കാലികം: അനുതപിക്കേണ്ട കാലം | ബിജി പി. ജോൺ

മഹാമാരിയിൽ അടഞ്ഞു കിടന്നത് ലക്ഷക്കണക്കിന് ആരാധനാലയങ്ങൾ ആണ്. അർഥാൽ സ്തുതിയും ആരാധനയും വചന പ്രസംഗങ്ങളും വേണ്ട പോലെ അനുഭവിക്കാൻ കഴിയാതെ internet നെ ആശ്രയിച്ചു ജീവിക്കുന്ന ഒരു കാലഘട്ടം ദൈവം തന്നു.

എന്തിന്?
നിങ്ങളുടെ കൂടിവരവുകൾ എനിക്ക് മടുപ്പായിരിക്കുന്നു എന്ന് ദൈവം പറഞ്ഞതാണോ?

ഈ മഹാമാരിയിൽ ദൈവത്തിന് പറയാൻ ഉള്ളത് എന്താണെന്ന് കേൾക്കാൻ നമുക്ക് ചെവി ഉണ്ടാകുമോ?
ഒരു ആത്മ പരിശോധയ്ക്ക് സഭ തയ്യാറാകുമോ?

പരിശുദ്ധാത്മ ശബ്ദത്തെ തിരിച്ചറിയാൻ സഭാ നേതൃത്വങ്ങൾ തയ്യാറാണോ??
കഴിഞ്ഞ കുറെ അധികം വർഷങ്ങളായി സഭയുടെ പോക്ക് എങ്ങനെയായിരുന്നു??

അസ്വസ്ഥമായ വിശ്വാസ സമൂഹം നാല് ചുമരുകൾക്കുള്ളിൽ ഫേസ്ബുക് എന്ന സാങ്കേതിക വിദ്യ കയ്യിൽ കിട്ടിയപ്പോൾ കമന്റുകളായി തൊടുത്ത് വിടുന്ന വൃത്തിഹീനമായ ഭാഷകൾ നിങ്ങൾ കാണുന്നുണ്ടോ?
എന്തുകൊണ്ട് ഇങ്ങനെ ഒക്കെ എന്ന് എത്ര സഭാ നേതൃത്വങ്ങൾ ചിന്തിച്ചു എന്ന് ഞാൻ വിലാപത്തോടെ ചോദിക്കുന്നു.

സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ക്രിസ്തീയമായ വീഡിയോകൾക്കെതിരെയുള്ള പരിഹാസങ്ങളുടെയും വിമർശനങ്ങളുടെയും അളവ് ക്രമാതീതമായി വർധിച്ചു വരികയാണ്. ഇതിൽ നല്ലൊരു പങ്കും പെന്തകോസ്ത്കാരാണ് എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന വസ്തുത. ഫലമോ ആയിരക്കണക്കിന്ന് വരുന്ന അവരുടെ ഫ്രണ്ട്‌സ് ലിസ്റ്റിൽ ഉള്ള എല്ലാവരും ഇതെല്ലാം വായിക്കുന്നു. തൽഫലമായി ദൈവനാമം ഏറ്റവും ദുഷിക്കപ്പെടുന്ന ഈ സാഹചര്യത്തിൽ നിങ്ങൾ എന്താണ് മൗനമായി ഇരിക്കുന്നത്? സത്യവിശ്വാസത്തിനു വേണ്ടി നിൽക്കുന്നു എന്നുപറഞ്ഞു ഇവരൊക്ക പിശാചിന്റെ കയ്യിലെ ആയുധങ്ങളായി അറിയാതെ മാറുകയാണ്. യേശുവിനെയും പരിശുദ്ധാത്മാവിനെയും ഇങ്ങനെ അവർ ദുഖിപ്പിക്കുമ്പോൾ നിങ്ങൾക്ക് എങ്ങനെ മൗനമായിരിക്കാൻ സാധിക്കുന്നു?? ഇവിടെ നിങ്ങളുടെ  ദൗത്യം എന്താണ്?  കേന്ദ്രത്തിൽ ഒരു social media sensoring body ഉണ്ടാക്കി ഇങ്ങനെയുള്ളവരെ മോണിറ്റർ ചെയ്ത് ശക്തമായ നടപടി ഉണ്ടാക്കാൻ നിങ്ങൾക്ക് കഴിയും. എന്തുകൊണ്ട് ചെയ്യാതിരിക്കുന്നു? സോഷ്യൽ മീഡിയയിൽ സഭ്യമല്ലാത്ത comments ഇടുന്നവരെ സഭയിൽനിന്ന് പുറത്താക്കാനുള്ള ആർജ്ജവം കാണിക്കൂ. അപ്പോൾ ഇതിന് വ്യത്യാസം വരുന്നത് കാണാം. നാല് ചുമരുകൾക്ക് ഉള്ളിലിരുന്ന് തോന്നുന്നത് എന്തും എഴുതാം എന്ന് സഭയിൽ നിന്നും കഴിഞ്ഞ കാലങ്ങളിൽ മുറിവേറ്റവർ കരുതുകയാണ്. എന്താണ് ഇതിനെയൊക്ക ഭവിഷ്യത്തുകൾ എന്ന് അവർ ഓർക്കുന്നില്ല. നിങ്ങൾക്കെങ്കിലും ചിന്തിച്ചുകൂടെ?  വിനയത്തോടെ പറയട്ടെ, ഇത് തുടർന്നാൽ  സഭയിലേക്ക് ഒരു പുതിയ വിശ്വാസി കടന്നു വരുന്നത് അസാധ്യമായിത്തീരും എന്നത് പകൽ പോലെ സത്യമാണ്.  ഇനിയും താമസിച്ചുകൂടാ. ശക്തമായ നിലാപാട് എടുത്തേ പറ്റൂ. Comments എഴുതുമ്പോൾ തെറി എഴുതി വിടുന്ന വിശ്വാസികൾ ഉണ്ട്. അവർക്ക് നിങ്ങളെ ഭയമില്ല. സഭാ പാസ്റ്ററിനെയും ഭയമില്ല. ഇതിന് ഒരു നിലപാട് സ്വീകരിച്ചേ പറ്റൂ.

