ലേഖനം: എന്താണ് ദൈവനിയോഗം | രാജൻ പെണ്ണുക്കര

 

ദൈനം ദിന ജീവിതത്തിൽ വളരെ വിരളമായി ഉപയോഗിക്കുന്ന പദമാണ് “നിയോഗം”. യഥാർത്ഥത്തിൽ “നിയോഗം” (Assignment) എന്നവാക്കിന്റ നാനാർത്ഥങ്ങൾ, ചുമതലപ്പെടുത്തല്‍, കൂട്ടിച്ചേര്‍ക്കല്‍, വിധി, എന്നൊക്കെയാണ്.

മലയാളം വേദപുസ്തകത്തിൽ രണ്ടു വട്ടം മാത്രം “നിയോഗം” എന്ന പദം ഉപയോഗിച്ചിരിക്കുന്നു. “ദൈവനിയോഗം” എന്നത് ഇതിനോട് ബന്ധപ്പെട്ടുണ്ടായ പദമാണ്. ഭാഷാ പ്രയോഗത്തിൽ തന്നേ പെട്ടെന്ന് എല്ലാവർക്കും ഏകദേശം അർത്ഥം മനസ്സിലാകുന്ന വാക്ക്. എന്നാൽ ഇത് എല്ലാവരിലും ഉണ്ടോ എന്നത് പ്രത്യേകമായി ചർച്ച ചെയ്യേണ്ടിയ വിഷയം തന്നേ.

ആത്മീക ഭാഷയിൽ എന്താണ് ദൈവനിയോഗം?. അതായത്, ദൈവത്തിന്റെ ഉദ്ദേശവും, രൂപരേഖയും, നമ്മിൽ കൂടി ചെയ്തെടുക്കുവാൻ മുൻനിർണ്ണയപ്രകാരം (ലോക സ്ഥാപനത്തിന്നു മുമ്പെ തന്നെ) അതിസൂക്ഷ്‌മതയോടെ ആസൂത്രണം ചെയ്യുന്ന ദൈവീക കർമ്മ പദ്ധതിയാണ് “ദൈവനിയോഗം”.

നിയോഗം ഉള്ളവന്റെ പ്രവർത്തിയും നടപ്പും രീതിയും ജീവിതവും കണ്ടാൽ പെട്ടെന്ന് തിരിച്ചറിയാം. അതിന്റ വള്ളിപുള്ളിയോ, സമയമോ, സന്ദർഭമോ ഒരു മനുഷ്യനാലും മാറ്റുവാനോ, ഒരു ശക്തിക്കും തടയുവാനോ, വഴിതിരിച്ചു വിടുവാനോ സാധ്യമല്ല. അത് അതുപോലെ നടന്നേ മതിയാവൂ, ദൈവം നടത്തിയിരിക്കും. അതിനു വേണ്ട കാരണവും അനുകൂല സാഹചര്യവും, സന്ദർഭവും സൃഷ്ടിക്കേണ്ടിയത് ദൈവത്തിന്റ പദ്ധതിയും അതിന്റെ പൂർണ്ണതക്കായി സമർപ്പിക്കേണ്ടിയത് നമ്മുടെ കടമയും ആണ്.

ദൈവത്തിന് പദ്ധതിയും (Plan), ആസൂത്രിത പദ്ധതിയും (Master Plan) ഉണ്ടെന്നു പറഞ്ഞാൽ നിഷേധിക്കാനാകുമോ?. ദൈവം വളരെ തീഷ്ണതയോടും, അതിസൂക്ഷ്‌മതയോടും, ദീർഘവീഷണത്തോടും തയ്യാറാക്കുന്ന സമര്‍ത്ഥമായ ആസൂത്രിത പദ്ധതിയെയാണ് ഇംഗ്ലീഷ് ഭാഷയിൽ Master Plan എന്നു വിളിക്കുന്നത്.

മാനുഷിക പദ്ധതികൾ പലപ്പോഴും സമയബദ്ധതയോടോ, പ്രതിജ്ഞാബദ്ധതയോടോ, പൂർണ്ണ ഗുണനിലവാരത്തോടോ ഒരിക്കലും തീർത്തയായി കാണുന്നില്ല, അതിന് എവിടെയെങ്കിലും പാളിച്ചകൾ വരാം. എന്നാൽ ദൈവീക പദ്ധതിയിൽ അണുപോലും മാറ്റം വരില്ല എന്നതാണ് സവിശേഷത.

