ലേഖനം: സ്ത്രീയോ പുരുഷനോ, അതോ മനുഷ്യനോ? | ജിജി പ്രമോദ്

ആർഷഭാരതത്തിൽ ജനിച്ചു , ആ സംസ് കാരത്തിൽ വളർന്നു എന്ന് വളരെ അഭിമാനപൂർവ്വം ഓരോ ഇൻഡ്യൻ പൗരനും പറയാറുണ്ട്. ശരിയാണ് നമ്മുടെ ഭാരതീയ സംസ്‌കാരം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്ന നിലവാരം പുലർത്തുന്ന ഒന്നാണ്, അതിൽ നാം അഭിമാനം കൊള്ളുമ്പോൾ തന്നെ നമ്മുടെ
നാട്ടിൽ ജനിച്ചുപോയതിന്റെ പേരിൽ കഷ്ടം അനുഭവിക്കുന്ന ഒരു കൂട്ടരുണ്ട്.
പുരുഷൻ എന്നോ സ്ത്രീ എന്നോ സ്വയം പരിചയപ്പെടുത്തുവാൻ പോലും കഴിയാത്തവർ. അവർക്ക് നമ്മുടെ സമൂഹം ഒരു ഓമനപ്പേരും നൽകി ,ട്രാൻസ്‌ജൻഡേഴ്സ്.

പുരുഷ ശരീരത്തിൽ സ്ത്രീമനസ്സുമായി ചിലർ,സ്ത്രീ ശരീരത്തിൽ പുരുഷ മനസ്സുമായി,പകുതി സ്ത്രീ,പകുതി പുരുഷൻ ഇങ്ങനെ പോകുന്നു ഇവരുടെ വിശേഷണങ്ങൾ.
വിദ്യാസമ്പന്നർ എന്നു മുദ്ര കുത്തപ്പെട്ട കേരള സമൂഹത്തിൽ പോലും ഇവരെ അംഗീകരിയ്ക്കുന്നവർ വളരെ കുറവാണ് എന്നതാണ് ദുഃഖ സത്യം.
എന്തിന്?…എന്തിന് നാം അവരെ നമ്മിൽ നിന്നു വേറിട്ട് കാണണം?
അവരെ ചിലർ ഭീതിയോടെ നോക്കുമ്പോൾ അവരെ ലൈംഗികതയ്ക്ക് ഉള്ള ഉപകരണങ്ങളായി കാണുന്ന മറ്റൊരു കൂട്ടരെ നമുക്ക് നമ്മുടെ സമൂഹത്തിൽ തന്നെ കാണുവാൻ കഴിയും എന്നതാണ് അതിശയകരമായ മറ്റൊരു കാര്യം.
അവരും മനുഷ്യജന്മങ്ങൾ തന്നെയാണ്. നമ്മുടെ സഹ ജീവികൾ.നമ്മുടെ സഹോദരങ്ങൾ.
അവർ അങ്ങനെ ജനിച്ചുപോയത് അവരുടെ കുറ്റമാണോ?
ബാല്യകാലം മുതൽ പരിഹസിക്കപ്പെട്ട്
വളരാൻ വിധിക്കപ്പെട്ടവർ.
എല്ലായിടത്തുനിന്നും അവഗണനകൾ ഏറ്റു വാങ്ങി അവസാനം സ്വന്തം കുടുംബത്തിൽ നിന്നു പോലും ഇറങ്ങിപോകേണ്ടി വന്നവർ.അവരെ ചേർത്തു പിടിക്കാൻ അവർ തന്നെ ഒരു കൂട്ടായ്മ രൂപീകരിച്ചു. വെള്ളത്തിൽ വീണുപോകുന്ന ഉറുമ്പിൻ കൂട്ടം ഒന്നിച്ചു ചേർന്നാണ് രക്ഷപ്പെടാൻ ശ്രമിയ്ക്കുന്നത്. ഒറ്റയ്ക്ക് രക്ഷപ്പെട്ടു പോകാതെ എല്ലാവരും രക്ഷപെടണം എന്ന ചിന്ത.അതേ പോലെയുള്ള ഒരു കരുതൽ ഇവരുടെ ഇടയിൽ നമുക്ക് കാണാം.
അവരുടെ പരസ്പര സ്നേഹം ഈ സമൂഹം മാതൃകയാക്കേണ്ടതാണ്.

