ലേഖനം: മറക്കുന്ന പ്രമാണിമാർ | പാസ്റ്റർ ജെൻസൻ ജോസഫ്

ഉള്ളിലെ നീറ്റൽ അടങ്ങുന്നില്ല… നെഞ്ചിൽ വലിയ ഭാരം ഇരിക്കുന്നതുപോലെ…. തൊണ്ടവറ്റി നാവെടുക്കാൻ കഴിയുന്നില്ല…
എത്ര ശ്രെമിച്ചിട്ടും നിർത്തുവാൻ കഴിയാതെ കണ്ണുകൾ നിറയുന്നു…
കൈകൾ വിറയ്ക്കുന്നു….
ഞാൻ തളർന്നു വീഴുമോ?….
അറിയില്ല….
ഇനിയും ഞാൻ എത്രവിധ വേദന അനുഭവിക്കേണ്ടി വരും….
ഈ കരാഗ്രഹത്തിൽ ഞാൻ എന്തെല്ലാം സഹിക്കേണ്ടിവരും…

എല്ലാവർക്കും എന്നാൽ കഴിയുന്ന കാര്യങ്ങൾ വിശ്വസ്തതയോടെ പ്രതിഫലം ആഗ്രഹിക്കാതെ ആരോഗ്യം മറന്നു ചെയ്തു കൊടുത്തിട്ടെയുള്ളൂ….

എന്നിട്ടും….. യോസേഫിന്റെ കണ്ണുകൾ നിറഞ്ഞു കണ്ഠമിടറുവാൻ തുടങ്ങി…

ശെഖേമിലേക്കു ആടുമേയിക്കാൻ പോയ സഹോദരങ്ങൾക്ക് കൊടുക്കാൻ ആഹാരസാധങ്ങൾ അപ്പൻ തലയിൽ വച്ചു തരുമ്പോൾ എന്തെന്നില്ലാത്ത ആവേശമായിരുന്നു…

ജ്യേഷ്ഠന്മാരെ കാണണം അവരോടൊപ്പം ആടിനെ മെയിച്ചും കാഴ്ചകൾ കണ്ടും ദിവസങ്ങൾ ചിലവഴിക്കണം. അവരുടെ ഒപ്പമുള്ള സന്തോഷനിമിഷങ്ങൾ അപ്പനോടും മറ്റും വന്നു പറയണം… എത്രയെത്ര ആഗ്രഹങ്ങളാണ് ഒരു നിമിഷം കൊണ്ട് തകർന്നു വീണത്…

അപ്പന്റെ മുൻപിൽ വാത്സല്യത്തോടെ ചിരിച്ചു തോളോട് ചേർത്തുപിടിച്ചവർ വേട്ടനായ്ക്കൾ പോലെ എത്രവേഗമാണ് എന്റെമേൽ ചാടിവീണത്…

എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുൻപേ എന്റെ വസ്ത്രങ്ങൾ ഊരിയെടുത്തവർ പൊട്ടക്കിണറ്റിലേക്കെറിയുമ്പോൾ ഒരു സഹോദരനും ഇല്ലാതെ പോയല്ലോ ഒരുവാക്കു ചോദിക്കാൻ…

കൂടപ്പിറപ്പിനെ ഉപദ്രവിച്ചു കുഴിയിലിട്ട ശേഷം അവൻ ചുമന്നു വന്ന അപ്പക്കഷ്ണങ്ങൾ ആസ്വദിച്ചു കഴിക്കുമ്പോൾ അവർക്ക് ലഭിച്ച സന്തോഷം എവിടെനിന്ന് എന്തിനു വേണ്ടിയായിരുന്നു?…

എന്റെ നന്മകൾ കൈക്കലാക്കി എന്നെ ഒന്നുമില്ലാത്തവനായി അടിമയാക്കി വിൽക്കുമ്പോൾ അവർ ചിരിച്ച ചിരി അതു സഹോദരങ്ങൾക്ക് ഭൂഷണമായിരുന്നോ??…

അടിമവീട്ടിലും ഞാൻ എന്റെ പ്രാണനെ മറന്നല്ലേ അധ്വാനിച്ചത്….
പോത്തിഫറിനോട് ഞാൻ ചെയ്ത കുറ്റം എന്താണ്… ഉറക്കവും ആരോഗ്യവും നോക്കാതെ ഒരു അടിമ ചെയ്യുന്നതിലും കൂടുതൽ ജോലി വിശ്വസ്തതയോടെ ചെയ്തു കൊടുത്തത്തോ?…

ഒരിക്കലെങ്കിലും എന്റെ ഭാഗം കേൾക്കുകയോ സത്യം എന്തെന്ന് അന്വേഷിക്കുകയോ ചെയ്യാതെ അല്ലെ അയാൾ എന്നോട് ഈ ക്രൂരത ചെയ്തത്….

