ലേഖനം: സ്വപ്നഗോപുരം തകർന്നു വീഴുമ്പോൾ | അനിത ആൻഡ്രൂസ്

രണ്ടായിരം വർഷങ്ങൾക്ക് മുൻപൊരു സന്ധ്യ. അങ്ങകലെ ബെത്ലഹേം എന്ന ചെറു പട്ടണത്തിൽ മൂന്നു വൃക്ഷങ്ങൾ അവരുടെ സ്വപ്നങ്ങൾ പങ്കു വച്ചു. ഒന്നാമത്തെ വൃക്ഷം പറഞ്ഞു ‘ഞാൻ വളർന്നു വലുതാകുമ്പോൾ ആരെങ്കിലും എന്നെ മുറിച്ചെടുത്തു ഒരു തൊട്ടിലാക്കും. പിഞ്ചു കുഞ്ഞിന്റെ പുഞ്ചിരി കണ്ട്, അമ്മയുടെ താരാട്ട് കേട്ട് ഞാൻ സന്തോഷിക്കും.
രണ്ടാം വൃക്ഷം പറഞ്ഞു ‘ഞാനൊരു കപ്പലാകും. വെറും കപ്പലല്ല, സമുദ്രത്തിന്റെ അഗാഥതയിൽ നിന്ന് മുത്തുകൾ വാരി തീരത്തെത്തിക്കുന്ന ഒരു കപ്പൽ ‘ മൂന്നാം വൃക്ഷം പറഞ്ഞു ‘എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഒരു സ്വപ്നമില്ല. എങ്കിലും മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന എന്തെക്കിലും ഒന്നായിതീരാൻ എനിക്ക് ആഗ്രഹം ഉണ്ട് ‘.

വർഷങ്ങൾ പലതു കഴിഞ്ഞു. ആ വൃക്ഷങ്ങൾ ആഗ്രഹിച്ചതു പോലെ ഒന്നും ആയിരുന്നില്ല അവർക്ക് സംഭവിച്ചത്. തൊട്ടിലാകാൻ ആഗ്രഹിച്ച വൃക്ഷം എത്തിപ്പെട്ടത് ഒരു പശു തൊഴുത്തിലായിരുന്നു. കപ്പലാകാൻ ആഗ്രഹിച്ച വൃക്ഷം കൊണ്ട് ഒരു വഞ്ചി ഉണ്ടാക്കപ്പെട്ടു. എല്ലാവരെയും നന്മയിലേക്ക് തിരിക്കാൻ ആഗ്രഹിച്ച വൃക്ഷം കൊണ്ട് ആരോ ഒരു കുരിശുണ്ടാക്കി. ശാപത്തിന്റെ പ്രതീകം ആകേണ്ടി വന്നതിനാൽ ആ വൃക്ഷം ദുഃഖിച്ചു.
എന്നാൽ അവരുടെ സ്വപ്നങ്ങൾക്ക് പൂർണത പകർന്നു കൊണ്ട് ഒരുവൻ കടന്നു വന്നു. വഴിയമ്പലത്തിൽ ജനിച്ച അവനെ കിടത്തുവാൻ സ്ഥലമില്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി. ദിവ്യരക്ഷകന്റെ ചിരിയും സൗന്ദര്യവും ആ വൃക്ഷത്തെ ആനന്ദത്തിൽ ആറടിപ്പിച്ചു. അമ്മയുടെ താരാട്ട് കേൾക്കാൻ കൊതിച്ച ആ വൃക്ഷം സ്വർഗ ദൂതന്മാരുടെ സംഗീതം കേട്ട് മതി മറന്നു. മുപ്പതു വർഷങ്ങൾക്ക് ശേഷം ആ ദിവ്യകുമാരൻ ഗന്നേസരത്ത് തടാകത്തിന്റെ കരയിൽ കിടന്ന വഞ്ചിയിൽ കയറി. അതിലിരുന്നു കൊണ്ട് ജനത്തെ ഉപദേശിച്ചു. വചന മുത്തുകൾ വാരി ആ വഞ്ചി സന്തോഷിച്ചു. രക്ഷകന്റെ സാമിപ്യം അവനു സ്വർഗീയ സന്തോഷം നൽകി. നാളുകൾ കഴിഞ്ഞപ്പോൾ കോപാകുലരായ ഒരു കൂട്ടം ജനം തങ്ങളുടെ രക്ഷകനെ കുരിശിൽ തറച്ചു. അന്നുമുതൽ ശാപത്തിന്റെ പ്രതീകമായ കുരിശിൽ നോക്കിയവർ ദൈവപുത്രനെ കണ്ട് നന്മയിലേക്ക് തിരിഞ്ഞു. ആ വൃക്ഷത്തിന്റെ സന്തോഷത്തിനോ അതിരുകൾ ഇല്ലായിരുന്നു.

