ലേഡീസ് കോർണർ: വിഷാദം ഗർഭിണികൾക്കും | സേബാ ഡാര്‍വിന്‍


താനും ചില ദിവസങ്ങൾക്കു മുൻപ് പ്രശസ്ത മാധ്യമ പ്രവർത്തകനായ ഐപ്പ് വള്ളിക്കാടൻ, ഒരു കുഞ്ഞിന്റെ കുലപാതകത്തെ ആസ്പദമാക്കി പുറത്തിറക്കിയ വീഡിയോ ആണ് ഈ ലേഖനത്തിന്റെ പ്രചോദനം. “ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല.” എന്ന തിരുവചനഭാഗം മനസ്സിലൂടെ കടന്നുപോയി. ഞാനും ഒരു അമ്മ ആയതുകൊണ്ടും രണ്ട് മക്കളെ വളർത്തുന്നതുകൊണ്ടും, സ്നേഹമുള്ള മാതാപിതാക്കളാൽ ജനിച്ചു വളർത്തപ്പെട്ടതിന്നാലും ആ സ്നേഹബന്ധത്തിന്റെ ആഴം വ്യക്തമായി മനസ്സിലാവും. മനുഷ്യമനസ്സ് വളരെ സങ്കീർണ്ണതകൾ നിറഞ്ഞതാണ് എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാവുന്നത് സ്വന്ത അനുഭവങ്ങൾ കൂടാതെ, മറ്റുള്ളവരുടെ അനുഭവങ്ങൾ കൂടി പഠിക്കുമ്പോഴാണ്. “ഇങ്ങനെയൊന്നും ഒരിക്കലും സംഭവിക്കില്ല” എന്ന് പറയാൻ വളരെ എളുപ്പത്തിൽ സാധിക്കും എന്നാൽ സമൂഹത്തിലേക്ക് ഒന്ന് ഇറങ്ങിച്ചെന്നാൽ മനസ്സിലാവും മനുഷ്യമനസ്സുകളുടെ വ്യഥകളും ആവലാതികളും. ഒരു നല്ല വാക്കിനാൽ സുഖപ്പെടുത്തതാവുന്നവ മുതൽ വളരെ ചിട്ടയായ ചികിത്സ ആവശ്യമുള്ള മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുന്നവർ നമ്മുടെ ചുറ്റിലും വിഷമിക്കുന്നുണ്ട്.