നീതിയോ… സ്നേഹമോ… സത്യസന്ധമായ ഒരു ഇടപെടലോ ഒരു സാധാരണക്കാരൻ ആഗ്രഹിക്കാൻ പാടില്ല…. ആഗ്രഹിച്ചാൽ അതു മനുഷ്യരിൽ ലഭിക്കുകയും ഇല്ല…
അതാണ് ഞാൻ പഠിച്ച പാഠം….

എല്ലാവർക്കും അവരുടെ സ്വാർത്ഥതയാണ് വലുത്… അവരുടെ ഉയർച്ചയ്ക്കും പ്രശസ്തിക്കും മുൻപിൽ വരുന്നവരെ അവർ ഇല്ലാതാക്കുക തന്നെ ചെയ്യും… അതു കൂടെ തിന്നവനയാലും ആരാധിച്ചവനയാലും…..

അറിവ് വച്ചപ്പോൾ തുടങ്ങിയ പോരാട്ടമാ… ഇപ്പോൾ ഈ കരാഗ്രഹത്തിൽ വരെ എത്തിച്ചിരിക്കുന്നു….

ആകെയുള്ള സമാധാനം മനുഷ്യർ നിന്ദിച്ചു തള്ളിയപ്പോഴെല്ലാം ദൈവത്തിന്റെ അഗാധമായ കരുതൽ കാണുവാൻ കഴിഞ്ഞു എന്നതാണ്…

ഇനിയിപ്പോൾ ഈ കാരാഗ്രഹത്തിൽ എന്തൊക്കെയാണോ സംഭവിക്കാൻ പോകുന്നത് അറിയില്ല….
ചിന്താ വ്യാകുലതകൾ കൊണ്ടു തളർന്നിരിക്കുമ്പോൾ പടയാളികളുടെ വിളിവന്നു….

എഴുന്നേൽക്കടാ…. നിനക്കിവിടെയല്ല ഇടം…
അകമ്പടി നായകന്റെ വീട്ടിലെ കാരാഗ്രഹത്തിലാണ്….
നാളുകൾ കടന്നുപോയി….

ദൈവം എന്നോട് വീണ്ടും കൃപചെയ്തു… കരാഗ്രഹപ്രമാണിക്കു എന്നോട് കൃപതോന്നി…

അന്നാളിലാണ് അവിടേക്ക് ആ രണ്ടു പ്രമാണികൾ കൂടെ കടന്നു വന്നത്… അപ്പക്കാരുടെ പ്രമാണിയും,
പാനപാത്രവാഹകരുടെ പ്രമാണിയും…
ഞാനായിരുന്നു അവരുടെ ശുശ്രുഷക്കാരൻ….
എന്നാൽ കഴിയുന്നതിനപ്പുറം അവർക്ക് ഞാൻ ശുശ്രൂഷ ചെയ്തു… അവർക്കൊന്നിനും കുറവുണ്ടായിരുന്നില്ല… അവരുടെ ചെറിയ ഭാവവ്യത്യാസങ്ങൾ പോലും ഞാൻ മനസിലാക്കിയിരുന്നു….
ഒരിക്കൽ രാവിലെ എഴുന്നേറ്റപ്പോൾ അവർ ഇരുവരും മൂകരും ദുഃഖിതരും ആയിരുന്നു…
ഞാൻ അവരുടെ വിഷമങ്ങൾ ചോദിച്ചറിഞ്ഞു… അവർ കണ്ട സ്വപ്നത്തിനു അർത്ഥം പറഞ്ഞു നൽകി അവരെ അവരുടെ മൂകതയിൽ നിന്നും മടക്കി കൊണ്ടുവന്നു…
എന്നാൽ ഒരിക്കൽ പോലും അവർ അതിനു നന്ദി പറഞ്ഞിരുന്നില്ല….
മൂന്നു ദിവസം കഴിഞ്ഞു ഞാൻ പറഞ്ഞ വാക്കുകൾ പോലെ സംഭവിച്ചു….
പാനപാത്രവാഹകരുടെ പ്രമാണി രാജാവിന്റെ സദസിലേക്കും അപ്പക്കാരൻ മരണത്തിലേക്കും കടന്നുപോയി….
അതിൽ ഒരു പ്രമാണി കടന്നുപോകുമ്പോൾ പറഞ്ഞവാക്കുകൾ ചെവിയിൽ ഇപ്പോഴും മാറ്റൊലി കൊള്ളുന്നു…
“യോസേഫേ, നീ ചോദിച്ചതുപോലെ ഞാൻ ചെയ്യാം…. ഞാൻ രാജാവിന്റെ അടുക്കൽ ചെല്ലട്ടെ നിന്റെ കാര്യം പറഞ്ഞിട്ടെ ഞാൻ വേറൊരു കാര്യം ചെയ്യൂ”…
മാസങ്ങൾ പലത്തുകഴിഞ്ഞു പ്രമാണിമാർ പലരും വന്നുപോയി… ഉപകാരങ്ങൾ ചെയ്തവർ ഓരോന്നായി മറന്നു പോയിരിക്കുന്നു….

