ഫാദർ സ്റ്റാന്‍ സ്വാമി: തെളിവുകള്‍ കൃത്രിമമെന്ന് ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട്

മുംബൈ: ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റു ചെയ്യപ്പെട്ട് വിചാരണ തടവുകാരനായിക്കെ മരണമടഞ്ഞ ഫാ. സ്റ്റാന്‍ സ്വാമിക്ക് എതിരെയുള്ള തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട്. ഫാ. സ്റ്റാന്‍ സ്വാമിക്ക് ഒപ്പം അറസ്റ്റു ചെയ്യപ്പെട്ട മറ്റുള്ളവര്‍ക്കും എതിരെ അന്വേഷണ ഏജന്‍സി ഹാജരാക്കിയ ഇലക്‌ട്രോണിക്‌സ് തെളിവുകള്‍ കമ്പ്യൂട്ടര്‍ ഹാക്കര്‍മാര്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന വിവരമാണ് യു.എസ് ഫോറന്‍സിക് വിദഗ്ധര്‍ പുറത്തുവിട്ടിരിക്കുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റ് ദിനപത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
കുറ്റാരോപിതരുടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളുടെ ഇലക്‌ട്രോണിക്‌സ് കോപ്പി ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയ അമേരിക്കയിലെ മാസച്യുസെറ്റ്‌സ് ആസ്ഥാനമായുള്ള ഡിജിറ്റല്‍ ഫോന്‍സിക് കമ്പനിയുടെ കണ്ടെത്തലുകളാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ വാര്‍ത്തയ്ക്ക് അടിസ്ഥാനം. ഫാ. സ്റ്റാന്‍ സ്വാമിയുടെ കമ്പ്യൂട്ടറിലേക്ക് ഇ-മെയില്‍ വഴി നിരവധി മാല്‍വെയറുകള്‍ എത്തിച്ചു. മെയിലിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ചാര വൈറസുകളെന്ന് അറിയപ്പെടുന്ന അവ കമ്പ്യൂട്ടറിലെ പ്രോഗ്രാം ഫയലുകളില്‍ എത്തി. ഇങ്ങനെ 14 ഫോള്‍ഡറുകളാണ് സൃഷ്ടിക്കപ്പെട്ടത്. ഈ ഫോള്‍ഡറുകളിലാണ് ഫാ. സ്റ്റാന്‍ സ്വാമിക്ക് എതിരെ കണ്ടെത്തിയ തെളിവുകള്‍ ഉണ്ടായിരുന്നത്. അവയാണ് കേസിലെ പ്രധാന തെളിവുകളായി അന്വേഷണ ഏജന്‍സി കോടതിയില്‍ ഹാജരാക്കിയതും.
ഫാ. സ്റ്റാന്‍ സ്വാമിയെ ജയിലില്‍ അടച്ചതിന്റെ പിന്നില്‍ ഉന്നതലഗൂഢാലോചന നടന്നിരിക്കാനുള്ള സാധ്യതയിലേക്കാണ് നിരീക്ഷകര്‍ വിരല്‍ചൂണ്ടുന്നത്. കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റു ചെയ്തതെന്ന എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.