ലേഖനം: നമ്മിൽ വ്യാപാരിക്കുന്ന ആത്മാവ്? | രാജൻ പെണ്ണുക്കര

ളരെ ചിന്തനീയമായ വിഷയം. പെട്ടെന്ന് തിരിച്ചറിയുവാനോ, ഏതെങ്കിലും മാനുഷിക മാനദണ്ഡങ്ങൾ വെച്ച് അളക്കുവാനോ കഴിയാത്ത പ്രതിഭാസം.

ആത്മീക ലോകത്തിനു ചീത്ത പേരുണ്ടാക്കുന്നതും, ആത്മീക ലോകത്തിന്റെ പരിപാവനതയേയും, മൂല്യങ്ങളേയും കാർന്നു തിന്നുന്നതും, മറിച് ചിന്തിച്ചാൽ അതുപോലെ ആത്മീക ലോകത്തിന്റെ വളർച്ചക്ക് അത്യന്താപേക്ഷിതമായ ഘടകം എന്നും പറയാം.

എന്നാൽ അതിനെ വിവേചിക്കാൻ, തിരിച്ചറിയാൻ, അതിന്റ ഫലത്താലോ, ദൈവകൃപയാലോ മാത്രമേ സാധ്യമാകു.

അതിന് ആമുഖമായി ചില സത്യങ്ങൾ പറഞ്ഞിട്ട് കാര്യത്തിലേക്കു കടക്കാം. ഏതു വൃക്ഷത്തെയും അതിന്റെ ഫലത്താൽ തിരിച്ചറിയാം എന്നു വചനവും പ്രകൃതിയും നമ്മേ പഠിപ്പിക്കുന്നു.

നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു. നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും, ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പ്പാൻ കഴിയില്ല. ഒന്നുകിൽ വൃക്ഷം നല്ലതു, ഫലവും നല്ലതു എന്നു വെപ്പിൻ; അല്ലായ്കിൽ വൃക്ഷം ചീത്ത, ഫലവും ചീത്ത എന്നു വെപ്പിൻ; ഫലം കൊണ്ടല്ലോ വൃക്ഷം അറിയുന്നതു. എത്ര സത്യമായ വചനങ്ങൾ.

ആകാത്തഫലം കായ്ക്കുന്ന നല്ല വൃക്ഷമില്ല; നല്ലഫലം കായ്ക്കുന്ന ആകാത്ത വൃക്ഷവുമില്ല എന്ന പ്രമാണം ഇരിക്കെ, അങ്ങനെ കയ്പ്പാൻ വൃക്ഷങ്ങൾ ശ്രമിച്ചാൽ തന്നേയും അതു തികച്ചും ഉപയോഗപ്രദം ആകുമോ എന്നതാണ് ചോദ്യം..

ഇനിയും ചർച്ചാവിഷയത്തിലേക്കു വരാം, നമ്മേ ഭരിച്ചു നടത്തുന്ന, അല്ലെങ്കിൽ നമ്മിൽ വ്യാപാരിക്കുന്ന ആത്മാവ് ഏത്?.

ഇന്നത്തെ, ഇപ്പോഴത്തെ ആത്മീക അന്തരീക്ഷവും പ്രവർത്തന രീതിയും പോക്കും വെച്ച് ഏതുവിധ ആത്മാവ് നമ്മിൽ ഓരോരുത്തരിലും, പ്രത്യകിച്ചു ആത്മീക മണ്ഡലങ്ങളിൽ വ്യാപാരിക്കുന്നു എന്നു തരം തിരിച്ചറിച്ചറിയേണ്ടിയിരിക്കുന്നു.

നമ്മിൽ വ്യാപാരിക്കേണ്ട ആത്മാവിന്റെ പ്രത്യേകതകൾ എന്തെല്ലാമെന്ന് ദൈവവചനം വളരെ വിശദമായി വള്ളി പുള്ളി തെറ്റാതെ അക്കമിട്ട് നിർവചിക്കുണ്ട്. അതാണ് നമ്മുടെ ചിന്താവിഷയത്തിന്റ അളവു കോൽ അഥവ മാനദണ്ഡം.

i) യഹോവയുടെ ആത്മാവ് ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു,
ii) ആലോചനയുടെയും ബലത്തിന്റെയും ആത്മാവു.
iii) പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ.
iv) അത് ഹൃദയം തകർ‍ന്നവരെ മുറികെട്ടുവാനും തടവുകാർ‍ക്കു വിടുതലും ബദ്ധന്മാർ‍ക്കു സ്വാതന്ത്ര്യവും അറിയിക്കുന്ന ആത്മാവു തന്നേ.
v) ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല,
vi) ശക്തിയുടെയും നിർവ്യാജ സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു.
vii) പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവ്.
viii) പരിജ്ഞാനവും വിവേകപൂർണ്ണതയുടെ സമ്പത്തും പ്രാപിചിട്ട് സ്നേഹത്തിൽ ഏകീഭവിച്ചിട്ടു ഹൃദയങ്ങൾക്കു ആശ്വാസം കൊടുക്കുന്ന ആത്മാവിനെ യാണ് ദൈവം നമ്മിൽ വ്യാപാരിക്കുവാൻ ആഗ്രഹിക്കുന്നത്.
ix) കൂടാതെ സകല സത്യത്തിലും വഴിനടത്തുന്ന സത്യത്തിന്റെ (സത്യം മാത്രം പറയുന്ന, സത്യമായത് മാത്രം ചെയ്യുന്ന) ആത്മാവിനെയാണ് അവൻ നിങ്ങളിൽ അയച്ചിരിക്കുന്നത്.
x) ഇതിലെല്ലാം അധികമായി, ആരും നശിച്ചു പോകാതിരിപ്പാൻ നമ്മുടെ കരങ്ങളെ മുറുകെ പിടിച്ചു സ്വന്തം മാറോടണച്ചു വെച്ചുകൊണ്ട്, നാം കൈവിട്ടു പോകാതെ, ആരും ഭിന്നിപ്പിച്ചു കളയാതെ ചേർത്തു നിർത്തി മകനെ മകളെ എന്നു വിളിക്കുന്ന പൊൻകരമുള്ള പരിശുദ്ധത്മാവിനെയല്ലേ നമ്മിൽ പകർന്നിരിക്കുന്നത് എന്നകാര്യം കൂടി അറിഞ്ഞിരിക്കണം.

