ലേഖനം: സത്യ വെളിച്ചം | ജോസ് പ്രകാശ്

“വെളിച്ചം” എന്ന വാക്കിന് മൂല ഭാഷയിൽ, തുറമുഖത്ത് സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ വിളക്കുമരത്തില്‍ നിന്നും പുറപ്പെട്ടുവരുന്ന പ്രകാശം എന്ന അർത്ഥമാണുള്ളത്. അത് ശോഭയുള്ളതും, അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതും, ലക്ഷ്യ സ്ഥാനം കാട്ടുന്നതുമാണ്. ഇരുട്ട് അകറ്റുകയാണ് വെളിച്ചത്തിന്റെ പ്രാഥമിക ദൗത്യം. ഇരുട്ടിൽ മറഞ്ഞു കിടക്കുന്ന വസ്തുക്കളെ വെളിച്ചം പുറത്തു കൊണ്ടുവരുന്നു.

മനുഷ്യനെ പ്രകാശിപ്പിക്കുവാൻ മനുഷ്യന് കഴിയില്ല. നശ്വരമായവയെ പ്രകാശിപ്പിക്കുവാനെ ലോകത്തിലെ പ്രകാശ സ്രോതസുകൾക്ക് കഴികയുള്ളു. അകത്തെ മനുഷ്യനെ പ്രകാശിപ്പിക്കുവാൻ ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന യേശു നാഥന് മാത്രമേ സാധിക്കയുള്ളു. പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്നത് ദൈവം സൃഷ്‌ടിച്ച സൂര്യനെങ്കിൽ, മനുഷ്യരെ പ്രകാശിപ്പിക്കുന്നത് ദൈവം അയച്ച യേശുവാണ്.

എല്ലാ പ്രകാശങ്ങളുടെയും ഉറവയാണ് ക്രിസ്തു. സാധാരണ വെളിച്ചങ്ങളിൽ നിന്നും അവിടുന്ന് വ്യത്യസ്തമാണ്. അടുത്തുകൂടാത്ത വെളിച്ചത്തില്‍ വസിച്ച ക്രിസ്തു പാപാന്ധകാരം മാറ്റുവാന്‍ നീതിസൂര്യനായി ലോകത്തിലേക്കു വന്നു. ആ പ്രകാശത്താൽ ഇരുട്ടില്‍ നടന്ന ജനം വലിയോരു വെളിച്ചം കണ്ടു. ഏതുമനുഷ്യനേയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചമാണ് ലോക രക്ഷകനായ യേശുക്രിസ്തു(യോഹ1:9). അനേക വെളിച്ചങ്ങളിലെ ഒരു വെളിച്ചമല്ല യേശുക്രിസ്തു, അവിടുന്ന് മാത്രമാണ് ഏകസത്യ വെളിച്ചം.

ഈ ലോകം പാപത്തിന്റെ ഇരുളാൽ മൂടപ്പെട്ടിരിക്കുന്നു. മറ്റുള്ളവരെ പ്രകാശിപ്പിക്കുക എന്നതാണ് നമ്മുടെ മഹത്തായ ദത്യം. അതിനാണ് അന്ധകാരത്തിൽ നിന്നും നമ്മെ അദ്‌ഭുത പ്രകാശത്തിൽ ആക്കിയിരിക്കുന്നത്. “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു”എന്ന് യേശു പ്രഖ്യാപിച്ചിട്ടുണ്ട് (മത്തായി 5:14). വെളിച്ചം എന്ന നിലയിൽ നാം പ്രകാശിക്കുകയോ, അതിനെ പ്രതിഫലിപ്പിക്കുകയോ ചെയ്യണം.

നാം ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ (വെളിച്ചമായി) പ്രകാശിക്കണമെന്നാണ് പ്രമാണം. ചന്ദ്രന്‍ ഇരുളില്‍ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതു പോലെ നീതിസൂര്യനായ ക്രിസ്തുവിനെ നമ്മിലൂടെ പ്രതിഫലിപ്പിക്കാം. സാക്ഷാൽ ലോകത്തിന്റെ വെളിച്ചത്തെ ജനങ്ങൾ നമ്മിൽ കാണട്ടെ. ഇരുൾ നിറഞ്ഞ ലോകത്തിൽ പ്രകാശം പരത്തി, സത്യ ദൈവത്തിലേക്കുള്ള വഴികാട്ടികളായി ജീവിക്കാം.

– ജോസ് പ്രകാശ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.