സമകാലികം: സ്റ്റാൻ സാമി : വിമോചന ദൈവശാസ്ത്രത്തിന് പ്രാവർത്തീക മുഖം | പാസ്റ്റർ ബ്ലെസ്സൺ ചെറിയനാട്

ഭരണകൂട ഭീകരതയ്ക്ക് വീണ്ടും ഒരു ഇരയായി, ക്രിസ്ത്യൻ മിഷനറിയും ജസ്യൂട്ട് സഭാ പുരോഹിതനുമായ ഫാദർ സ്റ്റാൻ സ്വാമി. ജാർഖണ്ഡ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന അദ്ദേഹം പഴയ മദ്രാസിൽ ജനിച്ച പ്രാഥമിക വിദ്യാഭ്യാസ ങ്ങൾക്കു ശേഷം ഫിലിപ്പീൻസിൽ നിന്ന് ദൈവ ശാസ്ത്ര ബിരുദം നേടി മൂന്നു പതിറ്റാണ്ടിലധികമായി ആദിവാസി ദളിത് സമൂഹത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ വിമോചന ദൈവശാസ്ത്രജ്ഞൻ ആയിരുന്നു. പാർശ്വവൽകൃതരായ അധസ്ഥിത വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനത്തിനുവേണ്ടി ജീവിതം നയിച്ച ആ മനുഷ്യസ്നേഹി, മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടവനായി UAPA ചുമത്തി ജയിലിലടക്കപ്പെട്ടു. തന്റെ വിറയാർന്ന കരങ്ങൾ കൊണ്ട് ആഹാരം കഴിക്കുവാൻ കഴിയാതെ ആ വയോധികൻ ജലപാനത്തിനായി ഒരു സ്‌ട്രോയ്ക്കുവേണ്ടി കോടതിയുടെ കനിവ് കാത്തുകിടന്നു. തുടർന്ന് ആരോഗ്യസ്ഥിതി വഷളായിതൻ്റെ ജാമ്യാപേക്ഷ കോടതി പരിഗണനയിലിരിക്കെ ജീവൻ വെടിയേണ്ടി വന്നു ആ ക്രിസ്തുമാർഗത്തിന്റെ കര്മയോഗിക്ക് .ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കുവാൻ വേണ്ടി പദ്ധതികൾ ഒരുക്കി എന്നാരോപിച്ച് ഭീമാ കൊറേഗാവ് കേസ്സിൽ യു എ പിഎ ചുമത്തി പ്രതിചേർക്കപ്പെട്ട് ജാമ്യമില്ലാതെ തുറുങ്കിൽ അടയ്ക്കപ്പെടുകയും ആയിരുന്നു അദ്ദേഹം.

post watermark60x60

ആമുഖ സംഭവവികാസങ്ങളുടെ ചുരുക്കം ഇതാണ് : പൂനയിലെ ഭീമാ കൊറേഗാവിൽ 2017 ഡിസംബർ 31 ന് ദളിത് സംഘടനകൾ ഹിന്ദു സംഘടനകളുമായി ഏറ്റുമുട്ടി രാഹുൽ ഫദാങ്കലെ എന്ന 28 വയസുകാരൻ കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങൾ തല്ലി തകർക്കപ്പെട്ടു. 1818 ജനുവരിയിൽ മഹാരാഷ്ട്രയിൽ കൊറെഗാവ് യുദ്ധത്തിൽ മറാട്ട രാജാവ് പേഷ്വാ മഹാരാജിന്റെ സൈന്യവും ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയും തമ്മിൽ നടന്ന യുദ്ധത്തിൽ ഉയർന്ന ജാതി മറാത്തകൾക്ക് എതിരെ കീഴ്ജാതിക്കാർ യുദ്ധം ചെയ്തു . ആ യുദ്ധം ജാതിവ്യവസ്ഥയോട് നടത്തിയ മഹത്തരമായ ഒരു പോരാട്ടമായിരുന്നു. അതിന്റെ ഇരുനൂറാം വാർഷികം വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സാമൂഹിക പ്രവർത്തകർ അണിനിരന്ന വലിയൊരു സമ്മേളനം ദളിത് സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു. ലക്ഷക്കണക്കിന് ദളിത് ആദിവാസി ജനങ്ങൾ ഈ സമ്മേളനത്തിൽ എല്ലാ വർഷത്തിലും എന്നപോലെ പങ്കെടുത്തു. പൂനയിൽ നിർദ്ദേശം 30 കിലോമീറ്റർ അകലെയാണ് കൊറെഗാവ്. ജാതിക്രമത്തിൽ താഴ്ന്ന മഹറുകളോക്കൊപ്പം യുദ്ധം ചെയ്യുവാൻ കഴിയില്ല എന്ന് മറാത്തികൾ അറിയിച്ചതിനെത്തുടർന്നാണ് മഹർകൾ അന്ന് ഈസ്റ്റിന്ത്യാ കമ്പനി യോടൊപ്പം മറുപക്ഷം ചേർന്നത്. പരിമിത അംഗസംഖ്യ മാത്രമുണ്ടായിരുന്ന ബ്രിട്ടീഷ്- മഹർ സൈന്യം സ്വദേശപ്രതാപികളായ മറാത്തി സൈന്യത്തെ കഠിനമായി തോൽപിച്ചു. ഇത് സ്വാതന്ത്രസമരം എന്നതിനേക്കാൾ രണ്ടു സമുദായ ജാതിവ്യവസ്ഥകൾ തമ്മിലുള്ള മഹാ പോരാട്ടമായിരുന്നു. തുടർസംഭവങ്ങൾ, തമ്മിൽ അടുക്കാത്ത വിധം വലിയ സ്പർദ്ദയിലേക്ക് ഇരുസമൂഹങ്ങളും തിരിഞ്ഞു എന്നതാണ്.

