ലേഖനം: ആത്മ മരണവും ആത്മ ജീവനും | ജീവൻ സെബാസ്റ്റ്യൻ

ഏദനിൽ ആദാമിലൂടെ സംഭവിച്ച ആത്മ മരണവും, കാൽവരിയിൽ ക്രിസ്തുവിലൂടെ മടക്കികിട്ടിയ ആത്മ ജീവനും

ദേഹം, ദേഹി, ആത്മാവ് എന്നീ ത്രിതല അവസ്ഥയിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. ഒരേ സമയം തന്നെ ആത്മലോകത്തെക്കുറിച്ചും, ഭൗതിക ലോകത്തെക്കുറിച്ചും, അവനെക്കുറിച്ചു തന്നെയും അവൻ അറിയുകയും, അനുഭവിക്കുകയും ചെയ്യണമെന്ന് ദൈവം ആഗ്രഹിച്ചിരുന്നു. അതിനു വേണ്ടി ഈ ലോകത്തെ അറിയുവാൻ ഭൂമിയിലെ മണ്ണുകൊണ്ട് തന്നെ അവന് ഒരു ദേഹത്തെ മെനഞ്ഞുണ്ടാക്കിയിട്ട്, ദൈവത്തെയും ആത്മലോകത്തെയും അറിയുന്നതിനും, അനുഭവിക്കുന്നതിനുമായി തന്റെ ജീവശ്വാസം വഴി ദൈവം അതിലേക്ക് ഒരു ആത്മാവിനെ പകർന്നു നൽകി. ഇങ്ങനെ ആത്മാവും ദേഹവും ഒരുമിച്ച് ചേർന്ന സമയത്ത് അവനെക്കുറിച്ചു തന്നെ അവന് അറിവുണ്ടാകുന്നതിനായി അവനിൽ രൂപപെട്ട അവനിലെ മൂന്നാമത്തെ തലമായിരുന്നു ദേഹി എന്ന അവസ്ഥ. ഉല്പത്തി 2:7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു (ദേഹം) അവന്റെ മൂക്കിൽ ജീവശ്വാസം ഊതി(ആത്മാവ് )മനുഷ്യൻ ജീവനുള്ള ദേഹിയായി (ദേഹി) തീർന്നു.

ഏദനിൽ ആദം ഹവ്വാ ദമ്പതിമാർ ഒരേസമയം ദേഹം വഴി ഭൗതീക ലോകത്തെയും, ദേഹികൊണ്ട് അവനെക്കുറിച്ച് തന്നെയും, ആത്മ മനുഷ്യനിലൂടെ ദൈവീക ബന്ധത്തെയും, ദൈവീക നിയന്ത്രണത്തെയും അനുഭവിക്കുക്കുകയും അറിയുകയും ചെയ്തു വന്നു. എന്നാൽ അനുസരണക്കേട് കാണിച്ച അന്നേ ദിവസം ആത്മ മനുഷ്യനിലൂടെ ദൈവത്തിനു ആദം ഹവ്വാ ദമ്പതിമാരോട് ഉണ്ടായിരുന്ന ബന്ധത്തെയും, സംസർഗ്ഗത്തെയും ദൈവം അവസാനിപ്പിച്ചു. ഇപ്രകാരം ദൈവീക സഹവാസവും, ദൈവീക നിയന്ത്രണവും മനുഷ്യന് നഷ്ടപെട്ടു പോയ അവസ്ഥയെ ആണ് ബൈബിൾ മനുഷ്യന്റെ ആത്മ മരണം അല്ലങ്കിൽ നിത്യ മരണം എന്ന് വിളിച്ചിരിക്കുന്നത്. (എഫെ : 2:1, 2 & 5)

അങ്ങനെ ആദം ഹവ്വാ ദമ്പതിമാരുടെ അനുസരണക്കേടിന്റെ ഫലമായി പിന്നീട് ഈ ഭൂമിയിൽ ജനിച്ചവരും, ജനിച്ചുകൊണ്ടിരിക്കുന്നവരും ആത്മ മരണം സംഭവിക്കപ്പെട്ടവരായിട്ടാണ് ജനിക്കുന്നത്. എന്നാൽ യേശു ക്രിസ്തു ഈ ലോകത്തിലേക്ക് കടന്നുവരുമ്പോൾ, യേശുവിൽ പിതാവാം ദൈവം അധിവസിക്കുന്നത് കൊണ്ട് (യോഹന്നാൻ 14 :10 – 11) പിതാവാം ദൈവത്തിന്റെ അധിവാസത്തിന്റെ അനന്തര ഫലമായി യേശു ക്രിസ്തുവിന് ആത്മജീവൻ ഉണ്ടായിരുന്നു. അതുകൊണ്ടാണ് പൂർണ മനുഷ്യനായി ഈ ഭൂമിയിൽ ജനിച്ച യേശുവിൽ മറ്റ് മനുഷ്യരിൽ നിന്നും വ്യത്യസ്തമായി ജീവൻ ഉണ്ടായിരുന്നു എന്ന് യോഹന്നാന്റെ സുവിശേഷം1: 4 ൽ പരിശുദ്ധത്മാവ് എടുത്ത് പറഞ്ഞിരിക്കുന്നത്.

