ലേഖനം: അഫേഷ്യ | സജിനി ഫിന്നി, കൊൽക്കത്ത

അഫേഷ്യ ( Aphasia ) എന്ന ഒരു രോഗത്തെപ്പറ്റി കഴിഞ്ഞ ദിവസമാണ് കേൾക്കാനിടയായത്. ജൂൺ മാസം അഫേഷ്യ ബോധവൽക്കരണ മാസമാണ്. ഇന്ത്യയിൽ തന്നേ ഇരുപതുലക്ഷത്തോളം ആളുകളെ ഈ രോഗം ബാധിച്ചതായി കണക്കുകൾ പറയുന്നു.

എന്താണ് അഫേഷ്യ???തലച്ചോറിൽ ഉണ്ടാകുന്ന ചെറിയ ക്ഷതം മൂലമോ, പക്ഷാഘാതം മൂലമോ ഉണ്ടാകുന്ന ഭാഷ വൈകല്യമാണ് ഇത്. ഇത് ബാധിച്ച ഒരാൾക്ക്‌ ആശയവിനിമയം ചെയ്യാൻ കഴിയാതെ വരുന്നു. എഴുതാനോ വായിക്കാനോ സാധിക്കുന്നില്ല. മറ്റൊരാൾ പറയുന്നത് പോലും മനസ്സിലാക്കാൻ കഴിയാതെ പോകുന്നു. നാം ഉപയോഗിച്ചിരുന്ന ഭാഷപോലും തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. അതുവരെയും നന്നായി ആശയ വിനിമയം ചെയ്തുകൊണ്ടിരുന്ന നമ്മുക്ക് അതിനു സാധിക്കാതെ വരുന്ന ഒരു അവസ്ഥയെപ്പറ്റി ചിന്തിക്കാൻ പോലും കഴിയുമോ????

ഒരു കുട്ടി ആദ്യമായി സംസാരിച്ചു തുടങ്ങുമ്പോൾ ആ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് ഉണ്ടാകുന്ന സന്തോഷം അവർണ്ണനീയമാണ്. പിന്നീട് ഏകദേശം രണ്ടര വയസ്സുമുതൽ കുഞ്ഞുങ്ങൾ ഒരു വിധം നന്നായി സംസാരിച്ചു തുടങ്ങും. പക്ഷേ, എപ്പോൾ, എവിടെ, എങ്ങനെ സംസാരിക്കണം എന്ന് അവർക്ക് അറിയില്ല. ആ സമയങ്ങളിൽ മാതാപിതാക്കൾ പൊതു സദസ്സിൽ തല കുനിച്ചു ഇരിക്കേണ്ട അവസരങ്ങളും സംജാതമാകാറുണ്ട്. ബാല്യം കഴിഞ്ഞ് കൗമാരത്തിലേക്കു കടക്കുമ്പോൾ, സംസാര ശൈലി മാറും. പലരും എടുത്തടിച്ചപോലെ പോലെ സംസാരിക്കും. മിക്കകാര്യങ്ങളോടും നിഷേധാത്മകമായ ഒരു പ്രതികരണമായിരിക്കും. യൗവ്വനത്തിൽ പലരും കുറച്ചുകൂടി പക്വതയിലെത്തുകയും സംസാരം കുറച്ചുകൂടി മയപ്പെട്ടതാകാനും സാധ്യതയുണ്ട്. ചുരുക്കത്തിൽ പക്വത വർധിക്കുന്തോറും നല്ല രീതിയിൽ സംസാരിക്കാൻ പഠിച്ചുകൊണ്ടേയിരിക്കും. സംസാരിക്കാൻ നാം ചെറുപ്പത്തിലേ പഠിക്കും. പക്ഷേ എന്ത്, എങ്ങനെ, എപ്പോൾ സംസാരിക്കണം എന്നുള്ളത് അനുഭവങ്ങളിലൂടെ മരണം വരെ പഠിച്ചുകൊണ്ടേയിരിക്കുന്നു എന്ന് പറയാം.