ഒരു കാര്യം കൂടി പറയാം, ദൈവനിയോഗം ഉള്ളവന്റെ പ്രാർത്ഥനക്ക്‌ പെട്ടെന്നു മറുപടി കിട്ടിയതായി വായിക്കുന്നില്ല. കാരണം അതിനൊരു ക്ലിപ്ത സമയവും, കാലവും, മുൻനിർണ്ണയപ്രകാരം നിശ്ചയിച്ചു വെച്ചിരിക്കുന്നു, അത് ഒരു സുപ്രഭാതം കൊണ്ടു നടക്കുന്ന സംഗതിയല്ല, അതിന് ദൂരവും, കാലപ്രമാണവും ഉണ്ട്. അതുകൊണ്ട്, അവന്റെ/അവളുടെ പാപം അല്ലെങ്കിൽ കർമ്മം കൊണ്ടാണ് പ്രാർത്ഥനക്ക്‌ മറുപടി ഇതുവരെ ലഭിക്കാത്തതെന്ന് ആരും തന്നെ ചാടികയറി അഭിപ്രായം പറഞ്ഞു ദൈവ നിയോഗത്തേ ചോദ്യം ചെയ്യുന്നതിനു തുല്യമായ അപരാധം ചെയ്യരുത്. ദൈവത്തിന്റെ സമയത്തു മാത്രമേ അതതിന്റെ പൂർത്തികരണത്തിന്റെ മറുപടി ലഭിക്കു എന്നു ചുരുക്കം. അതുകൊണ്ട് ധൃതി കൂട്ടിയിട്ട് കാര്യമില്ലായെന്നു ആദ്യമേ അറിയുക.

ദൈവനിയോഗം പ്രാപിച്ച പല വ്യക്തികളെയും അവരിൽ കൂടി പൂർത്തികരിച്ച ദൈവീക പദ്ധതികളേയും കുറിച്ച് വചനത്തിൽ വായിക്കുന്നു.
ഉദാ: യിസഹാക്ക്, യോസേഫ്, മോശ, ദാവീദ്, ശമൂവേൽ ബാലൻ (പ്രവാചകൻ), എസ്ഥേർ, യോഹന്നാസ്നാപകൻ മറ്റും (Etc). ഇവരുടെ ജനനവും പിന്നീട് അവർ പടിപടിയായി നടന്നു പോയ വഴിത്താരകളും നോക്കിയാൽ അവരിലുള്ള ദൈവനിയോഗം വ്യക്തമായി കാണുവാൻ സാധിക്കും. ചിലരുടെ ജനനത്തിന് മുൻപ് മുതൽ ഉണ്ടായ തടസ്സങ്ങൾ, അതിനോട് അനുബന്ധിച്ച് നടന്ന അനന്തര സംഭവങ്ങളും വെല്ലുവിളികളും, അതിനെ എല്ലാം മറികടന്നുള്ള അവരുടെ ജനനവും എത്ര വലിയ ഉദാഹരണങ്ങൾ ആയി ഇന്നും നിലനിൽക്കുന്നു. ഇവരെ കുറിച്ചെല്ലാം പറയുവാൻ ആഗ്രഹം ഉണ്ട്, എന്നാൽ സ്ഥലപരിമിതി മൂലം ഇവരിൽ ചിലരെ മാത്രം വരച്ചു കാട്ടുവാൻ ശ്രമിക്കുന്നു.

അബ്രാമിനേയും ഭാര്യയായ സാറായിയെയും ഊരിൽ നിന്നു വിളിച്ചിറക്കുന്നതിനു മുൻപേ തന്നേ അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള തടസ്സങ്ങളും, വെല്ലുവിളികളും വഴിയാത്രയിൽ ഉണ്ടാകുമെന്ന് യഹോവ മുൻകൂട്ടി കണ്ടിരുന്നു എന്നതാണ് ഏറ്റവും ആശ്ചര്യം.

അതു മുൻകൂട്ടി മനസ്സിലാക്കിയ സർവ്വജ്ഞാനിയും, പൂർവ്വജ്ഞാനിയും ആയ യഹോവ, അതനുസരിച്ചു ചില വഴികൾ അടച്ചും, ചിലതിൽ താൽക്കാലിക തടസ്സങ്ങൾ വരുത്തിയും പദ്ധതികൾ തയ്യാറാക്കി വെച്ചിരുന്നു എന്നതാണ് ഏറ്റവും അത്ഭുതം. അവൻ എല്ലാം മുൻകൂട്ടി കാണുന്നു അതനുസരിച്ചു പ്രവർത്തിക്കുന്നു.