ആദം ഹവ്വാ ദമ്പതിമാർ ആത്മജീവൻ നഷ്ടപ്പെടുത്തിയതിനുശേഷം, ആത്മാവിൽ ആത്മ ജീവനുമായി അല്ലങ്കിൽ നിത്യ ജീവനുമായി ആദ്യമായിട്ടും അവസാനമായിട്ടും ഈ ഭൂമിയിൽ ഒരു മനുഷ്യൻ ജനച്ചിട്ടുണ്ടെങ്കിൽ അത് യേശുവായിരുന്നു. ആദം ഹവ്വാ ദമ്പതിമാർ അനുസരണക്കേടിലൂടെ നിത്യ ജീവൻ നഷ്ടമാക്കി കളഞ്ഞതിനു ശേഷം അന്നും ഇന്നും ഈ ഭൂമിയിൽ ജനിച്ചു വീഴുന്ന സകല മനുഷ്യരും ദൈവീക വാസവും, ദൈവീക ബന്ധവും, ദൈവീക നിയന്ത്രണവും ഇല്ലാത്തതു കൊണ്ട് മരിച്ച ആത്മ മനുഷ്യനുമായിട്ടാണ് ഇവിടെ ജനിക്കുന്നത്.

മനുഷ്യ വർഗത്തിനു ദൈവവുമായിട്ടുള്ള ബന്ധം നഷ്ടപ്പെട്ടതു വഴി അവന്റെ ആത്മാവിന് സംഭവിച്ച ഈ ആത്മ മരണത്തെ മാറ്റിയിട്ട്, അവനെ ദൈവീക ബന്ധത്തിലാക്കി തീർക്കുക വഴി
അവന് ആത്മ ജീവൻ നൽകി കൊടുക്കുന്നതിനാണ് ദൈവ പുത്രനായ ക്രിസ്തു ദൈവമായിരിക്കെ ദൈവത്വം ഉപേക്ഷിച്ചിട്ട് പൂർണ മനുഷ്യനായി ഈ ഭൂമിയിൽ ജനിച്ചത്. (യോഹന്നാൻ 17:21) ത്രീയേക ദൈവത്തെ മനുഷ്യന്റെ ആത്മാവിൽ വാസം ചെയ്യിപ്പിച്ചു കൊണ്ട് ഏദനിൽ വച്ച് മാനവ കുലത്തിന് നഷ്ടമായി പോയ അവന്റെ ആത്മ ജീവൻ അവനു മടക്കി കൊടുക്കുക എന്നതായിരുന്നു യേശു കർത്താവിന്റെ ഈ ഭൂമിയിലേ പ്രവർത്തന പദ്ധതി. (യോഹന്നാൻ 17:21).

അതിന് വേണ്ടി യേശു കർത്താവിനു ഈ ലോകത്തിൽ പിതാവിന്റെ ഇഷ്ട പ്രകാരം പൂർത്തീകരിക്കുവാനുണ്ടായിരുന്നത് അതിപ്രധാനമായ രണ്ടു കാര്യങ്ങൾ ആയിരുന്നു. ഏദനിൽ മനുഷ്യ വർഗത്തെ പരീക്ഷയിലൂടെ തോൽപ്പിക്കുകയും, അതിന് ശേഷം പാപത്തിനെ ബന്ധിച്ച് തന്റെ അടിമത്വത്തിലേക്ക് പിടിച്ചു കൊണ്ടുപോയ പിശാചിനെ അതെ പരീക്ഷയിലൂടെ തോല്പിച്ചുകൊണ്ട് മനുഷ്യ വർഗത്തെ അവന്റ കീഴിൽ നിന്നും മോചിപ്പിക്കുക എന്നതായിരുന്നു അതിൽ ഒന്നാമത്തേത്. മരുഭൂമിയിലെ പരീക്ഷയിൽ യേശു കർത്താവ് അത് പൂർത്തീകരിച്ചു. അതുകൊണ്ടാണ് ഗലീലയിൽ നിന്നും സ്‌നാനത്തിന് വേണ്ടി പുറപ്പെട്ടു വരുന്ന യേശു കർത്താവ് സ്നാനത്തിനും, മരുഭൂമിയിലെ ഉപവാസത്തിനും, അതിനോട് ചേർന്നുള്ള പൈശാചിക പരീക്ഷയ്ക്കും ശേഷം ആത്മാവിന്റെ ശക്തിയോടെ ഗലീലയിലേക്ക് മടങ്ങി ചെന്നുകൊണ്ട് പിശാചിന്റെ സാമ്രാജ്യത്തിൽ കടന്നു കയറി രോഗം കൊണ്ടും, ദീനം കൊണ്ടും, ഭൂതാത്മാവ് കൊണ്ടും അവൻ ബന്ധിച്ചിട്ടിരുന്നവരെ വിടുവിച്ച്, തന്റെ പരസ്യശുശ്രുഷകൾക്ക് തുടക്കം കുറിച്ചതിന്റെ പിന്നിലെ അടിസ്ഥാന കാരണം. (ലുക്കോ 4:14, മത്തായി 4:13-15,4:24)

