ലേഖനം: പറന്നുവരുമോ ശാപങ്ങൾ? | രാജൻ പെണ്ണുക്കര

ചില മാസങ്ങൾക്ക് മുൻപ് ഒരു പ്രമുഖ മലയാളം ടീവി ചാനലിൽ വന്ന വാർത്തയാണ് ഈ ലേഖനം എഴുതുവാൻ പ്രേരകമായ ഘടകം.

അന്ന് ടീവി ചാനലിന്റെ അവതാരകൻ പറഞ്ഞ വാക്കുകൾ ഏതു മനുഷ്യ ഹൃദയത്തിന്റെയും ആഴങ്ങളിൽ നൊമ്പരം ഉളവാക്കുന്നവയായിരുന്നു. അദ്ദേഹം പറയുകയാണ്, തലസ്ഥാനത്തെ ഒരു വലിയ മേൽപ്പാലത്തിന്റ മുകളിൽ കൂടി ആയിരം തവണ അങ്ങോട്ടും ഇങ്ങോട്ടും വാഹനത്തിൽ സഞ്ചരിക്കുമ്പോഴും, ആരോരുമറിയാതെ, ആരോരുമില്ലാതെ നരച്ച താടിയുള്ള മെലിഞ്ഞ വയോവൃദ്ധൻ പാലത്തിന്റ ഒരു തൂണിന്റ കീഴിൽ തുണികൾ മറച്ചു കെട്ടി ഈ കോവിഡിന്റെ ഭയാനകമായ സമയത്തും ഒറ്റയ്ക്ക് മാസങ്ങളായി താമസിക്കുന്ന (ജീവന്റെ തുടിപ്പ് ഉണ്ടെന്ന) കാര്യം ഒരിക്കലും അറിഞ്ഞിരുന്നില്ല.

വാർത്ത സംപ്രേക്ഷണം ചെയ്ത വ്യക്തി തന്റെ മുത്തച്ഛന്റെ പ്രായത്തിലുള്ള വൃദ്ധന്റെ തോളിൽ സ്നേഹത്തോടെ കരം വെച്ചപ്പോൾ ആ ദയനീയമായ കണ്ണുകളിൽ നിന്നും അടർന്നു വീണ കണ്ണുനീർ തുള്ളികൾ അഗ്നിപര്‍വ്വതത്തിൽ നിന്നും പൊട്ടിയോഴുകുന്ന ലാവ പോലെ തോന്നി. ആരോടും ഒരു പരിഭവവും ഇല്ലായെന്നു വൃദ്ധൻ പറയുമ്പോഴും, ആ മുഖത്തെ ഭാവങ്ങൾ എന്തൊക്കെയോ സങ്കടങ്ങളും, യാഥാർഥ്യങ്ങളും വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഏതായാലും കാര്യങ്ങൾ വിവരിക്കും മുൻപേ ആദ്യമായി ഒരുകാര്യം ചോദിച്ചുകൊള്ളട്ടെ ശാപം എന്നവാക്ക് നിങ്ങൾ ഇഷ്ടപ്പെടുന്നുവോ? എന്നാൽ നാം ഒട്ടും തന്നേ ഇഷ്ടപെടാത്തതും, കേൾക്കാൻ അത്ര സുഖമോ, തെല്ലാശ്വാസമോ, ഇമ്പമോ തോന്നാത്തതുമായ പദമല്ലേ ശാപം. ഇതിന്റെ നാനാർത്ഥങ്ങൾ പരിശോധിച്ചാൽ, പിരാക്ക്‌, ദോഷം വരട്ടെയെന്നുള്ള പ്രസ്താവം എന്നൊക്കെ കാണുവാൻ കഴിയും.

ശാപം (Curse) എന്നത് സത്യമോ യഥാർഥ്യമോ?. ആത്മീകർ ശാപത്തെ എങ്ങനെ വീക്ഷിക്കുന്നു അല്ലെങ്കിൽ വിശ്വസിക്കുന്നു എന്നതാണ് ചർച്ചാ വിഷയം.

