മലയാളിയായ മൈക്കിള്‍ കുരുവിള അമേരിക്കയില്‍ ബ്രൂക്ക്ഫീല്‍ഡ്‌ നഗരത്തിന്റെ പോലീസ് മേധാവി

 

വാഷിങ്ടൺ: അമേരിക്കൻ സംസ്ഥാനമായ ഇല്ലിനോയിസിലുള്ള ബ്രൂക്ക്ഫീൽഡ് നഗരത്തിന്റെ പോലീസ് മേധാവിയായി ഇന്ത്യൻ വംശജനായ മൈക്കിൾ കുരുവിള. ബ്രൂക്ക്ഫീൽഡ് പോലീസ് തലപ്പെത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ് ഇദ്ദേഹം.

ജൂലായ് 12-നാണ് കുരുവിള സ്ഥാനം ഏറ്റെടുക്കുക. ആക്ടിങ് പോലീസ് മേധാവി എഡ്വോർഡ് പെട്രാക്കിന്റെ ശുപാർശ പ്രകാരം ബ്രൂക്ക് ഫീൽഡ് അധികൃതർ മൈക്കിൾ കുരുവിളയുടെ പേര് അംഗീകരിക്കുകയായിരുന്നു.

‘ഒരു പോലീസ് മേധാവിയാകാനുള്ള എല്ലാ കഴിവുകളും പരിജ്ഞാനവും അദ്ദേഹത്തിനുണ്ട്. 15 വർഷത്തെ അനുഭവപരിചയവുമുണ്ട്’ ആക്ടിങ് പോലീസ് മേധാവി എഡ്വോർഡ് പെട്രാക്ക് ഒരു പ്രാദേശിക പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ കുരുവിളയെ കുറിച്ച് പറഞ്ഞു.

നിലവിൽ ബ്രൂക്ക് ഫീൽഡ് ഡെപ്യൂട്ടി പോലീസ് മേധാവിയാണ് 37-കാരനായ മൈക്ക് കുരുവിള. 2006-ൽ ബ്രൂക്ക് ഫീൽഡ് പോലീസിൽ നിയമിതനായ ആദ്യ ഇന്ത്യൻ വംശജനായിരുന്നു അദ്ദേഹം. 2006-ൽ ഷിക്കാഗോയിലെ ഇല്ലിനോയിസ് സർവകലാശാലയിൽ നിന്ന് സാമൂഹ്യപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയതിന് പിന്നാലെയായിരുന്നു പോലീസിലെത്തിയത്. സേനയിലെത്തുന്നതിന് മുമ്പായി ബ്രൂക്ക് ഫീൽഡ് പോലീസിൽ സോഷ്യൽ വർക്കറായും പ്രവർത്തിച്ചിട്ടുണ്ട് കരുവിള.

പോലീസ് ജോലി തന്റെ ഒപ്ഷനായിരുന്നില്ലെന്നും അവിചാരിതമായിട്ടാണ് താൻ ഇതിലേക്ക് കടന്നുവന്നതെന്നും കുരുവിള പറയുന്നു. എന്നാൽ ജോലിയോടുള്ള എന്റെ അഭിനിവേശം വർഷങ്ങൾകൊണ്ട് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം 40 വയസ്സിന് താഴെയുള്ളവർക്ക് ലഭിക്കുന്ന പോലീസ് അവാർഡ് ജേതാക്കളിൽ ഒരാളായി ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പോലീസ് കുരുവിളയെ തിരഞ്ഞെടുത്തിരുന്നു.

കോട്ടയം മന്നാനം പറപ്പള്ളിൽ ചിറ കുടുംബാംഗം ജോൺ കുരുവിളയുടേയും സെലീനയുടേയും മകനാണ് മൈക്കിൾ കുരുവിള. ഭാര്യ സിബിളും യുഎസിൽ സാമൂഹ്യപ്രവർത്തകയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.