ദൈവം തന്ന അനുഗ്രഹീതമായ കഴിവാണ് ആശയ വിനിമയം നടത്താൻ കഴിയുക എന്നത്. സംസാരിക്കാൻ കഴിയാത്ത സഹോദരങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ നമ്മോട് പറയാൻ ഉണ്ടാകും. പക്ഷേ നമ്മുക്ക് ഗ്രഹിക്കാൻ കഴിയാത്തതുകൊണ്ട് അവർ പലതും ഉള്ളിൽ ഒതുക്കി ഒരു പുഞ്ചിരിയിൽ അവരുടെ സ്നേഹം പ്രകടിപ്പിക്കും. അടുക്കും ചിട്ടയോടും കൂടി വാക്കുകൾ അതാത് സ്ഥാനത്തു ഉപയോഗിച്ച് പറയാൻ കഴിയുക എന്നത് എത്ര മഹത്തായ ഒരു കാര്യമാണ് എന്ന് നാം ചിന്തിച്ചിട്ടുണ്ടോ?? കണക്കിൽ പറയുന്ന ഇരുപതു ലക്ഷം അഫേഷ്യ ബാധിതരായ ആളുകൾ, ഒരു സമയത്തു, വാക്കുകൾ കൊണ്ടു അമ്മാനമാടിയവരാകാം. നിരവധി സ്റ്റേജുകളിൽ നിർത്താതെ പ്രസംഗിച്ചവരാകാം. എത്രയോ ഉയർന്ന നിലവാരത്തിൽ ജോലി ചെയ്തവർ ആയിരുന്നിരിക്കാം. ഇന്ന് ഭാഷപോലും തിരിച്ചറിയാതെ കഴിയുന്നു എന്നത് വേദനാജനകമായ ഒരു യാഥാർഥ്യമാണ്. അവർക്കായി പ്രാർത്ഥിക്കേണ്ട ഉത്തരവാദിത്വം നമ്മുക്കുണ്ട്.

രാവിലേ ഉണരുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ ഭംഗിയായി ആശയവിനിമയം നടത്തുന്ന നമ്മുക്ക് ഈ കഴിവിന്റെ മാധുര്യം ഗ്രഹിക്കാൻ കഴിയുന്നുണ്ടോ??? പലപ്പോഴും ചെറിയ തർക്കങ്ങളിൽ പോലും നാം ജയിക്കുമ്പോൾ നമ്മുടെ മിടുക്കാണ് എന്ന് നാം ചിന്തിക്കുന്നു. നാക്കിന്റെ പച്ചകൊണ്ടാണ് ജീവിക്കുന്നത് എന്ന് നാം പറയുന്നെങ്കിൽ ഓർക്കുക, ഇത് കഴിവല്ല… കൃപയാണ്. അതുകൊണ്ട് തിരുവചനം പറയുന്നു. നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.(കൊലോസ്യർ 4: 6).

തലച്ചോറിലുണ്ടാകുന്ന ചെറിയ ക്ഷതങ്ങൾ പോലും നമ്മുടെ ഈ കഴിവ് എന്നെന്നേക്കുമായി എടുത്തുമാറ്റാൻ കാരണമാകുന്നു. ദൈവം തന്ന ഈ അനുഗ്രഹീത നന്മയെ, മറ്റുള്ളവർക്ക് അനുഗ്രഹമായി ഉപയോഗിക്കാൻ നമ്മുക്ക് ശ്രമിക്കാം. ലഭിച്ചിരിക്കുന്ന ഭാഷയുടെ മികവിനെയും പദസമ്പത്തുകളെയും മറ്റുള്ളവരെ മുറിവേൽപ്പിക്കാൻ മനഃപൂർവ്വം ഉപയോഗിക്കുന്നവരുണ്ട്. നമ്മുടെ സഭകളിലേക്ക് തന്നേ ഒന്ന് നോക്കിയാൽ, വാക്കുകൾ കൊണ്ടു മാത്രം മുറിവേറ്റ് കണ്ണുനീരുകുടിച്ച എത്രയോ ദൈവദാസന്മാരും കൂട്ട് സഹോദരങ്ങളുമുണ്ട്. ദൈവ ശ്വാസീയമായ തിരുവെഴുത്തിനെ പോലും മറ്റുള്ളവരെ കുത്തി മുറിവേൽപ്പിക്കാനുള്ള ആയുധമായി ഉപയോഗിച്ചിട്ടുണ്ട്. ദൈവവചനം മുറിക്കുകയും മുറിവുകളെ കെട്ടുകയും ചെയ്യുന്നു. അത് പരിശുദ്ധാത്മാവിനാൽ സംഭവിക്കുന്നതാണ്. അതു നമ്മുടെ പ്രസംഗത്തിന്റെയോ, സാക്ഷ്യവാചകങ്ങളുടെയോ ചാതുര്യത്താൽ സംഭവിക്കുന്നതല്ല.

