ചെറു ചിന്ത: യിഫ്താഹ്! – യഹോവയോടു കാര്യം പ്രസ്താവിച്ചവൻ

വീടിന്റെ പടിയിറങ്ങുമ്പോൾ…
വല്ലാത്ത വേദന ഉള്ളിൽ
തീ കോരിയിട്ടതുപോലെ…

Download Our Android App | iOS App

കൂടെ ഉണ്ടും ഉറങ്ങിയ സഹോദരങ്ങൾ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല….

post watermark60x60

പലപ്പോഴും നാട്ടുകാർ അടക്കത്തിലും കൂട്ടുകാർ കളിയാക്കിയും വിളിച്ചിരുന്നത് നൊമ്പരം തന്നിരുന്നെങ്കിലും ഇതുപോലെ അവർ ആകുമെന്ന് ചിന്തിച്ചിരുന്നില്ല….

അവകാശങ്ങളും സ്ഥാനങ്ങളും സ്വത്തുക്കളും അവർ തന്നെ പങ്കിട്ടെടുത്തുകൊള്ളട്ടെ… എന്നാൽ അവർക്കെന്നെ കൂടെ നിർത്താമായിരുന്നു..

കൂടിപ്പിറപ്പെന്നുകരുതി ചേർത്തു നിർത്തിയവർ കുലം തോണ്ടുന്നവരാകുമെന്നു കരുതിയില്ല…

എവിടെയും പണത്തിലും പിടിപാടിലും ആണ് കാര്യം…
ആത്മാർത്ഥതയ്ക്കോ…സ്വന്തം സമയം കളഞ്ഞു സഹായിക്കുന്നതിലോ കാര്യമില്ല…

പണത്തിനു മുകളിൽ പറക്കുന്ന പരുന്തോ?? ഒരിക്കലും ഉണ്ടാവില്ല… പണവും സ്വാധീനവും നുണയും നന്നായി ഉപയോഗിക്കാൻ കഴിയുന്നവനു ഏതു നന്മകളെയും തിന്മകളാക്കി അവതരിപ്പിച്ചു നന്മയെ നിഷ്ഭ്രമമാക്കി കളയുവാൻ കഴിയും..

ചിന്തിച്ചു നിന്നിട്ട് കാര്യമില്ല… ഇറങ്ങി നടക്കാം…
പിതാക്കന്മാരെ മരുഭൂമിയിൽ നടത്തിയ ദൈവത്തിനു എന്നെയും നടത്തുവാൻ കഴിയും…
സഹോദരങ്ങളുടെ കുത്തുവാക്കുകൾ കേട്ടു പിടിച്ചു നിന്നാൽപോലും ഇനി എത്രനാൾ?…..
ഇവരോടൊപ്പം സമാധാനത്തോടെ ജീവിക്കാൻ ഇനിയുള്ള കാലം കഴിയുമോ?…

ചിന്തിച്ചു നടക്കുമ്പോൾ യിഫ്താഹിന്റെ മനസ്സിൽ വേദനയ്ക്കപ്പുറം എവിടെയെങ്കിലും തനിക്കു കൂടാരം അടിച്ചു കുടുംബമായി ജീവിക്കണം എന്നു മാത്രമായിരുന്നു…
തോബ്‌… അതാണ് ആ കാണുന്ന ഗ്രാമം…
നന്നേ ഇരുട്ടിത്തുടങ്ങിയിരിക്കുന്നു… ഇവിടെ രാപാർക്കം…
ഗ്രാമകവാടത്തിൽ നിൽക്കുമ്പോൾ ഓടിവന്ന
ഗ്രാമവാസികൾ അവനെ നന്നായി സ്വീകരിച്ചു…

ഇനിയിവിടെ കൂടാം… വലിയതോന്നും പറയാനില്ലാത്ത സാധാരണക്കാർ…

അവരോടൊപ്പം നിന്നാൽ അവർ ഒരിക്കലും ഒറ്റിക്കൊടുക്കുകയോ ഇറങ്ങിപ്പോകാൻ പറയുകയോ ചെയ്യില്ല എന്ന ഉറപ്പുണ്ട്…

കാലങ്ങൾ കടന്നുപോയി….
ദേശത്തിലെ നിസ്സാരന്മാർ യിഫ്താഹിന് കൂട്ടായി…

യിസ്രായേലിൽ ശത്രുവിന്റെ പോര് അധികമാകുവാൻ തുടങ്ങി….
ദേശത്തിൽ പൊരുതുവാൻ കെൽപ്പുള്ളവൻ ആരുമില്ല….
അപ്പോഴാണ് അവരിൽ ചില മൂപ്പന്മാർക്കു ഓർമ്മ വന്നത്….

