ലേഖനം: നാം സത്യം വിൽക്കുന്നവരോ വാങ്ങുന്നവരോ? | രാജൻ പെണ്ണുക്കര

ചില ദിവസങ്ങൾക്ക് മുൻപ് തലസ്ഥാനത്തുള്ള കാത്തിരുപ്പ് കേന്ദ്രത്തിൽ (Waiting Shed) ആരോ വായിച്ചിട്ടു ഉപേക്ഷിച്ചു പോയ ന്യൂസ്‌ പേപ്പറിൽ കണ്ട വാർത്ത വായിച്ചപ്പോൾ മനസ്സിന്റെ ഉള്ളിൽ പൊങ്ങിവന്ന നൊമ്പരമാണ് ഇതെഴുത്തുവാൻ പ്രേരകമായ ഘടകം.

എവിടെയോ ജയിലിൽ മരണശിക്ഷക്ക്‌ വിധിക്കപ്പെട്ടു തൂക്കു കയറിനോട് അടുത്തുകൊണ്ടിരിക്കുന്ന കുറ്റവാളി എന്നു സമൂഹവും നീതിപീഠവും മുദ്രകുത്തി, മരണയോഗ്യൻ എന്നു വിധിക്കപ്പെട്ട വ്യക്തിയുടെ കദനകഥ.

അയാൾ കിടക്കുന്ന ജയിലിൽ ആരോ സന്നദ്ധപ്രവർത്തകർ സന്ദർശിച്ചപ്പോൾ പറഞ്ഞ സത്യങ്ങൾ ആണ് അവർ എഴുതിയിരിക്കുന്നത്. അയാൾ ആണായിട്ട് ഇപ്പോഴും പറയുന്നു ഞാൻ അങ്ങനെയൊരു കുറ്റം ചെയ്തിട്ടില്ല, കൊലചെയ്യപ്പെട്ട വ്യക്തിയെ അറിയുക പോലുമില്ല. അങ്ങനെ ഒരുവ്യക്തിയുടെ പേരുപോലും കേട്ടിട്ടില്ല, ആ പ്രേദേശത്തു പോയിട്ട് പോലും ഇല്ല. എന്നാൽ അയാൾ ചെയ്യാത്ത തെറ്റിന് മരണത്തോട് നടന്നു അടുക്കുകയല്ലേ.

കെട്ടിച്ചമച്ച കുറേ കള്ള സാക്ഷികളും, നിർമിച്ചെടുത്ത തെളിവുകളും, ഭംഗിയായി നിരത്തി വെച്ചപ്പോഴാണോ നിരപരാധി കുറ്റക്കാരനായി തീർന്നത് എന്നൊരു സംശയം സ്വാഭാവികമായി നമുക്ക് തോന്നാം. ന്യായപീഠത്തിനു വേണ്ടിയത് തെളിവുകളും സാക്ഷികളും മാത്രം. അതു കൃത്യമായി ലഭിച്ചാൽ ന്യായപീഠത്തിന് വിധി പറയാതെ തരമില്ലല്ലോ!!!. ഇതിൽ കൂടുതൽ ന്യായപീഠം എന്തു ചെയ്യും.

പണവും സമൂഹത്തിൽ സ്വാധീനവും ഉള്ള ഏതോ ഒരു കൂട്ടർക്ക് യഥാർത്ഥ കുറ്റവാളിയെ രക്ഷിച്ചെടുക്കാൻ ഒരു ഇരയെ വേണമായിരുന്നു. അതിനു അനുയോജ്യനായ ഒരുവനെ അവർ തേടിനടന്നു. അവസാനം ആരോരും ഇല്ലാത്ത, ആരും ചോദിക്കാൻ ഇല്ലാത്ത ഒരു പാവം മനുഷ്യനെ അവർ കണ്ടെത്തി, കൊടും കുറ്റവാളിയാക്കി എന്നു മാത്രം കരുതാം.

ഇതിലെ സത്യവും നീതിയും എനിക്കും മനസ്സിലാകുന്നില്ല. പാവം മനുഷ്യനെ തൂക്കിലേറ്റിയ ശേഷം സത്യം പുറത്തു വന്നാൽ എന്തു പ്രയോജനം.. ഒരുനാൾ യഥാർത്ഥ സത്യം പുറത്തു വരും എന്നതും സത്യം.

ഇത്രയും വായിച്ചിട്ട് ന്യൂസ്‌പേപ്പർ അവിടെ തന്നേ ഉപേക്ഷിച്ചു നടന്നകന്നു. എന്നാൽ ഒരു ചുവട്ടടി പോലും നടക്കുവാൻ തോന്നിയില്ല, അത്രമാത്രം മനസ്സിൽ വേദന ഉളവാക്കി ആ വാർത്ത. ഒരു നിരപരാധി കൊലക്കയറിൽ തൂങ്ങാൻ പോകുന്നു, യഥാർത്ഥ കുറ്റവാളി സ്വാതന്ത്രനായി വെളിയിൽ നടക്കുന്നു.