ഈ ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം. ആണെന്നും ഓർക്കുക.

ഇവിടെ ഫലം എന്ന ഏകവചന പ്രയോഗത്തിൽ ഒൻപതു വിധ ബഹുപദ വിശേഷണ പ്രയോഗം ആണ് പരിശുദ്ധത്മാവ് കൂട്ടിച്ചേർത്ത് ഉപയോഗിച്ചിരിക്കുന്നത്. എന്നു വെച്ചാൽ ആ ഫലത്തിൽ ഒൻപതു ഗുണങ്ങളും അതിന്റ സത്തും (Essence) കൃത്യമായ അനുപാതത്തിൽ ഒട്ടും ഏറ്റക്കുറച്ചിൽ ഇല്ലാതെ ഉണ്ടായിരിക്കണം എന്നുച്ചുരുക്കം. അത് അൽപ്പമെങ്കിലും മാറിയാൽ ഫലം ഉപയോഗശൂന്യം.

ഇനിയും അൽപ്പം കാര്യങ്ങൾ ആകാം. ചിലപ്പോൾ ആരാധനയിൽ വരുമ്പോൾ തകർത്ത ആരാധനയുണ്ടാകാം, അവസാനം വരെ കണ്ണ് തുറക്കാതെ കരച്ചിലും, തോരാത്ത കണ്ണുനീരും കാണാം, കൈയടിച്ചു തകർക്കുന്നും ഉണ്ടാകാം, തകർക്കുന്ന അന്യഭാഷയും പ്രവചനവും, സാക്ഷ്യവും, പ്രസംഗവും, പ്രബോധനവും, ഉണ്ടാകാം. പക്ഷെ അതുകൊണ്ടെല്ലാം ആകണം എന്നില്ലല്ലോ..

ഒരനുഭവസാക്ഷ്യം ഓർമ്മ വരുന്നു. അനേക വർഷങ്ങളായി, നല്ല ഐക്യതയോടും സന്തോഷത്തോടും സമാധാനത്തോടും പോയ ഒരു പ്രാദേശിക സഭയിൽ ഒരു പുതിയ കുടുംബം അംഗങ്ങളായി ചേർന്നു. നല്ല സാമ്പത്തീകം ഉള്ള കുടുംബം, ദൈവവേലക്ക്‌ കണക്കില്ലാതെ സഹായം ചെയ്യുന്ന കുടുംബം. വന്ന് ഒരാഴ്ചക്കുള്ളിൽ അവർ സഭയുടെ മുൻനിരക്കാരും എല്ലാവരുടെയും കണ്ണിലുണ്ണികളും ആയി മാറി. സകല കലാവല്ലഭർ എന്നും കൂടി അവരെ വിളിച്ചാൽ പോലും ഒരുതെറ്റുമില്ല. കൂടാതെ ആരാധനയിൽ വന്നാൽ സഹോദരിക്ക് കണ്ണുനീരും കരച്ചിലും അന്യഭാഷയും മാത്രം. നാം സാധാരണ ഈ മാനദണ്ഡങ്ങൾ വെച്ചു നോക്കി തികഞ്ഞ ആത്മീകർ എന്നു വിലയിരുത്തും.

എന്നാൽ നിര്‍ഭാഗ്യമെന്നു പറയാം ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ, അവരുടെ ശ്രമത്താൽ, അവരിലെ വ്യാപാര ശക്തിയാൽ, സഭയിൽ ചെറുപ്പക്കാരുടെ ഒരു ഗ്രൂപ്പ്‌, സഹോദരിമാരുടെ ഒരു ഗ്രൂപ്പ്‌, ബാലൻമാരും ബാലികമാരും ചേരുന്ന ഒരു ഗ്രൂപ്പ്‌, പിക്നിക് ഗ്രൂപ്പ്‌, (പിന്നെ അവരുടെ പ്രിയപ്പെട്ടവരുടെ മാത്രം പ്രത്യേകം ഒത്തുചേരൽ, ജന്മദിനാഘോഷങ്ങൾ, ചായസൽക്കാരം, അവരുടെ മാത്രമായ പ്രത്യേക പിക്നിക് പരിപാടിയും, അങ്ങനെ കുറേ കലാപരിപാടികളും, കൂടാതെ തിരഞ്ഞെടുത്തവരുടെ മാത്രം നിരന്തര സെൽഫി പ്രദർശനവും മറ്റുമായി) അടുത്തത് ആർക്കും വേണ്ടാത്ത കുറേ വയസ്സന്മാരുടെ (बुजुर्ग लोग) ഗ്രൂപ്പ്‌, അങ്ങനെ പല പല ഗ്രൂപ്പ്‌ ആക്കി മാറ്റി. കൂടാതെ പഴയ വിശ്വാസികളും, പുതിയ വിശ്വാസികളും എന്ന രണ്ടു തട്ടും.

