അനുഭവക്കുറിപ്പ്: കാക്കയാൽ പോഷിപ്പിക്കുന്ന ദൈവം! | എസ്. കെ. ജി

ഞാൻ സുവിശേഷ വേലയ്ക്ക് ഇറങ്ങിയിട്ട് അധികം നാളായിട്ടില്ല. കോട്ടയം  സെന്റർ ഫേയ്ത്ത് ഹോമിൽ ട്രെയിനിംഗ് തീരാറായി വരുന്ന സമയം.

ഒരുദിവസം ശനിയാഴ്ച രാവിലെ സെന്റർ പാസ്റ്റർ വീ.ജീ ശാമുവൽ അപ്പച്ചൻ എന്നെ വിളിച്ച് പറഞ്ഞു, നീ, കൂത്താട്ടുകുളത്ത് പോയി നാളത്തെ സഭായോഗം നടത്തണം. പോകാം അപ്പച്ചാ, ഞാൻ പറഞ്ഞു. ഇതാ വണ്ടിക്കൂലി. എന്റെ കൈയ്യിൽ തന്ന പണവുമായി ഞാൻ തന്റെ മുറിക്ക് പുറത്തിറങ്ങി. കൈതുറന്ന് നോക്കുമ്പോൾ രണ്ട് രൂപ അൻപത് പൈസ ഉണ്ട്. കഞ്ഞിക്കുഴിയിൽ നിന്ന് ചന്തക്കവല വരെ 30 പൈസ. കോട്ടയം ബസ് സ്റ്റാന്റിൽ നിന്നും കൂത്താട്ടുകുളം അമ്പലമുകൾ(അവിടെയാണ് ഫേയ്ത്ത് ഹോമം) വരെ രണ്ട് രൂപ ഇരുപത് പൈസ. കൃതൃം വണ്ടിക്കൂലി! കൂടുതലും ഇല്ല കുറവും ഇല്ല. എനിക്ക് ആകെ വിഷമം തോന്നി. വഴിയിൽ എന്തെങ്കിലും സംഭവിച്ചാൽ ഒരാവശൃം വന്നാൽ എന്തു ചെയ്യും? അപ്പച്ചന് എന്തെങ്കിലും കൂടെ അധികമായി തരാമായിരുന്നു, ഞാൻ ചിന്തിച്ചു.  വിശ്വാസ ജീവിതമാണ്. ഒന്നും ആരോടും ചോദിക്കാനും പറയാനും സാധിക്കില്ല. ദൈവം എന്നെ വിശ്വാസം പഠിപ്പിക്കുന്ന നാളുകൾ ആയിരുന്നു ആ കാലം.

എനിക്ക് എന്നോട്തന്നെയും ദൈവത്തോടും അപ്പച്ചനോടും ഒക്കെയും ദേഷൃം തോന്നി. കഷ്ടതയുടെയും പട്ടിണിയുടെയും കാലം ആയിരുന്നു അതെല്ലാം. സുവിശേഷ വേലക്ക് ഇറങ്ങിയത് ശരിയായിരുന്നോ എന്ന് സംശയിച്ചിരുന്ന സമയം. അത്രയ്ക്കും കഠിനമായ വിശ്വാസത്തിന്റെ  പരിശോധനയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരുന്നത്.

ഏതായാലും പെട്ടന്ന് തന്നെ കൂത്താട്ടുകുളത്തിന് യാത്ര തിരിച്ചു. പോകുന്നവഴിക്കും വണ്ടിയിൽ യാത്ര ചെയ്യുമ്പോഴുമെല്ലാം ഹൄദയം  ചിന്തകളാൽ മുഖരിതം ആയിരുന്നു. ഭാരൃയും കുഞ്ഞുങ്ങളും കൂടെ ഇല്ല. നാല്  കുട്ടികൾ കേരളത്തിലെ നാലു ഫേയ്ത്ത് ഹോമുകളിൽ കഴിയുന്നു. ഭാരൃ പള്ളം ഫേയ്ത്ത് ഹോമിൽ. ഞാൻ കോട്ടയത്തും. സെന്റർ ഫേയ്ത്ത് ഹോമിന്റെ പണി നടക്കുന്ന സമയം. ദിവസം മുഴുവൻ ഹോളിന്റെ പണി ചെയ്യും. ശനിയാഴ്ച ഉച്ചയോടെ പണികഴിഞ്ഞ് ഏല്പിച്ചിരിക്കുന്ന വേല സ്ഥലത്ത് പോയി സഭായോഗം നടത്തണം. അങ്ങനെ കൂത്താട്ടുകുളത്തിന് പോകുന്ന വഴിയാണ്.കോട്ടയം ചന്തക്കവലയിൽ ഇറങ്ങി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിലേക്ക് നടക്കുകയാണ്. നടക്കുമ്പോഴെല്ലാം പലവിധ ചിന്തകൾ മനസ്സിൽ വരുന്നുണ്ട്. അങ്ങനെ  കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിലെത്തി.