ഇത്രയും വായിച്ചപ്പോഴേ എന്നെ വിമർശിക്കാൻ തോന്നുന്നു എങ്കിൽ ധൃതി കൂട്ടാൻ വരട്ടേ. ഇതൊന്നും ഞാൻ സ്വയമേ പറയുന്ന വാക്കായി കരുതണ്ട, എന്നാൽ നമ്മുടെ കണ്മുൻപിൽ നടന്നതും, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതുമായ യഥാർത്ഥ കാഴ്ചകളും, അനുഭവങ്ങളും, ദൈവവചനവും ആണല്ലോ നമുക്ക് എപ്പോഴും ആധാരം. വചനം ആധികാരികമായി പറയുന്നു കാരണം കൂടാതെ ശാപം പറ്റുകയില്ല (സദൃ 26:2). അപ്പോൾ ഒരു കാര്യം ഉറപ്പാണ്, തക്കതായ കാരണം ഉണ്ടെങ്കിൽ ശാപം പറ്റും, ഫലിക്കും, അല്ലെങ്കിൽ ഏൽക്കും എന്നതിന് സാധ്യതകൾ ഏറെയാണ്.

ശാപം നാവിന്റെ അധികാരത്തിൽ നിന്നും വരുന്നു എന്നത് നിഷേധിക്കാൻ കഴിയുമോ?. നാവിന്റെ അധികാരം എന്നത് നാം ഉദ്ദേശിക്കുന്നതു പോലെ അത്ര നിസാരമോ, ചെറുതോ അല്ല മറിച്ച്, അത് ഒന്നൊന്നര അധികാരമാണെന്ന് പ്രാരംഭത്തിൽ തന്നേ മനസ്സിലാക്കണം.

ഒരു രാജ്യത്തിന്റ രാജാവും, പ്രധാനമന്ത്രിയും, മുഖ്യ ന്യായാധിപനും, സേനയുടെ സർവ്വ സൈന്യാധിപനും പറയുന്ന വാക്കിന്റെ മൂല്യവും, തൂക്കവും ആർക്കെങ്കിലും നിർണ്ണയിക്കാനാകുമോ?. അതാണ് നാവിന്റെ അധികാരം.. മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു (സദൃ 18:21).

ചില പ്രേത്യേക സന്ദർഭങ്ങളിൽ ശാപം നാവിൽ നിന്നും തന്നേ വരേണം എന്നും നിർബന്ധം ഇല്ല. മറിച്ച്, ഹൃദയം പൊട്ടി അതിവേദനയോടെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീരും ചിലപ്പോൾ ശാപമായി പരിണമിക്കാം എന്നതും സത്യം. പെന്തക്കോസ്തുകാർക്ക് ഇതൊന്നും വിശ്വാസം ഇല്ലെന്ന് പുറമെ പറയുമെങ്കിലും, ഉള്ളിന്റെ ഉള്ളിൽ അവർക്കും ഭയമാണ് ചിലതിനെ…….

വേദപുസ്തകത്തിന്റ ആരംഭ അധ്യായങ്ങളിൽ തന്നേ ദൈവത്തിന്റെ വായിൽ നിന്നും പുറപ്പെട്ട (ആദ്യമായി) ശാപം ഏറ്റുവാങ്ങുന്ന പാമ്പിനേയും, ദമ്പതികളെയും ദർശിക്കുന്നു.

അപ്പോൾ ശാപം കിട്ടാനുള്ള കാരണക്കാർ നാം തന്നേ എന്നു സ്പഷ്ടം. അതുകൊണ്ട് നമ്മുടെ ജീവിതത്തിൽ നാമായിട്ട് ഒരുവിധ ശാപവും കിട്ടുന്ന അല്ലെങ്കിൽ വന്നു കയറുന്ന അഥവാ ഏശുന്ന ഒരു കാര്യവും ചെയ്തു കൂട്ടരുത്. അല്ലാതെ കുരികിൽ പാറിപ്പോകുന്നതും മീവൽപക്ഷി പറന്നുപോകുന്നതും പോലെ കാരണം കൂടാതെ ശാപം ചുമ്മാതെ പറന്നു വന്നു പറ്റുകയില്ല എന്നു ചുരുക്കം.

ശാപം കിട്ടിയാൽ അതുപോലെ വന്നുഭവിക്കും എന്നു ദൈവവചനം തെളിവുകൾ സഹിതം വിവരിച്ചിരിക്കുന്നു.