സാറായി മച്ചിയായിരുന്നു; അവൾക്കു സന്തതി ഉണ്ടായിരുന്നില്ല. യഹോവ സാറായിയുടെ ഗർഭം അടെച്ചിരിന്നു എന്ന് എഴുതിയിരിക്കുന്നു. വളരെ ചിന്തനീയമായ വാക്കുകൾ. ഒരുകാര്യം നാം ഇവിടെ മനസ്സിലാക്കണം, അതു ശാരീരിക വൈകല്യം കൊണ്ട് സ്വയമേ അടഞ്ഞതല്ല, മറിച്ച് യഹോവ അടച്ചു എന്നു വായിക്കുന്നു. യഹോവ എന്തിന് മനഃപൂർവ്വം സാറായിയുടെ ഗർഭം അടച്ചു എന്ന ചോദ്യം സാറായിയോട് ചോദിച്ചാൽ പോലും ചിലപ്പോൾ ഉത്തരം ലഭിക്കുകയില്ലായിരിക്കും. കാരണം, പല ദൈവീക പദ്ധതികളും, കാര്യങ്ങളും നമ്മുടെ ബുദ്ധിയുടെ പ്രമാണം വച്ച് നോക്കിയാലോ, പഠിച്ചാലോ ഒന്നും മനസ്സിലാകില്ല.

അബ്രഹാമിന്റെ സന്തതിയായി സാറായിൽ കൂടി ഒരു യിസഹാക്ക് ജനിക്കണം എന്നത് ദൈവീക പദ്ധതിയായിരുന്നു. അതൊരിക്കലും മറ്റൊരാളിൽ കൂടിയോ പാടില്ല എന്നത് മാറ്റമില്ലാത്ത ആർക്കും തടയുവാനാവാത്ത ദൈവത്തിന്റെ ആസൂത്രിത പദ്ധതി (Master Plan) എന്നുതന്നേ പറയുന്നതാണ് ഉത്തമം, അതാണ് ദൈവനിയോഗം.

അതിനു വേണ്ടി അനേക വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു എന്നത് തികച്ചും യാഥാർഥ്യം. എന്നാൽ ഇതിന്റ ഇടയിൽ നടന്ന ചില സംഭവങ്ങൾ ദൈവീക പദ്ധതിയുടെ വഴിത്താര കാണിക്കുന്നു. അല്ലെങ്കിൽ ചില ഒത്താശകൾ കേട്ടിട്ട്, കുറുക്കു വഴികളിൽ കൂടി യിശ്മായേൽ ജനിച്ചപ്പോൾ ദൈവത്തിന്റെ പദ്ധതിക്ക്‌ പൂര്‍ണ്ണവിരാമം (Full stop) ഇടാമായിരുന്നു.

എന്നാൽ അബ്രഹാമിന്റെയും സാറായിയുടെയും അരുമസന്താനമായി തന്നേ യ്സഹാക്ക് പിറക്കണം എന്നത് ദൈവനിയോഗം ആയിരുന്നു. ഒരിക്കലും ഒരു യിശ്മായേലിന് യിസഹാക്കിന് പകരക്കാരന്‍ (Substitute) ആകുവാൻ കഴിയുകയില്ല ഒരിക്കലും കഴിയുകയില്ല, എന്ന പരമസത്യം നാം ഓർക്കണം.

ചിലതൊക്കെ നമ്മുടെയും ജീവിതത്തിൽ വന്നു ഭവിക്കുമ്പോൾ നാമും ചിന്തിക്കും ഇതെല്ലാം അവിചാരിതം എന്ന്. എന്നാൽ ഒരിക്കലും അല്ലാ എന്നു തന്നേ പറയണം. എല്ലാം ദൈവനിയോഗം മാത്രം.

ഉല്പത്തി 16 ന്റെ അവസാന വാക്യപ്രകാരം ഹാഗാർ അബ്രാമിന്നു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന്നു എണ്പത്താറു (86) വയസ്സായിരുന്നു, എന്നാൽ ഉല്പത്തി 17 തുടങ്ങുന്നതു തന്നേ അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു (99) വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി എന്നു പറഞ്ഞു കൊണ്ടാണ്.

