ചെറു ചിന്ത: അടഞ്ഞ വാതിലും, തുറന്നതും | സോനു സക്കറിയ ഏഴംകുളം

മറ്റൊരു ഫെബ്രുവരി – മാർച്ച് മാസങ്ങളിലൂടെ ലോകം കടന്നുപോകുമ്പോൾ, വർഷം 1847 ഓർമ്മയിലേക്കെത്തുകയാണ്. സമാനതകളില്ലാത്ത രണ്ട് ശാസ്ത്രപ്രതിഭകളുടെ ജനനം ഈ വർഷത്തിലായിരുന്നു – തോമസ് ആൽവ എഡിസൺ അമേരിക്കയിലെ ഓഹിയോയിൽ ഫെബ്രുവരി 11-ന്, അലക്സാണ്ടർ ഗ്രഹാംബെൽ സ്കോട്ലണ്ടിലെ എഡിൻബറോയിൽ മാർച്ച് 3-ന്. യഥാക്രമം വൈദ്യുതബൾബ്, ടെലിഫോൺ എന്നിവയുടെ ഉപജ്ഞാതാക്കൾ എന്ന നിലയിലാണ് പ്രസിദ്ധരെങ്കിലും മറ്റനേകം കണ്ടുപിടുത്തങ്ങളും പ്രവർത്തനമികവുകളും ഇവരുടേതായുണ്ട്.

ഇവരുടെ ജീവിതയാത്രാവഴികളിലൂടെ കണ്ണോടിക്കുമ്പോൾ മാത്രമെ എന്തെല്ലാം പ്രതികൂല അനുഭവങ്ങളെ മറികടന്നാണ് വിജയം കരസ്ഥമാക്കിയതെന്ന് മനസ്സിലാവുകയുള്ളു. ഇറങ്ങിത്തിരിച്ച ഓരോ പ്രയത്നങ്ങളിലും പലതവണ പരാജയം രുചിച്ചവർ. ഇനിയും ശ്രമിക്കേണ്ടെന്ന് പല ഉപദേശങ്ങൾ, മനസ്സ് മടുപ്പിക്കുന്ന അനുഭവങ്ങൾ, നിരുത്സാഹപ്പെടുത്തുന്നവർ മാത്രം ചുറ്റുപാടും, എല്ലാം അവസാനിപ്പിച്ചാലോ എന്ന് സ്വയം ചോദിച്ചുപോയ സമയങ്ങൾ. എന്നാൽ തോറ്റുപിന്മാറാതെ വീണ്ടും ഉത്സാഹിക്കുവാൻ അവർ തയ്യാറായതുകൊണ്ട് ലോകത്തിന് മഹത്തായ സംഭാവനകളാണ് ലഭ്യമായത്.

പരാജയങ്ങളെ നോക്കി നിരാശയോടെ നെടുവീർപ്പിട്ടിരുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. നഷ്ടമായതിലും മനോഹരമായ ഒരു വഴി മറുഭാഗത്ത് തുറക്കപ്പെട്ടിട്ടുണ്ടാകും; കാണുവാൻ നാം പരിശ്രമിച്ചാൽ മതി. ഈ രണ്ടു പ്രഗത്ഭരുടെ ജീവിതം പകർന്നുതരുന്ന പാഠം അതാണ്. പരാജയത്തെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കാൻ അവർ യത്നിച്ചു, അതിൽ വിജയിക്കുകയും ചെയ്തു.

ബൈബിളിൽ നിന്നും സമാന ഉദാഹരണങ്ങൾ പലതും എടുത്തുകാണിക്കുവാൻ കഴിയും. ഉയരക്കുറവ് എന്ന പരാജയത്തെ മറികടക്കാൻ, കാട്ടത്തി എന്ന മറുവഴി ഉപയോഗിച്ച സക്കായി; മിണ്ടാതിരിപ്പാൻ പലരുടെയും ശാസനകൾ കേട്ടിട്ടും പിന്മാറാതെ വീണ്ടും വീണ്ടും ശ്രമിച്ച ബർത്തിമായി; നേരെയുള്ള വഴിയായി എത്തുവാൻ കഴിയാത്തതുകൊണ്ട് പുരയുടെ ഓടുനീക്കി അതുവഴിയായി പക്ഷവാതക്കാരനെ കിടക്കയോടെ യേശുവിന്റെ മുൻപിലെത്തിച്ച ചുമന്നുകൊണ്ടുവന്നവർ – ഇങ്ങനെ അനേകർ മടുത്തുപോകാതെ വീണ്ടും വീണ്ടും ശ്രമിച്ചു വിജയിച്ചവരാണ്.

മടുത്തുപോകാതെ പ്രാർത്ഥിപ്പിൻ എന്നാണ് യേശുവും പഠിപ്പിച്ചത്. അടയപ്പെട്ട വാതിൽ കണ്ട് നിരാശപ്പെട്ടു പിന്മാറരുത്. തുറക്കപ്പെട്ട വാതിൽ മറുവശത്തുണ്ട്; അത് കാണുവാൻ കണ്ണുതുറന്ന് പരിശ്രമിക്കുക.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

അലക്സാണ്ടർ ഗ്രഹാംബെല്ലിന്റെ പ്രശസ്തമായ വാചകങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.

“ഒരു വാതിൽ അടയുമ്പോൾ മറ്റൊന്ന് തുറക്കപ്പെടും; പക്ഷെ അടഞ്ഞുപോയ വാതിലിനുനേരെ നഷ്ടബോധത്തോടെ നോക്കിയിരുന്ന് നെടുവീർപ്പിട്ട് സമയം പാഴാക്കുന്നതിനാൽ, തുറക്കപ്പെട്ട പുതിയ വാതിൽ നാം പലപ്പോഴും കാണാറില്ല.”

സോനു സക്കറിയ ഏഴംകുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.