അനുഭവക്കുറിപ്പ്: അഞ്ച് വയസുകാരന്‍റെ പ്രാർഥന | കെ. ജി. സാം

വർഷ കാലം സ്കൂൾ തുടങ്ങി. തോരാത്ത മഴയാണ് എല്ലാ ദിവസവും.

സ്കൂളിൽ ചേച്ചിയുടെ കൂടെയാണ് പോകുന്നത്. ഫേയ്ത്ത് ഹോമിൽ താമസം. ബസിൽ രാവിലെ പോകും. തിരികെ നടന്നാണ് വരുന്നത്. ആറു കിലോമീറ്റർ നടക്കണം. ആകെ ഒരു കുടയാണ് ഉള്ളത്. ചേച്ചിക്ക് എന്നേക്കാൾ പത്ത് വയസ് കൂടുതൽ ആണ്. ചേച്ചിയുടെ പകുതി ഉയരമേ എനിക്കുള്ളൂ. അതുകൊണ്ടു തന്നെ തിരികെ വീട്ടിൽ എത്തുന്ന  ഞങ്ങൾ രണ്ടു പേരും നനഞ്ഞ് കുളിച്ചിരിക്കും. ജൂൺ മാസത്തൈ മഴയെപ്പറ്റി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ! ഈ മഴയത്ത് നനഞ്ഞ് വരുന്നത് സ്ഥിരം സംഭവം ആണ്. ഒരു കുട കൂടി വാങ്ങിത്തരുവാനുള്ള പണമൊന്നും വിശ്വാസ ജീവിതം നയിക്കുന്ന പിതാവിനില്ല. വിശ്വാസികളായ സാധുക്കകൾ നൽകുന്ന ദശാംശം കൊണ്ട് ഉപജീവനം കഴിയുന്ന കാലം. കുട്ടി ആയതിനാൽ മൂന്ന് നേരം ഭക്ഷണം ലഭിക്കുന്നതുതന്നെ എനിക്ക് മാത്രമുള്ള ആടമ്പരം ആണ്. എന്റെ മാതാവും കുടെ വീട്ടിലുള്ള സുവിശേഷ വേലക്കാരായ സഹോദരിമാരും മിക്ക ദിവസവും പട്ടിണി ആയിരിക്കും.

എന്തെങ്കിലും ആവശ്യവുമായി ചെന്നാൽ പിതാവ് പറയും, “മോനേ, പ്രാർഥിക്ക്. ദൈവം തരും”. ഈ അഞ്ച് വയസുകാരന്  പ്രാർഥനയേപ്പറ്റി വല്ല അറിവും ഉണ്ടോ? അവന് കുട വേണം, ചോദിക്കമ്പോഴെല്ലാം പ്രാർഥിക്കാൻ പറയും. കുടക്ക് വേണ്ടി പ്രാർഥിച്ചാൽ ദൈവം കേൾക്കുമോ?? ആ പിഞ്ചു ഹൃദയത്തിന് ഒന്നും മനസ്സിലായില്ല.

ദിവസങ്ങൾ കടന്നു പോയി.

– രാവിലെ ബസിൽ കയറാൻ പോകുമ്പോഴും മഴ നനയും. എന്നെ മഴയിൽനിന്നു  സംരക്ഷിക്കാനുള്ള ശ്രമത്തിൽ ചേച്ചിയും നനയും. സ്കൂളിൽ ചെല്ലുമ്പോൾ നനഞ്ഞ് കുതിർന്നാണ് ക്ലാസിൽ ഇരിക്കുക.

എന്റെ  ഈ ദയനീയ അവസ്ഥ കണ്ട് ഫേയ്ത്ത് ഹോമിൽ ഞങ്ങളോട്കൂടെ താമസിക്കുന്ന “മദർ”അമ്മ ഒരു ദിവസം എന്നോട് പറഞ്ഞു , മോനേ നമുക്ക്  പ്രാർഥിക്കാം, യേശൂഅപ്പച്ചനോട് ഒരു കുട തരുവാൻ പ്രാത്ഥിക്കാം!! ഞാൻ ചോദിച്ചു പ്രാർത്ഥിച്ചാൽ യേശൂഅപ്പച്ചൻ കുട തരുമോ?. തീർച്ചയായും!, മദർ ഉറപ്പോടെ പറഞ്ഞു. ഞാൻ കേട്ടിട്ടുള്ള  യേശൂഅപ്പച്ചന്റെ അത്ഭുതങ്ങളിൽ ഒന്നും ഇങ്ങനെയുള്ള അത്ഭുതം ഒന്നും ഇല്ലല്ലോ, ഞാൻ “മദർ”അമ്മയോട് ആരാഞ്ഞു. മോനേ നീ വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ യേശൂഅപ്പച്ചൻ കുട തീർച്ചയായും തരും, മദർ”അമ്മ ഉറപ്പോടെ എന്നോട്  പറഞ്ഞു. മോൻ പ്രാർത്ഥിക്കുമോ?, മദർ”അമ്മ ചോദിച്ചു.