ശാപം ആരിൽ നിന്നും കിട്ടിയോ അഥവാ വന്നുവോ അവർ തന്നേ അതിനെ ക്ഷമിച്ചാൽ, മാത്രമേ വിടുതൽ ലഭിക്കു എന്ന കാര്യം ഒരിക്കലും മറന്നു പോകരുത്. അല്ലാതെ പലവട്ടം നദിയിൽ മുങ്ങി കുളിച്ചാലോ, പുണ്യ കർമ്മങ്ങൾ ചെയ്താലോ എന്തു പ്രയോജനം. അല്ലാ… തലയിൽ കൈവെച്ചു ഭര്‍ത്സിച്ചാലും എന്തു പ്രയോജനം. ഇന്നു ശാപം മുറിക്കൽ ശുശ്രുഷ പല സ്റ്റേജുകളിലും നടക്കുണ്ട്, ഈ ലേഖകന്റെ ശുശ്രുഷയും അതല്ല എന്ന് ആദ്യമേ പറയുന്നു.

എന്നാൽ നാം ചെയ്തുകൂട്ടിയതിന് നാം തന്നേ അനുഭവിച്ചു തീർക്കാതെ തരമില്ലല്ലോ. അതുകൊണ്ട് ആവശ്യമില്ലാതെ ഓരോന്ന് ഇരന്നു വാങ്ങി… വലിച്ചു വെച്ചിട്ട് എത്ര രട്ടിലും വെണ്ണീരിലും ഇരുന്നു കരഞ്ഞാലും പ്രാർത്ഥിച്ചാലും ഒരു പ്രയോജനവും ഉണ്ടാകില്ല എന്ന തിരിച്ചറിവ് ഉണ്ടാകണം.

ദൈവവചനം പഠിച്ചാൽ ദൈവീക ശാപവും, മനുഷ്യരുടെ ശാപവും വാങ്ങിച്ചുകൂട്ടിയ പലരെയും കാണാം. സ്വന്ത സഹോദരനെ കൊലചെയ്ത കയിൻ ദൈവീക ശാപം ഏറ്റുവാങ്ങി എന്ന് വായിക്കുന്നില്ലേ. അപ്പോൾ ഒരു കാര്യം തീർച്ച, നിരപരാധികൾക്കെതിരെ വാൾ ഓങ്ങുമ്പോഴും, നാം നമ്മുടെ സ്വന്ത സഹോദരനോ, ആത്മീക സഹോദരനോ എതിരായി ഗൂഡാലോചന ചെയ്തു അന്യായമായി ദൈവത്തിനും മനുഷ്യനും നിരക്കാത്ത വല്ലതും ഒക്കെ ചെയ്തു കൂട്ടുമ്പോഴും ചില കാര്യങ്ങൾ നാം നന്നായി ഓർമ്മ വെക്കണം, ദൈവീക കോപവും, ശാപവും നമ്മുടെ മേൽ വരാൻ സാധ്യത ഏറെയാണ്.

എലീശയുടെ ബാല്യക്കാരൻ ഗേഹസി ദ്രവ്യാഗ്രഹം നിമിത്തം വഴിയെ പോയ ശാപം പുറകെ പോയി ഇരന്നു വാങ്ങി കൂട്ടിയില്ലേ. അതും നയമാന്റെ കുഷ്ഠം ഒട്ടും കുറയാതെ ഗേഹസിക്ക് മാത്രമല്ല അവന്റെ വരും സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും എന്നു പ്രവാചകൻ പറഞ്ഞ (ശപിച്ച) നിമിഷം, അവൻ ഹിമംപോലെ വെളുത്തു കുഷ്ഠ രോഗിയായി അവനെ വിട്ടു പുറപ്പെട്ടുപോയി. ഒന്നുകിൽ ശാപം പെട്ടുന്നു വന്നു ഭവിക്കാം, അല്ലെങ്കിൽ നമ്മേ പിന്തുടർന്നുകൊണ്ടേയിരിക്കാം..