തുടർന്ന് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഭീമ കൊറേഗാവിൽ ഒരു മഹർപടയാളികൾക്കായി യുദ്ധസ്മാരകം പണിതു. മഹർ സമൂഹം ഇതിനെ വളരെ സൂക്ഷ്മതയോടെ സംരക്ഷിച്ചുപോരുന്നു. എല്ലാവർഷവും ജനുവരി ഒന്നാം തീയതി ഇവിടെ അവർ യുദ്ധത്തിന്റെ സ്മരണ ആചരിക്കും. 2018ൽ ഇരുന്നൂറാം വാർഷിക ആചാരത്തിൽ ഇടയിൽ നടന്ന സംഘട്ടനമാണ് ഈ കേസിനാധാരം.
അനുസ്മരണാചാരണങ്ങൾക്കു മുന്നോടിയായി തലേദിവസം സംഘടിപ്പിച്ച എൽഗാർ പരീഷത്തിന്റെ സമ്മേളനത്തിൽ പ്രകോപനപരമായും രാജ്യദ്രോഹപരമായും പ്രസംഗിച്ചു എന്നും അത് തുടർന്ന് കലാപങ്ങൾലേക്ക് നയിച്ചതെന്നും ആണ് ആരോപിതകുറ്റം. ഏകദേശം നാല് ലക്ഷം പേരോളം ഈ സമ്മേളനങ്ങളിൽ പങ്കെടുത്തു.
ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി, ജെ എൻ യു വിദ്യാർത്ഥി നേതാവ് ഉമ്ർ, ഹൈദരാബാദ് സർവകലാശാലയിൽ ദളിത് പീഡനം നിമിത്തം ആത്മഹത്യചെയ്ത രോഹിത് വിമലയുടെ അമ്മ രാധികാ വിമല തുടങ്ങിയ നിരവധി പേർ രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്ന് ഈ സമ്മേളനത്തിൽ പങ്കെടുത്തു. ജാതിവ്യവസ്ഥയുടെ അപമാന-അഭിമാനങ്ങൾ ഏറ്റുമുട്ടുന്ന ഒരു യുദ്ധത്തിൻറെ ഇരുന്നൂറാം വാർഷികം ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി വീണ്ടും രാജ്യത്തെ ജാതി വ്യവസ്ഥകളുടെ തമസ്കൃത മനസ്സാക്ഷിയുടെ സ്മരണാ ദിനമായി മാറി.
ഭരണഘടനയോടുള്ള കൂറ് പ്രതിബദ്ധതയും പ്രതിജ്ഞ ചെയ്താണ് അന്നത്തെ സമ്മേളനം അവസാനിച്ചത് പോലും.
എന്നാൽ ക്രമസമാധാനത്തെ അട്ടിമറിച്ചു ഭരണ വ്യവസ്ഥകളെ വെല്ലുവിളിച്ചു ജാതീയ കലാപങ്ങൾക്ക് ആഹ്വാനം നൽകുകയായിരുന്നു സമ്മേളനം എന്ന് ആരോപിച്ച് പൂനെ പോലീസ് പിന്നീട് അതിൻറെ സംഘാടകരെ അറസ്റ്റ് ചെയ്തു. ആൾക്കൂട്ട ആക്രമണങ്ങൾക്കും ഗോവധം ആരോപിച്ചുള്ള കൊലപാതകങ്ങൾക്കെതിരെയുമൊക്കെ സമ്മേളനം ശബ്ദമുയർത്തി എന്നത് സത്യമായ കാര്യമാണ്.

