ആരാധനാലയങ്ങൾ നിർമിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അനുമതി: ഭേദഗതിക്ക്‌ ഹൈക്കോടതി സ്റ്റേ

കൊച്ചി: ആരാധനാലയങ്ങൾ നിർമിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അനുമതി മതിയെന്ന നിലയിൽ സർക്കാർ കൊണ്ടുവന്ന ഭേദഗതി ഹൈക്കോടതി സ്റ്റേ ചെയ്തു. ആരാധനാലയങ്ങൾ നിർമിക്കാൻ അനുമതി നൽകുന്നതിനായി സർക്കാർ 2005-ൽ പുറപ്പെടുവിച്ച മാനുവൽ ഓഫ് ഗൈഡ്‌ ലൈൻസിൽ കൊണ്ടുവന്ന ഭേദഗതിയാണ് ജസ്റ്റിസ് എൻ. നഗരേഷ് തടഞ്ഞിരിക്കുന്നത്. പാലക്കാട് പട്ടാമ്പി ചാലിശേരി സെയ്‌ന്റ് പീറ്റേഴ്‌സ് ആൻഡ് സെയ്‌ന്റ് പോൾസ് ഓർത്തഡോക്സ് പള്ളിക്ക് സമീപമായി മറ്റൊരു ആരാധനാലയം പണിയാൻ അനുമതി നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിച്ചുകൊണ്ടാണിത്. 2005-ലെ മാനുവൽ പ്രകാരം ആരാധനാലയം തുടങ്ങാൻ കളക്ടറുടെ അനുമതി വേണമായിരുന്നു. ആരാധനാലയത്തിന് അനുമതി നൽകുന്നത് ഏതെങ്കിലും വിധത്തിലുള്ള സംഘർഷത്തിന് കാരണമാകുമോ എന്നതിലടക്കം രഹസ്യവിവരങ്ങൾ ശേഖരിച്ചാണ് ഇക്കാര്യത്തിൽ കളക്ടർ അനുമതി നൽകിയിരുന്നത്. ഇതിനനുസരിച്ച് കളക്ടർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമെ തദ്ദേശ സ്ഥാപനങ്ങൾക്ക് കെട്ടിടം നിർമിക്കാൻ അനുമതി നൽകാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ, ഈ മാനുവലിൽ ഭേദഗതി വരുത്തി ഇത്തരത്തിൽ അനുമതി നൽകാനുള്ള അധികാരം പഞ്ചായത്തിനും മുനിസിപ്പാലിറ്റികൾക്കും നൽകിയതിനെയാണ് ചോദ്യം ചെയ്തത്. തദ്ദേശ സ്ഥാപനങ്ങൾക്ക് രഹസ്യവിവരം ശേഖരിക്കുന്നതിലടക്കമുള്ള പരിമിതി കണക്കിലെടുത്താണ് ഈ ഭേദഗതി കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ഹർജിയിലെ നിയമപ്രശ്നങ്ങൾ വിശദമായി പരിശോധിക്കേണ്ടതാണെന്നും കോടതി വിലയിരുത്തി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.