അപ്പോൾ ഒരു സംശയം ഈ കഴിഞ്ഞ പതിമൂന്ന് വർഷം (അതായത് 99-86=13) ഇവർ എവിടെയാരുന്നു?. അതൊ കഴിഞ്ഞ പതിമൂന്ന് വർഷത്തിൽ ഒരുവട്ടം പോലും ഇവർ തമ്മിൽ പരസ്പരം സമ്പർക്കമോ കൂട്ടായ്‌മയോ ഇല്ലായിരുന്നുവോ?. ഉണ്ടായിരുന്നെങ്കിൽ നിസംശയം വചനത്തിൽ അത് വ്യക്തമായി എഴുതുമായിരുന്നില്ലേ!!!. ഒരുകാര്യം തീർച്ച, കഴിഞ്ഞ പതിമൂന്ന് വർഷം യഹോവ അബ്രാമിനെ കാണുവാനോ, അതുപ്പോലെ തിരിച്ചും ശ്രമിച്ചില്ല എന്നതാണ് വാസ്തവം. പുറമെയുള്ളവർ അപ്പോഴും വിചാരിക്കുന്നത് യഹോവയുമായി അബ്രാമിന് ഇപ്പോഴും നല്ല ബന്ധം ഉണ്ടെന്നല്ലേ…. എന്നാൽ യഥാർത്ഥത്തിലോ????.

ഇവിടെത്തേ ഒരു ആത്മീക മർമ്മം നാം നന്നായി മനസ്സിലാക്കണം, ആത്മീക ജീവിതത്തിലും ശുശ്രുഷയിലും ആരും അറിയുന്നില്ല, കാണുന്നില്ല എന്നു വിചാരിച്ചു ദൈവീക പ്രമാണത്തിനും, പദ്ധതിക്കും, സത്യങ്ങൾക്കും വിപരീതമായി പലതും നേടുവാൻ ചില ഒത്താശകൾ കേട്ടിട്ട്, കൃത്രിമങ്ങളും, ഉപായങ്ങളും, കുറുക്കുവഴികളും, കൗശലങ്ങളും, ചതിവും, പറ്റിക്കലും മാറ്റും ചെയ്യുമ്പോൾ ദൈവം നമ്മോടു സംസാരിക്കുന്നതും, ഇടപെടുന്നതും, അവസാനിപ്പിച്ചു ദൂരെ മാറിപ്പോകും എന്ന സത്യം ഓർമ്മവെക്കണമെന്ന് ദൈവവചനം ഉദാഹരണ സഹിതം നമുക്ക് മുന്നറിയിപ്പ് (Warning) തരുന്നു.

അപ്പോൾ പിന്നെ നിന്നോടും എന്നോടും ഇപ്പോഴും സംസാരിക്കുന്നു എന്നു നാം കരുതുന്ന ആത്മാവ് ഏതാണെന്നു നാം വിവേചിച്ച് തിരിച്ചറിയുക. പുറമേ ഉള്ളവർ, നോക്കുമ്പോൾ കരുതുന്നത് ദൈവം അവരോടു കൂടെ ഇപ്പോഴും എപ്പോഴും ഉണ്ടെന്നും മറ്റും അല്ലേ… എന്നാൽ യഥാർത്ഥത്തിലോ????.

യോസേഫിനെ പരമോന്നത സ്ഥാനത്ത് എത്തിക്കണം, ഇരുത്തണം എന്നത് ദൈവത്തിന്റെ മാറ്റമില്ലാത്ത പദ്ധതിയായിരുന്നു. അപ്പോൾ അതിനു അനുയോജ്യമായ സ്വപനങ്ങൾ യോസേഫ് കണ്ടേ മതിയാവൂ, ആ സത്യങ്ങൾ മായം കലരാതെ, മറയില്ലാതെ സഹോദരങ്ങൾ/ മറ്റുള്ളവർ എന്തു വിചാരിക്കും എന്നു പോലും ചിന്തിക്കാതെ വിളിച്ചു പറയണം. അതുകേട്ടിട്ട് സ്വന്ത സഹോദരങ്ങൾ തന്നേ അപായപെടുത്തണം. പോത്തിഫെറിന്റെ വീട്ടിൽ നടക്കാത്ത വിഷയം ഊതിപെരുപ്പിച്ച് ഇല്ലാകഥകൾ മെനഞ്ഞു നടപ്പിലാക്കി സ്ഥാപിച്ചെടുത്ത തെറ്റിദ്ധാരണയുടെ കലാപരിപാടികളും നടക്കണം എന്നതിന്റെ എല്ലാം പിന്നിൽ ഒരു മുൻനിർണ്ണയം ഉണ്ടെന്ന് നമുക്ക് കരുതാം.

