ലേഖനം: ആരാധന ഒരു ജീവിത ശൈലി | ജീവൻ സെബാസ്റ്റ്യൻ

ഒരു വ്യക്തിയിൽ ദൈവീക പ്രസാദം സംഭവിക്കേണ്ടതിന്, ആരാധ്യനായ ദൈവം തന്നിൽ നിന്നും പ്രതീക്ഷിക്കുന്നതനുസരിച്ചു
ഒരു വ്യക്തി ജീവിക്കുന്ന ജീവിത ശൈലിയാണ് ആരാധന.

ആരാധ്യനായ ദൈവം വെളിപ്പെടുത്തി കൊടുക്കുന്ന ദൈവീക
വെളിപ്പാടുകളാണ് ഒരുവന്റെ ആരാധനയ്ക്ക് അടിസ്ഥാനം.
ആരാധകന് വേണ്ടി ദൈവപുത്രനാകുന്ന ക്രിസ്തു ഒരിക്കൽ പൂർത്തീകരിച്ച തന്റെ പരമ യാഗത്തിലാണ് ആ വെളിപ്പാട് അടിസ്ഥാനപ്പെട്ടിരിക്കുന്നത്.

തനിക്കു പകരക്കാരനായി അറുക്കപ്പെട്ട യേശു ക്രിസ്തുവിന്റെ പരമയാഗത്തിന്റെ അനന്തരഫലമായി
ദാനം ലഭിച്ച ജീവിതമാണ് തന്റേതെന്ന് തിരിച്ചറിയുന്ന ഒരുവൻ, ‘ദാനമായി കിട്ടിയ ജീവിതത്തെ, ദാനമായി തന്നവന്റെ മുൻപിൽ അവന്റെ ഇഷ്ടങ്ങൾക്കായി സമർപ്പിക്കുന്ന ജീവിത ശൈലിയാണ് ആരാധന’.

താൻ പൂർത്തീകരിക്കേണ്ടുന്ന ആരാധനയ്ക്ക് തന്റെ ജീവനേക്കാൾ വിലയുണ്ടെന്ന് തിരിച്ചറിയുന്ന ആരാധകനു മാത്രമേ ദൈവീക പ്രസാദം വെളിപ്പെടുത്തുന്ന ജീവിത ശൈലിയിലൂടെ ദൈവത്തിന് ഇഷ്ടമുള്ള ആരാധന സമർപ്പിക്കുവാൻ കഴിയുകയുള്ളൂ. ദൈവ മുൻപാകെ അർപ്പിക്കേണ്ടുന്ന ആരാധനയ്ക്ക് തന്റെ ജീവന്റെ വിലയുണ്ടെന്നുള്ള തിരിച്ചറിവാണ് ഒരു മൃഗത്തെ ബലി കഴിച്ചുകൊണ്ട് ദൈവത്തെ ആരാധിക്കുവാൻ ഹാബേലിനെ പ്രേരിപ്പിച്ചത്. ഹാബേൽ ദൈവ മുൻപാകെ അർപ്പിച്ച ആരാധന ദൈവം അവന് വെളിപ്പെടുത്തി കൊടുത്ത ദൈവീക വെളിപ്പാടുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് നാം അംഗീകരിക്കേണ്ടിയിരിക്കുന്നു.

ഏദനിൽ ആദിയിൽ മുഴങ്ങി കേട്ട ദൈവീക വിധി പ്രകാരം, തന്റെ മരണം കൊണ്ടല്ലാതെ പാപിയായ തനിക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയില്ലെന്ന് ഹാബേൽ തിരിച്ചറിയുമ്പോഴും, തങ്ങളുടെ അനുസരണക്കേട് നിമിത്തം യഹോവയുടെ കൈയ്യാലുള്ള മരണത്തെ പ്രതീക്ഷിച്ചു നിന്ന തന്റെ മാതാപിതാക്കന്മാരെ കൊല്ലാതെ അവർക്കുവേണ്ടി ഒരു മൃഗത്തെ കൊന്നിട്ട് അതിന്റെ തോലുകൊണ്ട് അവരുടെ നഗ്നതയെ പരിഹരിച്ചതിലൂടെ, ദൈവം ഏദനിൽ വെളിപ്പെടുത്തിയ പകരക്കാരൻ എന്ന ആശയത്തിന്റെ വെളിപ്പാടാണ് തനിക്ക് പകരമായി ഒരു മൃഗത്തെ കൊന്നു കൊണ്ട് ദൈവത്തെ ആരാധിക്കുവാൻ ഹാബേലിനെ പ്രേരിപ്പിച്ചത്.