Download Our Android App | iOS App

സ്ക്രോൾ എന്ന ദിനപത്രം ഇതിനെ സംബന്ധിച്ച വിശദമായ റിപ്പോർട്ടുകൾ നൽകി. ഇതേ ദിവസം മറാത്തികൾ കടകമ്പോളങ്ങൾ അടച്ചിട്ടു ആ പ്രദേശത്തെ ഹർത്താൽ ആചരിച്ചിരുന്നു. അതേസമയം കൊല്ലപ്പെട്ടയാൾ മറാത്ത സമൂഹത്തിലെ അംഗമാണ്. പരക്കെ ആക്രമണങ്ങൾ അനുബന്ധമായി സംഭവിച്ചു. തുടർന്ന് മുംബൈയിൽ വരെ കുട്ടികളടക്കം മുന്നൂറോളം ദളിതർ അറസ്റ്റ് ചെയ്യപ്പെട്ടു.

തുടർന്ന് നൂറുകണക്കിന് കേസുകൾ ഹിന്ദുത്വ നേതാക്കളുടെ പരാതിയിൽ ദലിതർക്കെതിരെ രജിസ്റ്റർ ചെയ്തു എന്ന് പറയപ്പെടുന്നു. ജെ എൻ യു വിദ്യാർത്ഥി നേതാവായിരുന്നു ഉമർ ഖാലിദ് പ്രതിച്ചേർക്കപ്പെട്ടു.
ഈ സമ്മേളനത്തിൽ സംസാരിച്ചവർക്കൊക്കെ മാവോയിസ് ബന്ധമുണ്ട് എന്നും പ്രഭാഷണങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുമെന്നും ഹിന്ദു സംഘടനാ നേതാക്കന്മാർ പോലീസിൽ മൊഴി നൽകി കേസ് എടുപ്പിച്ചു.

എല്ഗാർ പരിഷത്തിന്റെ നേതാക്കൾക്കെല്ലാം നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് മായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസിയായ എൻഐഎ ആരോപിക്കുന്നു. പരിഷത് സംഘടിപ്പിച്ച ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും മാവോയിസ് ബന്ധമുണ്ടെന്നും ആരോപിക്കുകയും ചെയ്തു. തുടർന്ന് നരേന്ദ്രമോദി സർക്കാരിനെ അട്ടിമറിക്കുവാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് റൊണാ വില്സൺ, സുരേന്ദ്ര ഗാഡ്ലിങ്, ഷോമ സെൻ, മഹേഷ്‌ റൗക്, സുധീർ ധവാലെ എന്നിവരെ യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ഫാദർ സ്റ്റാൻ സ്വാമി പ്രതിപ്പട്ടികയിൽ ആദ്യം ഉണ്ടായിരുന്നില്ല. അറസ്റ്റിനുശേഷം റോണാ വിൽസണ് ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിൽ നെറ്റ് വയർ റിമോട്ട് ട്രോജൻ ആക്സസ് എന്ന മാൾ വയറിന്റെ സഹായത്തോടെ നുഴഞ്ഞ് കയറി പത്തോളം കത്തുകൾ വ്യാജരേഖകളായി അതിൽ നിക്ഷേപിച്ചാണ്, ഈ കേസിൽ മുഖ്യ തെളിവുകളായി കണ്ടെടുത്തു പോലീസ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയത് എന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട്‌ ചെയ്തത്.
ഈ കത്തുകളുടെ അടിസ്ഥാനത്തിൽ സാമിയുടെ വസതിയിലും പോലീസ് പരിശോധനകൾ നടത്തുകയും സമാനമായ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിൽ നിന്ന് രേഖകൾ കണ്ടെടുത്തു എന്ന് നിയ തന്റെ മുന്നിൽ വെച്ചിരുന്നു എന്നും ഇവയെല്ലാം ഗൂഢമായി കെട്ടിച്ചമച്ചതാണെന്നും തന്റെ കമ്പ്യൂട്ടറിൽ ഇങ്ങനെ യാതൊരു രേഖയും ഇല്ലായിരുന്നുവെന്നും തനിക്ക് ഇത്തരം പ്രവർത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും സാമി തന്നെ പ്രസ്താവനയിൽ വ്യക്തമാക്കി. താൻ ജീവിതത്തിൽ ഒരിക്കൽപോലും കുറേഗാവിൽ പോയിട്ടില്ലെന്നും എനിക്ക് സംഭവിക്കുന്നത് സമാനതകളില്ലാത്തതല്ല. ആദിവാസികളുടെയും ദലിതരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കായി നിലകൊള്ളുകയും രാജ്യത്തെ ഭരണവര്‍ഗത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, വിദ്യാര്‍ഥി നേതാക്കള്‍, കവികള്‍, ബുദ്ധിജീവികള്‍ തുടങ്ങി നിരവധി പേര്‍ നോട്ടപ്പുള്ളികളാണ്,”ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റിൻറെ തലേദിവസം പത്രപ്രസ്താവനയില്‍ പറഞ്ഞു.

