കാലികം: കോവിഡ് കാലത്തെങ്കിലും, പെന്തക്കോസ്തുക്കാർ മടങ്ങി വരിക | പാസ്റ്റർ. ബൈജു സാം, ദോഹ

ആഗോള വ്യാപകമായി എല്ലാം രാജ്യങ്ങളും നാളിതുവരെ കടന്നു പോകാത്ത സമാനതകളില്ലാത്ത അതി ഭയാനകമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. മനുഷ്യന്റെ കണ്ടുപിടുത്തങ്ങളോ അത്യാധുനിക സാങ്കേതിക വിദ്യകളോ ആഗോള വ്യാപകമായി മാനവ ജാതി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിയാതെ നോക്ക് കുത്തിയായി മാറിയിരിക്കുന്നു. നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത അതി സൂക്ഷ്മ കുഞ്ഞൻ വൈറസ് മാനവ ജീവിതത്തെ ദുരിത പൂർണ്ണമാക്കിയിരിക്കുകയാണ്.പതിനായിരങ്ങൾ മരണത്തെ പൂകുന്നു. അനേകർ തീരാ ദുഃഖത്തിലും, ദാരിദ്ര്യത്തിന്റെ നടുക്കടലിൽ ആണ്ടു പോകുകയും ചെയ്യുകയാണ്. മനുഷ്യർ ഇതുപോലെ നിസ്സാഹായരായ കാലഘട്ടം ഇതുവരെ ഉണ്ടായിട്ടില്ല.

കർത്താവിന്റെ വേല ചെയ്യുന്ന അനവധി ദൈവ ദാസന്മാരും ദൈവ ദാസീമാരും കോവിഡിന്റെ പിടിയിലമർന്ന് ഇഹലോക വാസം വെടിഞ്ഞു.

വളരെ ദുഃഖിപ്പിക്കുന്ന ഹൃദയം തകർക്കുന്ന കാഴ്ചകളും വാർത്തകളും നിരന്തരം കേട്ട് ഇതികർത്തവ്യതാമൂഡന്മരായി നാം മാറുന്നു. വാക്സിൻ, ഓക്സിജൻ എന്ന ആവശ്യത്തിന്റെ നിലവിളി നമ്മുടെ ഭാരതത്തെ ആകമാനം പ്രകമ്പനം കൊളളിച്ചിരിക്കുകയാണ്.

ഇത്തരം ഘട്ടത്തിൽ വീണ്ടെടുക്കപ്പെട്ട ദൈവ ജനം സ്വയം വിചിന്തനത്തിനും ആത്മ പരിശോധനക്കും തയ്യാറാകേണ്ടുന്ന നിമിഷങ്ങളാണ് നിലവിൽ ഉള്ളത്. സമശിഷ്ട്ടങ്ങൾ നരകയാതന അനുഭവിച്ച് നട്ടം തിരിയുമ്പോൾ ദൈവ സന്നിധിയിൽ ദൈവ മക്കൾ മാനസാന്തരപ്പെട്ട് മടങ്ങി വരികയാണ് ചെയ്യേണ്ടുന്നത്.

ഇന്ന് ഞാൻ നാളെ നീ എന്നുളള പരമ സത്യം ഒരു കൈപ്പാടെ അകലെ മറഞ്ഞിരിക്കുമ്പോൾ നമ്മുക്ക് ദൈവമുൻമ്പാകെ സ്വയ സമർപ്പണത്തിനും ദൈവ മുഖത്തേക്ക് നോക്കുന്നതിനും ഇവ കാരണമാകണം.

ദൈവം വളരെ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് വിശുദ്ധ സഭായോഗങ്ങളും കൂട്ടായ്മകളും അതിനോടനുബന്ധിച്ച കർത്താവിന്റെ മേശയുടെ ആചരണവും. ദൈവം ആഗ്രഹിക്കുന്ന ഇത്തരം പവിത്രമായ കാര്യങ്ങൾ മുടങ്ങാൻ ദൈവം അനുവദിക്കില്ല.അവയെല്ലാം കർത്താവിന്റെ മടങ്ങി വരവുവരെ ഭൂമിയിൽ ഉണ്ടായിരിക്കണം എന്ന് ദൈവം വളരെ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ,അങ്ങനെ വരുമ്പോൾ ഇവയെല്ലാം ആഗോള പ്രാദേശിക തലത്തിൽ പോലും മുടങ്ങിയെങ്കിൽ ദൈവം അഭിനവ വിശുദ്ധന്മാരായ നമ്മുടെ ദൈവം ഇല്ലാത്ത ചടങ്ങുകൾ കണ്ട് മടുത്തിട്ടുണ്ടാവണം. പ്രകടനങ്ങളും, പ്രഹസനങ്ങളുമായി പലതും അരങ്ങ് തകർത്ത് നടന കലയുടെ പ്രദര്‍ശന വേദികൾ ആയി പല ആത്മീയ കൂട്ടായ്മകളും തരം തണാൽ തൽക്കാലം നിങ്ങൾ എല്ലാവരും വീട്ടിൽ ഇരുന്നാൽ മതി എന്ന് സകലത്തെയും നിയന്ത്രിക്കുന്ന അത്യുന്നതനായ ദൈവം വിചാരിച്ചാൽ അത് നീതിയായിട്ടെ കാണാൻ കഴിയും.