യഥാർത്ഥത്തിൽ ഇന്നത്തെ ലോകത്തിന് നീതിയും ന്യായവും വേണമോ?. ബഹുഭൂരിപക്ഷം എന്തു പറയുന്നു അത് നീതി, അതു ന്യായം, അതു പ്രമാണം എന്ന അവസ്ഥയിൽ ആയില്ലേ എല്ലാം മേഖലകളും..

ദൈവവചനം ആഴമായി പഠിച്ചാൽ , ഗുണവും ദോഷവും, നീതിയും അനീതിയും, ന്യായവും അന്യായവും, സത്യവും അസത്യവും, അനുഗ്രഹവും ശാപവും, ജീവനും മരണവും, ജീവന്റെ വഴിയും മരണത്തിന്റെ വഴിയും, ദൈവം നമ്മുടെ മുൻപിൽ വെച്ചിരിക്കുന്നു.

ഇതിൽ നിന്നും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യം നമുക്ക് മാത്രം തന്നിട്ട്, ഇതു വെച്ചുനീട്ടി തന്ന ദൈവം നാം എന്താണ് തിരഞ്ഞെടുക്കുന്നതെന്നു കാണാൻ ദൂരെമാറി നിന്നു നോക്കുകയാണ്. എന്നാൽ നാം ചെയ്യുന്ന ഭോഷത്വം കണ്ടിട്ട് ദൈവം പോലും സ്വയം മൂക്കത്ത് വിരൽ വെക്കുന്നുണ്ടാകും.

വചനം പറയുന്നു ഇവയെല്ലാം നമ്മുടെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും. എന്നാൽ മനുഷ്യൻ എന്താണ് ഇഷ്ടപെടുന്നത്, എന്താണ് തിരഞ്ഞെടുക്കുന്നത് എന്നതാണ് വിഷയം.!!!

ഇന്നു ഏറെ മനുഷ്യരും ബഹു ഭൂരിപക്ഷത്തിന്റെ കൂടെയല്ലേ എന്നു പറയാതെ വയ്യാ. ഇതാണ് സത്യം, ഇതാണ് വാസ്തവം, ഇതാണ് ന്യായം എന്നു പറഞ്ഞാൽ പോലും, വേണ്ടാ ഞങ്ങൾക്ക് എല്ലാം അറിയാം, ഞങ്ങൾ ഒത്തിരി കണ്ടിട്ടുള്ളതാ, കൂടുതൽ ഒന്നും ഇങ്ങോട്ട് പറയണ്ട എന്നതല്ലേ സാധാരണ കേൾക്കുന്ന പല്ലവി. സത്യത്തെ അന്വേഷിക്കനോ, ഒന്നു തിരയുവാനോ മനുഷ്യന് തീരെ സമയവുമില്ല, ഒട്ടും താൽപ്പര്യവും ഇല്ല. സത്യത്തിന്റെയും ന്യായത്തിന്റെയും പാത ഇടുക്കം ഉള്ളതും, അസത്യത്തിന്റെയും അന്യായത്തിന്റെയും പാത വിശാലവും ആകുന്നു. ദ്രവ്യാഗ്രഹം സകല ദോഷങ്ങൾക്കും കാരണമായി. പണത്തിനുമീതെ പരുന്തും പറക്കില്ല എന്ന ചൊല്ല് എത്രയോ സത്യം.

വചനപ്രകാരം, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി; ഈ ലോകത്തിന്റെ അന്ധകാര ശക്തി എല്ലാവരുടെയും കണ്ണുകളെ കുരുടാക്കി കാതുക്കളെ അടച്ചു വെച്ചിരിക്കുന്നു എന്നു പറയുന്നതാകും അല്പം കൂടി ശരി.

രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ഇതുപോലെ ഒരു കോടതിയിൽ നടന്ന സംഭവം ഓർമ്മയുണ്ടോ?. നാലു സുവിശേഷത്തിന്റെയും അവസാന അധ്യായങ്ങൾ വായിച്ചാൽ അതിൽ അടിവരയിട്ട് പറയുന്ന സത്യം, പീലാത്തോസിനോ മറ്റുള്ളവർക്കോ യേശുവിൽ ഒരു കുറ്റവും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല എന്നതുതന്നെ. എന്നിട്ടും ഒരപരാധവും ചെയ്യാത്ത, സത്യവും, ന്യായവും മാത്രം തുറന്നു പറഞ്ഞ യേശുവിനോട് ലോകം ചെയ്തത് എന്താണ്. സത്യത്തെ ക്രൂശിക്കുന്ന ലോകം.