ഒരിക്കൽ ബാലക്ക് ദൈവജനത്തെ ശപിക്കാൻ ബിലായമിനെ കൂലിക്ക് വിളിച്ച കാര്യം ഓർമ്മയുണ്ടോ?. അപ്പോൾ കാശുകൊടുത്ത് കൂലിക്ക് ആളിനെ വിളിച്ച് ശപിക്കുന്ന പരിപാടി ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

ദർശനമുണ്ടായിരുന്ന ബിലായാം ആദ്യവട്ടം പറഞ്ഞ വാക്കുകളും, ദ്രവ്യങ്ങളും പാരിതോഷികങ്ങളും കണ്ടപ്പോൾ അവന്റെ കണ്ണ് മഞ്ഞിളിച്ചുപോയിട്ട് രണ്ടാമത്തെ വട്ടം പറഞ്ഞ വാക്കുകളും സംഖ്യാ പുസ്തകത്തിന്റെ അദ്ധ്യായം 22ൽ വായിച്ചു നോക്കുമല്ലോ. കൂടാതെ അനീതിയുടെ കൂലി കൊതിച്ചു പോയ ബിലെയാമിന് വഴിയിൽ കിട്ടിയ ശാസനയും അനുഭവങ്ങളും നമുക്ക് നന്നായി അറിയാം. നമുക്ക് മനസിലാകാത്ത ചില സത്യങ്ങൾ നാലുകാലുള്ള കഴുത മനസ്സിലാക്കിയാലും രണ്ടുകാലുള്ളവൻ തിരിച്ചറിയുകയില്ല. ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടി പ്രവാചകന്റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ എന്നു വായിക്കുന്നു. പലപ്പോഴും നാം പ്രതീക്ഷക്കാത്ത രീതിയിൽ ദൈവാത്മാവ് നമ്മോട്, നീ പോകണം, നിൽക്കരുത് എന്നു പറയുമ്പോൾ അതിനു തികച്ചും വിപരീതമായി കാര്യങ്ങൾ ചെയ്യുമ്പോഴാണ് ആലോചന മറിഞ്ഞു പോകുന്നത്.

ഒരുകാര്യം തീർച്ച… സത്യത്തിനും, നീതിക്കും, ന്യായത്തിനും വേണ്ടി നിൽക്കുന്നവന് (സാക്ഷാൽ യിസ്രായേലിന്) ഒരു ദോഷവും വരില്ല എന്ന് ദൈവവചനം അടിവരയിട്ട് പറയുന്നുണ്ട്.

സത്യത്തെ ക്രൂശിച്ചവരും, ക്രൂശിക്കാൻ മറ്റുള്ളവരെ ഉത്സാഹിപ്പിച്ചവരും ഒരിക്കൽ അട്ടഹസിച്ചു പറഞ്ഞത് ഓർമവെച്ചാൽ നന്ന് അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു. അവരും മനഃപൂർവം സ്വന്തം തലമേലും വരുംതലമുറക്കു വേണ്ടിയുള്ളതും കൂടി വിളിച്ചു വരുത്തി വാങ്ങിച്ചതല്ലേ ദൈവീക ശാപം….

ഇതൊക്കെയും പഴയനിയമത്തിന്റെ പ്രമാണം, ഉദാഹരണങ്ങൾ എന്നൊക്കെ പറഞ്ഞു ആശ്വസിക്കാനോ, നിസാരവൽക്കരിച്ച് തള്ളികളയാനും സാധിക്കും. എന്നാൽ സമകാലികത്തിൽ നമ്മുടെ കണ്മുൻപിൽ സംഭവിച്ചതും, സംഭവിച്ചുകൊണ്ടിരിക്കുന്നതും വെറും കെട്ടുകഥകളോ സിനിമ കഥകളൊ അല്ലായെന്നു മനസ്സിലാക്കണം.

ഒരുകാലത്ത് എത്രയോ സമ്പൽ സമൃദ്ധിയിലും, സൗഭാഗ്യത്തിലും സുഭിക്ഷയോട് ജന്മികളായി കഴിഞ്ഞ കുടുംബങ്ങളിലെ മുതിർന്നവർ പണ്ട് ചെയ്തുകൂട്ടിയ അതിക്രൂരതയുടെയും, മറ്റുള്ളവരെ ചതിച്ചതിന്റെയും, വഞ്ചിച്ചതിന്റെയും പരിണിത ഫലമായി ഏറ്റുവാങ്ങിയ ശാപം നിമിത്തം പൂർണ്ണമായും നിർധനരായി തീർന്ന എത്രയോ ഉദാഹരണങ്ങൾ നമുക്കുചുറ്റും ഇന്നും കാണുന്നില്ലേ. ദൈവം ഇങ്ങനെയുള്ള ചതിവിനും വഞ്ചനയ്ക്കും കൂട്ടുനിൽക്കില്ല എന്നോർത്തുകൊള്ളേണം. അതിനു കൂട്ടുനിൽക്കാൻ ദൈവം മനുഷ്യൻ അല്ലല്ലോ…

