പാസ്റ്റർ വി.എ. തമ്പി – ധീരനായ ക്രിസ്തുഭടൻ: ബിനു ജോസഫ് വടശ്ശേരിക്കര

2012 സെപ്റ്റംബർ 2 രാത്രിയിലെ മലബാർ എക്പ്രസിനു കാസർഗോഡേക്ക് യാത്രചെയ്യണം . ഏകദേശം 5 മണികഴിഞ്ഞപ്പോഴാണ് റോയി വിളിച്ചു പറയുന്നത് വിവാഹം നടത്തേണ്ടത് വി.എ തമ്പിച്ചായനാണ്. അദ്ദേഹത്തിന്റെ 3 AC ടിക്കറ്റ് വെയിറ്റിങ്ങ് ലിസ്‌റ്റ് ആയിരുന്നു. ക്യാൻസൽ ആയി പോയി. ഇനി എന്താ ചെയ്ക? വളരെ ടെൻഷൻ അടിക്കുന്ന റോയിയോട് പറഞ്ഞു ഞാൻ ബാക്കി കാര്യം ക്രമീകരിച്ചോളാം, കൂൾ. ഞാനും ഷാജി സാറും ഒരുമിച്ച് 9 മണിക്ക്‌ തിരുവല്ലായിൽ നിന്ന് സ്ലീപ്പർ കംബാർട്ട്മെന്റിൽ കയറി, കൂടെ ഒരു ലോക്കൽ ടിക്കറ്റും എടുത്തു. ചിങ്ങവനത്തു ട്രയിൻ നിർത്തിയപ്പോൾ തന്നെ വി.എ തമ്പിച്ചായനെ കുട്ടിക്കൊണ്ട് ട്രയിനിൽ പ്രവേശിച്ചു. ബർത്ത് കണ്ടപ്പോൾതന്നെ തമ്പിച്ചായൻ കയറി കിടന്നു. തലേദിവസമാണ് താൻ യുകെയിൽനിന്ന് എത്തിയത്. ആയതിനാൽ വളരെ ക്ഷീണിതനാണ് എന്നും പറഞ്ഞു നിദ്രയിലാണ്ടു. ടി ടി ഇ യെ കണ്ട് മറ്റൊരു ക്രമീകരണം ചെയ്ത് ഞാനും ഷാജി സാറും ഒരു ബർത്തിൽ കിടന്നു.

post watermark60x60

ഏകദേശം രാവിലെ ഏഴു മണിയോടെ ട്രയിൻ കാഞ്ഞങ്ങാട് എത്തി. ബാഗ് ഒക്കെ പിടിച്ച് അദ്ദേഹത്തോടൊപ്പം നടക്കുമ്പോൾ ഞാൻ അല്പ്പം ചെറുതായതായി എനിക്ക് തോന്നി. അച്ചായൻ കാസർഗോഡ് ഒക്കെ വരാറുണ്ടോ? എന്ന് ചോദിച്ചപ്പോൾ ഞാൻ ജനിക്കും മുമ്പേ റബ്ബർ പ്ലാറ്റിങ്ങിന് അദ്ദേഹം കാഞ്ഞങ്ങാട് വന്നു എന്ന മറുപടി കേട്ടപ്പോൾ ഞെട്ടിപ്പോയി.

പെന്തക്കോസ്തിലെ മുഖംമൂടികളില്ലാത്ത വ്യക്തിത്വത്തിനുടമയായ തമ്പിച്ചായൻ ചിലർക്ക് പാസ്റ്റർ ആണ്, പ്രീയപ്പെട്ട മറ്റ് ഏവർക്കും താൻ തമ്പിച്ചായൻ ആയിരുന്നു. ജാടകൾഇല്ലാത്ത, സത്യസന്ധനായ,നിശ്ചയദാർഢ്യം ഉള്ള ഒരു സുവിശേഷകൻ.