അടുത്തതായി യേശുവിനു ചെയ്യുവാൻ ഉണ്ടായിരുന്നത് ദൈവത്തിന് മനുഷ്യ വർഗത്തോട് അടുത്ത് വരുവാൻ കഴിയാത്ത വിധം പിശാച് മനുഷ്യന്റെ മേൽ എടുത്തു വച്ചിട്ടുള്ള പാപത്തെ പിതാവിന്റെ ഇഷ്ട പ്രകാരം, പാപം ഇല്ലാത്തതും പാപം ചെയ്യാത്തതുമായ തന്റെ വിശുദ്ധ ശരീരത്തിലേക്ക് എടുത്തു വച്ചുകൊണ്ട്, പിതാവ് ആഗ്രഹിക്കുന്നതുപോലെ മനുഷ്യ വർഗം അനുഭവക്കേണ്ടിയിരുന്ന ഈ പാപത്തിന്റെ ശിക്ഷയാകുന്ന മരണ ശിക്ഷ കാൽവരിയിൽ അനുഭവിക്കുക എന്നതായിരുന്നു. (എബ്ര10:4-7) ഇത് രണ്ടും യേശുകർത്താവ് പിതാവിന്റെ ഇഷ്ടപ്രകരം പൂർത്തീകരിച്ചു. ഗത്ത്ശമനയിൽ വച്ച് മാനവരാശിയുടെ പാപത്തെ മുഴുവനും യേശു തന്റെ ശരീരത്തിലേക്ക് ഏറ്റെടുക്കുകയും, കൽവരിയിലെ ക്രൂശ് മരണത്തിലൂടെ അതിന്റെ ശിക്ഷ യേശു പൂർണമായും അനുഭവിക്കുകയും ചെയ്തു. അങ്ങനെ ക്രിസ്തുവിലും അവന്റെ പാപ പരിഹാര ബലിയിലും വിശ്വസിച്ചുകൊണ്ട് ദൈവീക കല്പനകളെ അനുസരിക്കുവാൻ തയ്യാറാകുന്ന ഏതൊരു വ്യക്തിയുടെയും ആത്മാവിലേക്ക് ത്രീയേക ദൈവം കടന്നു വന്നുകൊണ്ട്, (യോഹന്നാൻ 14:15-16,14:23) ഏദനിൽ വച്ച് മനുഷ്യന് നഷ്ടപ്പെട്ടു പോയ ദൈവീക ബന്ധത്തെയും, ദൈവീക നിയന്ത്രണത്തെയും അവനിൽ പുന സ്ഥാപിച്ചിട്ട്, അവനിൽ നിത്യമായി വാസം ചെയ്യുന്ന അനുഭവം ആണ് നിത്യജീവൻ (ആത്മജീവൻ) എന്നതുകൊണ്ട് ബൈബിൾ അർത്ഥമാക്കിയിരിക്കുന്നത്. 1യോന്നാൻ
2:24 നിങ്ങൾ ആദിമുതൽ കേട്ടതു നിങ്ങളിൽ വസിക്കട്ടെ. ആദിമുതൽ കേട്ടതു നിങ്ങളിൽ വസിക്കുന്നു എങ്കിൽ നിങ്ങൾ പുത്രനിലും പിതാവിലും വസിക്കും.
2:25 ഇതാകുന്നു അവൻ നമുക്കു തന്ന വാഗ്ദത്തം: നിത്യജീവൻ തന്നേ.

ദൈവീക വ്യവസ്ഥയിൽ ഒരുവൻ ജീവിക്കുന്നിടത്തോളം അവനിൽ നിത്യജീവൻ നിലകൊള്ളുന്നു എന്നതാണ് വാസ്തവം. ഒരു മനുഷ്യൻ തന്റെ ശാരീരിക മരണത്തിന് മുന്നമേ ദൈവീക കല്പനകളെ അനുസരിച്ചുകൊണ്ട്, നിത്യ ജീവനെ പ്രാപിക്കുന്നുവെങ്കിൽ മാത്രമേ അവന്റ മർത്യമായ ശരീരം കർത്താവിന്റെ വരവിങ്കൽ ഉയർക്കപെടുകയുള്ളു. റോമർ 8:11 യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും. അതുകൊണ്ട് പ്രിയരേ നിത്യതയുടെ യാഥാർഥ്യത്തിൽ ദൈവത്തോട് ഒപ്പം വസിക്കുവാൻ നമ്മെ പ്രാപ്തിപ്പെടുത്തുന്ന നിത്യ ജീവനെ പ്രാപിക്കുക, അത് നിലനിർത്തുക.

ജീവൻ സെബാസ്റ്റ്യൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.