ലേഖനം: അവസരങ്ങളെ തട്ടിയെടുക്കുന്നവർ | ആശിഷ് ജോസഫ്

ആർക്കും അവകാശപ്പെടുവാൻ ഇല്ലാത്ത ഒരു പ്രത്യേകത യെരുശലേമിലെ ബെഥേസ്ഥ കുളത്തിന് ഉണ്ട്. അതത് സമയത്ത് ദൂതൻ ഇറങ്ങി കുളം കലക്കുമ്പോൾ ആദ്യം ഇറങ്ങുന്ന രോഗിക്ക് സൗഖ്യമാകാനുള്ള ‘അവസരം’. 38 വർഷമായി ഒരുവൻ ആ കുളത്തിൽ ഇറങ്ങാൻ കാത്തിരിക്കുന്നു. * അതാത് സമയങ്ങളിൽ കുളം കലങ്ങും – അര്ത്ഥം ഈ 38 ആണ്ടിലും സൗഖ്യമാകാനുള്ള “അവസരങ്ങൾ” തുടർച്ചയായി അവനു കിട്ടിയിരുന്നു . അവൻ തനിയെ കുളത്തിനരികിൽ ചെല്ലും – സ്വന്തം “പരിശ്രമവും” അവനുണ്ട്. കുളത്തിനു ചുറ്റും നിൽക്കുന്നവരുടെ പൊതുവായ കാര്യം എല്ലാവരും രോഗികൾ ആണെന്നുള്ളതാണ് , രോഗത്തിന് മാത്രം വ്യതാസം ഉണ്ടാകും. അതിൽ അല്പം കയ്യൂക്കും കഴിവും ഉള്ളവർ അവനു മുൻപേ കുളത്തിൽ ഇറങ്ങിയിരിക്കും.

അവസരവും പരിശ്രമവും അവനിൽ ഉണ്ടായിട്ടും അവസാന നിമിഷം വരെയുള്ള പ്രതീക്ഷകൾ ആസ്ഥാനത്താക്കിക്കൊണ്ട് അവനെക്കാൾ മിടുക്കുള്ള ആരെങ്കിലും അവനെ മറികടക്കും .. !! ചിലരുടെ ജീവിതവും ഇങ്ങനെയാണ് .. “അവസരങ്ങളുണ്ടായിട്ടും പ്രയോജനപ്പെടുത്തുവാൻ കഴിയാത്തവർ , പരിശ്രമിച്ചിട്ടും ഒന്നും നേടുവാൻ കഴിയാത്തവർ , ദീർഘമേറിയ വർഷങ്ങൾ ഒരേ അവസ്ഥയിൽ ജീവിക്കുന്നവർ , മറ്റുള്ളവർ അവസരങ്ങളെ തട്ടിയെടുക്കുന്നത് കണ്ടിട്ടും ഒന്നും ചെയ്യാനാകാതെ മാറി നിൽക്കുന്നവർ, സ്വന്ത ശ്രമങ്ങൾക്ക് വിലയില്ലാതാകുന്നത് സ്വയം മനസിലാക്കി മനസ് മരവിച്ചവർ …….” സാധാരണമായി ലഭിക്കുന്ന അവസരങ്ങൾ ഉപയോഗിച്ച് പലരും നടന്നു നീങ്ങുമ്പോൾ അസാധാരണമായ ഒരവസരം യേശു നിങ്ങൾക്ക് മുൻപിൽ വെച്ചിട്ടുണ്ട് . ഓർക്കുക, തട്ടിയെടുത്തവരെപ്പറ്റി ആരും ഒന്നും പ്രതിപാദിക്കുന്നില്ല , അവർക്കും ആരോടും ഒന്നും പറയാനുമില്ല. പക്ഷെ അസാധാരണമായത് സംഭവിച്ചവനെകുറിച്ച്‌ മറ്റുള്ളവർ സംസാരിക്കും. കുളം കലങ്ങിയതിന്റെ പ്രാധാന്യതയെക്കാൾ നസ്രായന്റെ ഒറ്റ വാക്കിൽ എഴുന്നേറ്റു നടന്നവന്റെ വാക്കുകൾക്ക് ജനം ചെവിയോർക്കും . സന്ദർഭങ്ങൾ ഒരുങ്ങി വന്നിട്ടും എങ്ങുമെത്തിയില്ലലോ എന്നോർത്തു ഭാരപ്പെടണ്ട, അതിലും ശ്രേഷ്ഠമായ അവസരവുമായി യേശു വരുന്നുണ്ട്. അത് മറ്റാർക്കും തട്ടിയെടുക്കാൻ കഴിയുന്നതല്ല . പരാജയം അറിയുകയും ഇല്ല .

ആശിഷ് ജോസഫ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.