ലേഖനം: ചെറിയ ആട്ടിൻകൂട്ടവും, കൊടിയ ചെന്നായ്ക്കളും | ജോസ് പ്രകാശ്

ആളുകളെ വിവരിക്കുന്നതിന് പലപ്പോഴും യേശു കർത്താവ് ആടുകളുടെ ഉപമാനം ഉപയോഗിച്ചിരുന്നു. കുഞ്ഞാടുകൾ, ആടുകൾ, ആട്ടിൻകൂട്ടം തുടങ്ങിയ വാക്കുകൾ സുഗമമായ ആശയ വിനിമയത്തിനു വേണ്ടി അവിടുന്ന് ഉപയോഗിച്ചിട്ടുണ്ട്.

post watermark60x60

വിശുദ്ധ തിരുവെഴുത്തുകളിൽ
പ്രഥമമായി, ദൈവജനത്തെയും (ഇസ്രായേൽ) വിശ്വാസികളെയും (സഭ) ചെമ്മരിയാടിനോടും (sheep), അവിശ്വാസികളെ കോലാടുകളോടും (goats) പ്രതീകപ്പെടുത്തിയുള്ള യേശുവിന്റെ പരാമർശങ്ങൾ നമുക്ക് കാണുവാൻ കഴിയും.

ആടുകൾ സാധാരണയായി സൗമ്യവും ശാന്തവും നിരപരാധിയുമായ മൃഗങ്ങളാണ്. അവർ ആരെയും ആക്രമിക്കാറില്ല, ആർക്കും ഭീഷണിയുമല്ല. എന്നാൽ ചെന്നായ്ക്കൾ വളരെ അപകടകാരികളാണ്.
ആടുകൾക്ക് ചെന്നായ്ക്കൾ എക്കാലവും ഭീഷണിയാണ്. അവ കടിച്ചുകീറുകയും ചിതറിക്കുകയും ചെയ്യുന്നു.

Download Our Android App | iOS App

ക്രിസ്തു ശിഷ്യരായ നമ്മെ ഭീഷണിപ്പെടുത്തുവാൻ സുവിശേഷ വിരോധികളായ ചെന്നായ്ക്കളും വ്യാജോപദേത്തിലേക്ക് വലിച്ചിഴക്കുവാൻ ആട്ടിൻതോലിട്ട ചെന്നായ്ക്കളുമുണ്ട്. എന്നാൽ ”ചെറിയ ആട്ടിൻ കൂട്ടമേ, ഭയപ്പെടരുത്”! എന്ന വീര്യമുള്ള ഗുരുമൊഴി നല്ല ഇടയനായ യേശുവിനെ അനുഗമിക്കുന്നവർക്കുള്ള സന്ദേശമാണ്.

ഇടയ ശ്രേഷ്ഠനായ യേശുനാഥനെ അനുധാവനം ചെയ്യുന്ന സർവ്വലോകത്തിലേയും സമർപ്പിത ശിഷ്യഗണമാണ് ഈ തലമുറയിലെ ചെറിയ ആട്ടിൻകൂട്ടം.
നാം ലോകത്തിന്റെ ദൃഷ്ടിയിൽ ചെറിയ കൂട്ടമെങ്കിലും വലിയ, ശ്രേഷ്ഠനായ ഒരു ഇടയനാണ് നമുക്കുള്ളത്. ചുരുക്കത്തിൽ, ചെറിയ ആട്ടിൻ കൂട്ടത്തിനും കൊടിയ ചെന്നായ്ക്കൾക്കും നടുവിൽ നിലകൊള്ളുന്ന വലിയ ഇടയന്റെ ഇടവിടാതെയുള്ള സാനിദ്ധ്യമാണ് നമുക്കുള്ള ധൈര്യവും ആശ്വാസവും.

നല്ല ഇടയൻ വന്നത് ജീവൻ കൊടുക്കുവാനും കൊടിയ ചെന്നായ് വരുന്നത് ജീവൻ എടുക്കുവാനുമാണ്. ഇവിടെയും ഭയപ്പെടേണ്ടതില്ല കാരണം നാം വലിയ ഇടയന്റെ ഉടമസ്ഥതയിൽ സുരക്ഷിതരാണ്. ആർക്കും നമ്മെ തന്റെ കയ്യിൽ നിന്നും പിടിച്ചു പറിക്കുവാൻ സാധ്യമല്ല.

