ചെറു കഥ: മരണ നിഴലിൻ താഴ് വര | മൊറൈസ് തോട്ടപ്പള്ളി

 

സൈനീകരുടെ മക്കളായിരിക്കുക എന്നതിലൂടെ ലഭിക്കാവുന്ന ഏറ്റം സവിശേഷതയാർന്ന കാര്യം ഭൂപടത്തിൽ മാത്രം കാണാനാവുന്ന വ്യത്യസ്ത സ്ഥലങ്ങളും നയനാനന്ദം പകരുന്ന ഇടങ്ങളും സന്ദർശിക്കുവാനാകും എന്നതാണ്. റാൻ ഓഫ് കച്ചിലെ മൺ മലകളും കുംഭി ഗ്രാമിലെ പച്ചപ്പുൽ തകിടികളും ഉൾപ്പെടെയുള്ള പ്രകൃതി സൗന്ദര്യവും സാംസ്കാരിക മഹിമയും ഇത്തരം നെടുകെയും കുറുകെയുമുള്ള സ്ഥലം മാറ്റ യാത്രകളിലൂടെ ലഭിക്കുന്നു. ഇത്തരമൊരു അനുഭവം എട്ടുവയസ്സുകാരിയായ ശബ്നത്തിനും അവളുടെ ഇളയ സഹോദരിക്കും പട്ടാളക്കാരനായ പിതാവിന്റെ കാശ്മീരിലേക്കുള്ള സ്ഥലം മാറ്റത്തിലുടെ ഉണ്ടാവുന്നു.

അടുത്ത ചില വർഷങ്ങൾ ഭൂമിയിലെ പറുദീസ എന്നറിയപ്പെടുന്ന കാശ്മീരിലെ ശ്രീനഗറിലുളള താമസത്തേപ്പറ്റിയുള്ള സ്വപ്നങ്ങൾ ഇവരുടെ മനസിനെ കുളിർപ്പിച്ചു. കാശ്മീരിനെ പരാമർശിക്കുന്ന പുസ്തകങ്ങളിൽ നിന്നും ഈ സ്ഥലത്തേപ്പറ്റിയറിയാൻ ശ്രമം നടത്തിയും സാധന സാമഗ്രികൾ അടുക്കി കെട്ടുവാൻ തിരക്കു കൂട്ടിയും എത്രയും വേഗം കാശ്മീരിലെത്താൻ അവർ വെമ്പൽ കൊണ്ടു.

ശ്രീനഗറ്റൽ എത്തിയപ്പോഴാകട്ടെ സങ്കല്പത്തിൽ അറിഞ്ഞതിനേക്കാൾ ആ നഗരം മനോഹരമായിരിക്കുന്നു. സായാഹ്നങ്ങളിൽ അവിചാരിതമായി നിറം മാറുന്ന ആകാശവും അതിന്റെ പ്രതിഫലനമെന്നവണ്ണം വിവിധ വർണ്ണങ്ങൾ നിറയുന്ന ഇലകളും കാൻവാസിൽ ഒരു സുന്ദര ചിത്രം പകർത്തുവാൻ വക നൽകുന്നു. കതിരവന്റെ പ്രഭയിൽ മുങ്ങി മഞ്ഞൻ തൊപ്പിയണിഞ്ഞ ഹിമാലയത്തിന്റ മനോഹാരിതയെ വരവേൽക്കുന്ന ഷിക്കാരാ മരങ്ങളും സുവർണ്ണ തണൽ വീശുന്ന ദാൽ തടാകവും തടാകത്തിനിരുവശവും നിര നിരയായി നിൽക്കുന്ന ചിനാർ മരങ്ങളുമെല്ലാം ഈ കുട്ടികളിൽ വിസ്മയം സൃഷ്ടിച്ചു. നഗര മധ്യത്തിൽ സ്ഥിതി ചെയ്തിരുന്ന ഫ്രഞ്ച് ജനാലകളും കടുക്കാമരത്തടിയുടെ നേർത്ത പാളികൾ പകിട്ടേകുന്നതുമായൊരു പൗരാണിക ബംഗ്ലാവ് ഇവരുടെ പാർപ്പിടമായി. മൂന്നു നിലകളിലായി പണി കഴിപ്പിച്ചിരുന്ന ബംഗ്ലാവിനു ചുറ്റും സുന്ദരമായ പൂന്തോട്ടവും ചുറ്റുമതിലും ഉണ്ടായിരുന്നു. പ്രവേശന കവാടം ആകട്ടെ കൂറ്റൻ ഇരിമ്പു ഗേറ്റിനാൽ സുരക്ഷിതമാക്കിയിരുന്നു.