ദൈവം ഭൂമിയിൽ തന്റെ ഇഷ്ട്ടം നിറവേറ്റാനും, ദൈവീക ഗുണഭാവങ്ങളുടെ(സ്നേഹം,കരുണ,ദയ,ക്ഷമ,വിശുദ്ധി) മാതൃക ഭൂമിയിൽ വരച്ചു കാട്ടാനും ഭൂമിയിൽ ആക്കിവെച്ചിരിക്കുന്നത് സഭയെയാണ്.ലോകത്തിന്റെ നിലനിൽപ്പ് തന്നെ ദൈവ മക്കളുടെ സാന്നിദ്ധ്യം തന്നെയാണ്.സഭ തുടർമാനമായി അവയിൽ പരാജയപ്പെട്ടാൽ ജനങ്ങളെ മടക്കി കൊണ്ട് വരാൻ ചില അസാധാരണ നടപടികൾ സ്വീകരിച്ചാൽ ഞങ്ങൾ അങ്ങയിലേക്ക് യഥാസ്ഥാനപ്പെടുന്നു എന്ന വഴിയല്ലാതെ
വേറേ എന്ത് മാർഗ്ഗം ആണ് ഉളളത്.

ബൈബിളിൽ ഇതിനു സമാനമായ സംഭവങ്ങൾ
ഉണ്ടായിട്ടുണ്ട് ഉൽസവം ആചരിക്കാനും, യാഗം കഴിക്കാനും പ്രമാണം കൊടുത്ത ദൈവം, കൈകൂലി മേടിച്ചും,പാവങ്ങളെ ചൂക്ഷണം ചെയ്തും,ദുർനടപ്പിന് വിധേയപ്പെട്ടും,സുഖലോലുപന്മാരയി ജീവിച്ച അതേ ജനത്തോട് പിന്നീട് നിങ്ങളുടെ യാഗങ്ങളും ഉൽസവങ്ങളും വേണ്ട എന്ന് പറയുന്നുണ്ട്, കാരണം വചന വിരുദ്ധമായ കാര്യങ്ങൾ വെച്ചു പുലർത്തുന്നവന്റെ ഒരു യാഗവും ദൈവത്തിന് സ്വീകാര്യമല്ല.

പെന്തക്കോസ്തുക്കാർ മടങ്ങി വരേണ്ടുന്ന ചില പ്രധാനപ്പെട്ട മേഘലകൾ.

1.വചനത്തിലേക്ക് മടങ്ങി വരണം
ശരിയായ പത്ഥ്യ വചനം പ്രസംഗിക്കാതെ ജനങ്ങളെ വൈകാരികമായി ഈ ലോക വിഷയങ്ങളിൽ പുളകിതരാക്കുന്ന മാമ്മോന്റെ സുവിശേഷം അവസാനിപ്പിക്കണം. സഭകളിൽ പത്ഥ്യ വചനം പ്രസംഗിക്കണം. ദൈവ വചനം പ്രസംഗിക്കേണ്ടതിന് പകരം കഥയും കോമഡിയും പിന്നെ പാരഡിയും നടത്തി സമയം മിനക്കിടത്തിയതിന് ദൈവത്തോട് മാപ്പ് ചോദിക്കണം. ജനങ്ങളെ വശീകരിക്കാൻ പ്രസംഗ സമയത്ത് നിരന്തരം കരയുന്ന നാട്ട്യങ്ങൾ ഇനിയെങ്കിലും നിർത്താൻ തയ്യാറാകണം.