അനന്തരഫലമായി ഉണ്ടായ യോസേഫിന്റെ കാരാഗൃഹ വാസവും, സ്വപ്ന വ്യാഖ്യാനങ്ങളും ദൈവീക പദ്ധതിയുടെ ഭാഗങ്ങൾ ആയിരുന്നു. രണ്ട് സ്വപ്‌നങ്ങൾക്ക് ഇത്രയും പ്രശ്നങ്ങൾ വരുത്തി തീർക്കാമെങ്കിൽ, മറ്റു നാലു സ്വപനങ്ങൾക്ക് ഒരു രാജ്യത്തിന്റെ ഭരണത്തെ പോലും തകിടം മറിച്ച്, ചരിത്രം തിരുത്തി എഴുതുവനും, സത്യത്തേ വെളിയിൽ കൊണ്ടുവരുവാനും കഴിയും എന്ന യാഥാർഥ്യം കാലം തെളിയിച്ചു തന്നില്ലേ. ഇന്ന് യോസേഫിന്റെ അധികാരപരിധി ആർക്കെങ്കിലും ഊഹിക്കാമോ (സങ്കി 105).

യഥാർത്ഥത്തിൽ, യോസേഫ് കണ്ട രണ്ട് സ്വപനങ്ങൾ അവനെ സ്വഭവനത്തിന്റെ പുറത്താക്കി, കാരാഗൃഹത്തിന്റെ വെറും തറയിൽ കിടത്തിയെങ്കിൽ, അതുപോലെ വേറെ ആരോ എന്നല്ല പറയേണ്ടിയത് സാക്ഷാൽ ഫറവോൻ തന്നേ കണ്ട രണ്ട് സ്വപ്നങ്ങൾ അവനെ അതേ കാരാഗൃഹത്തിന്റെ (കുണ്ടറയുടെ) തറയിൽ നിന്നും രാജധാനിയുടെ അകത്ത് വിലയേറിയ പരവതാനിയിൽ കിടത്തുമാറാക്കിയതും, കല്ലും, മുള്ളും പറക്കാരയും നിറഞ്ഞ പൊട്ടകിണറിന്റെ അടിത്തട്ടിൽ നിന്നും സ്വർണ സിംഹസനത്തിൽ ഇരുത്തിയതും, പോത്തിഫെറിന്റെ വീട്ടിലേ അപകടം വരുത്തിയ ഒരു ചെറിയ തുണി കഷണത്തിനു പകരമായി സ്വർണക്കസവുള്ള രാജാകീയ വസ്ത്രവും, അവന്റെ കൈവിരലിൽ ഫറവോന്റെ മുദ്രമോതിരവും, കഴുത്തിൽ സ്വർണ്ണ സരപ്പളിയും അണിയിച്ചതുമായ ദൈവീക പദ്ധതിയേ “ദൈവനിയോഗം” എന്നല്ലാതെ നിങ്ങൾ എന്തു വിളിക്കും….

അല്ലയോ, പാനപാത്രവാഹകന്മാരുടെ പ്രമാണിയേ നീ പരിഭവിക്കേണ്ട. നീ യോസേഫിനെ മനഃപൂർവ്വം ഓർക്കാതെ അവനെ മറന്നുകളഞ്ഞതല്ല, ദൈവം നിന്നേ കൊണ്ടു ചെയ്യിപ്പിച്ചതാണെന്ന് പറഞ്ഞാൽ നീ വിശ്വസിക്കുമോ?. കാരണം നീ ഓർക്കേണ്ട സന്ദർഭവും സമയവും വരുമ്പോൾ ദൈവം നിന്നെ എല്ലാം നന്നായി ഓർമ്മിപ്പിക്കും. അതാണ് ദൈവീക പദ്ധതി..

