾ ഒരു പ്രതിസന്ധിയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാവാം. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളെ എങ്ങനെ തരണം ചെയ്യണം എന്നതിനെക്കുറിച്ച് യോഹന്നാൻ 11-ൽ നമുക്ക് പഠിക്കുവാൻ കഴിയുന്ന മൂന്ന് പ്രധാന പാഠങ്ങളുണ്ട്. തന്റെ
സുഹൃത്തായ ലാസർ ഗുരുതരാവസ്ഥയിലാണെന്ന് യേശുവിന് വിവരം ലഭിച്ചു. എങ്കിലും, തന്റെ ശിഷ്യന്മാരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ലാസറിനെ സുഖപ്പെടുത്തുവാൻ യേശു പോകുന്നില്ല. മറിച്ച്, രണ്ട് ദിവസം കൂടി താൻ ആയിരുന്ന സ്ഥലത്ത് താമസിക്കുകയാണ് ചെയ്തത്. ലാസറിൻ്റെയും സഹോദരിമാരുടെയും ഭവനമായ ബെഥാന്യയിൽ എത്തിയപ്പോൾ, നാല് ദിവസം മുമ്പ് ലാസർ മരിച്ചതായി യേശു മനസ്സിലാക്കുന്നു. ഇവിടെ
മൂന്നു വിഷയങ്ങൾ ആണ് ഞാൻ നിങ്ങളോടു വിവരിക്കാൻ ആഗ്രഹിക്കുന്നത്.

1. നമ്മളെ സംബന്ധിച്ചിടത്തോളം, ദൈവത്തിന്റെ സമയം പലപ്പോഴും ദീർഘവും നിരാശാജനകവുമായ കാലതാമസമായി അനുഭവപ്പെടുന്നു.

ദൈവത്തിന്റെ തികവുറ്റ സമയം രണ്ട് കാര്യങ്ങൾ ചെയ്യുന്നു: നമ്മേ കാത്തിരിക്കുവാനും ദൈവത്തിൽ ആശ്രയിക്കാനും നിർബന്ധിതരാക്കുന്നു, അത് നമ്മുടെ വിശ്വാസം വളർത്തുവാൻ സഹായിക്കുന്നു. “എന്റെ കാലഗതികൾ നിന്റെ കയ്യിൽ ഇരിക്കുന്നു;”
സങ്കീർത്തനം 31:15. തക്കസമയത്ത്, ദൈവം നിങ്ങളുടെ വിഷയങ്ങൾക്കു മറുപടി നല്കി വിടുവിക്കുകയും രക്ഷിക്കുകയും ചെയ്യും.

2. ദൈവത്തിന്റെ വഴികൾ നമ്മുടെ വഴികളല്ല.

“എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു”.
(യെശയ്യാവ് 55: 8-9)
ദൈവത്തിന് ശാശ്വതമായ വീക്ഷണമുണ്ട്. എന്നാൽ, ശിഷ്യന്മാരുടെ വിശ്വാസം വർദ്ധിപ്പിക്കുവാൻ യേശു ആഗ്രഹിച്ചു. രോഗികളെ സുഖപ്പെടുത്തുവാൻ യേശുവിന് ശക്തിയുണ്ടെന്ന് അവർക്ക് അറിയാമായിരുന്നു. പക്ഷേ
4 ദിവസം പഴകിയ മൃതദേഹം ഉയിർപ്പിക്കുമെന്നു അവർ വിശ്വസിച്ചിരുന്നില്ല. അത് അവരുടെ വിശ്വാസത്തെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നതായിരുന്നു. ദൈവത്തിന്റെ വഴികൾ നിങ്ങളുടെ വഴികളല്ലെന്ന് അറിയുക, എന്നത് മാത്രമല്ല നിങ്ങളുടെ എല്ലാ വിശ്വാസവും അവന്റെ വഴികളിൽ അർപ്പിക്കുകയും വേണം.

3. ദൈവത്തിന് എല്ലായിപ്പോഴും അന്തിമ വാക്ക് ഉണ്ട്.

സാഹചര്യം എത്ര ഭയാനകവും അസാധ്യവുമാണെന്ന് തോന്നിയാലും, ഉത്തരമോ സഹായമോ, പ്രത്യാശയോ ഇല്ലെന്ന് തോന്നിയാലും, ദൈവം നിങ്ങളെ കാണും, കാരണം കർത്താവിനു മാത്രമേ അന്തിമ വാക്ക് ഉള്ളു. ദൈവം അവധി ഇടുന്ന കാലഘട്ടങ്ങളിൽ നാം ചിന്തിക്കും എല്ലാം അവസാനിച്ചുവെന്ന്.
എൻ്റെ വിവാഹം, കുടുംബം, ജോലി, ആരോഗ്യം, ഭാവി ഇവയെല്ലാം എന്താകും എന്ന് ചിന്തിച്ച് നിരാശപ്പെടുമ്പോൾ നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ദൈവം ഇതിനെല്ലാം ഒരു അവധി വച്ചിട്ടുണ്ട് ഒന്നും അവസാനിച്ചിട്ടില്ല. മറിച്ചു, ദൈവത്തിന്റെ തക്ക സമയം ആകുന്നതേയുള്ളു എന്ന്. ആ കല്ലറയിൽ ലാസർ മരിച്ച് നാലു ദിവസം ജീർണ്ണിച്ചു. പക്ഷേ അത് അവിടെ അവസാനിച്ചില്ല. യേശു ലാസറിനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കുന്നു. ലാസറിന്റെ അവയവങ്ങൾ പ്രവർത്തിക്കുന്നു. ഇതേപോലെ തന്നെ മരണത്തിൽ നിന്നും ദൈവം നമ്മളെ ഉദ്ധരിക്കും എന്നുള്ള കാര്യം തീർച്ചയാണ്. ആ പ്രത്യാശയാൽ നമുക്ക് മുന്നോട്ടു പോകാം, അതിനായി ദൈവം നമ്മെ ഓരോരുത്തരേയും ബലപ്പെടുത്തട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് തല്ക്കാലം നിർത്തട്ടെ.

– ജിനേഷ് പുനലൂർ

-Advertisement-

You might also like
Comments
Loading...