അവിടെ സ്റ്റാന്റിനരികിലുള്ള ഒരു ഇലക്ട്രിക് പോസ്റ്റിൽ ചാരി നിന്നുകൊണ്ട് ചിന്തിച്ച് ചിന്തിച്ച് എന്റെ കണ്ണുകളിലൂടെ കണ്ണു നീർ ഒഴുകുവാൻ തുടങ്ങി. എന്റെ പ്രയാസങ്ങൾ ഞാൻ കർത്താവിനോട് പറഞ്ഞു കൊണ്ടിരുന്നു. എന്നെ ആരും കാണാതിക്കാൻ ഞാൻ ആൾക്കൂട്ടത്തിൽ നിന്നും മാറിയാണ് നിൽക്കുന്നത്. എന്നാൽ എന്റെ ഹൃദയം നുറുങ്ങി ഞാൻ കർത്താവിനോട് കരയുകയുമാണ്. വേറേ ആരോട് പറയാൻ?

പെട്ടന്ന് ഞാൻ ചാരി നിൽക്കുന്ന പോസ്റ്റിനു മുകളിൽ ഒരു കാക്ക വന്നിരുന്നു. കാക്കയെ കൈ ആട്ടി ഞാൻ ഓടിച്ചു.കാക്ക പറന്ന്പോകുമ്പോൾ തന്റെ ചുണ്ടിൽ നിന്നും എന്തോ ഒന്ന് താഴേക്ക് വീണു. നോക്കുമ്പോൾ അത് ഒരു പൊതിയാണ്. പേപ്പറ് കൊണ്ടുള്ള പൊതി. അതിൽ റബർബാന്റ് ഇട്ട് കെട്ടിയിരിക്കുന്നു. അത് എന്താണെന്ന് നോക്കണമെന്ന് ആഗ്രഹം ഉണ്ട് എന്നാൽ മടിയും. കാരണം, കാക്ക കൊണ്ടിട്ട പൊതിയായതു കൊണ്ട് അത് എന്തുമാവാം! മനസില്ലാ മനസ്സോടെ ആ പൊതി ഞാൻ തറയിൽനിന്ന് എടുത്തു. അതിനെ ഞെക്കി നോക്കുമ്പോൾ പതുപതാ ഞെങ്ങുന്നുണ്ട്. ഏതായാലും തുറന്നു നോക്കുവാൻ തീരുമാനിച്ചു. റബർബാന്റ് അഴിച്ച് തുറന്നു നോക്കുമ്പോൾ കുറേ രുപയുടെ നോട്ടുകൾ! എണ്ണി നോക്കുമ്പോൾ നൂറ്റിഎണ്പത്തിമൂന്ന് രൂപാ!!

വണ്ടിക്കൂലിയായി കൃത്യം ലഭിച്ച പണം ഓർത്ത് പരിതപിച്ച എന്നെ, എന്നെ വിളിച്ചവനായ കർത്താവ് എത്രത്തോളം കരുതുന്നു, സ്നേഹിക്കുന്നു എന്ന് ആ അത്ഭുതത്തിലൂടെ എന്നെ പഠിപ്പിച്ചു!

അമ്മയുടെ ഉദരത്തിൽ ഞാൻ ഉരുവാകും മുൻപേ എന്നെ അറിയുന്ന കർത്താവ് അത്ഭുതകരമായി എന്നെ ഇന്നുവരെ നടത്തി! തുടർന്നും നടത്തും!

സകല മഹത്വവും കർത്താവിന്. സ്തോത്രം.

– കെ. ജി. സാം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.