അനുസരണക്കേട് കാണിച്ച മനുഷ്യനെ കൊല്ലുന്നതിന് പകരമായി ഒരു മൃഗത്തെ കൊന്നതിലൂടെ, മനുഷ്യവർഗ്ഗത്തിനു പകരമായി ദൈവപുത്രനാകുന്ന ക്രിസ്തുവിനെ മരണത്തിന് ഏൽപ്പിക്കുകയെന്ന ദൈവീക പദ്ധതിയുടെ പ്രഖ്യാപനമായിരുന്നു ഏദനിൽ നടന്നത്. ആ ദൈവീക പ്രഖ്യാപനത്തെയും, അനന്തരഫലമായി സംഭവിക്കേണ്ടുന്ന ദൈവപുത്രന്റെ മരണത്തെയും ഹാബേൽ ഉൾപ്പെടെയുള്ള പഴയനിയമ ഭക്തന്മാർ പൂർണ്ണമായും വിശ്വസിച്ചിരുന്നു എന്നതിന്റെ തെളിവായിരുന്നു അവർ ദൈവമുമ്പാകെ അർപ്പിച്ച യാഗങ്ങൾ.

ദൈവത്തെക്കുറിച്ചും ദൈവപുത്രൻ ആകുന്ന ക്രിസ്തുവിനെ കുറിച്ചും തിരുവചന അടിസ്ഥാനത്തിൽ പരിശുദ്ധാത്മാവ് നൽകി തരുന്ന ബോധ്യങ്ങളെ അടിസ്ഥാനപ്പെടുത്തി തികച്ചും ബോധപൂർവ്വം ഞാൻ നടത്തുന്ന ജീവിതശൈലിയാണ് എന്റെ ആരാധന. ദൈവം എന്നെ സൃഷ്ടിച്ചിരിക്കുന്നത് എന്നിൽ ഞാൻ തന്നെ പൂർണ്ണ അധികാരി എന്ന നിലയിൽ ആണ്. എന്റെ ഇഷ്ടങ്ങൾക്ക് അനുസൃതമായി തീരുമാനങ്ങൾ എടുക്കുന്നതിനും അതിനെ പ്രാവർത്തികമാക്കുന്നതിനുമുള്ള പൂർണ അധികാരം എന്റെ സൃഷ്ടിപ്പിൽ ദൈവം എനിക്ക് നൽകിയ പ്രത്യേകതയാണ് . അതുകൊണ്ട് തന്നെ ദൈവീക പ്രസാദത്തെ ജനിപ്പിക്കുന്ന ആരാധന എന്ന ജീവിതശൈലി എന്നിൽ രൂപപ്പെടണമെങ്കിൽ, ഞാൻ സ്വയമായി എന്റെ ഇഷ്ടങ്ങളെ ദൈവീക ഇഷ്ടങ്ങൾക്ക് മുൻപിൽ ത്യജിക്കുവാൻ തയ്യാറാകണം. അപ്രകാരം തിരുവചന അടിസ്ഥാനത്തിൽ പരിശുദ്ധാത്മാവ് നൽകി തരുന്ന ദൈവീക അറിവുകളെ അടിസ്ഥാനപ്പെടുത്തി ഒരു വ്യക്തി ജീവിക്കുന്ന ജീവിതത്തെയാണ് പരിശുദ്ധാത്മാവിൽ നിറഞ്ഞുള്ള ആരാധന എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ജീവൻ സെബാസ്റ്റ്യൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.