പ്രോത്സാഹനമാണ് മുഖ്യ ലക്ഷ്യം എന്നതാണ് അവർ നിരത്തിവെച്ച കാരണങ്ങൾ. ഒരുവിധത്തിൽ പറഞ്ഞാൽ അതേ എല്ലാവരും ചേർന്ന് കൈ അടിച്ചു പ്രോത്സാഹിപ്പിക്കേണ്ട സദുദ്ദേശമല്ലേ അവരുടേതെന്നു നിങ്ങൾക്കും തോന്നുന്നുവോ?.

എന്തിനേറെ പറയണം, സഭ പല തട്ടിലും ചേരിയിലും ആയി മാറി, ഒരു പൈശാചികമായ വേർ തിരിവിന്റെ അദൃശ്യമായ അതിർവരമ്പ്, അദൃശ്യ രേഖ, ഒരു അദൃശ്യ വിള്ളൽ, വിശ്വാസികളുടെ ഇടയിൽ രൂപപ്പെട്ടു എന്നു പറയുന്നതാകും വാസ്തവം.

ന്യുനപക്ഷത്തിൽ ചിലർക്കൊക്കെ ഈ പോക്ക് നന്നല്ല, ഈ രീതികൾ സഭയുടെ ഐക്യതയെ ബാധിക്കും, അതിനാൽ അവ തെറ്റായി തോന്നി, എന്നാൽ അധൈര്യം നിമിത്തവും അതു പറഞ്ഞാൽ വിലപ്പോകില്ല എന്നതുകൊണ്ടും അവർ പഞ്ചപുച്ഛം അടക്കി വീർപ്പുമുട്ടി കഴിഞ്ഞുപോന്നു.

എന്നാൽ നയിക്കുന്ന ശുശ്രുഷകന് അതിഷ്ടവും, ഒരു പക്ഷത്തിന്റെ ദൃഷ്ടികളിൽ അവ ശരിയും ആയിരുന്നു, കൂടാതെ അതിനെ തെറ്റുന്ന് അംഗീകരിക്കാനും മനഃപൂർവം അവർ തയ്യാറല്ലായിരുന്നു. അതിന് അവരുടെ പൂർണ്ണ ഒത്താശയും പ്രോത്സാഹനവും കൂടെ ഉണ്ടായാൽ പിന്നെ പറയണോ.

കൂടാതെ നയിക്കുന്ന ശുശ്രുഷകനിൽ വ്യാപാരിക്കുന്ന ആത്മാവിന് ആ അദൃശ്യ വിള്ളൽ, അതിർവരമ്പ് എന്തുകൊണ്ട് ബോധ്യപ്പെട്ടില്ല എന്നതും കൗതുകം. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ എന്ന ചൊല്ലുപോലെ ഭരിക്കുന്ന ശുശ്രുഷകന് വേണ്ടിയിരുന്നതും, ഏറെനാളായി കാത്തിരിന്നതും, ആഗ്രഹിച്ചതും അതു തന്നെയായിരിന്നു.

ഏതായാലും ഒത്തിരി കഠിനാധ്വാനം ഒന്നും ഇല്ലാതെയും ചെയ്യാതെയും കാര്യങ്ങൾ എളുപ്പത്തിൽ നടന്നു കിട്ടി. അപ്പോൾ സാമ്പത്തീകം ഉള്ള കുടുംബം വന്നതു കൊണ്ടും, അവർ സഭയിൽ കാലുവെച്ചതും കൊണ്ട് സഭക്ക് പ്രയോജനമോ, ദോഷമോ? അവരിലെ ഭിന്നിപ്പിക്കുന്ന ആത്മാവ് ദൈവസഭക്ക് അനുഗ്രഹമോ, ശാപമോ?. ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‍വിൻ എന്നു വചനം സ്‌പഷ്‌ടമായി പറയുമ്പോൾ അതിനു വിപരീതമായാണ് കാര്യങ്ങൾ സംഭവിക്കുന്നെങ്കിൽ ആ ആത്മാവിനെയും, ഫലത്തേയും അളക്കുന്ന മാനദണ്ഡം ഏത്?.

ഇതെല്ലാം കണ്മുൻപിൽ നടന്നു കൊണ്ടിരിക്കെ, പല പ്രവാചകന്മാർ സഭയിൽ വന്നുപോയി. എന്നാൽ അവർക്കും ഇതൊന്നും വെളിപ്പെട്ടില്ലായെന്നോ, അതൊ എല്ലാം അവർ അറിഞ്ഞിട്ടും മനഃപൂർവം വിവേചിച്ച് പറഞ്ഞില്ല എന്നോ, ഒന്നും വ്യക്തമാകുന്നില്ല. ഏതായാലും അവരും പല കാര്യങ്ങൾ പലരോടായി പറഞ്ഞു, ചിലരുടെയൊക്കെ കസേര നീണാൾ ഉറപ്പിച്ചിട്ടു പോയി. അപ്പോൾ അവിടെയും ഉത്തരം കിട്ടാതെ ഒരു ചോദ്യം അവശേഷിക്കുന്നു. അവിടെ അവരിൽകൂടി നടന്ന ആത്മാവിന്റെ ശുശ്രുഷ ഏതു തരം ആയിരുന്നു….