2. വിശുദ്ധിയിലേക്ക് മടങ്ങി വരണം
ശുദ്ധവും അശുദ്ധവും തമ്മിൽ വേതിരിച്ച് പഠിപ്പിക്കാത്ത പുരോഹിതന്മാരെ ദൈവം ശാസിക്കുന്നുണ്ട്. ലോക മയത്വത്തിന്റെ സ്വാധീനത്തിൽ നിന്നും,ജഡമോഹം, കൺമോഹം, ജീവനത്തിന്റെ പ്രതാപത്തിൽ നിന്നും ക്രിസ്തു കേന്ദ്രീകൃതമായി ജീവിക്കുന്നവന് വിശുദ്ധിയിൽ ജീവിക്കാൻ കഴിയും. പാപത്തോട് സന്ധിയില്ലാത്ത പോരാട്ടം നടത്തണം. വെളള വസ്ത്രത്തിലും, മീശ വടിക്കുന്നതിലും മാത്രം വിശുദ്ധി കാണാതെ, ജീവിതം വിശുദ്ധമാണോ എന്ന് പുനഃപരിശോധിക്കണം.

3. പക്കാ സഭാ രാഷ്ട്രീയം അവസാനിപ്പിക്കണം

കാലുവാരിയും കുതികാൽ വെട്ടിയും, അപരനെതിരെ കേസ് നടത്തിയും, തേജോവധം ചെയ്തും ,ബാബിലോണ്യ മതത്തിൽ നിന്നും വേർപ്പെട്ട കൂട്ടങ്ങളിലേക്ക് ചേക്കേറിയ സംഘടന സംവിധാനങ്ങളുടെ തലപ്പത്ത് വരുന്ന, നികൃഷ്ട പരിപാടി പാസ്റ്റർമാർ എന്ന് പറയുന്നവർ അവസാനിപ്പിക്കണം. ഒരു തലമുറ ഇതെല്ലാം കണ്ട് നശിച്ചു തുടങ്ങി. പരസ്പര സമവായത്തിലൂടെ വരുന്നവർ വരട്ടെ എന്ന് ചിന്തിക്കണം. ഇവയെല്ലാം നിമിത്തം ദൈവ നാമം അപമാനപ്പെടാൻ തുടങ്ങിയിട്ട് ദശകങ്ങൾ പിന്നിട്ടു. പാസ്റ്റർന്മാരും ഇത്തരം പ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കുന്ന ഉപജാപക സംഘങ്ങളും മാനസാന്തരപ്പെടണം. പാനൽ രാഷ്ട്രീയ കളി ഇനിയെങ്കിലും സംഘടന തരുന്ന അധികാരം പിടിച്ചടക്കാൻ ശ്രമിക്കുന്നവർ അവസാനിപ്പിക്കണം. സംഘടന തരുന്ന അധികാര ഉളളവന് ദൈവം കൊടുക്കുന്ന അധികാരം ഉണ്ടാകണമെന്ന് നിർബ്ബന്ധമില്ല.സംഘടനകൾ പ്രസ്ഥാന വൽക്കരിക്കപ്പെട്ടപ്പോൾ ആത്മീയവൽക്കരണം അനേക കാതം അകലെയായി.

4.മഹത്വം ദൈവത്തിന് കൊടുക്കണം

ആത്മീയ കൂട്ടായ്മകൾ എന്ന ലേബലിൽ ആളുകളെ വിളിച്ച് കൂട്ടിയിട്ട് പ്രസിഡന്റ്, സെക്രട്ടറി എന്നൊക്കെയുള്ള ബാബിലോണ്യ ചരക്കിന്റ മേന്മയിൽ നിന്നുകൊണ്ട് കാട്ടി കൂട്ടുന്ന ഒറ്റയാൻ പ്രകടനങ്ങൾ അവസാനിപ്പിക്കണം. വേദിയിലെ ആളുകളെ മഹത്വവൽക്കരിക്കുന്ന ദൈവം വെറുക്കുന്ന തരം താണ പരിപാടികൾ ശരിയല്ല എന്ന ബോദ്ധ്യം നമ്മേ ഇനിയെങ്കിലും ഭരിക്കണം.മാസ്ക്ക് വെച്ചില്ലെങ്കിൽ പുഴുവിന് ഇരയാകുന്ന മനുഷ്യനെ കുറിച്ച് എന്തോ പുകഴ്ത്താനാ. ദൈവത്തിന് മഹത്വം കൊടുക്കാതിരുന്ന ഹെരോദാവിനെ കൃപാകാലയളവിൽ ഒറ്റയടിക്ക് പുഴുവിന് ഇരയാക്കിയ ദൈവം ആണ് ഉയർത്തിൽ ഉള്ളത് എന്ന ഓർമ്മ ഇത്തരം ഘട്ടത്തിൽ നല്ലതാണ് .ദൈവം ഇനിയും ഒരവസരം തന്നാൽ ഇവയൊക്കെ മനസ്സിനെ മദിക്കുന്നത് ശുഭമായിരിക്കും.