പെട്ടെന്ന് ധനവാനാകാനുള്ള ദ്രവ്യാഗ്രഹത്താൽ, തങ്ങളെ അന്ധമായി വിശ്വസിച്ചേൽപ്പിച്ച പല കാര്യങ്ങളിൽ വിശ്വാസവഞ്ചന കാണിച്ച് മറ്റുള്ളവരെ മനഃപൂർവം ചതിച്ച് വഴിയാധാരമാക്കി, കുത്തുപാള എടുപ്പിച്ച്, പിച്ചക്കാരാക്കിമാറ്റി, ഒടുവിൽ ആത്മഹത്യ ചെയ്യിപ്പിച്ചോ, അല്ലെങ്കിൽ ഹൃദയം പൊട്ടിയൊ മരിച്ചവർ എത്രപേർ നമുക്ക് ചുറ്റും ഉണ്ട്. എന്നാൽ അന്ന് അവർ നെഞ്ചത്ത് കൈവെച്ച് ആകാശത്ത് നോക്കി നീ ഒന്നും അനുഭവിക്കയില്ല, നീയും നിന്റെ കുടുംബവും ഒരിക്കലും ഗുണം പിടിക്കില്ല, എല്ലാവരും എണ്ണി എണ്ണി കണക്കുപറയും, എന്നുപറഞ്ഞ വാക്കുകളും, അവരുടെ നെടുവീർപ്പും, കണ്ണിൽ നിന്നും അടർന്നുവീണ തീയ്ക്ക് സമാനമായ കണ്ണുനീർ തുള്ളികളും പിന്നീട് ദഹിപ്പിക്കുന്ന അഗ്നിയായി പരിണമിച്ച് ഭയങ്കര ശാപമായി മാറി, ഒടുവിൽ ചതിച്ചവർ നിർധനരായി, കുടുംബം മൊത്തം നാമാവിശേഷമായി കല്ലിന്മേൽ കല്ലുശേഷിക്കാതെ ഓരോരുത്തരായി ദാരുണമായ അന്ത്യം പ്രാപിച്ച എത്രയോ കുടുംബങ്ങൾ നമ്മുടെ മുൻപിൽ ഇന്നും ദൃഷ്ടന്തമായി നിൽക്കുന്നു. ഒരാളുടെ തെറ്റുകൊണ്ട് ആർക്കൊക്കെ നഷ്ടം, ആരൊക്കെ കഷ്ടം അനുഭവിച്ചു എന്നോർക്കണം. ഇങ്ങനെ നേടുന്നത് ശാശ്വതമല്ല, അങ്ങനെ നേടുന്നതിനെ കുറിച്ച് വചനം പറയുന്നു. ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവൻ, താൻ ഇടാത്ത മുട്ട പൊരുന്നിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെ ആകുന്നു; അവന്റെ മദ്ധ്യായുസ്സിങ്കൽ അതു അവനെ വിട്ടുപോകും: ഒടുക്കം അവൻ ഭോഷനായിരിക്കും (യിരേ 17:11).

ആരാലും ശ്രദ്ധിക്കപ്പെടാതെ വഴിയരികിലും, കടത്തിണ്ണയിലും, വലിയ മേൽപ്പാലത്തിന്റെ (Fly Over) കീഴിലും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട എത്രയോ വായോവൃദ്ധർ കിടക്കുന്ന കാഴ്ച്ചയുടെ ഉത്തമ ഉദാഹരണം ഒന്നാം ഖണ്‌ഡികയിൽ കണ്ടിട്ടില്ലേ.