മൂന്നു നില സൗധത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലായിരുന്നു നമ്മുടെ സൈനികനും കൂടുംബവും താമസിച്ചിരുന്നത്. മുകൾ നിലകളിൽ വീട്ടുടയവനും കുടുംബവും. സൈനികരുടെ മക്കൾ നന്നാ ചെറുപ്പത്തിലേ മാതാവുമായി ഇണങ്ങി ജീവിക്കുന്നതിൽ സംതൃപ്തി കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ശ്രീനഗറിൽ കൂടുംബത്തെ പാർപ്പിച്ച ശേഷം പടിഞ്ഞാറൻ കാശ്മീരിലെ സൈനീക ക്യാബിലേക്ക് സേവനത്തിനു പോയ ഇവരുടെ അച്ഛന്റെ അസാന്നിധ്യം ചോദ്യം ചെയ്യാതെ കുട്ടികൾ അംഗീകരിച്ചു.

സാഹചര്യം മാറിത്തുടങ്ങുമെന്ന് ഒരു വിധത്തിലും ചിന്തിക്കാതെ താഴ്വരയുടെ സൗന്ദര്യം ഹൃദയത്തിൽ സന്തുഷ്ടി നിറച്ചു കൊണ്ട് ഓരോ ദിവസവും കൊഴിഞ്ഞു പൊയ്ക്കോണ്ടേയിരുന്നു. പൊടുന്നനെ ആയിരുന്നില്ല പകരം ഓരോരുത്തർക്കും വ്യക്തമായി തോന്നും വിധം ക്രമേണയായിരുന്നു കാര്യങ്ങൾ മാറി തുടങ്ങിയത്. താഴ്വരയിലെ സന്തുഷ്ടിയും, അശാന്തിയും ഭീകരതയും നിറഞ്ഞ, എന്തോ മോശമായത് സംഭവിക്കുവാൻ പോകുന്നു എന്ന നിലയിലേക്ക് വഴുതിവീണു. ദിവസങ്ങളോളം വിദ്യാലയങ്ങൾ പൂട്ടിയിട്ടു. മുന്നറിയിപ്പ് കൂടാതെ സർക്കാർ ഓഫിസുകളും പൊതു കമ്പോളങ്ങളും അടച്ചിട്ടു. നിത്യജീവിതത്തെ താറുമാറാക്കും വിധം കർഫ്യൂ പ്രഖ്യാപനങ്ങൾ വന്നുകൊണ്ടേയിരുന്നു. അവശേഷിച്ചത് ഭീതിയുടെ മിന്നലാട്ടവും അസ്ഥികോച്ചുന്ന ഭയത്തിന്റെ ആഴമുള്ള വികാരവും മാത്രം. ഇതായിരുന്നു വരാനിരിക്കുന്ന വർഷങ്ങളിലേക്ക് നീണ്ട ഭീകര യുഗത്തിന്റെ ആദ്യപാദം. പുറത്തു കാണിക്കാത്ത ശക്തമായ വിരോധത്തിന്റെ ലക്ഷ്യങ്ങളായിത്തീർന്നു സൈനീകരും അവരുടെ കുടുംബാംഗങ്ങളും. ദൈനംദിനാവശ്യങ്ങൾക്കായി കടകളിൽ പോകുന്നതു പോലും പ്രയാസമായിത്തീർന്നതിനാൽ ജീവിതത്തിന്റെ സന്തുലത ഏറെക്കുറെ നഷ്ടപ്പെടുന്ന സ്ഥിതി വിശേഷം.

ഇതിനിടെ ശബ്നത്തിന്റെ അമ്മയുടെ വ്യക്തിത്വം ആ ചുറ്റുപാടിൽ രഹസ്യമല്ലാതിരുന്നതിനാൽ അവർ നന്നായി നിരീക്ഷപ്പെട്ടുകൊണ്ടിരുന്നു. നിശാന്ത ഭയത്തിനടിമപ്പെട്ടുകൊണ്ടുള്ള ജീവിതത്തിലേക്ക് അവർ തള്ളിയിടപെട്ടു. രാത്രികൾ അശുഭകരമായതെന്തോ സംഭവിക്കുവാനുള്ള കാത്തിരുപ്പെന്നപോലെ കഴിച്ചുകൂട്ടി. അമ്മയുടെ ഭയം മക്കളായ ശബ്നത്തിലേക്കും അനുജത്തിയിലേക്കും പടർന്നു വ്യാപിച്ചു. എല്ലായ്പ്പോഴും ഭീതി വിതറുന്നതെന്തോ സംഭവിക്കുമെന്ന തോന്നൽ ജീവിതം കയ്പാക്കി. അങ്ങനെ അത് സംഭവിച്ചു.