Download Our Android App | iOS App

ചെറിയ പ്രായത്തിൽ വീട്ടുകാർക്കും നാട്ടുകാർക്കും തലവേദനയായി ആത്മഹത്യ മാത്രം മുന്നിൽ കണ്ട ‘തമ്പി’ എന്ന ചെറുപ്പക്കാരൻ അപ്രതീക്ഷിതമായി ഒരു സുവിശേഷകനെ കണ്ടുമുട്ടി. അദ്ദേഹം ചോദിച്ച ചോദ്യം തന്റെ ഹൃദയത്തിൽ ചാട്ടുളി പോലെ തുളച്ചു കയറി. “ഇന്ന്‌ നീ മരിച്ചാൽ നിന്റെ നിത്യത എവിടെയായിരിക്കും” . ‘നരകത്തിൽ’ സംശയമില്ലാതെ പറഞ്ഞു . അന്നു രാത്രിയിൽ ആ ദൈവദാസന്റെ മുമ്പിൽ വെച്ച് പാപത്തെ ഏറ്റു പറഞ്ഞ് യേശുവിനായ് ജീവിതം സമർപ്പിച്ചു.

വീട്ടിൽ കിടന്ന മണ്ണെണ്ണെ പാട്ട മുറിച്ച് മെഗാഫോൺ പോലെയാക്കി സുവിശേഷം പ്രസംഗിക്കുവാൻ വയലിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഇടയിലേക്ക് എത്തി. പ്രസംഗംകേട്ട് ചിലർ മാനസാന്തരപ്പെട്ടു. പക്ഷേ മടങ്ങി വന്നപ്പോൾ മണ്ണെണ്ണ പാത്രം നശിപ്പിച്ചതിന് അമ്മയുടെ വക ശകാരം വേറെ. ദൈവവചനം പഠിക്കുവാൻ ബൈബിൾ സ്ക്കൂളിൽ പോകാൻ അവസരം ഇല്ലാത്തതിനാൽ മരത്തണലിലും കടത്തിണ്ണയിലും ഒക്കെയിരുന്ന് പഠിക്കുന്നത് ശീലമാക്കി.

നിത്യതയുടെ പ്രഭാഷകൻ എന്ന് തമ്പിച്ചായനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. ഏതു പ്രസംഗത്തിലും കർത്താവിന്റെ വരവിനായുള്ള ആഹ്വാനം ഉണ്ടായിരുന്നു. വിശ്വാസത്താൽ ചുവടുവെച്ചിരുന്ന തന്റെ ജീവിതത്തിൽ നേരിട്ട വെല്ലുവിളികൾ വലുതായിരുന്നു. വിവാഹശേഷം കയറിക്കിടക്കുവാൻ ഭവനമില്ലാതെ, കുഞ്ഞുങ്ങൾക്ക് പാൽ വാങ്ങാൻ പോലും കാശ് ഇല്ലാതെ ബുദ്ധിമുട്ടിയ അനുഭവങ്ങളിലെല്ലാം താൻ അനുഭവിച്ച ദൈവിക കരുതൽ നിറ കണ്ണുകളോട് മാത്രമെ കേൾക്കാനാവൂ. ദൈവം തനിക്ക് നൽകിയ പങ്കാളി പ്രിയ മറിയാമ്മ ആൻറി തന്റെ ശുശ്രൂഷയിൽ എന്നും ഒപ്പം ചേർന്നു നിന്നു.

1976-ൽ തന്റെ കൂടെയുണ്ടായിരുന്ന സഭകളെ ചേർത്ത് ന്യൂ ഇൻഡ്യ ചർച്ച് ഓഫ് ഗോഡ് എന്ന പേരിൽ സഭ രജിസ്റ്റർ ചെയ്തു. കാനം അച്ചനാണ് ആ പേര് നിർദ്ദേശിച്ചത്. ആർ. എബ്രഹാം ജനറൽ സെക്രട്ടറിയായും പാസ്റ്റർ വി.എ തമ്പി പ്രസിഡന്റായും പ്രവർത്തനം ആരംഭിച്ചു.