ഇന്ത്യയിലെ പെന്തകോസ്ത് പ്രവർത്തനം തുടങ്ങിയിട്ട് നൂറിൽ ഏറെ വർഷമായി.
തുടക്കക്കാരുടെയും പിന്നീട് വന്ന പല സുവിശേഷകരുടെയും ജീവിതം മാതൃകാപരമായിരുന്നു എന്നത് തർക്കമറ്റ സംഗതിയാണ്.

പക്ഷെ ഇന്നത്തെ സുവിശേഷവിഹിത സഭകളുടെ അഥവാ വേർപെട്ട സഭകളുടെ ആത്മീക ദർശനം എന്താണ്?. ഭരണതലത്തിൽ ആസൂത്രിതമായ സംവിധാനം നല്ലതും അത്‌ ആവശ്യവും ആണ്. എന്നാൽ ആത്മീക ശുശ്രൂഷ പരമപ്രധാനമായിരിക്കെ അതിന്റെ എല്ലാ മൂല്യങ്ങളെയും കാറ്റിൽ പറത്തി ആത്മാക്കളെ നേടുവാൻ പദ്ധതികൾ ആവിഷ്കരിക്കേണ്ടതിന് പകരം നിങ്ങൾ കാട്ടികൂട്ടിയത് എന്താണ്?. ഇലക്ഷൻ സമയങ്ങളിൽ കേവലരാഷ്ട്രീയഗുണ്ടകളെപ്പോലെ പരസ്പരം വെല്ലുവിളിച്ചും കോടതിയിൽ കേസുകൾ രജിസ്റ്റർ ചെയ്തും നിങ്ങൾ ലോകമനുഷ്യരെ പ്പോലെ വാചകമടിച്ചു നടന്നപ്പോൾ മറുഭാഗത്ത് സുവിശേഷസാക്ഷ്യത്തിന്റ പതനത്തിനു അത്‌ കാരണമായി എന്ന് വ്യക്തമല്ലേ…

ഇന്ന്

വേദി ഇല്ല.. ആൾക്കൂട്ടം ഇല്ല.. ശവമടക്ക് മാത്രം…
പ്രിയശുശ്രൂഷകരെ… ദൈവഹിതം തിരിച്ചറിയാൻ ഇനിയും താമസമോ?
നിങ്ങൾക്ക് എന്താണ് മറ്റ് വേർപെട്ട സഭാവിശ്വാസികളുമായി കൈകോർക്കാൻ തടസ്സം?
പെന്തകോസ്ത് വിശ്വാസികൾക്ക് ഒരുമിച്ച് നിൽക്കാൻ ഇനിയും എന്ത് ദുരന്തം അഭിമുഖീ കരിച്ചാൽ മതിയാകും?
നൂറ് കണക്കിന് ബോർഡുകൾ.. ബാനറുകൾ.. മിനിസ്ട്രികൾ.. ഒന്നിന് മറ്റൊന്നിനെ കണ്ടു കൂടാത്ത അവസ്ഥ.ഇതെല്ലാം വെള്ളത്തിൽ ഒലിച്ചു പോകുന്നതിന് മുൻപ് എന്നാണ് സഹോദരനെ ആലിംഗനം ചെയ്യാൻ മുന്നോട്ട് വരിക?. അതോ ഇനിയും വലിയ ഒരു ദുരന്തത്തിന്‌ സാക്ഷ്യം വഹിക്കണോ ഒരുമിച്ച് നിൽക്കാൻ?

