സുവിശേഷകനാണ്; ഒപ്പം സാമൂഹിക പ്രവർത്തകനും

ജിബിൻ ഫിലിപ്പ് തടത്തിൽ

അടുത്ത സുഹൃത്തിന്റെ അപ്രതീക്ഷിത മരണം. കോവിഡ് ബാധിതനായ പിതാവിന് തന്റെ പ്രിയ മകനെ അവസാനമായി ഒന്നു കാണണം. അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ അനുവാദമില്ലെങ്കിലും നിശ്ചലമായ മകന്റെ ശരീരത്തിന്റെ അടുക്കലെങ്കിലും എത്തി യാത്ര പറയണം. പക്ഷേ ആ പിതാവിന് മകന്റെ മൃതദേഹം കാണാൻ കടമ്പകളേറെ കടക്കണം. രോഗിയായ തന്നെ ആര് അവിടെയെത്തിക്കും. രോഗിയുടെ അടുക്കൽ എത്താൻ എല്ലാവരും മടിക്കുമ്പോൾ ഒരു സുവിശേഷകൻ മുന്നിട്ടിറങ്ങി. ആ പിതാവിനെ തന്റെ വീടിന്റെ അങ്കണത്തിൽ വെള്ള പുതപ്പിച്ച മകന്റെ ശരീരത്തിനടുക്കൽ എത്തിച്ചു.

post watermark60x60

സുവിശേഷവേലയോടൊപ്പം സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായ പാസ്റ്റർ രതീഷ് ഏലപ്പാറയുടെ ജീവിതകഥയുടെ ഒരു ഭാഗമാണിത്. സുവിശേഷവേലയും സാമൂഹിക പ്രവർത്തനവും   സംയോജിപ്പിച്ച് സമൂഹത്തിൽ വ്യത്യസ്തനാവുകയാണ് പ്രഭാഷകനും, പി.വൈ.പി.എ പ്രവർത്തകനുമായ പാസ്റ്റർ രതീഷ് ഏലപ്പാറ. പെന്തക്കോസ്ത് യുവജന സംഘടനയുടെ മുദ്രാവാക്യമായ “സേവനത്തിനായി രക്ഷിക്കപ്പെട്ടു” എന്ന സന്ദേശം  സൽപ്രവർത്തിയിലൂടെ പരസ്യപ്പെടുത്തുകയാണ് അദ്ദേഹം.

സിവിൽ ഡിഫൻസ് എന്ന സർക്കാർ സന്നദ്ധ സേവന വിഭാഗത്തിന്റെ പരിശീലനം നേടിയ ഏക സുവിശേഷകനാണ് പാസ്റ്റർ രതീഷ്.
പീരുമേട് താലൂക്ക് ഹോസ്പിറ്റലിൽ കോവിഡ് രോഗികൾക്ക് ഭക്ഷണവും മരുന്നും എത്തിച്ചും,  ഇടുക്കിയിലെ മലമടക്കുകളിലെ കോവിഡ് ബാധിതർക്കും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും സഹായങ്ങൾ എത്തിച്ചും സേവന പ്രവർത്തനങ്ങളിൽ സജീവമാണ്. വാഹനങ്ങൾ എത്താത്ത ഇടങ്ങളിൽ ഭക്ഷ്യവസ്തുക്കൾ ചുമന്നാണ് എത്തിക്കേണ്ടത്. എങ്കിലും അദ്ദേഹം പിന്നോട്ടില്ല.

Download Our Android App | iOS App

കോവിഡ് മൂലം മരണപ്പെട്ടവരുടെ  അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കുന്നതിനും പാസ്റ്റർ രതീഷ് മുന്നിലുണ്ടാകും. മരണപ്പെട്ടവരുടെ ശരീരം മറവ് ചെയ്യുന്നതും, രോഗികളുടെ വീടുകളും പരിസരങ്ങളും ശുചീകരിക്കുന്നതും പാസ്റ്റർ രതീഷും കൂട്ടരുമാണ്. ഇതിനോടകം 4 കോവിഡ് ബാധിതരുടെ മൃതദേഹങ്ങൾക്കാണ് ഈ കൂട്ടർ അന്ത്യ ശുശ്രൂഷകൾ നൽകിയത്.

ഇടുക്കി ഏലപ്പാറ സ്വദേശിയായ പാസ്റ്റർ രതീഷ്, തോട്ടം തൊഴിലാളിയുടെ മകനായിയാണ് ജനനം. കുട്ടിക്കാനത്തിടുത്തുള്ള എ വി ജി സ്റ്റേ ബ്രൂക്ക് എസ്റ്റേറ്റിലെ ഒറ്റ മുറിയുള്ള ലയങ്ങളിലെ കുട്ടിക്കാല ജീവിതം. ദൈവവിളി മനസ്സിലാക്കി ചെറുപ്രായത്തിൽ തന്നെ സുവിശേഷ വേലയ്ക്കായി തന്നെ സമർപ്പിച്ചു. ദൈവരാജ്യ വ്യാപ്തിക്കായി ശക്തമായി പ്രയോജനപ്പെടുകയും ചെയ്യുന്നു.

വിശാലമായ സൗഹൃദബന്ധം സമ്പാദ്യമായുള്ള ഈ സുവിശേഷകൻ ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, സഭാനേതൃത്വങ്ങൾ എന്നിവരുമായി മികച്ച വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നു.

നിലവിൽ പള്ളിക്കുന്ന് ഐ പി സി ന്യൂമ വർഷിപ്പ് സെന്റർ സഭാ ശുശ്രൂഷകനായും ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചിലിസം ബോർഡ് ജോയിന്റ് കോഡിനേറ്ററായും പ്രവർത്തിച്ചു വരുന്നു. യുവജന പ്രവർത്തകൻ കൂടിയായ പാസ്റ്റർ രതീഷിന്റെ പിതാവും സുവിശേഷകനാണ്.

-ADVERTISEMENT-

You might also like