എന്നാൽ അവരുടെ ഈ വക പ്രവർത്തനങ്ങൾ, ശുശ്രുഷകൾ, പരിജ്ഞാനവും വിവേക പൂർണ്ണതയുടെ സമ്പത്തും പ്രാപിചിട്ട് സ്നേഹത്തിൽ ഏകീഭവിച്ച് ഹൃദയങ്ങൾക്കു ആശ്വാസം കൊടുക്കുന്നതും, സഭയുടെ ഐക്യത ഒട്ടും നഷ്ടമാക്കാതെ, സഭയെ ഭിന്നിപ്പിക്കാതെ ഒരുമിച്ചു ചേർത്തു നിർത്തുന്നതും, സഭാവിശ്വാസികൾ പരസ്പരം ഹൃദയം കൊണ്ട് അകന്നുപോകാതെ, മനുഷ്യരിൽ പാപബോധവും മനസാന്തരവും വരുത്തുന്ന ആത്മാവിന്റെ ഫലമല്ല പുറപ്പെടുവിച്ചതെങ്കിൽ അവർ പറഞ്ഞ അന്യഭാഷയും, അവരിൽ വ്യാരിക്കുന്ന ആത്മാവും ഏതെന്ന് നിങ്ങൾ തന്നേ നന്നായി വിലയിരുത്തുക.

ചിലർക്കു ഭയങ്കര പ്രസംഗം ഉണ്ട്, വലിയ ശുശ്രുഷയുണ്ട്, പ്രവചനം ഉണ്ട്, രോഗശാന്തിയുണ്ട്, ഭൂതത്തേ ഓടിക്കും, കോഴി പിടഞ്ഞു വീണു ചാകും, ശർദ്ദിപ്പിക്കും, അങ്ങനെ പലതരം ഉത്പന്നങ്ങൾ … എന്നാൽ സാമ്പത്തിക ഇടപാടിൽ അവിശ്വസ്തർ, പലതരം കള്ളങ്ങൾ പറഞ്ഞു മറ്റുള്ളവരുടെ മനസ്സിൽ സ്ഥാനവും, അനുകമ്പയും പിടിച്ചുപറ്റി, വൻതുക അടിച്ചു മാറ്റും, കൂടാതെ കാശ് കടം വാങ്ങി മുങ്ങിയാൽ പിന്നെ ആ വഴിയേ പോകില്ല, പിന്നെ റൂട്ട് മാറ്റി സഞ്ചരിക്കും.

പിന്നെയും വന്നു പണം കടം ചോദിച്ചിട്ട് കൊടുത്തില്ലായെങ്കിൽ സ്വയം നെഞ്ചത്ത് അടിച്ചിട്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നുപറഞ്ഞു പ്രാർത്ഥിക്കാതെ ഇറങ്ങിപോകുന്ന ആത്മാവിന്റെ വ്യാപാരം ഏതുതരം?.

ദുഷ്ടൻ വായ്പ വാങ്ങുന്നു തിരികെ കൊടുക്കുന്നില്ല; നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു (സങ്കി 37:21). ഇങ്ങനെയുള്ളവരിൽ ആത്മാവിന്റെ ഫലമായ വിശ്വസ്തത ഒട്ടുമില്ല എന്നല്ലേ തെളിയുന്നത്.

അപ്പോൾ ഒരു സംശയം ഇപ്പോഴും ബാക്കി നിൽക്കുന്നു. അല്പത്തിൽ വിശ്വസ്തത ഇല്ലാത്ത ഇവരെ അമൂല്യങ്ങളായ സ്വർഗീയ വരദാനങ്ങളെ, (നിധികളെ) എങ്ങനെ വിശ്വസ്തതയോടെ ഏൽപ്പിച്ചിട്ടു ദൈവം മനസമാധാനത്തോട് സ്വർഗത്തിൽ ഇരിക്കും എന്ന ചോദ്യത്തിന് ഇനിയും മറുപടി ലഭിക്കുന്നില്ല. അങ്ങനെയെങ്കിൽ ഇവർ കൊണ്ടുനടന്നു വ്യാപാരം ചെയുന്ന ഉത്പന്നങ്ങൾ (Products) ഏതുതരം?.

ദുഷ്ടന്റെ വീട്ടിൽ ഇനിയും അനീതിയുള്ള നിക്ഷേപങ്ങളും ശാപകരമായ കള്ളയളവും ഉണ്ടോ?
കള്ളത്തുലാസ്സും കള്ളപ്പടികൾ ഇട്ട സഞ്ചിയുമുള്ളവനെ ഞാൻ നിർമ്മലനായി എണ്ണുമോ?
നീ ഭക്ഷിക്കും; തൃപ്തി വരികയില്ല, വിശപ്പു അടങ്ങുകയുമില്ല; നീ നീക്കിവെക്കും; ഒന്നും സ്വരൂപിക്കയില്ലതാനും; നീ സ്വരൂപിക്കുന്നതു ഞാൻ വാളിന്നു ഏല്പിച്ചുകൊടുക്കും. (മിഖാ 6:10-14). വ്യാജത്തിന്റ ആശാന്മാരായ ഇവരിൽ വ്യാപാരിക്കുന്ന ആത്മാവ് ഏതെന്നു നിങ്ങൾ തന്നേ നിർവചിക്കേണ്ടിയിരിക്കുന്നു.