ദൈവത്തിന് നമ്മെക്കുറിച്ച് വ്യക്തമായ ഒരു പദ്ധതി ഉണ്ടെന്ന കാര്യം വിസ്മരിക്കുമ്പോഴാണ് നാം പലപ്പോഴും നിരാശരായി തീരുന്നത്. ഭൂമിയിൽ മനുഷ്യനുള്ളിടത്തോളം കാലം ആഗ്രഹങ്ങളും ഉണ്ടാകും. അതിന്റെ പൂർത്തീകരണത്തിനായി അവൻ എന്തു ത്യാഗവും സഹിക്കുവാൻ തയ്യാറാവുകയും ചെയ്യും. ചിലർ ദൈവ സന്നിധിയിൽ നേർച്ച കാഴ്ചകൾ അർപ്പിച്ചു കാത്തിരിക്കുമ്പോൾ മറ്റു ചിലർ ആധാർമികമായ മാർഗ്ഗങ്ങൾ തേടി പോകുന്നു. വിശ്വാസികളായവർ തങ്ങളുടെ ആഗ്രഹം സാധിച്ചു കിട്ടേണ്ടത്തിനായി ദൈവത്തോട് പ്രാർഥിക്കുന്നു. എന്നാൽ നാം ആഗ്രഹിക്കുന്ന പ്രകാരമല്ല ദൈവം നമുക്ക് ഉത്തരം നൽകുന്നതെങ്കിലോ? അതുൾക്കൊള്ളാൻ നാം തയാറാക്കുമോ?
ഇവിടെ, ആ വൃക്ഷങ്ങൾ ആഗ്രഹിച്ചത് ഒന്നുമായിരുന്നില്ല അവർക്ക് സംഭവിച്ചതെങ്കിലും ദിവ്യ രക്ഷകനായ യേശുവിന്റെ സാന്നിധ്യം അവരുടെ സ്വപ്നങ്ങൾക്ക് പൂർണത പകർന്നു. ദൈവവചനം ഇപ്രകാരം പറയുന്നു ‘നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്ന് ഞാൻ അറിയുന്നു. അവ തിന്മയ്ക്കല്ല നന്മയ്ക്കത്രേയുള്ള നിരൂപണങ്ങൾ എന്ന് യഹോവയുടെ അരുളപ്പാട് “(യിരെമ്യാവ് 29:11).
നമ്മുടെ കഴിവുകൾ ഉപയോഗിച്ച് ഒരു നല്ല ജീവിതം കെട്ടിപ്പടുക്കുവാൻ നമുക്ക് ആഗ്രഹം ഉണ്ടായിരിക്കാം. സ്വന്തം പ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരം കണ്ടെത്താൻ വേണ്ടി നാം പ്രാർഥിക്കുകയായിരുന്നിരിക്കാം. എന്നാൽ പ്രാർഥനയ്ക്ക് ഉടൻ ഉത്തരം കിട്ടാതിരിക്കുമ്പോഴും നാം ആഗ്രഹിച്ച രീതിയിലുള്ള ഉത്തരമല്ല കിട്ടുതെങ്കിലോ എപ്രകാരമായിരിക്കും നമ്മുടെ പ്രതികരണം? ദൈവത്തെ പൂർണമായി വിശ്വസിക്കുവാനും ആത്മീയ ജീവിതത്തിൽ മുന്നേറുവാനും നമുക്ക് കഴിയാറുണ്ടോ?
ടി. ജെ. ബാഷിന്റെ അഭിപ്രായപ്രകാരം ‘നമുക്ക് ആവശ്യം ഉണ്ടെന്ന് കരുതുന്നത് നമ്മുടെ താല്പര്യങ്ങളാണ്. എന്നാൽ നമുക്ക് യഥാർഥമായി ആവശ്യമുള്ളതിനെയാണ് നമ്മുടെ ആവശ്യമായി ദൈവം കാണുന്നത്. നമ്മുടെ താല്പര്യങ്ങളെയല്ല, ആവശ്യങ്ങളെയാണ് ദൈവം നൽകുന്നത് ‘
മൂർച്ചയുള്ള കത്തിയുടെ തിളക്കം കണ്ട് അത് കൈയിൽ കിട്ടണമെന്ന് ശഠിക്കുന്ന ഒരു കുഞ്ഞിന് മാതാവോ പിതാവോ അതൊരിക്കലും നൽകുകയില്ല. കുഞ്ഞിനോടുള്ള സ്നേഹം കാരണമാണ് ദോഷം വരുത്തുന്നവ നിഷേധിക്കികുന്നതെന്നു നമുക്കറിയാം. ഒരു കാര്യം വ്യക്തമാണ്. നാം ചോദിക്കുന്നതെല്ലാം ലഭിച്ചു എന്ന് വരികയില്ല. നമുക്ക് നന്മയും പ്രയോജനവും ഉള്ളവ മാത്രമേ ദൈവം നമുക്ക് നൽകുകയുള്ളു. കാരണം, ദൈവം നമ്മെ സ്നേഹിക്കുന്ന പിതാവാണ്.
സ്വാർഥപരമായ ലക്ഷ്യങ്ങളോടും താല്പര്യങ്ങളോടും കൂടെയുള്ളതാണ് നമ്മുടെ പ്രാർഥനകൾ അധികവും. വേണ്ടും പോലും പ്രാർഥിക്കേണ്ടത് എന്തെന്ന് നാം അറിയുന്നില്ലല്ലോ എന്ന് പറഞ്ഞത് പ്രാർഥനയെ നന്നായി മനസ്സിലാക്കിയിരുന്ന പൗലോസ് അപ്പോസ്തലനാണ്. യേശുവിന്റെ ശിഷ്യനായിരുന്ന യാക്കോബിന്റെ അഭിപ്രായത്തിൽ, നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിനു വല്ലാതെ യാചിക്കുക കൊണ്ട് ഒന്നും ലഭിക്കുന്നില്ല. (യാക്കോബ് 4:3)
അജ്ഞാതനായ ഒരു വ്യക്തി തന്റെ അനുഭവം വിവരിച്ചിരിക്കുന്നത് ഇപ്രകാരമാണ്. “നേട്ടങ്ങൾ കൈവരിക്കേണ്ടതിന് ശക്തിക്കായി ഞാൻ അപേക്ഷിച്ചു. എന്നാൽ വിനയപ്പെട്ട് അനുസരണം പഠിക്കുവാൻ വേണ്ടി ദൈവം എന്നെ അശക്തനാക്കി. കൂടുതൽ പ്രവർത്തിക്കേണ്ടതിനായി ആരോഗ്യത്തിനായി ഞാൻ അപേക്ഷിച്ചു. എന്നാൽ നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ ശ്രദ്ധാലു ആകേണ്ടതിന് എനിക്ക് അവശത നല്കപ്പെട്ടു. സന്തോഷ ചിത്തനാകേണ്ടതിനും ആഹ്ലാദകരമായി ജീവിക്കേണ്ടതിനും ധനത്തിനായി ഞാൻ അപേക്ഷിച്ചു. ഞാൻ വിവേകിയും ബുദ്ധിമാനും ആകേണ്ടതിന് ദാരിദ്ര്യം എനിക്ക് ലഭിച്ചു. മനുഷ്യരുടെ അംഗീകാരം നേടേണ്ടതിന് പ്രതാപത്തിനും അംഗീകാരത്തിനുമായി ഞാൻ പ്രാർഥിച്ചു. എന്നാൽ ദൈവത്തെ കുറിച്ചുള്ള ആവശ്യബോധം എന്നിൽ ഉണ്ടാകേണ്ടതിന് ബലഹീനതകൾ നല്കപ്പെട്ടു. ഞാൻ ആവശ്യപ്പെട്ടതൊന്നുമല്ല എനിക്ക് ലഭിച്ചത്. എന്നാൽ ഞാൻ പ്രതീക്ഷിച്ചതെല്ലാം ലഭിച്ചു. എനിക്ക് കുറവുകൾ ഏറെയായിട്ടും എന്റെ അവ്യക്തവും ഉച്ചറിക്കപ്പെടാത്തതുമായ പ്രാർഥനകൾക്കെല്ലാം ഉത്തരം ലഭിച്ചു. ഞാൻ ഏറ്റവും ധന്യനും അനുഗ്രഹീതനുമാണ് “.