ഇതാണ് സത്യം, ഇതാണ് വാസ്തവം, ഇതാണ് യാഥാർഥ്യം എന്നു നന്നായി മനസ്സിലാക്കിയ ന്യായാധിപനായ പീലാത്തോസ് കാര്യങ്ങൾ പൊതുജനമദ്ധ്യേ വിവരിക്കാൻ എത്ര ശ്രമിച്ചിട്ടും ജനം കേട്ടില്ല എന്നുമാത്രമല്ല കൈകൊള്ളാൻ കൂടി തയ്യാറായില്ല എന്നു വായിക്കുന്നു. അവിടെ ഒരു രഹസ്യ ഗൂഢാലോചനയും നടന്നിരുന്നതായി മത്തായി 27:20-21 ൽ വ്യക്തമായി പറയുന്നു. ഞങ്ങൾക്ക് അവനെ വേണ്ടാ, ക്രൂശിച്ചോളൂ, പകരമായി സത്യം ഒട്ടും ഇല്ലാത്ത ബർബാസ്സിനെ മതി എന്നു ജനം ഒന്നടങ്കം വിളിച്ചു പറഞ്ഞ ശബ്ദം ഇന്നും ഇപ്പോഴും അന്തരീക്ഷത്തിൽ പ്രതിധ്വനിക്കുന്നില്ലേ!!!!.

ജനത്തിന്റെ ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല, ഇനിയും ഇവിടെ അധികനേരം നിന്നിട്ടൊ, ഇവരോടെ കാര്യങ്ങൾ വിവരിച്ചിട്ടോ, ഇവരുടെ കാര്യങ്ങളിൽ ഇടപെട്ടിട്ടോ, പ്രയോജനം ഒന്നും ഇല്ലായെന്നു പീലാത്തൊസ് കണ്ടിട്ടു വെള്ളം എടുത്തു പുരുഷാരം കാൺകെ കൈ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല; നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു. ഇറങ്ങി പോയി.

പീലാത്തോസ് പിന്നേയും അവിടെ നിന്നു വാദിച്ചു ജയിക്കാൻ ശ്രമിച്ചില്ല എന്നു പറയുന്നതാകും ശരി. പറഞ്ഞ വഴിയേ പോകുന്നില്ല എങ്കിൽ, പോയവഴിയേ വിട്ടേക്കണം എന്നു പണ്ടുമുതലേ പറയാറുള്ളത് ചെയ്തു എന്നു മാത്രം കരുതാം.

യഥാർത്ഥത്തിൽ പീലാത്തോസിന്റെ തീരുമാനം നല്ലതുതന്നെ എന്നു നിങ്ങൾക്ക് പറയാമോ?. ഒരു കൂട്ടർ വേണമെങ്കിൽ പറയുമായിരിക്കും പീലാത്തോസ് പേടി തൊണ്ടൻ ആയിരുന്നു, അവിടെ നിന്നാൽ ഇനിയും രക്ഷയില്ല, എങ്ങനെ ആൾക്കാരുടെ മുഖത്തു നോക്കും, അതാ കൈ കഴുകിയത്, അതാണ് ഇട്ടിട്ടു ഇറങ്ങി പോയത്. അതേ നിങ്ങൾ പറയുന്നതെല്ലാം വാസ്തവം തന്നേ..

എന്നാൽ പീലാത്തോസ് യഥാർത്ഥ സത്യം നന്നായി മനസ്സിലാക്കി എന്നു കരുതാം. ഇപ്പോൾ ആരവാരം ഇടുന്ന ജനകൂട്ടം, ഇപ്പോൾ കൈകളെ ഉയർത്തി മുഷ്ടി യുദ്ധം ചെയ്യുന്നവർ, ഇപ്പോൾ കൈപൊക്കി അനുകൂലിക്കുന്നവർ, യഥാർത്ഥ സത്യം ഇന്നു മനസ്സിലാക്കിയില്ലായെങ്കിലും, നാളെ അറിയും. ഈ സത്യം മറനീക്കി എല്ലാ കവചങ്ങളെയും പൊട്ടിച്ച് താമസംവിനാ പുറത്തുവരും. അന്നവർ പശ്ചാത്തപിക്കും ഐയോ ഞങ്ങൾ നിന്റെ വാക്ക് ക്ഷമയോടെ കേട്ടിരുന്നു എങ്കിൽ… എന്നാൽ സ്വർഗീയ പദ്ധതി വേറെ ആയിരുന്നല്ലോ അതു മാറ്റമില്ലാതെ നടക്കണമെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കണം എന്നതും വാസ്തവം. സദൃ 23:23 ൽ ശലോമോൻ രാജാവ് പറയുന്നു, നീ സത്യം വിൽക്കയല്ല വാങ്ങുയത്രേ വേണ്ടതു.

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.