ഗർഭകാലം, ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രത്യേക കാലഘട്ടമാണ്…. പുതിയ ഒരു ജീവൻ ഈ ലോകത്തിലേക്ക് വരുന്നതിനുള്ള തയ്യാറെടുപ്പുകൾ ഉദരത്തിൽ നടക്കുമ്പോൾ, ശരീരം ആ പ്രക്രിയയോട് പൊരുത്തപ്പെടുന്നതിനായി വ്യത്യസ്തമായ ക്രമീകരണങ്ങൾ നടത്തും. ഉള്ളിൽ ഉരുത്തിരിഞ്ഞുവരുന്ന ആ ജീവനിൽ തുടിക്കുന്ന ഹൃദയവും മറ്റ് അവയവങ്ങളും മാത്രമല്ല ആ ശരീരത്തിന് ഒരു ആത്‌മാവുണ്ട്. ഗർഭം ധരിക്കുന്ന നിമിഷം മുതൽ അമ്മയുടെ ശരീരം കടന്നുപോകുന്ന മാറ്റങ്ങൾ, മനസ്സിനെയും ദിനചര്യകളെയും തുടങ്ങി അടിമുടി വ്യത്യസ്‌തകളിലൂടെ കൊണ്ടുപോകും. വൈദ്യശാസ്ത്രം, മുൻകാല അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി മരുന്നുകളുടെയും വ്യായാമങ്ങളുടെയും ക്രമീകരങ്ങൾ വരുത്തുന്നതുതന്നെ അമ്മയുടെയും ഉള്ളിൽ തുടിക്കുന്ന പുതിയ ജീവന്റെയും രക്ഷക്കും പുഷ്ടിക്കും വേണ്ടിയാണ്. ശരീരത്തെ സൂക്ഷിക്കുന്നതിന് നമുക്ക് വൈദ്യസഹായവും മരുന്നുകളെയും ആശ്രയിക്കുന്നത് അത്യാവശ്യമാണെന്ന് മനസ്സിലാക്കിയിട്ടുള്ള നാം പക്ഷെ മനസ്സിന്റെ മാറ്റങ്ങളെ പല സാഹചര്യങ്ങളിലും അർഹിക്കുന്ന പരിഗണന നൽകാതെ ഒഴിവാക്കുകയാണ് പതിവ്. മാനസിക ആരോഗ്യത്തിന്റെ ആവശ്യകതയും, ഓരോ പ്രായത്തിലും അവസ്ഥയിലും ഒരു വ്യക്തിയുടെ മനസ്സ് കടന്നുപോകുന്ന സങ്കീർണ്ണതകൾ ആ വ്യക്തിയെ മാത്രമല്ല, ഒരുപാട് മനുഷ്യരെയും ചിലപ്പോഴൊക്കെ സമൂഹത്തെത്തന്നെയും സ്വാധീനിക്കുന്നതാണ് എന്നത് നമ്മൾ കാണാതെ പോകുന്നു. അത്തരത്തിൽ ഒന്നാണ് സ്ത്രീകൾ ഗർഭകാലയളവിലും, പ്രസവശേഷവും കടന്നുപോകുന്നത്.

“ഞങ്ങൾ ഒരുപാട് മക്കളെ പ്രസവിച്ചിട്ടുള്ളതാണ്, ഞങ്ങളും ഈ പ്രായമൊക്കെ കഴിഞ്ഞാണ് വന്നത്എന്ന” സ്ഥിരപ്രയോഗങ്ങൾ മിക്ക സാഹചര്യങ്ങളിലും കാര്യങ്ങളെ അവഗണിക്കുന്നതിനോ കൂടുതൽ കുഴയ്ക്കുന്നതിനോ ആണ് ഉപകരിക്കാറുള്ളത്. വർഷങ്ങൾ മുന്നോട്ട് ചെല്ലുംതോറും കാലാവസ്ഥകളിൽ വ്യതിയാനങ്ങൾ കാണുന്നതുപോലെ മനുഷ്യശരീരത്തിലും മനസ്സിലും മാറ്റങ്ങൾ വരുന്നു. അത് കണ്ടില്ല എന്ന് നടിക്കുന്നത് അപകടകരമാണ്.

വിഷാദം ഇന്ന് മനുഷ്യരിൽ പൊതുവേ കണ്ടുവരുന്നു. ഭാരതം മുതൽ അങ്ങ് അമേരിക്കൻ ഐക്യനാടുകൾ വരെ ജനസംഖ്യയിൽ ഏകദേശം 10 ശതമാനവും ഒന്നോ അതിലധികമോ മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാണ് എന്നാണ് പല കണക്കുകളും സൂചിപ്പിക്കുന്നത്. ഭാരതത്തിൽ, ഇതിൽ 70 ശതമാനത്തിൽ അധികംപേർക്കും ചികിത്സയോ ആവശ്യമായ പിന്തണയോ ലഭിക്കാത്തവരാണ്. ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത് നമ്മിലേക്കാണ്….നമ്മുടെ ചുറ്റുപാടിലേക്കും സമൂഹത്തിലേക്കും കുടുംബത്തിലേക്കും ഒക്കെ തന്നെ ആണ്. അവഗണിക്കപ്പെടുന്ന ഇത്തരം രോഗികൾ കടന്നുപോകുന്ന സാഹചര്യങ്ങൾ പലപ്പോഴും ദുഷ്കരമായിരിക്കാം.