യിഫ്ത്താഹ് ഉണ്ടായിരുന്നെകിൽ…. അവനെ വേണ്ടാത്തതു പറഞ്ഞു ഓടിക്കാതിരുന്നെങ്കിൽ…

അവനോട് ഒരു നല്ലവാക്കു പറഞ്ഞു കൂടെ നിർത്തിയിരുന്നെങ്കിൽ….
നമുക്കിന്ന് ഈ ഗതി വരികയില്ലായിരുന്നു…

അവനെ തിരികെ വിളിക്കണം… അവനു നമ്മൾ ഉചിതമായ സ്ഥാനം കൊടുത്തു നമുക്കായി നിർത്തണം…
ഇനിയും താമസിക്കാൻ പാടില്ല…. യിഫ്താഹിനെ തിരിച്ചു നമ്മുടെ ഇടയിലേക്ക് വിളിക്കണം… അവനെ ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയുകയുള്ളൂ… അവരുടെ സ്വരം ഒന്നായിരുന്നു….

തോബിൽ യിഫ്താഹിന്റെ മുൻപിൽ നിൽക്കുമ്പോൾ അവർ വല്ലാതെ പതറിയിരുന്നു…
പരാക്രമശാലിയായ ഇവൻ നമ്മുടെ കൂടെ വരാൻ വിസമ്മതിക്കുമോ?…

വരാഞ്ഞാൽ ശത്രുവായ അമ്മോന്യരുടെ കയ്യിൽ നിന്നും ആർ നമ്മെ വിടുവിക്കും…
ദയനീയമായ മുഖങ്ങളും.. കൂടപ്പിറപ്പുകളുടെ ഭാരവും യിഫതാഹിന്റെ മനസലിയിപ്പിച്ചു…

അവൻ പറഞ്ഞു…
ഞാൻ വരാം… നിങ്ങൾ ജയിച്ചാൽ ഇനി മേലാൽ നിങ്ങൾ എന്നെ അപമാനിക്കാതെ നിങ്ങളുടെ നായകനാക്കി നിർത്തുമെന്നു ഉറപ്പു തന്നാൽ…

ഇത്രയെങ്കിലും ഇവരോട് ഇങ്ങനെ ചോദിച്ചില്ലേൽ ഞാൻ ഏറ്റ അപമാനത്തിനു പകരമാകുമോ…. യിഫ്ത്താഹ് മനസ്സിൽ പറഞ്ഞു….

മിസ്പയിൽ യഹോവയുടെ സന്നിധിയിൽ നിൽക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…സ്വന്തക്കാർ തള്ളിയപ്പോൾ ഇവിടെ ഇരുന്നു പൊട്ടിക്കരഞ്ഞു ദൈവത്തോട് പറഞ്ഞതു അവൻ ഓർത്തു….
ഇന്ന് അതിന്റെ മറുപടി ലഭിച്ചിരിക്കുന്നു…. നടത്തിയ വഴികൾ ഓരോന്നായി പറയുമ്പോൾ അവൻ ദൈവത്തോട് കൃതാർത്തൻ ആയിരുന്നു….
ന്യായാധിപന്മാർ 11:11

അങ്ങനെ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടുകൂടെ പോയി; ജനം അവനെ തലവനും സേനാപതിയുമാക്കി; യിഫ്താഹ് മിസ്പയിൽവെച്ചു യഹോവയുടെ സന്നിധിയിൽ തന്റെ കാര്യമെല്ലാം പ്രസ്താവിച്ചു.

പാസ്റ്റർ ജെൻസൻ ജോസഫ്

-ADVERTISEMENT-

You might also like
Comments
Loading...