അനുഭവസാക്ഷ്യം: ഇത് എന്റെ അനുഭവസാക്ഷ്യം | അൻസു ജെറി

ഇന്ന് ഓഗസ്റ്റ് 21, 30 വർഷങ്ങൾക്ക് മുൻപ് ജീവിതത്തിന്റെ പൂവാടിയിലേക്ക് ഒരു പുഷ്പം കൂടി വിരിഞ്ഞിറങ്ങിയ ദിവസം. സന്തോഷങ്ങളും കളി ചിരികളും കൊച്ചു കുറുമ്പുകളുമായി ജീവിച്ചു വന്ന ബാല്യ കാലം. ഉത്തരവാദിത്തങ്ങളോ ജീവിതത്തെക്കുറിച്ചു അധികം ഭാരങ്ങളോ ഇല്ലാതെ എല്ലാവരാലും സ്നേഹിക്കപ്പെടുകയുംനിഷ്കളങ്കതയുടെ പ്രതീകമായി എല്ലാവര്ക്കുംപുഞ്ചിരി സമ്മാനിക്കുകയും ചെയ്ത സുവർണ നിമിഷങ്ങൾ….
ടിപിഎം മാതാപിതാക്കളാൽ ജനിച്ചു വളർത്തപ്പെട്ട എന്നെയും സഹോദരനെയും ദൈവ ഭക്തിയിലും വിശ്വാസത്തിലും വളർത്താൻ അവർ പ്രത്യേകം ശ്രെദ്ധിച്ചിരുന്നു. നന്നേ ബാല്യത്തിൽ തന്നെ മാതാപിതാക്കൾ ശിക്ഷണത്തിലും അനുസരണത്തിലും പത്യോപദേശത്തിലും എന്നെ വളർത്തി.
അതിനു ശേഷം കൗമാരത്തിലേക്ക് വന്നപ്പോൾ പഠനത്തിലൊക്കെയായി ശ്രദ്ധ. എനിക്ക് കുറച്ചു നല്ല കൂട്ടുകാർ ഉണ്ടായിരുന്നു .എന്നാൽ പാപാങ്കുലമായ ഈ ലോകത്തിന്റെ മോഹങ്ങളിൽ അകപ്പെട്ടു പോകാതെ ദൈവം എന്നെ സൂക്ഷിച്ചു .
പലപ്പോഴും വഴുതിപ്പോകാമായിരുന്നെങ്കിലും എന്റെ മാതാപിതാക്കളുടെ പ്രാർത്ഥന , അതിലുപരി ദൈവത്തിന്റെ വിശ്വസ്തത , കരുണ , ആ സ്നേഹം എന്നെ താങ്ങി .
അതിനുശേഷം ദൈവകൽപന അനുസരിച്ചു ജലത്തിൽ സാക്ഷീകരിക്കുവാൻ എനിക്ക് ഇടയായി. അതോടൊപ്പം ആത്മീകമായും ദൈവം എന്നെ ഉയർത്തി. തുടർന്നുള്ള ഉപരി പഠനത്തിലും ദൈവം എന്നെ സഹായിച്ചു. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ വന്നപ്പോഴും തളർന്നു പോകാതെ എന്നെ നിർത്തിയത് ദൈവത്തിന്റെ കരുണ ഒന്ന് മാത്രമായിരുന്നു . ബാല്യം മുതൽ പ്രാർത്ഥിക്കാൻ പഠിപ്പിച്ച മാതാപിതാക്കളെയും സൺ‌ഡേ സ്കൂൾ അധ്യാപകരെയും ജീവിത സംസ്കാരം എന്തെന്നും മനുഷ്യനായി ജീവിക്കാനും വിദ്യാഭ്യാസത്തിലൂടെ എന്നെ പഠിപ്പിച്ച സ്കൂൾ അധ്യാപകരെയും ഞാൻ ഇന്നും ഓർക്കുന്നു . ഒരു പിടി നല്ല ഓർമ്മകൾ മാത്രം ആയിരുന്നു എന്റെ സ്കൂൾ ജീവിതം.
യിരെമ്യാവ്‌ 1 : 5 ൽ പറയുന്ന പോലെ ” നിന്നെ ഉരുവാക്കിയതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു ; നീ ഗർഭപാത്രത്തിൽ നിന്നും പുറത്തു വന്നതിനു മുമ്പേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു. ” അമ്മയുടെ ഉദരത്തിൽ ഉരുവാകും മുമ്പേ എന്നെ കണ്ട ദൈവം ഇത്രത്തോളം സഹായിച്ചു.