കഴിഞ്ഞയിടെ ഒരു അമ്മ, തന്റെ വികലമായ മാനസിക അവസ്ഥയുടെ പാരമ്യത്തിൽ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി….. അമ്മക്ക് കുഞ്ഞിനെ നുള്ളിനോവിക്കാൻ ആവില്ല എന്ന് വിശ്വസിക്കുന്ന ഒരു സാധാരണ സ്ത്രീ….. മാനസികരോഗം ഇത്ര കടുത്തതാവുമോ? ഇങ്ങനെയൊക്കെ സംഭവിക്കുമോ? എവിടെയോ നടന്നതല്ലേ…കാര്യമാക്കണ്ട എന്ന് ആശ്വസിക്കാൻ വരട്ടെ…. നാളെ ഇത് നമ്മുടെ ഇടയിലും നടന്നു എന്ന് വന്നാലോ? അപ്പോൾ നോക്കാം എന്ന് പറയുന്നവർ ആയിരിക്കും അധികവും. ഈ സമീപനം തന്നെയാണ് അപകടകരവും. പോസ്റ്റ് പാർട്ടം ഡിപ്രെഷൻ (പ്രസവശേഷം ഉണ്ടാവുന്ന വിഷാദരോഗം) ആയിരുന്നു അവിടെ വില്ലൻ. അതുപോലെ ഉള്ള മറ്റൊരു വില്ലനാണ് പ്രീനേറ്റൽ ഡിപ്രെഷൻ (ഗർഭിണികളിൽ ഉണ്ടാകുന്ന വിഷാദരോഗം).

വളരെ നല്ല സംസ്കാരവും പാരമ്പര്യവുമുള്ള നാടാണ് നമ്മുടേത്, വളരെ അധികം ദുരഭിമാനത്തിന്റേതും…… വളരെ നല്ല മനുഷ്യരാണ് നമ്മുടെ നാട്ടിൽ ജീവിക്കുന്നവർ എന്നാൽ തങ്ങൾക്കുള്ള അറിവില്ലായ്മ സമ്മതിച്ചു കൊടുക്കാൻ താത്പര്യം ഇല്ലാത്തവരാണ് നമ്മൾ. ഈ അറിവില്ലായ്മയാണ് അപകടം. ഗര്ഭിണിയായ ഭാര്യയുടെ കൂടെ സമയം ചിലവഴിക്കാൻ പല സാഹചര്യങ്ങൾ കൊണ്ടും ഭർത്താക്കന്മാർക്ക് സാധിക്കാറില്ല. ഭാര്യയുടെ കൂടെ അധികം സമയം ഇരിക്കുന്നതും സംസാരിക്കുന്നതും പുരുഷത്വത്തെ ബാധിക്കുമോ എന്ന തെറ്റിദ്ധാരണയും വില്ലനാണ്. ഗർഭിണികൾക്ക് ഉള്ള ചില ആവശ്യങ്ങൾ നാം നിരാകരിക്കുമ്പോൾ അതിന്റെ അനന്തരഫലങ്ങളെപ്പറ്റി നാം ബോധവാന്മാരല്ല. പ്രസവസമയം അടുക്കുമ്പോൾ സ്വന്തം മാതാപിതാക്കളുടെ കൂടെ ആയിരിക്കണം എന്നോ ഒക്കെ അവർ വാശിപിടിക്കുന്നത് ന്യായമായ കാരണങ്ങൾ കൊണ്ടാകാം. ഭർത്താക്കന്മാരുടെ സാന്നിധ്യവും അവരോടൊത്തുള്ള നല്ല നിമിഷങ്ങളും അവരുടെ മനസ്സിന് നൽകുന്ന കുളിർമ്മ, സ്വന്തം ഭാര്യക്ക് മാത്രമല്ല സുഖപ്രസവത്തിനും ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തിനും ഒക്കെ ഉതകും എന്ന് നമുക്കറിയാം, എങ്കിലും നാം സൗകര്യപരമായി അത് അവഗണിക്കുന്നു. അവരുടെ ശാരീരികബുദ്ധിമുട്ടുകൾക്കൊപ്പം മാനസിക പിന്തുണയുടെ അഭാവം കൂടിയാകുമ്പോൾ വിഷാദം, ആകുലചിന്തകൾ, ഒറ്റപ്പെടലിന്റെ വേദന, അനാവശ്യ ചിന്തകൾ, പിരിമുറുക്കം തുടങ്ങിയവ അവരുടെ കൂട്ടുകാർ ആവുന്നു. ഭയാനകമല്ലേ അത്…….?