5.പരമാർത്ഥമായി ദൈവത്തെ സേവിക്കുക

പല സഭകളും കേസും, വഴക്കും, കോലാഹലങ്ങളുമായി മുന്നോട് പോകുമ്പോൾ അവിടെ നടത്തപ്പെടുന്ന കൂട്ടായ്മയിൽ ആരൂടെ സാന്നിദ്ധ്യം ആണ് ഉണ്ടാവുക?. കാര്യസാദ്ധ്യത്തിനും, സ്ഥാനമാനങ്ങൾക്കു വേണ്ടിയൊക്കെ ദൈവത്തെ സേവിക്കുന്നത് ഒരു ചടങ്ങാകുമ്പോൾ ദൈവം ദുംഖിക്കുന്നു. ഒരേ അപ്പത്തിന്റെ അംശികൾ മുഷ്ട്ടി യുദ്ധം നടത്തിയും, നിയമ വ്യവഹാരങ്ങൾക്ക്, ഈലോകകോടതികൾ കയറി അലഞ്ഞ് ഹലേലൂയ്യാ പ്രയിസ്ത ലോർഡ് എന്ന് പറഞ്ഞ് അനേക നാളുകൾ മാനസാന്തരമില്ലാതെ പോയാൽ മടങ്ങി വരവിനുവേണ്ടി ദൈവം യുക്തിക്കധീതമായ സഹചര്യത്തിലൂടെ കടത്തിവിട്ടാൽ ദൈവത്തിങ്കലേക്ക് നോക്കാൻ തയ്യാറാകുകയാണ് വേണ്ടത്.

6. കളള പ്രവാചകന്മാരെ സഭയിൽ കയറ്റരുത്

കഴിഞ്ഞ ഏതാനും വർഷങ്ങൾ(കോവിഡ് പൂർവ്വ കാലം) കളള പ്രവാചകന്മാരുടെ ചാകര ആയിരുന്നു എന്തൊക്കെ ആയിരുന്നു ഫ്ളറിഷ് ആകാൻ പോകുന്നു ചെറിഷ് ആകാൻ പോകുന്നു…… ഇപ്പോൾ ജനങ്ങൾ ഒരോരുത്തരായി പെരിഷ് ആയികൊണ്ടിരിക്കുകയാണ് .ഭൗതീകം പറഞ്ഞ് ദൂത് പറയുന്ന ആരായാലും അവൻ ദൈവത്തിന്റെ യഥാര്‍ത്ഥ പ്രവാചകനല്ല. ഇങ്ങനെയുളള കളള പ്രവാചകന്മാരെ അടുപ്പിക്കാതിരിക്കുക. ദൈവത്തിങ്കലേക്കും, മാനസാന്തരത്തിനും വക നല്‍കുന്ന സന്ദേശം നല്‍കുന്നവരെ ചേർത്ത് നിർത്തണം.ജനങ്ങളെ ദൈവ സ്നേഹികളായി മാറ്റേണ്ടുന്നതിനും പകരം ലോക മോഹികളായി മാറ്റുന്ന ഏതു വലിയ ദാസനായാലും മാറി നിൽക്കുവാൻ പറയുക.

ദൈവം ആഗ്രഹിക്കുന്ന ദൈവത്തിന് പ്രസാദകരമായ പ്രവർത്തനങ്ങൾ നമ്മുടെ ഇടയിൽ ഉണ്ടാകേണ്ടുന്നതിനായി പ്രാർത്ഥിക്കാം . നമ്മുടെ പ്രശക്തിക്കും, പെരുമക്കും വേണ്ടി ഒന്നും ആകാതെ എന്തു ചെയ്താലും പ്രവൃത്തിച്ചാലും ദൈവ നാമം ദുഷിക്കപ്പെടാതെ,ദൈവ നാമ മഹത്വത്തിനുവേണ്ടി മാത്രം ആയിരിക്കും എന്ന് തീരുമാനമെടുക്കാം.എവിടെയെല്ലാം പരാജയപ്പെട്ടിട്ടുണ്ടോ അവ കണ്ടുണർന്ന് മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്ക് നോക്കാം.

സഭാ നേതൃത്വം മടങ്ങി വരട്ടെ, പാസ്റ്റർന്മാർ മടങ്ങി വരട്ടെ അതാത് ലോക്കൽ സഭകൾ വിശ്വാസികൾ മടങ്ങി വരട്ടെ. പണ്ടത്തെ പോലെ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്ന കൂട്ടങ്ങൾ ആയി നമ്മുടെ സഭകൾ മാറട്ടെ. ദൈവമേ ഞങ്ങൾ മടങ്ങി വരേണ്ടുന്നതിന് ഞങ്ങളെ മടക്കി വരുത്തേണമേ എന്ന് പ്രാർത്ഥിക്കാം.

പാസ്റ്റർ ബൈജു സാം
ദോഹ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.