കടിച്ചുകീറുന്ന ചെന്നായ്ക്കളുടെ സ്വഭാവമുള്ള കള്ള പ്രവാചകന്മാരെയും മറഞ്ഞിരുന്ന് ആക്രമിക്കുന്ന ചെന്നായ്ക്കളോട് സാമ്യമുള്ള മനുഷ്യരെയും (സുവിശേഷ വിരോധികളെ) സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് തന്റെ അനുഗാമികൾക്ക് ഗരുനാഥൻ നൽകിയിട്ടുണ്ട്
(മത്തായി -7:15;10:16-17).

വിപരീത ഉപദേശം പ്രസ്താവിക്കുന്നവരെ
ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ എന്നാണ് അപ്പൊസ്തലനായ പൗലോസ് വിശേഷിപ്പിച്ചിരിക്കുന്നത്
(പ്രവൃത്തികൾ 20:28-30). അവരിൽ നിന്നും നമ്മെയും നമ്മുടെ അദ്ധ്യക്ഷതയിലുള്ള ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചു കൊൾവാനും താൻ താക്കീത് ചെയ്തിട്ടുണ്ട്. എന്തുകൊണ്ടെന്നാൽ വലിയ ഇടയനായ ക്രിസ്തുവിന്റെ ആഗ്രഹം ആടുകളുടെ ആരോഗ്യവും വിപരീതോപദേശം പ്രസ്താവിക്കുന്ന കൊടിയ ചെന്നായ്ക്കളുടെ ദുരാഗ്രഹം ആടുകളുടെ ആദായവുമാണ്.

ആകയാൽ ആടുകളുടെ വേഷത്തിൽ ആലയിലേക്ക് (സഭയിൽ) നുഴഞ്ഞു കടക്കുവാൻ ശ്രമിക്കുന്ന കപടഭക്തിക്കാരായ കൊടിയ ചെന്നായ്ക്കളെ തിരിച്ചറിയുവാൻ നാം അതീവ ജാഗ്രത പാലിക്കണം.

ഒരിക്കൽ യേശു കർത്താവ് താൻ നിയമിച്ച എഴുപത് പേരടങ്ങുന്ന അജഗണളുടെ സംഘത്തെ (ശിഷ്യന്മാരെ) ഈരണ്ടു പേരെ വീതം ചെന്നായ്ക്കളുടെ (അവിശ്വാസികളുടെ) നടുവിലേക്ക് നിയോഗിച്ച് അയച്ചു. ”ഞാൻ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോട് കൂടെയുണ്ടെന്ന് ” അരുളിയ ഇടയന്റെ സാന്നിദ്ധ്യവും അവിടുന്ന് നൽകിയ ആത്മീയ അധികാരവും ഇടവിടാതെ അവരോട് കൂടെ ഉണ്ടായിരുന്നതിനാൽ ആ എഴുപത് പേരും സന്തോഷത്തോടെ മടങ്ങി വന്നു.

ചെന്നായി കടിച്ചു കീറുന്നു എന്നാൽ ഇടയൻ മുറിവുണക്കുന്നു.
കൂട്ടിച്ചേർക്കുന്ന നല്ല ഇടയനായ ക്രിസ്തുവിന്റെ കയ്യിൽ നിന്നും നമ്മെ ചിതറിച്ചു കളയുവാൻ ചെന്നായ്ക്കളുടെ കൂട്ടത്തിന് കഴിയില്ല. സ്വന്തം ജീവൻ നൽകിയ ഇടയൻ മുമ്പേ നടന്നു സദാ വഴികാട്ടിടുമ്പോൾ പിമ്പേ വരുന്ന ദുർശക്തികൾ അമ്പേ പരാജയപ്പെടും.

ഈ മഹാമാരിയുടെ കെടുതിയിൽ വഴിയിൽ വലയാതെ നമ്മെ സൂക്ഷിക്കുവാൻ വലിയ ഇടയൻ നമ്മോട് കൂടെയുണ്ട്. ആകയാൽ ആത്മാക്കളുടെ ഇടയനായ അവിടുത്തെ ശബ്ദം കേട്ട് ആ ചുവടുകളെ അനുഗമിച്ചാൽ; ചെന്നായ്ക്കൾ ആകുന്ന ശത്രുക്കൾ കാണ്ങ്കെ വിരുന്നൊരുക്കി, ഈ ചൂടേറിയ മരുവിൽ നമ്മുടെ പ്രാണനെ തണുപ്പിച്ച് നീതി പാതകളിലൂടെ നിർഭയമായി വഴി നടത്തി ബാലശിക്ഷകളിലൂടെ വിശുദ്ധീകരിച്ച് പിന്നെത്തേതിൽ നമ്മെ അവിടുത്തെ മഹത്വത്തിലേക്ക് കൈക്കൊള്ളുകയും ചെയ്യും.

ജോസ് പ്രകാശ്

-ADVERTISEMENT-

-ADVERTISEMENT-

You might also like