ചിലർ പ്രത്യേക സാഹചര്യവും, അഭിപ്രായ വ്യത്യാസവും വരുമ്പോൾ അത്രയും കാലം ശുശ്രുഷിച്ച, സേവിച്ച, കൈത്താങ്ങൽ കൊടുത്ത പ്രസ്ഥാനത്തെ, സഭയെ ഒരു സുപ്രഭാതത്തിൽ ഉപേക്ഷിച്ചു ഓടി പോകും. എന്നാൽ ഒരു കണക്കും കാര്യങ്ങളും പറഞ്ഞു തീർപ്പാക്കാതെ, ഒരു രേഖകൾ പോലും കൈമാറാതെ, ഒരു ചില്ലികാശുപോലും തിരിച്ചു കൊടുക്കാതെ, സ്തോത്രകാഴ്ച സഞ്ചി പോലും എടുത്തുകൊണ്ട് ദൈവത്തോടും ദൈവവേലയോടും അവിശ്വസ്‌തത കാണിച്ച്, കൈയിൽ ഉള്ളതുമായി പോയി അതിലെ കുറേ വിശ്വാസികളെയും കൂട്ടി, വേറെ പ്രസ്ഥാനത്തോടെ ചേരുകയോ, സ്വന്തമായി ഒരു വേല തുടങ്ങുന്നത് നാം സാധാരണ കാണാറുണ്ട്.

അപ്പോഴും അവരുടെ കരങ്ങളിൽ അവിശ്വസ്തതയുടെയും ചതിവിന്റെയും, വഞ്ചനയുടെയും പാപകറ മായാതെ കാണില്ലേ. ആ കൈകൊണ്ടു അപ്പം നുറുക്കിയാൽ അതു വിശുദ്ധമാകുമോ, ആ കരം തലയിൽ വെച്ച് അനുഗ്രഹിച്ചാൽ അനുഗ്രഹം വരുമോ?. അല്പത്തിൽ അവിശ്വസ്തത കാണിക്കുന്ന ഇവരെ അധികത്തിൽ എങ്ങനെ വിചാരകന്മാർ ആക്കി വലിയ ശുശ്രുഷ ദൈവം ഏൽപ്പിക്കും. അപ്പോൾ അവരിൽ ആവസിക്കുന്ന ആത്മാവ്യാപരം ഏതെന്നു തിരിച്ചറിയുക. ദൈവത്തിന് അവരോട് സഖ്യത ഉണ്ടാകുമോ, അവർക്ക് ദൈവം കൂട്ടു നിൽക്കുമോ എന്ന സംശയം ഇപ്പോഴും ബാക്കി.

നീ അല്പത്തിൽ വിശ്വസ്തൻ എങ്കിൽ, മറ്റുള്ളവരുടെ വിയർപ്പിന്റെയും അധ്വാനത്തിന്റെയും മണമുള്ള ഒരു ചില്ലി നന്മ പോലും എടുക്കാതെ എല്ലാം കൈമാറി, തുറന്ന കൈകളെ ഉയർത്തി പിടിച്ചു (hands up) വിട്ടുപോകണം, അതാണ് വിശ്വസ്തത. അപ്പോൾ ദൈവം നിന്നെയും നിന്റെ പുതിയ വേലയെയും മാനിക്കും. ഇല്ലെങ്കിൽ നിന്റെ ശുശ്രുഷയും, പ്രസംഗവും, നിന്റെ പിന്നീടുള്ള സുവിശേഷ വേലയും മറ്റും വെറും വട്ടപ്പൂജ്യം. അതിന് ദൈവത്തിന്റെ അംഗീകരമോ, അനുഗ്രഹമോ കാണില്ല കാണില്ല. പിന്നീടുള്ള നിന്റെ പ്രവർത്തനം വെറും വയറ്റിപിഴപ്പിനുവേണ്ടി മാത്രമേ ഉപകരിക്കു എന്നു കൂടി ഓർക്കുക നന്ന്.

നാം സത്യത്തിന്റെയും ന്യായത്തിന്റെ മുൻപിൽ മുഖം മറച്ചു, അസത്യത്തിനും, അന്യായത്തിനും, കാപട്യത്തിനും കൈയടിച്ച് പ്രോത്സാഹനം കൊടുക്കുന്നവരും ആയാൽ, സത്യം സത്യമെന്ന് അറിഞ്ഞിട്ടും സത്യത്തിന്റെ കൂടെ നിൽക്കാതെയും, സത്യത്തിന്റെ കൂടെ നിൽക്കാൻ ആഗ്രഹിക്കുന്നവരെ പോലും അധൈര്യപെടുത്തി, നിരുത്സാഹപ്പെടുത്തുന്നവരും, അല്ലെങ്കിൽ പൊതുജനത്തിന്റെ, സഭയുടെ മുന്നിൽ എഴുന്നേറ്റ് ഇത് തെറ്റ് ഇത് ശരി എന്നു പറയാൻ ധൈര്യവും പുരുഷത്വവും കാണിക്കാത്തവർ ആയി തീരുന്നു എങ്കിൽ (വെളിയിൽ വലിയ ന്യായവും ചട്ടവും പറയുന്നവർ), അങ്ങനെയുള്ളവരിൽ വ്യാപാരിക്കുന്ന ആത്മാവിനെയും നന്നായി വിവേചിക്കേണ്ടിയിരിക്കുന്നു.

പല ഭവനങ്ങളിൽ ഭർത്താക്കന്മാർ, നീതിക്കും, പ്രമാണത്തിനും, ന്യായത്തിനും സത്യത്തിനുവേണ്ടി നിൽക്കാനും പിന്തുണകൊടുക്കാനും തയ്യാറായാൽ, നിങ്ങൾക്ക് എന്തുവേണം എന്ന സ്ഥിരം പല്ലവി പറഞ്ഞു ഭാര്യമാർ അവരെ നിരുത്സാഹപെടുത്തും, അതുപോലെ തിരിച്ചും. സാധാരണ ഇങ്ങനെയല്ലേ എല്ലായിടത്തും നടക്കുന്നത്!!!. എന്നാൽ സത്യം , നീതി, ന്യായം, വെളിച്ചം എന്നൊക്കെയുള്ളത് ദൈവിക നാമത്തിന്റെ വിശേഷണ പദങ്ങൾ ആകുന്നു. അപ്പോൾ ദൈവവചന പ്രകാരം സത്യം എന്നത് ദൈവം ആകുന്നു. അങ്ങനെയെങ്കിൽ സത്യത്തെ പിന്തുണക്കാതെ അസത്യത്തെ കൂട്ടുപിടിച്ചാൽ അവർ ആരുടെ മക്കൾ, അങ്ങനെയുള്ളവർ ആരുടെ പക്ഷത്ത്?. ഒന്ന് സാവധാനം ചിന്തിക്കുക!!.