യോസേഫ് എത്ര നാൾ തടവറയിൽ കിടക്കണം എന്നതും, പാനപാത്ര വാഹകന്മാരുടെ പ്രമാണി മറന്നുകളഞ്ഞ ചില കാര്യങ്ങൾ ഓർമ്മയിൽ വരാൻ സാക്ഷാൽ ഫറവോൻ തന്നേ സ്വപനം കാണേണ്ടി വന്നു എന്നുപറയുന്നതും അവിചാരിതം അല്ലാ മറിച്ച് ദൈവീക പദ്ധതിയാണെന്ന് വിശ്വസിക്കണം. കാരണം ആ രാജ്യത്തെ വേറെ ആരു സ്വപ്നം കണ്ടാലും യോസേഫിനു ഒരിക്കലും മോചനം ലഭിക്കില്ല എന്നതല്ലേ സത്യം, പിന്നെയോ സാക്ഷാൽ ഫറവോൻ തന്നേ സ്വപനം കാണേണം. ആരെന്തു കാണണം ആരെന്തു പറയണം, എപ്പോൾ പറയണം എന്നു നിശ്ചയിക്കുന്ന ഒരു സ്വർഗ്ഗം ഉണ്ട്.

എന്നാൽ മാത്രമേ ഈ സംഭവങ്ങൾ അതാതിന്റെ സമയത്ത് ക്രമമായി സംഭവിച്ച് എല്ലാ കടമ്പകളും പടികളും ചവിട്ടികയറി യോസേഫിന് ദൈവനിയോഗ പ്രകാരമുള്ള സ്വർണ സിംഹസനത്തിൽ ഇരിക്കുവാൻ സാധിക്കൂ എന്ന മർമ്മം എല്ലാവരും ഓർത്തിരിക്കണം. അവർക്കു മുമ്പായി അവൻ ഒരാളെ അയച്ചു; യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ (സങ്കി 105:17). ഇവിടെയാണ് ദൈവനിയോഗം കിടക്കുന്നത്.

ഒരു മർമ്മം കൂടി പറഞ്ഞു പോകാം. നാം ചില സത്യങ്ങൾ മായം കലരാതെ, മറയില്ലാതെ, സഹോദരങ്ങൾ/ മറ്റുള്ളവർ എന്തു വിചാരിക്കും എന്നു പോലും ചിന്തിക്കാതെ വിളിച്ചു പറയുമ്പോൾ നമ്മേ അപായപെടുത്താൻ, കൂട്ടത്തിൽ നിന്നും പുറത്താക്കാൻ, പകക്കുവാൻ, തകർത്തുകളയുവാൻ, പൊട്ടകിണറ്റിൽ തള്ളിയിടുവാൻ, വിറ്റുകളയുവാൻ ആരെങ്കിലും തീരുമാനിച്ചെങ്കിൽ തളർന്നു പോകരുത്. അവിടെ ദൈവത്തിന് നമ്മേക്കുറിച്ചു ചില ഉദ്ദേശങ്ങളും നിയോഗങ്ങളും ഉണ്ട്, ഒന്നും അവിചാരിതം അല്ലാ, കാത്തിരിക്കൂ. വരും ദിനങ്ങളിൽ ദൈവ പ്രവർത്തി വ്യക്തമായി വെളിപ്പെട്ടു വരും, കാരണം ദൈവമാണ് നമ്മേ സ്വപ്‌നങ്ങൾ കാണിച്ചതും, നമ്മേക്കൊണ്ട് സത്യങ്ങൾ പറയിപ്പിച്ചതും എന്നു വിശ്വസിക്കു. എന്നാൽ ഇന്നു മറന്നവർ നാളെ ദൈവനിയോഗത്താൽ സകലതും ഓർക്കുന്ന നാൾ വിദൂരമല്ല. മാത്രവുമല്ല, എല്ലാം അവസാനിച്ചു, സത്യം പറയുന്നവന്റെ ശല്ല്യം തീർന്നല്ലോ എന്ന സന്തോഷത്താൽ ചിലപ്പോൾ സഹോദരന്മാർ ഇന്നു താത്കാലിക വിജയം കൈവരിക്കും ആഘോഷിക്കും ……..