ഒരു കാലത്ത് കുടുംബത്തിനുവേണ്ടി വലിയ മൂല്യം കൊടുത്തവർ, യൗവനത്തിലെ ഒരോതുള്ളി രക്തവും വിയർപ്പാക്കി, പട്ടിണികിടന്നും, വിശ്രമം ഇല്ലാതെയും അധ്വാനിച്ച്, ഉറുമ്പ് ശേഖരിച്ച് വെക്കുന്നപോലെ ഓരോ നാണയതുട്ടുകളും കൂട്ടിവെച്ച്, ഉറക്കം ഇല്ലാതെ മക്കളെ വളർത്തിയവർ ഇന്ന് ആരോരും നോക്കാനില്ലാതെ അടിച്ചിറക്കപ്പെട്ട അവസ്ഥയിൽ. ഇന്നു മക്കൾ പ്രാപ്തരായി, സ്വയപര്യാപ്തതയിൽ എത്തി, കാര്യശേഷി ഉള്ളവരായപ്പോൾ, മാതാപിതാക്കളും, ഭര്‍തൃമാതാപിതാക്കളും ഒരധികപറ്റായി തീർന്നെന്ന തോന്നൽ. അധികാരവും അവകാശവും അധ്വാനിക്കാതെ അനായാസേന നേടിയെടുത്തിട്ട് ഒരു നേരത്തെ ആഹാരമോ, ഒരു തുള്ളി വെള്ളമോ കൊടുക്കാൻ വൈമനസ്യം കാണിക്കുന്നവർ മറന്നു പോകുന്ന ചില സത്യങ്ങൾ ഉണ്ട്. നാളെ നമ്മുടെയും അനുഭവം ഇതുതന്നേ ആയിരിക്കും. അങ്ങനത്തെ അവസ്ഥവന്നവർ പടിയിറങ്ങി പോകുമ്പോൾ അവരുടെ കണ്ണിൽ നിന്നും വിഴുന്നത് സാധാരണ കണ്ണുനീർ ആയിരിക്കില്ല, പക്ഷെ മറ്റുള്ളവരെ ദഹിപ്പിച്ച് ചാമ്പലാക്കാൻ ശക്തിയുള്ള തീഖണ്‌ഡങ്ങൾ ആയിരിക്കും. അവർ ഓരോന്നോർത്ത് നെടുവീർപ്പിടുമ്പോഴും, അവരുടെ കണ്ണുനീർ ധാരധാരയായി ഒഴുകുമ്പോഴും അത് ഒരു കൊടും ശാപമായി പരിണമിക്കും എന്ന കാര്യം സത്യമല്ലേ.

ദൈവസഭയിലും, ആത്മീകത്തിലും, മറ്റു നിരവധി രാഷ്ട്രിയ മേഖലകളിലും ഇങ്ങനത്തെ ചതിവിന്റെയും ഒഴിവാക്കലിന്റെയും എത്രയോ സംഭവങ്ങൾ നിരന്തരം അരങ്ങേറുന്നു. ഒരിക്കൽ ഒന്നുമില്ലായ്കയിൽ നിന്നും കഷ്ടപ്പെട്ട്, പൂർണ്ണ ത്യാഗവും പട്ടിണിയും കിടന്നു സഭയെ, പ്രസ്ഥാനത്തെ, അല്ലെങ്കിൽ രാഷ്രിയത്തേ വീഴാതെ താങ്ങി നിർത്തി വളർത്താൻ കൈത്താങ്ങായി നിന്ന്, ജീവിതം ഉഴിഞ്ഞു വെച്ച്, ലക്ഷോപലക്ഷങ്ങൾ ചിലവിട്ട അഥവാ വിലകൊടുത്ത പലരും, പല തെറ്റായ സ്വാർത്ഥ താൽപ്പര്യങ്ങളെ പിന്തുണക്കാതെ ഒരുകൂട്ടർക്ക് മാർഗ്ഗതടസ്സമായി നിൽക്കുന്നു എന്നതോന്നൽ മൂലം അവരെ ഒഴിവാക്കാൻ വേണ്ടി മനഃപൂർവം കെട്ടുകഥകൾ ഉണ്ടാക്കി, സാഹചര്യം സൃഷ്‌ടിച്ച്, വീർപ്പുമുട്ടിച്ച്, പുകച്ച് പുറത്താക്കി അവരുടെ കഠിനാധ്വാനത്തേയും സേവനങ്ങളേയും വെള്ളത്തിൽ വരച്ച വര പോലെയാക്കിയ അവസ്ഥയിൽ ആക്കി വെച്ച എത്രയോ വിശ്വാസികൾ, ശുശ്രുഷകന്മാർ, നേതാക്കൾ ഇന്നും നമ്മുടെ കണ്മുന്നിൽ വലിയ ഉദാഹരണങ്ങളുടെ സാക്ഷ്യമായി തേങ്ങലോടെ നെടുവീർപ്പോടെ നിൽക്കുന്നു. നിർഭാഗ്യം കൊണ്ടും, ഗതികേടുകൊണ്ടും അവർ ഇറങ്ങി പോകുമ്പോൾ അവരുടെ ഉള്ളിന്റെ ഉള്ളിൽ നിന്നും ആർക്കും കേൾക്കുവാൻ കഴിയാതെ ഉയരുന്ന തേങ്ങലിന്റെയും, നെടുവീർപ്പിന്റെയും കണക്ക് ആരുകൊടുക്കും. അതാരായാലും, കണക്കിന് കൊടുക്കണം, കണക്കിന് വാങ്ങണം എന്നതല്ലേ തത്വം.