വചനം പറയുന്നു സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും. ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല നിങ്ങളിൽ പകർന്നത്. കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക എന്നു പഠിപ്പിച്ച ആത്മാവിനെ പ്രാപിക്കണം. അങ്ങനെ അയാൽ, നാം സത്യത്തിന്റെ പക്ഷത്തു നിൽക്കുന്നവർ എന്നു ഇതിനാൽ അറിയും (1യോഹ 3:18).

ദൈവവചനത്തിന്റ (1 കോരി 14:34-35) വ്യവസ്ഥ പ്രകാരം, ഒരുകൂട്ടർ ദൈവസഭയിൽ മിണ്ടാതിരിക്കുവാൻ നിഷ്കർഷിക്കുമ്പോൾ, അഥവാ അവർക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ പോലും മൌനമായിരുന്നു പൂർണ്ണാനുസരണത്തോടും കൂടെ പഠിക്കണം എന്നും, കൂടാതെ അവർ വല്ലതും പഠിപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ വീട്ടിൽവെച്ചു ഭർത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടേ; അവർ സഭയിൽ സംസാരിക്കുന്നതു അനുചിതമല്ലോ എന്ന നിബന്ധനകളും ഉണ്ടായിരിക്കെ, ദൈവ സഭയിൽ നടക്കുന്ന പല പൊതു ചർച്ചകളിൽ ദൈവീക വ്യവസ്ഥക്ക്‌ എതിരായി അവരുടെ കൂട്ടാളികൾ സഭയിൽ സന്നിഹിതരായിരിക്കെ എടുത്തുചാടി സംസാരിക്കുന്നതും കൈചൂണ്ടി ഇരിപ്പിടം വിട്ട്, മുന്നോട്ട് ചാടുന്നതും ഉചിതമോ, അഥവാ ശരിയായ നടപടിയോ?. കൂടാതെ ഇങ്ങനെയുള്ളവരിൽ വ്യാപാരിക്കുന്ന (അനുസരണകേടിന്റ) ആത്മാവിനെയും, അവരുടെ അന്യഭാഷയെയും, അവരുടെ ആത്മാവിലുള്ള പ്രവർത്തനത്തെയും, സഭയുടെ ഭരണകാര്യങ്ങളിൽ അവർ നടത്തുന്ന സ്വാധീനവും നിയന്ത്രണവും വിലയിരുത്തുക ആവശ്യമല്ലേ എന്നു തോന്നി പോകുന്നു..

കൂടാതെ, ഈ പെരുമാറ്റരീതികൾ വചന വിരുദ്ധമാണെങ്കിലും ശുശ്രുഷകർക്ക് വളരെ പ്രയോജനം ഉള്ളതാകകൊണ്ട് അങ്ങനെയുള്ള പ്രവർത്തന രീതികളെ താക്കീത് കൊടുക്കാതെ (വിലക്കാതെ) ഞാൻ ഇതൊന്നും അറിഞ്ഞിട്ടേയില്ല എന്ന മട്ടിൽ കണ്ണും കാതും അടച്ച്, അവർക്ക് പ്രത്യേകം പ്രോത്സാഹനവും, പ്രചോദനവും, കൈത്താങ്ങലും, പൂർണ്ണ പിന്തുണയും കൊടുക്കുന്നവരുടെ ആത്മീകതയേയും അവരിലെ വ്യാപാര ശക്തിയെയും കൂടി വചനാടിസ്ഥാനത്തിൽ നന്നായി വിവേചിക്കേണ്ടിയിരിക്കുന്നു.

അടുത്തകാലത്ത് ഒരാൾ പറഞ്ഞ സാക്ഷ്യം കേട്ടു, ഐയ്യോ അവരാ സഭയുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്, അതിനു അപ്പുറം ആർക്കും അനങ്ങാൻ കഴിയില്ല. എത്ര കാലം ശുശ്രുഷകൻ സഭയിൽ ഇരിക്കണം, ആരൊക്കെ ശുശ്രുഷകനായി വരണം, ശുശ്രുഷകൻ സഭയിൽ എന്തെല്ലാം ചെയ്യണം, സഭയിൽ ആരൊക്ക ഉണ്ടാകണം എന്നൊക്കെ. അതിനു വിപരീതമായി ആരെങ്കിലും നിന്നാൽ കൈകാര്യം ചെയ്യാൻ വേറെ ആളുകൾ റെഡിയായി നിൽപ്പുണ്ടെന്ന്. എന്തൊരു ആത്മാവിന്റെ വ്യാപാരം. ഇതൊക്കെ ചെയ്യുമ്പോൾ തന്നേ അവർ കുളക്കരയിൽ നിൽക്കുന്നതായിട്ടും, പ്രാവ് പറക്കുന്നതും, മേഘങ്ങളിൽ പറക്കുന്നതായിട്ടും ദർശനങ്ങൾ കാണുന്നു, പ്രവചിക്കുന്നു, പിന്നെ പല ഇതര സഭകളിൽ വലിയ ശുശ്രുഷക്കും പോകുന്നു. അപ്പോൾ ഇതെല്ലാം ശരിക്കും ഏതു ആത്മവിന്റെ വ്യാപാരം… ചിന്തിക്കുക, നിങ്ങൾ തീരുമാനിക്കുക.. ഇതെല്ലാം കർത്താവിന്റെ വരവിന്റെ ലക്ഷണണമല്ലേ..