ദൈവവേലയോടുള്ള ബന്ധത്തിൽ ഞങ്ങൾ കുടുംബമായി രാജസ്ഥാനിലെ സിക്കർ ജില്ലയിൽ താമസിച്ചുവരുന്ന കാലത്ത് ഇവരുടെ അടുത്ത് പോയ് പ്രാർത്ഥിക്കണം എന്നൊരു ഉൾപ്രേരണ എനിക്ക് ഉണ്ടായി. ഞാൻ അത് എന്റെ എന്റെ പ്രിയപ്പെട്ടവനുമായി പങ്കുവെച്ചപ്പോൾ നമുക്ക് പോകാം എന്ന് അദ്ദേഹം സന്തോഷപൂർവ്വം സമ്മതിച്ചു.
ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിന്നും ഏകദേശം 35 km ദൂരെയുള്ള ഒരു സ്ഥലത്ത് ഇവർക്കായി സർക്കാർ അനുവദിച്ചു കൊടുത്ത ഒരു വലിയ വീട്ടിലാണ് അവരുടെ താമസം എന്നറിഞ്ഞു. അതിനടുത്തായി താമസിക്കുന്ന ഒരു മലയാളി സുഹൃത്തി നോട് ഞങ്ങൾ വിവരം പറഞ്ഞപ്പോൾ അദ്ദേഹം ഞങ്ങളെ നിരുത്സാഹപ്പെടുത്തി. അത് മല മുകളിൽ ഒരു ഒറ്റപ്പെട്ട സ്ഥലമാണ്. അവിടേക്ക് അധികം ആരും പോകാറില്ല.പ്രത്യേകിച്ചു സ്ത്രീകൾ.സ്ത്രീകളെ കണ്ടാൽ അവർ വെറുതേ വിടില്ല.1,2 പേരൊന്നും അല്ല അവിടെ താമസം .ഒരുപാട് പേരുണ്ട്.നിങ്ങൾ വെറുതെ പോയ് അവരുടെ കയ്യിൽ പ്പെടെണ്ട.
ഇതൊക്കെ കേട്ടപ്പോൾ എന്റെ ഭർത്താവ് എന്നോട് ചോദിച്ചു എന്ത് തീരുമാനിച്ചു?
നമ്മൾ അവിടെ പോകും എന്ന് തീരുമാനിച്ചു ഞാൻ എന്റെ നിലപാട് അറിയിച്ചു. പിറ്റേ ദിവസം ഉച്ചകഴിഞ്ഞപ്പോൾ ഞങ്ങൾ അവിടേയ്ക്ക് പോയി. ഇടയ്ക്ക് വഴി ചോദിച്ചപ്പോൾ ആൾക്കാരൊക്കെ ഞങ്ങളെ അത്ഭുത ജീവികളെ കണ്ടത്‌പോലെ നോക്കി.
അങ്ങോട്ട് സ്ത്രീകൾ പോകല്ലേ എന്ന് ചിലർ ഞങ്ങളോട് പറഞ്ഞപ്പോൾ മറുപടി ഒരു ചിരിയിൽ ഒതുക്കി ഞങ്ങൾ ലക്ഷ്യത്തിലേക്ക് നടന്നു.
ഞങ്ങൾ ആ വീട്ടിൽ എത്തിയപ്പോൾ മുറ്റത്ത് ഒരു കട്ടിലിൽ അല്പം പ്രായമുള്ള സ്ത്രീ ഇരിക്കുന്നു.അവരുടെ കണ്ണിൽ ഞങ്ങളെ കണ്ട് എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറഞ്ഞു.
ഞങ്ങൾ അടുത്തെത്തിയപ്പോൾ അവർ ഞങ്ങളോട് ചോദിച്ചത് നിങ്ങൾ ഇവിടേയ്ക്ക് തന്നെ വന്നതാണോ എന്നാണ്.

അതേ..എന്നു ഞങ്ങൾ പറയേണ്ട താമസം അവർ അതീവ സന്തോഷത്തോടെ ഞങ്ങളെ സ്വീകരിച്ചിരുത്തി. ഞങ്ങൾക്കായി ചായയും മറ്റും നല്കി സല്കരിച്ചു.
ഞങ്ങളോട് വിശേഷങ്ങൾ പങ്കുവെച്ചപ്പോൾ അവരുടെ സന്തോഷം കണ്ട് ഞങ്ങളുടെ മനസ്സും നിറഞ്ഞു. ഇറങ്ങാൻ നേരം ഞങ്ങളുടെ സന്തോഷത്തിന് വേണ്ടി കുറച്ചു പൈസ കൈയ്യിൽ കൊടുത്തപ്പോൾ അവർ അത് സ്നേഹപൂർവ്വം നിരസിച്ചു കൊണ്ട് പറഞ്ഞു സമൂഹം ഞങ്ങളെ വെറുക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോൾ നിങ്ങൾ ഞങ്ങൾക്കായി പ്രാർത്ഥിയ്ക്കുവാൻ കടന്നു വന്നത് തന്നെയാണ് ഏറ്റവും വലിയ സമ്മാനം.രാജസ്ഥാനിൽ നിങ്ങൾ താമസിക്കുന്ന കാലത്തോളം എന്ത് ആവശ്യം ഉണ്ടെങ്കിലും,നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് എന്തെങ്കിലും തടസ്സങ്ങൾ ആരെങ്കിലും ഉണ്ടാക്കിയാലോ ഞങ്ങളെ അറിയിയ്ക്കുവാൻ മറക്കരുത്‌.
അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സിൽ ഞങ്ങൾ ദൈവത്തെ വളരെ സ്തുതിച്ചു. പ്രിയരേ, എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന യേശുവിന്റെ സ്നേഹം നമ്മിൽ നിന്നും ചോർന്നു പോയിട്ടുണ്ടോ എന്ന് ഒരു സ്വയ പരിശോധന നാം നടത്തേണ്ടതുണ്ട്.
ഈ സമൂഹം എന്തു ചെയ്യുന്നു എന്നതല്ല, കർത്താവിനെ പിൻ പറ്റുന്നവർ എന്നുപറയുന്ന നമ്മൾ ഉൾപ്പെടുന്ന ക്രിസ്തീയ സമൂഹം കർത്താവ് ചെയ്‍തത് പോലെ എല്ലാവരെയും സ്നേഹിക്കുകയും ചേർത്തുപിടിയ്ക്കുകയും ചെയ്യുന്നുണ്ടോ ? ഇല്ലെങ്കിൽ അത്‌ തിരുത്തുവാൻ നാം മറന്നു പോകരുത്.

ജിജി പ്രമോദ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.