അതിന്റ മറുവശം, ഇന്ന് താത്കാലിക വിജയം ആഘോഷിക്കുന്ന സഹോദരന്മാർക്കും, തെറ്റായ ധാരണ (തെറ്റിദ്ധാരണ) പരത്തി വിജയിച്ച പോത്തിഫെറിന്റെ വീട്ടുകാർക്കും ഒരു ദിവസം യോസേഫിന്റെ മുഖം കാണേണ്ടി വരും എന്നു അവർ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല എന്നതാണ് ഏറ്റവും രസകരം. ഇതിലെ ക്രമങ്ങൾ അൽപ്പമെങ്കിലും തെറ്റിയാൽ യോസേഫിന് സിംഹസനം ലഭിക്കില്ലായിരുന്നു എന്നത് പരമമായ സത്യമല്ലേ??…. ഒരു യിസഹാക്ക് ഇല്ലായെങ്കിൽ ഒരു യോസേഫ് ഒരിക്കലും ഉണ്ടാകില്ല എന്ന സത്യം നാം മറക്കരുത്. ചിലർ ദോഷം വിചാരിച്ചു ചെയ്യുന്നത് നമുക്ക് ഗുണമാക്കി തീർക്കുന്ന ദൈവത്തിനു സ്തോത്രം…

അനാഥയായ എസ്ഥേരിന് രാജ്ഞി പദവിയിൽ എത്തണമെങ്കിൽ അവളുടെ മാതാപിതാക്കൾ ചെറുപ്പത്തിലേ നഷ്ടമാകണം. പിന്നീട് മോർദ്ദേഖായി തന്റെ ചിറ്റപ്പന്റെ മകളായ എസ്ഥേർ എന്ന ഹദസ്സെയേ എടുത്തു വളർത്തണം. കൂടാതെ മോർദ്ദേഖായി പട്ടണ വാതിലിനു വെളിയിൽ ആരാലും മാനിക്കപ്പെടാതെ കിടക്കണം, തുടർന്ന് ഹാമാൻ എന്ന ഉന്നതപദവിയിലുള്ള വ്യക്തിക്ക് മോർദ്ദേഖായിയോടെ കോപവും അസൂയയും വൈരാഗ്യവും ഉണ്ടാകണം എന്നത് ദൈവനിശ്ചയം ആയിരുന്നു.

ഇവിടെ ഒരു മർമ്മം ഒളിഞ്ഞു കിടക്കുന്നു. നിന്നോട് ആർക്കെങ്കിലും കാരണം ഇല്ലാതെ കോപവും അസൂയയും വൈരാഗ്യവും, എങ്ങനെയെങ്കിലും നശിപ്പിച്ചു കളയണം എന്നു തോന്നുന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ ദൈവത്തിന്റെ ചില പ്രേത്യേക നിയോഗം ഉണ്ടെന്ന് കരുതുക, നിന്നേ തള്ളിക്കളഞ്ഞവരുടെ മുൻപിൽ നീ മാനിക്കപ്പെടാൻ പോകുന്നു, അതു വെളിപ്പെട്ടുവരാൻ പ്രാർത്ഥിക്കുക.

എല്ലാത്തിലും ഉപരി രാജകല്പന നിഷേധിച്ച്, വസ്ഥിരാജ്ഞി പൊറുക്കാനാവാത്ത അപരാധം ചെയ്യണം. എന്നാലേ എസ്ഥേർ അന്തഃപുരത്തിലെ ഉത്തമമായ സ്ഥലത്തു വന്ന് രാജവസ്ത്രവും, രാജ്ഞികിരീടം അണിഞ്ഞു വസ്ഥിക്കു പകരം രാജ്ഞിയാകുകയുള്ളു. മോർദ്ദേഖായി മാനിക്കപെടണമെങ്കിൽ ചില ഹാമന്മാർ കൗശലത്തിന്റെ തന്ത്രങ്ങൾ മെനയണം. ഇതിലെ ഒരുക്രമം എങ്കിലും തെറ്റിയാൽ ദൈവീക പദ്ധതി അതിന്റെ പടിപോലെ നടക്കുമായിരുന്നോ നിങ്ങൾ തന്നേ ചിന്തിക്കൂ.

നാം ഒരുകാര്യം അറിയുക ദൈവത്തിന്റെ പദ്ധതി മാത്രമേ നമ്മുടെ ജീവിതത്തിൽ നടക്കു എന്ന് ആഴമായി വിശ്വസിക്കണം. ദൈവനിയോഗത്തിനായി ക്ഷമയോടെ കത്തിരിക്കണം. അത് തീർച്ചയായും, അതിന്റ സമയത്തു സംഭവിക്കും എന്ന് വചനം ഉറപ്പുതരുന്നു. “ദർശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല” (ഹബ 2:3).

“നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു” (ഇയ്യോ 42:2).

(രാജൻ പെണ്ണുക്കര)

-Advertisement-

You might also like
Comments
Loading...