വലിയ ആത്മീക ശുശ്രുഷയുണ്ട്, നല്ല വാഗ്ചാതുര്യവും, വാക്സാമർത്ഥ്യവും, പല അധികാര സ്ഥാനങ്ങൾ ഉണ്ട്, പല സഭകളിൽ ദീർഘാകാലം ഇരുന്നിട്ടുള്ള സേവന പരിചയം ഉണ്ടാകാം, എന്നാൽ തങ്ങളുടെ ജയത്തിനും നിലനിൽപ്പിനും വേണ്ടി വിശ്വാസികളെ പാലകായ് നാലു ദ്രുവത്തിലോട്ട് തിരിഞ്ഞിരിക്കുന്നതു പോലെയാണ് ആക്കി വെച്ചിരിക്കുന്നതെങ്കിൽ, അഥവാ വിശ്വാസികളിൽ ഉണ്ടായിരുന്ന ഒത്തൊരുമയേയും ഐക്യതയേയും അവരുടെ സ്വാർത്ഥമായ താൽപ്പര്യങ്ങൾക്കും, വിജയത്തിനും വേണ്ടി തകർത്ത് പാലകായുടെ സ്ഥിതിയിൽ ആക്കിതീർത്തു എങ്കിൽ അവരുടെ ശുശ്രുഷയും അവരിൽ വ്യാപാരിക്കുന്ന ആത്മാവ് ഏതു വിധമെന്നും സസൂക്ഷ്മം തിരിച്ചറിയേണ്ടിയിരിക്കുന്നു. അവർ ഭിന്നത ഉണ്ടാക്കുന്നവർ… ഇങ്ങനെ ഉള്ളവരോടു അകന്നു മാറുവിൻ (യൂദാ 1:19, റോമ16.17).

നിങ്ങളിൽ നിന്നും വരുന്നത് സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, വിശ്വസ്തത, സൗമ്യത, എന്നിവ ചേർന്ന ഫലമോ?. അതൊ സ്വന്തനത്തിന്റെയും, നിർവ്യാജ സ്നേഹത്തിൽ മുഴുകി ഏകീഭവിച്ചിട്ടു ഹൃദയങ്ങൾക്കു ആശ്വാസം കൊടുക്കുന്നതൊ, ഏഷണിയും നുണയും പറയാത്തതോ, കള്ളം പറയാത്തതോ, കൗശലവും, വക്രതയും, കാപട്യവും, ചതിവും, വഞ്ചനയും ഇല്ലാത്തതും, സത്യത്തിനും ന്യായത്തിനും വേണ്ടി നെഞ്ച് വിരിച്ചു നിൽക്കുവാൻ പ്രാഗല്പ്യം തരുന്നതും, സ്വാർത്ഥത തേടത്തതുമായ ആത്മാവാണോ. ബലഹീനരെ താങ്ങി, എല്ലാവരെയും ഒരുപോലെ ചേർത്തുനിർത്തി, ഭിന്നിപ്പിക്കാതെ, തെറ്റുകണ്ടാൽ അതിനെ തെറ്റെന്നു പറയാൻ ധൈര്യം തരുന്ന ആത്മാവിനെയാണോ പ്രാപിച്ചത് എന്നു ശോധന ചെയ്യേണ്ടിയിരിക്കുന്നു.

ചിലർ മറ്റുള്ളവരെ പ്രേരിപ്പിക്കാൻ, ഉത്തേജിപ്പിക്കാൻ, പ്രകോപിപ്പിക്കാൻ, ഇളക്കിവിടൻ (Instigate) വലിയ മിടുക്കരാണ്. അങ്ങനെയുള്ളവർ സാധാരണ പറയും ഒന്നും മറയ്ക്കരുത്, സത്യങ്ങൾ വെളിപ്പെടുത്തണം ഞങ്ങൾ കൂടെയുണ്ട്. എന്നാൽ തക്കസമയം വരുമ്പോൾ ഒന്നും അറിയാത്തവരെ പോലെ ഒഴിഞ്ഞുമാറി മറ്റുള്ളവരെ ബലിയാടാക്കി, ചതി കുഴിയിൽ ചാടിച്ചിട്ട് സ്വയം സ്ഥലം കാലിയാക്കി രക്ഷപെട്ട് നല്ല പിള്ളമാർ ആയി അഭിനയിച്ച് എല്ലാവരുടെയും പ്രീതിയും മാനവും നേടിയെടുക്കും.

നിന്റെ സഹോദരനെയോ കൂട്ടുകാരനെയോ ചതിക്കരുത്. ഇങ്ങനെ വക്രതയുള്ളവൻ യഹോവെക്കു വെറുപ്പാകുന്നു; നീതിമാന്മാർക്കോ (സത്യം പറയുന്നവനോട് ) അവന്റെ സഖ്യത ഉണ്ടു. അപ്പോൾ ഇങ്ങനെയുള്ളവരിൽ വ്യാപരിക്കുന്ന ആത്മാവ് ഏതെന്നു ഒരാത്മീകൻ തീർച്ചറിയണം.