അംഗീകരിക്കാൻ കഴിയാത്ത സത്യങ്ങൾ.

ഈയിടെ ഒരു പ്രമുഖ പെന്തകോസ്ത് സഭ വിവാഹ ശുശ്രൂഷയെ പറ്റി അവരുടെ സ്റ്റേറ്റ് കൗൺസിലിന്റെ തീരുമാനം കമ്മിറ്റി കൂടി അറിയിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു.
വിവാഹ ശുശ്രൂഷകളിൽ ദൈവവചനത്തിനു നിരക്കാത്ത പ്രവണതകൾ കണ്ടു വരുന്നത്രെ!!!!

ഹാ കഷ്ടം!!
അതിനായി കമ്മിറ്റി കൂടാൻ നിങ്ങൾക്ക് കഴിഞ്ഞു അല്ലേ.. പ്രിയ നേതാക്കന്മാർമാരെ
ദൈവ വചനത്തിനു നിരക്കാത്ത അനേകം പ്രവണതകൾ,ശുശ്രൂഷകന്മാർ തമ്മിലുള്ള വെല്ലുവിളികൾ, കസേരയടി, അധമ രാഷ്ട്രീയം, കോട്ടേഷൻ, കൈക്കൂലി, കോടതി കേസ് ഇവയ്ക്കൊന്നും ഒരു സർക്കുലർ ഇറക്കാൻ നിങ്ങൾക്ക് കഴിയാതെ പോയത് എന്ത് കൊണ്ട്. ഇതൊക്കെ കണ്ടും അറിഞ്ഞും ഇരുന്ന വിശ്വാസികൾ മണ്ടന്മാരാണെന്ന് നിങ്ങൾ കരുതിയോ?.
നിങ്ങൾ ആരുടെ മുൻപിലാണ് വിശുദ്ധിയുടെ പുറം കുപ്പായം അണിയുന്നത്.??
ആദ്യം കണ്ണിലെ കോൽ മാറ്റൂ. പിന്നെ നമുക്ക് കരട് നീക്കാം.

ചില കാര്യങ്ങൾ അങ്ങനെയാണ്. സത്യമാണെന്ന് നമുക്ക് അറിയാമെങ്കിലും ഇത്രയും നാൾ നാം വിശ്വസിച്ചു പൊന്ന രീതികളെ വിട്ടുകളയാൻ നമ്മുടെ സ്വയം നമ്മെ അനുവദിക്കാത്ത ദുരവസ്ഥ. പുഴുക്കുത്തിനെ പുണരുന്ന ദയനീയ അവസ്ഥ. മാറി ചിന്തിക്കാൻ കാലം അതിക്രമിച്ചിരിക്കുന്നു.ഇനിയും താമസിച്ചുകൂടാ…. ഇത്‌ അന്ത്യ കാലഘട്ടം…
ഉടനടി യേശുവിന്റെ സുവിശേഷത്തിന്റെ ദീപ്തി തെളിക്കാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ നഷ്ടങ്ങളുടെ കണക്കെടുക്കാൻ മാത്രമേ ഇനി കഴിയൂ എന്ന് ഓർക്കുക.

ലോകം നിശ്ചലമാണ്.
ഒരു ഭാഗത്ത് കെടുതികളും നിലവിളികളും ഉണ്ട്. എന്നാൽ ദൈവം ചെയ്യുന്ന അത്ഭുത പ്രവർത്തികൾ മറു ഭാഗത്ത് ഉണ്ട് എന്നത് കണ്ണ് തുറന്നു കാണാനും നാം മറന്ന് പോകരുത്. ജനത്തിന്റ നിലവിളി ദൈവം കേൾക്കാതിരിക്കില്ല. നിശ്ചയമായും ഈ ദിനങ്ങളും കടന്നു പോകും.

ബിജി പി. ജോൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.