ഞാൻ പറഞ്ഞു, പ്രാർത്ഥിക്കാം. പക്ഷേ എങ്ങനെയാ പ്രാർത്ഥിക്കുക? എനിക്ക് അന്ന് ആകെ അറിയാവുന്ന പ്രാർത്ഥന ഇതാണ് – “യേശൂഅപ്പച്ചാ എനിക്ക് പാല് തരണേ ചോറ്തരണേ കഞ്ഞി തരണേ”. എനിക്ക് മൂന്ന് നേരത്തെ ഭക്ഷണം വേണമെന്ന് പ്രാർത്ഥിക്കാൻ അല്ലാതെ ഒന്നും അറിയില്ല.

മദർ”അമ്മ പെട്ടെന്ന് ഒരു പായ കൊണ്ടുവന്നിട്ട് എന്നോട് പറഞ്ഞു മോൻ ഇരുന്ന് പ്രാർത്ഥിക്ക്, ‘മോൻ കരഞ്ഞ് പ്രാർത്ഥിക്ക്’. ഞാൻ പ്രാർത്ഥിക്കുവാൻ തുടങ്ങി. കരഞ്ഞു പ്രാർത്ഥിച്ചു,  യേശൂഅപ്പച്ചാ എനിക്ക് ഒരു കുട തരണേ, യേശൂഅപ്പച്ചാ എനിക്ക് ഒരു കുട തരണേ. പ്രാർത്ഥന കഴിഞ്ഞ്  സന്ധൃ ആയപ്പോൾ  പതിവ്പോലെ ഞാൻ കിടന്നുറങ്ങി.

ആ രാത്രിയിൽ ഏകദേശം രണ്ട് മണി ആയപ്പോൾ എന്നെ ആരോ വിളിക്കുന്നു. മോനേ എഴുന്നേല്ക്ക്. നല്ല സുഖ നിദ്രയിലായിരുന്ന ഞാൻ തിരിഞ്ഞു കിടന്നു. തുടർച്ചയായുള്ള വിളി കേട്ട് ഉറക്കച്ചടവോടെ ഞാൻ എഴുന്നേറ്റ് നോക്കുമ്പോൾ എന്റെ കട്ടിലിന് ചുറ്റും എല്ലാവരും നില്ക്കുന്നു. ഉറക്കത്തിൽ നിന്ന് എഴുന്നേല്പിച്ച വിഷമത്തിൽ ഞാൻ കരയുവാൻ തുടങ്ങി.

അപ്പോൾ “മദർ”അമ്മ പറഞ്ഞു മോനേ, യേശൂഅപ്പച്ചൻ മോന്റെ പ്രാർത്ഥന കേട്ടു. ദാ, ഒരു കുട മോന് ലഭിച്ചിരിക്കുന്നു!!!

എന്റെ സന്തോഷം പറഞ്ഞറിയിക്കണോ!!!

യേശൂഅപ്പച്ചൻ എന്റെ പ്രാർത്ഥന കേട്ടു!!! പാതിരായ്ക്ക് ദൈവം ഒരു കുട ഞങ്ങളുടെ ഫേയ്ത്ത് ഹോമിൽ ഒരു വൃക്തിയിലൂടെ  എത്തിച്ചു!!

ബാലനായ ഞാൻ യേശൂഅപ്പച്ചന്റെ  കരുതൽ അനുഭവിച്ച് അറിഞ്ഞു!! പിറ്റേന്ന് ആ കുടയും ചൂടിയാണ് സ്കൂളിൽ പോയത്.

എന്റെ യേശൂഅപ്പച്ചൻ സകലത്തിനും മതിയായവൻ.

കെ. ജി. സാം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.