സാരമില്ല…. സ്വന്തസഹോദരങ്ങൾ ഓർത്തില്ല പിന്നല്ലേ മറ്റുള്ളവർ…

എങ്കിലും എനിക്ക് പരാതിയില്ല എന്റെ ഈ കഷ്ടതയ്ക്കും ഒരു അറുതിയുണ്ട്…

എന്റെ ദർശനം നടക്കാതെയിരിക്കില്ല…. അബ്രഹാം അപ്പച്ചനെ വിളിച്ചിറക്കി കഷ്ടതയുടെ നടുവിൽ അനുഗ്രഹിച്ച ദൈവത്തെപറ്റി അപ്പൻ പറഞ്ഞ കഥകൾ ഇന്നും മായാതെ മനസ്സിലുണ്ട്… ആ ദൈവമല്ലേ എനിക്കും ദർശനം തന്നത്… അതുകൊണ്ട് അതു വൈകീയാലും സംഭവിക്കും…..
സഹോദരർ തള്ളിക്കളയക്കട്ടെ…..
പോത്തിഫർ ചതിക്കട്ടെ…..
പ്രമാണിമാർ മറക്കട്ടെ….
എന്നാൽ മറക്കാത്ത, ചതിക്കാത്ത, തള്ളിക്കളയാത്ത ഒരു അപ്പൻ എന്റെ കൂടെ എനിക്ക് സഹായിയായി കൂടെയുണ്ടല്ലോ….. അതുമതി….

ചങ്ങലപിടിച്ചു വലിക്കുന്ന പടയാളികളുടെ ആക്രോശം എന്നെ ചിന്തയിൽ നിന്നും എഴുന്നേൽപ്പിച്ചു….
എഴുന്നേൽക്കൂ…. നിനക്കു രാജസന്നിധിയിൽ നിൽക്കേണ്ടതാകുന്നു….
പ്രിയ കൂടപ്പിറപ്പുകളെ….
നമ്മുടെ ജീവിതത്തിൽ നമ്മെ മറക്കുന്ന അനേകർ ഉണ്ടാകാം…നമ്മോട് ചേർന്നു നടന്നവർ…. ഒരു മേശയിൽ നിന്നു ഭക്ഷിച്ചവർ…. എല്ലായ്മയിൽ കൂടെ നിർത്തി സഹായിച്ചവർ…. ഒരുമിച്ചാരാധിച്ചവർ….
നമ്മൾ വഴികാട്ടികൊടുത്തവർ…..

ഒരുപക്ഷേ, കൂടെനിൽക്കുമെന്നും നിന്നെ ഞങ്ങൾ ഒരിക്കലും മറക്കില്ല എന്നു പറഞ്ഞവരുമായിരിക്കാം ഇവർ… എന്നാൽ അവരുടെ ജീവിത ഉയർച്ചയും സാഹചര്യങ്ങളും അവരിലുണ്ടാക്കുന്ന മാറ്റങ്ങൾ നമ്മെ മറക്കുവാനും പലപ്പോഴും നമ്മെ നിന്ദിക്കുവാനും അവർ ഉപയോഗിച്ചേക്കാം… അതു മനുഷ്യ സഹാജമാണ്… എന്നാൽ അതിന്റെ നടുവിലും നാം യോസേഫിനെപ്പോലെ പരാതിയില്ലാത്തവരായി ദൈവപ്രവർത്തിക്കായി കാത്തിരിക്കുന്നു എങ്കിൽ മറന്നവരുടെയും നിന്നിച്ചവരുടെയും തള്ളിക്കളഞ്ഞവരുടെയും മുൻപിൽ സിംഹാസനമൊരുക്കാൻ ദൈവത്തിനു കഴിയും….
നിനക്കു ദർശനവും വാഗ്ദത്തവും തന്നവൻ വിശ്വസ്തനാണ്… യേശു മാറാത്തവനും മറക്കാത്തവുമാണ്….
ആശയറ്റവരെ ചേർത്തു നിർത്തി ആശകൊടുത്തു അനുഗ്രഹിച്ച കരുണാനിധിയാണവൻ…

സ്വർഗീയ സുഖങ്ങൾ വെടിഞ്ഞു നിന്ദയും പരിഹാസവും സഹിച്ച ക്രിസ്തുവിനെ സകല സിംഹാസനങ്ങൾക്കും നാമത്തിനും മേലായി ദൈവം ഉയർത്തിയത് പോലെ നിന്നെയും ദൈവം ഉയർത്തുന്ന ഒരു ദിവസം മുന്നിലുണ്ട്…
ഭയപ്പെടേണ്ട…. പ്രത്യാശയോടെ കാത്തിരിക്കുക….

പാസ്റ്റർ ജെൻസൻ ജോസഫ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.