അതുപോലെ തന്നേ സ്വന്തകുടുംബത്തിനു വേണ്ടി പൂർണ്ണ ത്യാഗവും ജീവിതാർപ്പണവും ചെയ്ത്, വലിയ മൂല്യം കൊടുത്ത സ്വന്ത സഹോദരങ്ങളെ കബളിപ്പിച്ചു എല്ലാം കൈയടക്കി, സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി മനഃപൂർവം വീർപ്പുമുട്ടിച്ച് പുകച്ച് പുറത്താക്കി, ഒഴിവാക്കി പടിയിറക്കി വിടുമ്പോൾ അവരുടെ കണ്ണിൽ നിന്നും വീഴുന്ന കണ്ണുനീരിന്റെയും, ഹൃദയത്തിന്റെ ഉള്ളിലെ തേങ്ങലിന്റെയും, നെടുവീർപ്പിന്റെയും വില ആർ നിശ്ചയിക്കും. ആ വേദന സ്വർഗ്ഗം കാണാതെ കണ്ണടച്ചുകളയുമോ?.

ചിലപ്പോൾ നാം പഠിച്ചിരിക്കുന്നപോലെ അഥവാ ചിന്തിക്കുന്നതുപോലെ യേശു നമ്മുടെ ശാപം എല്ലാം കാൽവറിയിൽ അഴിച്ചുകളഞ്ഞു എന്നതും, ശാപം സാക്ഷാൽ യിസ്രയേലിനു ഏൽക്കുകയില്ല എന്നതും വചനപ്രകാരം സത്യമാണ്. ദൈവവചന പ്രകാരമുള്ള ചില നിബന്ധനകളും, പ്രതേകതകളും ആണ് യിസ്രയേലിനു ശാപം ഏൽക്കുകയില്ല എന്നു പറയുവാനുള്ള കാരണങ്ങൾ എന്ന കാര്യം മറക്കരുത്.

യഥാർത്ഥത്തിൽ ദൈവത്തെ ഭയപ്പെട്ട്, ജീവിതത്തിൽ ലേശം പോലും കളങ്കം പറ്റാതെ, വക്രത തീണ്ടാതെ, വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ പോലും ആരെയും ചതിക്കാതെ, തിന്മ ഒട്ടുംതന്നേ തൊടാതെ, നീതിയിലും, ന്യായത്തിലും, സത്യത്തിലും ഹൃദയശുദ്ധിയോടെ ഉറച്ചുനിൽക്കുന്ന ഒരു ദൈവപൈതലിന് ശാപമോ ദൈവകോപമോ ഏൽക്കുകയില്ല എന്നതാണ് മഹാസത്യം. അതുമാത്രമല്ല, ചെയ്യാത്ത തെറ്റിന് ആർക്കും ഒരിക്കലും ശാപം വരില്ല എന്നതും സത്യം.

പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് ശാപം എന്ന വാക്ക് നാവിന്മേൽ എടുക്കാൻ അനുവാദം ഇല്ലായിരിക്കാം. എബ്രയലേഖന കർത്താവ് പറയുന്നു ഒരു പ്രതേക വാക്ക് കടം എടുക്കുന്നു കണക്ക് കൊടുക്കണം.

എന്നാൽ ഇന്ന് നാം ചെയ്തുകൂട്ടുന്ന അനീതിയുടെയും ദുഷ്ടതയുടെയും ഫലം ആര് അനുഭവിക്കും. അന്യ രക്തത്തിൽ പങ്കു ചേരുന്നു കരങ്ങൾ എങ്ങനെ വിശുദ്ധമാകും. യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ടു; (സദൃ 3:33).

നമ്മുടെ കരങ്ങളിലും, ഭവനത്തിലും, നമ്മുടെ വീടിന്റെ മുറ്റത്തും, ജീവിതമാകുന്ന പുസ്തകത്തിന്റ താളുകളിലും ആരുടെയും കണ്ണുനീർ വീഴാതെ സൂക്ഷിച്ചുകൊള്ളുക. ഒരിക്കൽ കണ്ണുനീർ വീണാൽ അത് ഒരിക്കലും ഒരിക്കലും ഉണങ്ങാതെ, മായാത്ത പാടുകൾ ശേഷിപ്പിക്കും, ഇന്നല്ലെങ്കിൽ നാളെ ആ പാടുകൾ വ്യക്തമായി ലോകത്തിന്റെ മുൻപിൽ തെളിഞ്ഞുവരും, അന്ന് അവകൾ നമ്മോടു എണ്ണിയെണ്ണി കണക്കുചോദിക്കും എന്ന സത്യം മറക്കാതിരുന്നാൽ നന്ന്. അന്നുനാട്ടുകാർ, വീട്ടുകാർ പറയും അവൻ ചെയ്തതിന്റെ കൂലിയാണ് ഇതെല്ലാം.

വേദശാസ്ത്ര പഠനം വെച്ച് പറയുമായിരിക്കും ശാപമൊന്നും രക്ഷിക്കപ്പെട്ടവർക്ക് വരില്ല. ഈ വാദം ശരിയോ തെറ്റോ ആകാം, അതിനെ പറ്റി തർക്കിക്കാനും, വാദിക്കാനും ഉദ്ദേശം ഇല്ല. എന്നാൽ ഒരുകാര്യം തീർച്ച നമ്മുടെ ചെയ്തികൾ കൊണ്ട് ചിലപ്പോൾ ന്യായവിധി ഉണ്ടാകാം, എന്നന്നേക്കുമായി പ്രതിഫലങ്ങൾ നഷ്ട്ടമാകാം എന്നത് നിഷേധിക്കാനാകുമോ? ചിലപ്പോൾ അങ്ങനെ ഒന്നും ആകില്ല എന്ന അമിതമായ ആത്മവിശ്വാസം ആയിരിക്കാം നമ്മേ വീണ്ടും വീണ്ടും തെറ്റുകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതെങ്കിൽ, അമിതമായ ആത്മവിശ്വാസം വലിയ അപകടമാണ് എന്ന വസ്തുത മറക്കരുത്. ദുഷ്‌പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്കകൊണ്ടു മനുഷ്യർ ദോഷം ചെയ്‍വാൻ ധൈര്യപ്പെടുന്നു (സഭാ 8:11) എന്നതല്ലേ സത്യം.

നമ്മുടെ പ്രവർത്തികളുടെ പരിണിത ഫലമായി ജീവിതത്തിൽ സംഭവിക്കുന്ന തിക്തമായ അനുഭവങ്ങൾക്ക്, പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഒരു നിർവചനമോ, ഉത്തമമായ പേരോ, കണ്ടുപിടിക്കുവാനുള്ള അവസരം വായനക്കാർക്ക് നൽകുന്നു.

കാരണം കൂടാതെ ശാപം പറന്നു വരില്ല, മറിച്ച് നാമായി വരുത്തി വെക്കുന്നു എന്ന ഉൾബോധം എപ്പോഴും നമ്മേ ഭരിക്കട്ടെ… അതുകൊണ്ട് നാമായിട്ട് എന്തിന് എല്ലാം വെറുതെ വിളിച്ചു വരുത്തി കൂട്ടിവെക്കണം.

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.