ജാർഖണ്ഡിലെ ഭൂമാഫിയ ദളിതരുടെ ഭൂമിയോ അവകാശങ്ങളെ തട്ടിയെടുക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെ താൻ തീർത്ത പ്രതിരോധ ങ്ങളിൽ നിന്നാണ് ഈ മഹാ മനുഷ്യനെ ദുർഗതി എത്തിയതെന്ന് ഭാരത മനസാക്ഷി തിരിച്ചറിയുന്നുണ്ട്. ഇരുപത്തിരണ്ടോളം മാസങ്ങൾ നീണ്ടു നിന്നിരുന്ന ഒരു ഗൂഢ പദ്ധതിയുടെ ഭാഗമായിരുന്നു ഈ കളികൾ എന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തത്.

തുടർന്ന് 5000 പേജുള്ള കുറ്റപത്രം കോടതി മുമ്പാകെ പ്രഥമമായി സമർപ്പിക്കപ്പെട്ടു. 2019 ഫെബ്രുവരിയിൽ പോലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ മനുഷ്യാവകാശപ്രവർത്തകരായ സുധ ഭരദ്വാജ്, വരവര റാവു, അരുൺ ഫെരാരെ തുടങ്ങിയവരെ പ്രതിചേർത്തു. കെട്ടി ചമയ്ക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ ദളിതരെ ഒഴിവാക്കിക്കൊണ്ട് മനുഷ്യാവകാശ പ്രവർത്തകർ മാത്രം പ്രതികൾ ആയിത്തീർന്നു എന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനായി പോലീസ് ഹാജരാക്കി എല്ലാ തെളിവുകളുടെയും അടിസ്ഥാനരാഹിത്യം അവർ പുറത്തുവിട്ടിട്ടുണ്ട്.
എണ്‍പത്തി നാലുകാരനായ സ്വാമിയെ 2020 ഒക്ടോബർ എട്ടിനാണ് റാഞ്ചിയിലെ വീട്ടില്‍നിന്ന് എൻഐഎ കസ്റ്റഡിയിലെടുത്തത്. തുടർന്ന് തലോജ ജയിലിൽ കഴിയുകയായിരുന്നു.പ്രായാധിക്യം മൂലം നിരവധി രോഗങ്ങൾ അലട്ടിയിരുന്ന സ്വാമി നൽകിയ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളിയിരുന്നു. ഒടുവിൽ, രോഗപീഡയാൽ വലഞ്ഞ അദ്ദേഹത്തെ ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മേയ് 28നാണ് മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജെസ്യൂട്ട് സഭാ വൈദികനായ ഫാ. സ്റ്റാന്‍ സ്വാമി ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചുള്ള ആദിവാസി അവകാശ പ്രവര്‍ത്തകനാണ്. ഭൂമി, വനം, തൊഴില്‍ അവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആദിവാസി വിഭാഗങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ കേന്ദ്രീകരിച്ച് മൂന്ന് പതിറ്റാണ്ടിലേറെയായി അദ്ദേഹം ജാര്‍ഖണ്ഡില്‍ പ്രവര്‍ത്തിക്കുന്നു. ലാന്‍ഡ് ബാങ്കുകള്‍’ സ്ഥാപിക്കാനുള്ള ജാര്‍ഖണ്ഡ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും സ്വാമി നിലകൊണ്ടിരുന്നു. ചെറുകിട, വന്‍കിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് ലാന്‍ഡ് ബാങ്കുകള്‍ സ്ഥാപിക്കാനുള്ള നീക്കം ആദിവാസി വിഭാഗങ്ങളെ തങ്ങളുടെ ഭൂമിയില്‍നിന്ന് പുറന്തള്ളുമെന്ന് അദ്ദേഹം വാദിച്ചു. ആദിവാസി വിഭാഗങ്ങളുടെ സംരക്ഷണം, ക്ഷേമം, വികസനം എന്നിവയ്ക്കായി അവര്‍ ഉള്‍പ്പെടുന്ന ഗോത്ര ഉപദേശക സമിതി രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ അഞ്ചാം പട്ടിക നടപ്പാക്കാത്തതിനെ ചോദ്യം ചെയ്തിരുന്നു അദ്ദേഹം.