പ്രസവശേഷം നമ്മൾ എല്ലാവരും കുഞ്ഞിന്റെ കാര്യങ്ങളിൽ മാത്രം കൂടുതൽ താത്പര്യം കാണിക്കുമോ എന്ന ഭയം പല ഗർഭിണികൾക്കും ഉണ്ട്. കുഞ്ഞ് ജനിച്ച സന്തോഷത്തിൽ ഭാര്യയോട് “ഇപ്പോൾ എങ്ങനെയുണ്ട്?” എന്ന ചോദ്യം ചിലപ്പോൾ നാം മറക്കുന്നു. അമ്മയുടെ അടുത്ത് കിടക്കുന്ന കുഞ്ഞിനെ മാത്രം താലോലിക്കുന്ന നമ്മൾ, ശരീരത്തിന്റെ വേദനയിൽ കിടക്കുന്ന ഭാര്യയെ അറിയാതെ മാനസികമായി വേദനിപ്പിക്കുന്നു….. തന്നെക്കാളും തന്റെ ഭർത്താവ് ആരെയും പരിഗണിക്കുന്നത് ഒരു ഭാര്യക്കും സഹിക്കാനാവില്ല. കുഞ്ഞിനെ സ്നേഹിക്കരുത് എന്നല്ല, ഭാര്യയേയും പരിഗണിക്കണം. അവരുടെ അവസ്ഥയെ ബഹുമാനിക്കണം… അത്രയേ ഉള്ളൂ… ഇതിനെല്ലാം ഉദ്ധാഹാരണങ്ങൾ ഒരുപാട് നമ്മുടെ ഇടയിൽ ഉണ്ട്. നമ്മുടെ കുടുംബബന്ധങ്ങൾ വളരെ കിടയുറ്റതാണ്, നാം വളരെ സ്നേഹമുള്ളവരാണ്… എന്നാൽ, ചില സാഹചര്യങ്ങളിൽ നമ്മുടെ അറിവില്ലായ്മയ്ക്ക് നാം കൊടുക്കേണ്ടിവരുന്ന വില വലുതാണ്. വിഷാദം ഗർഭിണികളിൽ മാത്രമല്ല, ആരിലും ഉണ്ടാകാം. ചികിസ്ത തേടുന്നത് ഒരു നാണക്കേടായോ, നമ്മെ മറ്റുള്ളവർ മാനസികരോഗിയായി ചിത്രീകരിക്കുമോ എന്ന ഭയമോ നമ്മെ വല്ലാത്ത അവസ്ഥയിൽ എത്തിക്കാതെ, വേണ്ടുന്ന ക്രമീകരണങ്ങൾ നടത്തുകയും ആവശ്യമെങ്കിൽ ചികിത്സ തേടുകയോ ചെയ്യണം.
ശരീരത്തെപ്പോലെ മനസ്സിനും പോഷണവും ആഹാരവും ആരോഗ്യവും ഒക്കെ പ്രധാനമാണ്. മനസ്സ് സന്തോഷമെങ്കിൽ കുടുംബവും, സമൂഹവും എല്ലാം അതിന്റെ ഗുണഭോക്താക്കളാണ്. മറ്റുള്ളവരുടെ മാനസിക സന്തോഷം നമുക്ക് വളരെ ഗുണകരമായി ഭവിക്കുന്നതാണ്….

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.