എഴുതുവാനും വായിക്കുവാനും മറന്നുപോകാൻ സാധ്യതയുള്ള നമ്മൾ എത്ര നിസ്സാരന്മാരാണ്. ആ നാമാണ് സോഷ്യൽ മീഡിയകൾ വഴി പോസ്റ്റുകളിലൂടെയും, എഴുത്തിലൂടെയും മറ്റുള്ളവരുടെ മുഖത്ത് ചെളി വാരിയെറിയുന്നത്. ഓരോ വാക്കുകളും ഭംഗിയായി ഉപയോഗിക്കാൻ ദൈവം കൃപ തരുമ്പോൾ, മറ്റുള്ളവർ അതിലൂടെ മുറിവേൽക്കാതിരിക്കാൻ നാം ജാഗരൂകരായിരിക്കണം.
എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും. (മത്തായി 12: 36)

വ്യക്തിപരമായി ‘നോ’ പറയേണ്ട ഇടങ്ങളിൽ നാം പറയണം. തെറ്റ് കണ്ടാൽ, മുഖത്ത് നോക്കി തെറ്റ് എന്ന് പറയാനുള്ള ആർജ്ജവം നാം പ്രാപിക്കണം. അതോടൊപ്പം, മുറിവേൽപ്പിക്കാതെ സംസാരിക്കാനും, മറ്റുള്ളവരെ പ്രശംസിക്കേണ്ട ഇടങ്ങളിൽ അസൂയ കൂടാതെ അത് ചെയ്യാനും നാം മടിക്കരുത്.

നമ്മുടെ മസ്‌തിഷ്ക്കത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ‘ഡോപമിൻ’ ( Dopamin) എന്ന ഹോർമോൺ പരസ്പരം അംഗീകരിക്കുന്നതിലൂടെയും പ്രശംസിക്കുന്നതിലൂടെയും മാത്രം ഉത്തേജിപ്പിക്കപ്പെടുന്ന ഒരു ഹോർമോൺ ആണ്. ഇതിന്റെ കുറവ് നമ്മെ വിഷാദരോഗത്തിനും, പാർക്കിൻസൺ ( parkinson ) രോഗത്തിനും അടിമയാക്കും. അപ്പോൾ മറ്റുള്ളവരെ പ്രശംസിക്കുന്നത്, ഒരു സാമൂഹിക മാന്യത മാത്രമല്ല, നമ്മുടെ മാനസിക ആരോഗ്യം കൂടി വർധിക്കാൻ കാരണമാകുന്നു.

ആശയവിനിമയം ചെയ്യുവാൻ ദൈവം നമ്മുക്ക് തന്ന അനുഗ്രഹീത കഴിവിനെ, മറ്റുള്ളവരുടെ നന്മക്കും അനുഗ്രഹത്തിനുമായി ഉപയോഗിക്കാൻ നമ്മുക്ക് ശ്രമിക്കാം. മറ്റുള്ളവരെ അനാവശ്യമായി വിമർശിക്കാനും തേജോവധം ചെയ്യാവാനും ഉള്ളതല്ല ദൈവത്തിന്റെ ഈ ദാനം. ഒരുപക്ഷെ തിരിഞ്ഞു ക്ഷമ ചോദിക്കാൻ പോലും നമ്മുക്ക് കഴിയുമോ?? മിടുക്കരാണെന്ന് ചിന്തിക്കുന്ന നാമെല്ലാം എത്രയോ നിസ്സാരന്മാരാണെന്ന് ഓരോ ദിവസവും ഓരോ രോഗങ്ങളും നമ്മെ പഠിപ്പിക്കുന്നു. മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു….. എന്നാൽ ദൈവത്തിന്റെ ദയ തന്റെ ഭക്തന്മാർക്ക് ഉണ്ടാകും. ( സങ്കീർത്തനം 103 : 15_17)
ഓർക്കുക… കഴിവല്ല… കൃപയാണ്.

സജിനി ഫിന്നി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.