ആ രാത്രിയിൽ ശബ്നത്തിന്റെ അമ്മ ഏതോ അജ്ഞാത ശബ്ദം കേട്ട് ഞെട്ടിയുണർന്നു. ലൈറ്റുകൾ തെളിയിക്കാതെ ജനാല പാളികൾക്കിടയിലൂടെ വീടിന് പുറത്തേക്ക് നോക്കിയ അവർ ഒരു നിമിഷം മരവിച്ചുപോയി. ഭീകരരെന്നു തോന്നിക്കുന്ന ഒരു കൂട്ടം ആളുകൾ ആയുധവുമായി വീടിന് മുന്നിൽ നിൽക്കുന്നു. ധൈര്യം വീണ്ടെടുത്ത അവർ മക്കളെയും വാരിയെടുത്ത് താഴത്തെ നിലയെയും മുകളിലത്തെ നിലയെയും കൂട്ടിയിണക്കിയിരുന്ന ഏകമാർഗ്ഗമായ കോണിപ്പടിയിലേക്കുള്ള പ്രവേശനവാതിലിലേക്കോടി. ഈ കതക് വീട്ടുടമ മുകളിൽ നിന്ന് എല്ലായ്പ്പോഴും പൂട്ടിയിടുകയാണ് പതിവ്. മുകളിലത്തെ നിലയിൽ പാർക്കുന്ന വീട്ടുടമ കേൾക്കുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു എങ്കിലും മൃദുവായ ശബ്ദത്തിൽ അവർ വിളിച്ചു. ദൈവം ആ വിളി കേട്ട് കല്പന കൊടുത്തിട്ടെന്നവണ്ണം സഫർ അങ്കിളും ഷാഹിന ആൻ്റിയും പൊടുന്നനവെ കോണിപ്പടികൾ ഇറങ്ങിവന്നു അവിടേക്കുള്ള പ്രവേശനകവാടം തുറന്നു. വൃദ്ധദമ്പതികൾ ശബ്നത്തെയും അനുജത്തിയെയും അവരുടെ മാതാവിനെയും ഭയത്താൽ വിറങ്ങലിച്ച അവസ്ഥയിൽ താങ്ങിനിർത്തി. സെക്കൻഡുകൾ പോലും ഇഴയുകയാണോ എന്ന് ചിന്തിച്ചുപോയ അവസ്ഥ. ഏതൊരു ചലനവും കഴുകൻ്റെ കൂർത്ത കൊക്കുകൾക്കിരയാകേണ്ടതിലേക്ക് എത്തിച്ചേക്കാമെന്ന യാഥാർത്ഥ്യം അവരുടെ ശരീരത്തെ കൂടുതൽ വിറയാർന്നതാക്കി. ഇതിനിടെ ശബ്നത്തിന്റെ അമ്മ ജനാലവരിപ്പ് ഒരല്പം നീക്കി പുറത്തേക്ക് നോക്കി. താഴെ മുറ്റത്ത് കൂടിനിന്നവർ വീട്ടിനുള്ളിലേക്ക് ഇരച്ചു കയറുന്നു. അതിനുള്ളിലാകമാനം അരിച്ചു പെറുക്കിയ അവർ ആരെയും കാണാഞ്ഞ് ദേഷ്യവും നിരാശയും നിറഞ്ഞവരായി പുറത്തേക്കിറങ്ങി അവിടം വിട്ടു പോകുന്നു. ആശ്വാസത്തിന്റെ നേരിയ പ്രകാശം കടന്നുവരുന്നു. വീട്ടുടമകളായ ആ വൃദ്ധദമ്പതികൾ തങ്ങളുടെ സുരക്ഷയെ കൂടി കരുതി താഴേക്ക് ഉള്ള വാതിൽ തുറക്കാതെ ഇരിന്നിരുന്നു എങ്കിലോ? അല്ലേ! ഇങ്ങനെ ആകുന്നുവോ ദൈവം തന്റെ സാന്നിധ്യം ആപത്തിന്റെ കൂരിരുട്ടിൽ ദിവ്യ പ്രവൃത്തിയായി വെളിപ്പെടുത്തുന്നത്…

അതേ !
“മരണനിഴലിൻ താഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോട് കൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. സങ്കീർത്തനം 23:4.

മൊറൈസ് തോട്ടപ്പള്ളി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.