എക്സൽ മിനിസ്ട്രീസിന്റെ ഒരു വാർഷിക സമ്മേളനത്തിൽ തമ്പിച്ചായനെ ക്ഷണിച്ചു. അന്നത്തെ തന്റെ പ്രസംഗത്തിനിടയിൽ തന്റെ കൗമാരത്തിലെ അനുഭവം എല്ലാവരെയും വല്ലാതെ രസിപ്പിച്ചു. കേവലം 12-13 വയസുള്ളപ്പോൾ തെങ്ങിൽ കയറി കുടത്തിലുള്ള കള്ള് അതോടെ എടുത്ത് കുടിച്ചു. കുടത്തിൽ ഒരു വലിയ വണ്ട് തന്റെ തൊണ്ടയിൽ കുടുങ്ങി മരണ വെപ്രാളം എടുത്തതും, മാതാവ് ഓടി വന്ന് ബദ്ധപ്പാടോടെ വാവിട്ട് കരഞ്ഞതും ഒക്കെ എല്ലാവരെയും ചിരിപ്പിക്കുകയും , ചിന്തിപ്പിക്കുകയും ചെയ്തു. “ദൈവകരങ്ങളിൽ സമർപ്പിക്കുന്ന ഒരു വ്യക്തിയെ ദൈവം എത്രത്തോളം ഉപയോഗിക്കുമെന്ന് ലോകം ഇന്നുവരെ കണ്ടിട്ടില്ല” എന്ന വാക്കുകൾ വി.എ തമ്പിച്ചായന്റെ ജീവിതത്തിൽ അന്വർത്ഥമാണ്.

ചിലമാസങ്ങൾക്ക് മുമ്പ് എക്സൽ പബ്ലിക്ഷേൻ പുറത്തിറക്കിയ “അണയാത്ത ദീപങ്ങൾ’ എന്നഗ്രന്ഥത്തിനു വേണ്ടിയുള്ള ഇൻറർവ്യൂ ആവശ്യത്തിനായാണ് ഞാൻ തമ്പിച്ചായന്നെ വിളിച്ചത്. സന്തോഷത്തോടെ ക്ഷീണാവസ്ഥയിലുംസമയം മാറ്റി വെച്ചു. ബെൻസൻ വർഗ്ഗീസും ടീമും കടന്നുചെന്ന് തൻ്റെ ജീവിതാനുഭവങ്ങൾ പകർത്തി ജോബിസാർ അടങ്ങുന്ന ടീം അതു പുസ്തകമായി പുറത്തെത്തിച്ചു. 81 വയസിനിടയിൽ മൂന്ന് പ്രാവശ്യം ആൻജിയോപ്ലാസ്റ്റ് ചെയ്തു. 8 – ലധികം മറ്റ് സർജറികൾ… എങ്കിലും അവസാനം വരെ ദൈവം ഏല്പിച്ച ദൗത്യം പൂർത്തിയാക്കി 2022ആഗസ്റ്റ് 18 ന് കർത്താവിന്റെ സന്നിധിയിലേക്ക് യാത്രയായി.

1941 ഏപ്രിൽ 7-ന് ചിങ്ങവനത്തുള്ള ഒരു ക്നാനായ കുടുംബത്തിൽ ജനിച്ച വി.എ തമ്പി എന്ന പാസ്റ്റർ വി.എ തമ്പിയിലൂടെ ദൈവം ചെയ്ത പ്രവർത്തികൾ വലുതാണ്. 4500-ലധികം സഭകളും സ്ക്കുളുകളും അനാഥാലയങ്ങളും തയ്യൽ സ്ക്കുളുകളും ആരംഭിക്കുവാനും ആത്മീക ഉണർവിന്റെ ഒരു നിദാനമായി പ്രവർത്തിക്കുവാനും ദൈവം ഉപയോഗിച്ച ഭക്തനാണ് വി.എ തമ്പിച്ചായൻ. ദൈവം കുടുംബ ജീവിതത്തിൽ അവർക്ക് നൽകിയ നാലുമക്കളും വിവിധ നിലകളിൽ കർത്താവിനായി ഉപയോഗിക്കപ്പെടുന്നു. സഹധർമണി മറിയാമ്മ തമ്പി ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും ദൈവത്തിനായി പ്രയോജനപ്പെടുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like