സദൃ 16 :4 ൽ ഇങ്ങനെ കാണുന്നു ; “യെഹോവ സകലത്തെയും തന്റെ ഉദ്ദേശ്യത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു “. ദൈവത്തിന് എന്നെകുറിച്ചും വലിയ ഒരു ഉദ്ദേശ്യം ഉണ്ടെന്നു ഞാൻ വിശ്വസിച്ചു പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. ദൈവിക വാഗ്ദത്തങ്ങളെ മുറുകെ പിടിച്ചു ജീവിപ്പാൻ ദൈവം എന്നെ ഇടയാക്കി. എന്റെ ഉപരി പഠനത്തിലും ജോലി മേഖലകളിലും ദൈവം എന്നെ സഹായിച്ചു.
ഉല്പത്തി 2 :18 ഇപ്രകാരം പറയുന്നു, മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല, ഞാൻ അവനു തക്കതായൊരു തുണ ഉണ്ടാക്കി കൊടുക്കും , അപ്രകാരം ഐപിസി കുടുംബത്തിൽ നിന്നും ദൈവം എനിക്ക് തക്കതായ ഒരു തുണയെ നൽകി. അതോടൊപ്പം നല്ല ഒരു കുടുംബത്തെയും എനിക്ക് ദൈവം ദാനമായി നൽകി. വിവാഹത്തിന് ശേഷം രൂത്ത്‌ തന്റെ അമ്മാവിയമ്മയോട് പറ്റിച്ചേർന്നു ദൈവത്തെ കുടുതൽ മനസിലാക്കുവാനും ദൈവിക പ്രവർത്തികളെ അവളുടെ ജീവിതത്തിൽ വെളിപെടുവാനും ഇടയാക്കിയത് പോലെ എന്റെ ജീവിതത്തിലും മമ്മിയോട് പറ്റിച്ചേർന്നു ആത്മീകമായി ഒത്തിരി മുന്നേറാൻ ഇടയാക്കി.
ദൈവം ഞങ്ങൾക്ക് 2 തലമുറകളെ നൽകി അനുഗ്രഹിച്ചു. നടന്നു വന്ന പാതകൾ ഓർത്തു നോക്കിയാൽ വിവിധങ്ങളാകുന്ന പരീക്ഷകളിൽ കൂടി ഞങ്ങള്ക്കു കടന്നു പോകേണ്ടി വന്നു. ഈശാനമൂലൻ അടിച്ചു പടകു തകർന്നു എന്ന് തോന്നിയ സ്ഥാനത്തു വീണു പോകാതെ ഈ ഭൂമിയിൽ നിലനിർത്തിയിരിക്കുന്നു . സങ്കീ 66 : 12 -ൽ കാണുന്ന പോലെ തീയിലും വെള്ളത്തിലും കൂടെ കടക്കേണ്ടി വന്നപ്പോഴും അതൊക്കെയും എന്റെ ജീവിതത്തിൽ വന്നത് എന്നെ വെന്തുപോകുവാനോ മുക്കിക്കളയുവാനോ അല്ല , കുശവന്റെ കൈയിലെ കളിമണ്ണ് പോലെ പണിതെടുത്തു ഒരു മാനപത്രം ആക്കുവാൻ വേണ്ടിയാണു എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു. ഇന്ന് വരെയും ക്ഷേമമായി ഞങ്ങളെ പോറ്റിപുലർത്തിയ ദൈവം ഇനിയും അത്ഭുതകരമായി വഴി നടത്തും എന്ന് വിശ്വസിക്കുന്നു. ഒരു പുതുവർഷം കൂടെ ദൈവം എന്റെ ജീവിതത്തിൽ ദാനം നൽകിയതിന് നന്ദി പറയുകയും അതോടൊപ്പം ഈ ഭൂമിയിൽ ആയിരിക്കുന്ന കാലമൊക്കെയും ദൈവത്തിന്റെ വിശ്വസ്ത സാക്ഷിയായി ജീവിക്കുവാനും ആഗ്രഹിക്കുന്നു .

അൻസു ജെറി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.