ഇനി ആ കണ്ണുകൾ എന്നെ കാണില്ല.. ഇനി എനിക്ക് ചേർത്തു പിടിക്കാൻ അവളില്ല : ഭാര്യയെ കുറിച്ച് ഹൃദയം തകർക്കുന്ന കുറിപ്പുമായി ജേക്കബ് വർഗ്ഗീസ്

അവള്‍ മണലാരണ്യത്തിലേക്ക് യാത്രയായത് പ്രിയപ്പെട്ടവരെയൊക്ക കൈ വീശി കാണിച്ചുകൊണ്ട് ആയിരുന്നു. തിരികെ എത്തുമ്പോള്‍ കൈ നിറയെ സമ്മാനം നല്‍കണമെന്ന് അവള്‍ സ്വപ്‌നം കണ്ടിരുന്നിരിക്കണം. പക്ഷേ മലയാളി സ്റ്റാഫ് നഴ്‌സായ സുബി ജേക്കബിന് വിധി കാത്ത് വെച്ചിരുന്നത് മറ്റൊരു ദുരന്തമായിരുന്നു. സൗദിയില്‍ എത്തി ക്വാറന്റീന്‍ പൂര്‍ത്തിയാക്കി ജോലി സ്ഥാലമായ ജിദ്ദയിലേക്ക് പോകവെ വാഹനാപകടത്തില്‍ സുബിയും സുഹൃത്തായ അഖിലയും മരണപ്പെടുകയായിരുന്നു. ഈ വിയോഗ വാര്‍ത്തയില്‍ പ്രവാസി സുഹൃത്തുക്കളും പ്രിയപ്പെട്ടവരും അടക്കം നിരവധി പേര്‍ കണ്ണീരണിഞ്ഞു. സുബി ജേക്കബിന് ആദരമര്‍പ്പിച്ച് ജേക്കബ് വര്‍ഗീസ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

കുറിപ്പ് ഇങ്ങനെ, ഞങ്ങള്‍ ഒരുമിച്ചുള്ള അവസാനത്തെ സെല്‍ഫി..എന്റെ പിറന്നാളിന് അവള്‍ ഡല്‍ഹിയില്‍ നിന്നും മേടിച്ചു സൂക്ഷിച്ചു വെച്ചിരുന്ന അവളുടെ പിറന്നാള്‍ സമ്മാനം ആയ ആ ഷര്‍ട്ടും ഇട്ടു വീടിന്റെ പുറതോട്ടു ഇറങ്ങിയപ്പോള്‍ കുഞ്ഞിനുള്ള പാല്‍ കുപ്പിയും കയ്യില്‍ പിടിച്ചോണ്ട് അവള്‍ ഓടി എന്റെ അടുത്തു വന്നു എന്നെ കാണാന്‍.. ഞാന്‍ പറഞ്ഞു വാ ഒരു സെല്‍ഫി എടുക്കാം.. അവള്‍ ഒഴിഞ്ഞു മാറി നാണം ആയിരുന്നു അവളുടെ മുഖത്തു.. അവളുടെ ഡ്രസ്സ് കൊള്ളില്ലത്രേ.. എന്നിട്ടും ഞാന്‍ ബലമായി അവളെ പിടിച്ചു എന്റെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തി ഒരു ഫോട്ടോ എടുത്തു..
എടുത്തു കഴിഞ്ഞപ്പോള്‍ ആണ് കണ്ടത് അവളുടെ സ്‌നേഹം തുളുമ്പുന്ന ആ കണ്ണുകള്‍ ക്യാമറയില്‍ ആയിരുന്നില്ല എന്റെ മുഖത്തേക്ക് ആയിരുന്നു എന്ന്.. ഇനി ആ കണ്ണുകള്‍ എന്നെ കാണില്ല.. ഇനി എനിക്ക് ചേര്‍ത്തുപിടിക്കാന്‍ അവള്‍ ഇല്ല… സൗദിയിലുള്ള എയര്‍പോര്‍ട്ടിലെ കാര്‍ഗോ കൂമ്പാരങ്ങളുടെ ഇടയില്‍ കെമിക്കലുകള്‍ നിറച്ച പെട്ടിക്കുള്ളില്‍ ഒന്നു ചലിക്കാന്‍ പോലും ആകാതെ എന്നെയും കാത്തു അവള്‍ കിടപ്പുണ്ട്… നാളെ അവള്‍ എത്തും എന്നെ കാണാന്‍. അവള്‍ക്കു ഞങ്ങളെ കാണാന്‍ കഴിയുമോ എന്നറിയില്ല പക്ഷെ ഞാനും ന്റെ ഹന്നാമോളും അവളെ കാണും ഞങ്ങളുടെ അവസാനത്തെ കൂടി കാഴ്ച..
ഞാനൊന്നു വിളിച്ചു നോക്കാം അവള്‍ ഒന്നു ഉണര്‍ന്നാലോ… എനിക്ക് എന്റെ സുമോളെയും ഹന്നാമോള്‍ക് അവളുടെ മമ്മിയെയും തിരിച്ചു കിട്ടിയാലോ.. പാഴ്ശ്രമം ആണെന്ന് അറിയാം എന്നാലും ഒരു അവസാന പ്രതീക്ഷ…. ആദരാജ്ഞലികള്‍…

-Advertisement-

You might also like
Comments
Loading...