ശുഭദിന സന്ദേശം: അലംഭാവം അലസഭാവം | ഡോ. സാബു പോൾ

അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും”(1തിമൊ.6:6).

post watermark60x60

ഒരു വിവാഹ ശുശ്രൂഷയിൽ വചന ശുശ്രൂഷ നിർവ്വഹിക്കുന്ന ദൈവദാസൻ തുടക്കത്തിൽ തന്നെ പറഞ്ഞു:
”വിവാഹ ശുശ്രൂഷയിൽ വചന ശുശ്രൂഷ വളരെ അനുചിതമാണ്.”

ഞെട്ടിപ്പോയി….!

Download Our Android App | iOS App

….പിന്നെന്തിനാണ് അനുചിതമായ ഒരു കാര്യം ഈ ദൈവദാസൻ ചെയ്യുന്നത്?

തുടർന്ന് അദ്ദേഹത്തിൻ്റെ വാക്കുകൾ ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലായത് വിവാഹ ശുശ്രൂഷയിൽ തിരുവചന സന്ദേശം തീർച്ചയായും വേണം, അത് അത്യുത്തമമാണ് എന്നത്രേ പ്രഭാഷകൻ ഉദേശിച്ചത്‌.

അനുചിതം എന്നാൽ ‘ഉചിതമല്ലാത്തത്’ എന്നാണർത്ഥം. പക്ഷേ, പ്രസംഗകൻ മനസ്സിലാക്കിയിരിക്കുന്നത് അനുചിതം എന്നാൽ ‘ഏറ്റവും ഉചിതം’ എന്നായിരുന്നു.

മേൽപ്പറഞ്ഞ വാക്കിനെക്കാൾ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ബൈബിൾ പദമാണ് അലംഭാവം എന്നത്.
”ആരും അലംഭാവത്തോടെ ഇരിക്കരുത്!” എന്നൊക്കെ പല സമ്മേളനങ്ങളിലും നമ്മൾ പറഞ്ഞു കേട്ടിട്ടുണ്ട്. ‘അലസതയോടെ അല്ലെങ്കിൽ അനാസ്ഥയോടെ ഇരിക്കരുത്’ എന്നാണ് പറയുന്നയാൾ അർത്ഥമാക്കുന്നത്. അങ്ങനെയൊരർത്ഥം അലംഭാവത്തിനുണ്ട് താനും.

എന്നാൽ ഇന്നത്തെ വേദഭാഗത്ത് contentment എന്ന ആംഗലേയ പദമാണ് നൽകിയിരിക്കുന്നത് ‘സംതൃപ്തി’, ‘ആത്മസംതൃപ്തി’ എന്നൊക്കെയാണ് ഈ പദത്തിൻ്റെ അർത്ഥം.
”ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ട്”(ഫിലി.4:11) എന്ന വാക്യത്തിലും content(സംതൃപ്തി) എന്ന പദമാണ് നൽകിയിരിക്കുന്നത്. ഏതു സാഹചര്യത്തിലും സംതൃപ്തിയോടിരിക്കാൻ താൻ പഠിച്ചിട്ടുണ്ടെന്നാണ് പൗലോസ് ശ്ലീഹ അർത്ഥമാക്കുന്നത്.

തന്റെ നിജപുത്രനായ തിമൊഥെയോസിന് ലേഖനമെഴുതുമ്പോൾ ‘ദൈവഭക്തി ആദായ സൂത്രം എന്ന് വിചാരിക്കുന്ന’ അന്യഥാ ഉപദേശിക്കുന്നവരെക്കുറിച്ച് പറഞ്ഞിട്ടാണ് ‘അലംഭാവത്തോടു കൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നു താനും’ എന്ന്
പൗലോസ് സൂചിപ്പിക്കുന്നത്.

യേശുക്രിസ്തുവിൻ്റെ പത്ഥ്യവചനത്തെ അനുസരിക്കാതെ തെറ്റായ ഉപദേശം പ്രചരിപ്പിക്കുന്നവരാണ് ദൈവഭക്തിയെ ആദായം നേടാനുള്ള അവസരമാക്കുന്നത്. അവരുടെ ലക്ഷ്യം ദ്രവ്യാഗ്രഹമാണ്. അവർ പ്രസംഗിക്കുന്നതും ലക്ഷ്യമാക്കുന്നതും അനുഗ്രഹം(Prosperity) മാത്രമാണ്.

എന്നാൽ ആത്മസംതൃപ്തിയോടെ ദൈവഭക്തരായിരിക്കുന്നവർക്ക് വലിയ നന്മ ഉണ്ടുതാനും. അത് ഇഹത്തിലും അതിലുപരി പരത്തിലും നിലനിൽക്കുന്ന ആദായമാണ്.

സമാനമായ മറ്റൊരു പരാമർശവും ഇതേ ലേഖനത്തിൽ പൗലോസ് നൽകുന്നുണ്ട്. ശരീരാഭ്യാസം കൊണ്ട് അല്പ പ്രയോജനമുണ്ട്. എന്നാൽ ദൈവഭക്തി ഇപ്പോഴത്തെയും വരുവാനിരിക്കുന്നതിൻ്റെയും വാഗ്ദത്തം ഉള്ളതാകയാൽ സകലത്തിനും പ്രയോജനകരമാണ്(4:8)

പ്രിയമുള്ളവരേ,
അല്പം പ്രയോജനമോ, സകലത്തിലും പ്രയോജനമോ?
അല്പം ആദായമോ, വലുതായ ആദായമോ? ഏതാണ് തിരഞ്ഞെടുക്കുക…?
ഇന്ന് ആത്മീകർ എന്നഭിമാനിക്കുന്നവർ പോലും അല്പപ്രയോജനമുള്ള താത്ക്കാലികമായ കാര്യങ്ങളുടെ പിന്നാലെ ഓടുകയാണ്. പിശാചിൻ്റെ തന്ത്രമാണതെന്ന് അവർ തിരിച്ചറിയുന്നില്ല.
നമുക്ക് ശരിയായ ദൈവഭക്തിയെ പിന്തുടരാം….!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-ADVERTISEMENT-

You might also like