ചെറു ചിന്ത: എമർജൻസി ലാമ്പ് നൽകുന്ന പാഠം | പാസ്റ്റർ. ബാബു ചെറിയാൻ

 

ഞാൻ ഒരു വീട്ടിൽ ചെന്നപ്പോൾ മനോഹരമായ ഒരു ലൈറ്റ് കണ്ടു. അത് ഓൺ ചെയ്യാൻ നോക്കിയപ്പോൾ വീട്ടുകാർ പറഞ്ഞു പാസ്റ്റർ അത് കാണാൻ മാത്രമേ കൊള്ളുകയുള്ളൂ പ്രവർത്തിക്കുകയില്ല. കാരണമന്വേഷിച്ചപ്പോൾ സമയാസമയങ്ങളിൽ ചാർജ് ചെയ്യാതിരുന്നത് കൊണ്ട് കേടായി പോയി എന്നാണ് ഉത്തരം ലഭിച്ചത്.

പക്ഷേ പുറമേ കണ്ടാൽ വളരെ ഭംഗി. ഉപയോഗശൂന്യം ആണെന്ന് മാത്രം. അതിനകത്ത് ഒരു ബാറ്ററി ഉണ്ട്. അത് കൃത്യമായി കറന്റുമായി ബന്ധിപ്പിച്ച് ദിവസത്തിൽ ഒരു മണിക്കൂറിൽ ചാർജ്ജ് ചെയ്യേണ്ടതാണ്. ഇല്ലെങ്കിൽ അരമണിക്കൂറെങ്കിലും. ഉപയോഗം കൂടുതലാണെങ്കിൽ കൂടുതൽ സമയം ചാർജ് ചെയ്യണം.

പുത്തൻ ആയിരിക്കുമ്പോൾ ഈ നിയമം പാലിച്ചെങ്കിലും കുറേ സമയത്തേക്ക് പ്രകാശിക്കും. അങ്ങനെ അനുഭവം ആകുമ്പോൾ പിന്നെ ചാർജ് ചെയ്യുന്ന കാര്യം മറന്നു പോകും. ക്രമേണ അകത്തെ ബാറ്ററിയുടെ ബലം നഷ്ടപ്പെടും. പിന്നെ ചാർജ് കയറാതെ ആകും. അതാണ് ഇപ്പോൾ കാഴ്ചവസ്തുവായി ഇരിക്കുന്നത്. ഇങ്ങനെ പലരും ഇപ്പോൾ കാഴ്ചവസ്തുവായി ഇരിപ്പുണ്ട്. പുറമേ കണ്ടാൽ ഒരു ദൈവപൈതൽ തന്നെ പക്ഷേ പ്രകാശം ഇല്ല, ചൈതന്യം ഇല്ല, ശക്തിയില്ല, ധൈര്യമില്ല… ഒന്നുമില്ല. വിശ്വാസികൾ മാത്രമല്ല നേതാക്കളും ഉണ്ട് ഈ ഗണത്തിൽ. അവർ സമയം മെനക്കെടുത്താൻ വരും. സഭയ്ക്ക് ഭാരവും ശല്യമാണെന്ന് കാര്യം അവർ അറിയുന്നില്ല. ഒരുകാലത്ത് പ്രകാശിച്ചവരാണ് പക്ഷേ ഇന്ന് ചാർജ് നഷ്ടപ്പെട്ടിരിക്കുന്നു. പ്രാർത്ഥന കുറഞ്ഞത് അറിഞ്ഞില്ല. ചാർജ് ഇല്ലാതെയും കുറെനാൾ പ്രകാശിക്കുമല്ലോ. ഒടുവിലിതാ ചാർജ് കൂടി കയറാത്ത അവസ്ഥയിലായി.

ഓരോ പ്രാവശ്യവും എമർജൻസി ലാമ്പ് കാണുമ്പോൾ എൻറെ മനസ്സിൽ വരുന്ന ചിന്ത ഇതാണ്. നീയും ഇതുപോലെ ആകാൻ സാധ്യതയുണ്ട് അതുകൊണ്ട് ചാർജ് നഷ്ടപ്പെടാതെ സൂക്ഷിക്കുക. പൂർണമായി നഷ്ടപ്പെട്ടാൽ പിന്നെ ചാർജ് കയറാൻ വിഷമമാണ്. ആകയാൽ എന്തുവിലകൊടുത്തും പ്രാർത്ഥന ജീവിതത്തിൽ നിലനിർത്തുക,വളർത്തുക ഏതുസമയത്തും കുറഞ്ഞു പോകാൻ സാധ്യതയുണ്ട്. പൂർണ ജാഗ്രതയോടെ പ്രാർത്ഥനയെ കരുതുക. പ്രാർത്ഥിക്കാതെയും പ്രസംഗിക്കാം,പ്രവർത്തിക്കാം, കുറെ നാളത്തേക്ക് ഒന്നുമറിയില്ല ആരും അറിയില്ല. അറിഞ്ഞു വരുമ്പോഴേക്കും കാര്യമില്ലാത്ത അവസ്ഥയാകും.

ശക്തികേന്ദ്രമായ കർത്താവുമായി നിന്നെ ബ്ലോക്ക് ചെയ്യുക, അത് കൃത്യമായി തുടരുക. അപ്പോൾ ശക്തി കുറയാതിരിക്കും. അളവറ്റ ശക്തി നിന്നിലേക്ക് വന്നുകൊണ്ടിരിക്കും. പ്രത്യേകം ഓർക്കുക ഏതൊരു ശക്തിയും ക്രമേണ കുറഞ്ഞു പോകും. കുറഞ്ഞുപോയത് അറിയുകയുമില്ല. ശിംശോൻ തന്റെ ശക്തി നഷ്ടപ്പെട്ടത് അറിഞ്ഞില്ലല്ലോ.?

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.