നമ്മുടെ ജീവിതത്തിലും നാം തിരിഞ്ഞു നോക്കുമ്പോൾ കയ്പേറിയ പല അനുഭവങ്ങളും നമുക്ക് നന്മയ്ക്കായി ദൈവം ആക്കി തീർത്തിട്ടുണ്ട് എന്ന് കാണുവാൻ കഴിയും. ആ ഒരു തിരിച്ചറിവ് ഏതു സാഹചര്യത്തെയും ശുഭ പ്രതീക്ഷയോടും സമചിത്തതയോടും നേരിടുവാൻ നമ്മെ പ്രാപ്തരാക്കും. “എന്നാൽ നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാൻ “(എഫെ 3:20) കഴിയുന്ന ദൈവത്തിലുള്ള സമ്പൂർണ വിശ്വാസം നമ്മുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമാണ്. നമ്മുടെ ഹ്രസ്വ ദൃഷ്ടിയിൽ കാണുന്നതല്ലല്ലോ നിത്യതയുടെ പശ്ചാത്തലത്തിൽ ദൈവത്തിന്റെ പദ്ധതിയിലുള്ളത്.
നാം ചോദിക്കുന്നതെല്ലാം ലഭിച്ചില്ലെങ്കിലും ദൈവം നമുക്ക് നൽകുന്നതെല്ലാം നമ്മുടെ നന്മയ്ക്കായി മാത്രമായിരിക്കും.

അനിത ആൻഡ്രൂസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.