ഒരു സംഘടനക്ക്‌ മറ്റൊരു സംഘടനയെ ഇഷ്ടമല്ല, അവർ പരസ്പരം ശത്രുക്കൾ, അങ്ങോട്ടും ഇങ്ങോട്ടും കുറ്റവും കുറച്ചിലും കണ്ടുപിടിക്കുന്നവർ, അവരോടു ചോദിച്ചാൽ ഇരുകൂട്ടരും പറയുന്നേ ഞങ്ങൾ കർത്താവിന്റെ വേലയാണ് ചെയ്യുന്നത്. അപ്പോൾ ഒരു സംശയം ഇവരിൽ വ്യാപാരിക്കുന്ന ആത്മാവ് ഏതുതരം, ഒന്നും മനസ്സിലാകുന്നില്ല.

ഒരേ സോണിൽ, ഒരേ നേതൃത്വത്തിൻ കീഴിൽ പ്രവർത്തിക്കുന്നവർ തമ്മിൽ പരസ്പരം തോൽപ്പിക്കാനുള്ള അശ്രാന്തപരിശ്രമവും, വടം വലിയും, വേലവെപ്പും, മത്സരവും, കാണുവാൻ കഴിയും. നേതൃത്വത്തിന്റെ ആജ്ഞകൾക്ക് അല്ലെങ്കിൽ ഉത്തരവുകൾക്ക് പുല്ലിന് സമാനമായ വില കൊടുക്കുന്നവർ… എന്നിട്ടും ഇവർ ഒരുമിച്ചോരു സ്റ്റേജിൽ കയറിയാൽ പിന്നെ തികഞ്ഞ ആത്മീക ശുശ്രുഷയും അപ്പം നുറുക്കലും പ്രാർത്ഥനയുമാണ്. ഇവരും ചെയ്യുന്നത് ആരുടെ വേല, ഇവരിൽ വ്യാപാരിക്കുന്നത് ഏതു തരം ആത്മാവ് എന്നു നന്നായി മനസ്സിലാക്കേണ്ടിയിരിക്കുന്നു.

നാം വിവേചനാവരം പ്രാപിക്കേണ്ടിയിരിക്കുന്നു. നല്ലതും തീയതും, വ്യാജവും തിരിച്ചറിയേണ്ടിയിരിക്കുന്നു. ആ നല്ല ആത്മവിനായി പ്രാർത്ഥിക്കാം.

നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു (മുകളിൽ പറഞ്ഞവയെല്ലാം) വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിന്തുടരുക. വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക, നീ നിഷ്കളങ്കനും നിരപവാദ്യനുമായി (നിരുപദ്രവകാരി, തിന്‍മ തീണ്ടിയിട്ടില്ലാത്തവൻ, ശുദ്ധന്‍, നിരപരാധി, നിര്‍ദോഷി) ഈ കല്പന നമ്മുടെ കർത്താവായ യേശുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചു കൊള്ളേണം (1തിമോ 6:11-13).

ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല (1കോരി 2:15) നമ്മേ ആരും കുറ്റം വിധിക്കാതിരിക്കട്ടെ. ഇങ്ങനെയുള്ള അവസ്ഥയാണ് നമ്മിൽ എപ്പോഴും കാണേണ്ടിയത്.

ഒന്നു സ്വയം ശോധന ചെയ്യാം, നല്ലതിനെ മുറുകെപിടിക്കാം,
ആരാലും വിവേചിക്കപ്പെടാതെ, നിരപവാദ്യനുമായി ജീവിക്കാം.
നിഷ്കളങ്കനായി നടന്നു നീതി പ്രവർത്തിക്കാനും, ന്യായം മറിച്ചുകളയാതെ സൂക്ഷിച്ചു പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും അല്ലേ ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നത്.

അങ്ങനെ എങ്കിൽ ദൈവവചനത്തിലൂടെ പരിശുദ്ധത്മാവ് നമ്മോടു ചോദിക്കുന്ന ഈ ചോദ്യങ്ങൾക്ക് സ്വയം ഉത്തരം കണ്ടെത്താം…..
ഉറവിന്റെ ഒരേ ദ്വാരത്തിൽനിന്നു മധുരവും കൈപ്പുമുള്ള വെള്ളം പുറപ്പെട്ടു വരുമോ?……
സഹോദരന്മാരേ, അത്തിവൃക്ഷം ഒലിവുപഴവും മുന്തിരിവള്ളി അത്തിപ്പഴവും കായിക്കുമോ?…….
മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ?……
ഞാൻ നിന്നെ വിശിഷ്ട മുന്തിരി വള്ളിയായി, നല്ല തൈയായി തന്നേ നട്ടിരിക്കെ നീ എനിക്കു കാട്ടുമുന്തിരി വള്ളിയുടെ തൈയായ്തീർന്നതു എങ്ങനെ?…..ഇതിന്റെ യഥാർത്ഥ ഉത്തരങ്ങൾ നിങ്ങളുടെ ആത്മിക ജീവിതത്തിലെ അനുഭവങ്ങൾ ആയിരിക്കാം….

എന്നാൽ നാം മറ്റുള്ളവർക്ക് തണലായും, നല്ല സുഗന്ധം പരത്തുന്ന ആത്മാവിന്റെ പൂക്കൾ പൂത്തുലയുന്നതും, നല്ല മധുരമുള്ള ഫലങ്ങൾ കായ്ക്കുന്നതുമായ വൃക്ഷം പോലെ വളരാം, പടർന്നു പന്തലിക്കാം.

അധികമായാൽ വായന ക്ഷീണം ഉണ്ടാക്കും. ബാക്കി ഉടൻ പ്രതീക്ഷിക്കാം…..

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.