സ്വന്തം കാര്യം മാത്രം നോക്കി സ്വജനപക്ഷപാതവും സാമ്പത്തിക നേട്ടങ്ങൾക്കുമൊപ്പം സ്വന്തം പേര് നിലനിർത്തുവാനുള്ള ട്രസ്റ്റുകളും പ്രസ്ഥാനങ്ങളും കെട്ടി ഉയർത്തുന്ന പ്രേക്ഷിത പ്രവർത്തകർക്കിടയിൽ വിമോചന ദൈവശാസ്ത്രത്തെ തന്റെ ജീവിതം കൊണ്ട് തെളിയിച്ച, കെട്ടി ഉയർത്തപ്പെട്ട വേദികളിലും അരമനകളിലും ഹൃദയശൂന്യരായി,നിശബ്ദരായി ഇരിക്കുന്ന പ്രജാപതി,പുരോഹിത പ്രമാണിത്യങ്ങളെ ജീവിതാർത്ഥങ്ങൾക്കൊണ്ടു പരിഹസിച്ചൂ സമാനതകളില്ലാത്തവനായി ഫാദർ സ്റ്റാൻ സാമി നിലകൊള്ളുന്നു. ചൂഷണങ്ങൾക്ക് മറപിടിക്കുവാനും സ്വാർത്ഥ ലാഭങ്ങൾക്കായി സമസ്തപങ്കിലതകൾക്കും പങ്കുപറ്റുവാനും മറന്നുപോയ ഫാദർ സ്റ്റാൻ സ്വാമി റോമാ ലേഖനം പതിനാലാം അധ്യായത്തിലെ 17, 18 വാക്യങ്ങൾ ഒരിക്കലെങ്കിലും വായിച്ചിട്ടുള്ള ക്രിസ്തുഭക്തൻ തന്നെയാവും.
റോമർ 14:17-18
ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ.
അതിൽ ക്രിസ്തുവിനെ സേവിക്കുന്നവൻ ദൈവത്തെ പ്രസാദിപ്പിക്കുന്നവനും മനുഷ്യർക്കു കൊള്ളാകുന്നവനും തന്നേ.
സ്വന്തം കാര്യം പോലും നോക്കാതെ , ജീവനെ പോലും പരിത്യജിച്ചു മൂന്ന് പതിറ്റാണ്ടിലധികമായി ജാർഖണ്ഡിലെ ആദിവാസി സമൂഹത്തിന് കാവൽ നിന്ന ആ സന്യാസിവര്യൻ കുണ്ടറകളിൽ അടക്കപ്പെടുംപോൾ ഈ വാർധിക്യത്തിൽ ഒരു മുതിർന്ന പൗരൻ എന്ന നിലയിലെ അവകാശം പോലും നിഷേധിക്കപ്പെട്ടു എന്നുവേണം കരുതാൻ. കെട്ടി ചമയ്ക്കപ്പെട്ട കേസുകളുടെ പിൻബലത്തിൽ ജാമ്യമില്ലാത്ത വ്യവഹാരങ്ങളിൽ പെട്ടുപോയ ആ മഹാരഥന് ജീവിതസായാഹ്നത്തിൽ ചികിത്സയും ആഹാരവും സ്വാതന്ത്ര്യവും നഷ്ടമായെങ്കിലും സുധീരനിലപാടുകളും ഭരണകൂടങ്ങളെ കുലുക്കുന്ന ആധികാരിക ശബ്ദവും ദുർബല ശരീരത്തിലെ പ്രബല വ്യക്തിത്വം കൊണ്ട് തൻ തീർത്ത മതിലിൽ ഒരു ജനത്തിന് കാവൽനിന്ന മനോവീര്യവും ഉണ്ടായിരുന്നു .. മണിമേടകളിൽ ഉറങ്ങി സ്വർഗം സ്വപ്നം കാണുന്ന വിശുദ്ധന്മാർക്കു അറിയില്ല അങ്ങ് ആരായിരുന്നുവെന്നു. മനസിലായവർ ആരും മറക്കില്ല അങ്ങയെ മനസും മനസ്സാക്ഷി ഉറങ്ങാത്തിടത്തോളം….

ബ്ലെസ്സൺ ചെറിയനാട്

-ADVERTISEMENT-

You might also like