ലേഖനം: കാനാവിലെ കല്യാണം നമ്മെ പഠിപ്പിച്ച അഞ്ചു കാര്യങ്ങൾ | നിബു വര്‍ഗ്ഗിസ് ജോണ്‍

(യോഹന്നാൻ എഴുതിയ സുവിശേഷം 2 : 1 – 11 )

സുവിശേഷങ്ങളിൽ യോഹന്നാന്റെ സുവിശേഷത്തിൽ മാത്രം രേഖപ്പെടുത്തിയിട്ടുള്ള , യേശുക്രിസ്തുവിന്റെ ഏറ്റവും ആദ്യത്തെ അത്ഭുതം ആയി വിശേഷിപ്പിച്ചിട്ടുള്ള, ഒരു സംഭവം ആണ് കാനാവിലെ കല്യാണത്തിന് വെള്ളം വീഞ്ഞ് ആക്കിയത്. എവിടെയാണ് ഈ കാനാ എന്ന സ്ഥലം എന്നതിന് ചരിത്രകാരന്മാർ പറയുന്ന ഉത്തരം ഇത് നസ്രേത്തിൽ നിന്നും വടക്കു കിഴക്കു മാറി ഏകദേശം നാലര മൈൽ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഗലീലയിലെ കഫർ കന്ന എന്ന സ്ഥലം ആയിരിക്കാനാണ് സാധ്യത എന്നാണ്. യേശു ഫിലിപ്പോസിനെയും, കാനാവിൽ നിന്ന് തന്നെയുള്ള നഥനയേലിനെയും ,തന്നെ അനുഗമിക്കുവാൻ വിളിച്ചതിനു ശേഷം ആണ് കാനാവിലെ ഈ അത്ഭുതം സംഭവിക്കുന്നത് .
മറ്റൊരു ചോദ്യം ,ആരുടെ കല്യാണം ആണ് ഇവിടെ നടക്കുന്നത് എന്നാണ് . യേശുവിന്റെ ‘അമ്മ മറിയ ഒരു ആതിഥേയയെപോലെ പെരുമാറുന്നതുകൊണ്ടും യേശുവും ശിഷ്യന്മാരും യേശുവിന്റെ മറ്റെല്ലാ സഹോദരങ്ങളും ഈ വിവാഹത്തിൽ പങ്കെടുത്തതുകൊണ്ടും ഇത് കുടുംബത്തിലെ ഒരാളുടെ വിവാഹം ആകാൻ ഉള്ള സാധ്യത തള്ളിക്കളയാനാകില്ല .നോർത്ത് കരോലിന യൂണിവേഴ്സിറ്റി പ്രൊഫസർ ആയ ഡോക്ടർ ജെയിംസ് താബോർ പറയുന്നത് ഇത് യേശുവിന്റെ സഹോദരൻ യാക്കോബിന്റെയും നഥനയേലിന്റെ സഹോദരിയോ ,അല്ലെങ്കിൽ മകളോ തമ്മിലുള്ള വിവാഹം ആകാനാണ് സാധ്യത എന്നാണ്. ഇതെല്ലം തികച്ചും സാദ്ധ്യതകൾ മാത്രം ആണ് .
ഇത്രയും എഴുതിയെതു, നാം വായിക്കുന്ന വിഷയത്തെ പറ്റി പ്രാഥമികമായ ഒരു ഗ്രാഹ്യം ലഭിക്കുവാൻ വേണ്ടിയാണ് . ഒരു വിശ്വാസിയെ സംബന്ധിച്ചേടത്തോളം പ്രാധാന്യം ഉള്ളത് ഈ സംഭവ ചരിത്രത്തിൽ നിന്ന് നമ്മുടെ ജീവിതത്തിനു ഗുണകരമായ എന്ത് ഉപേദശം ആണ് ഈ വേദഭാഗം പകർന്നു നൽകുന്നത് എന്നുള്ളതാണ് . അപ്രകാരം ഉള്ള അഞ്ചു കാര്യങ്ങൾ കർത്താവിൽ ആശ്രയിച്ചുകൊണ്ടു ഞാൻ കുറിക്കട്ടെ . കാര്യങ്ങൾ കൂടുതൽ വ്യക്തമാകാനായി ഈ വിവാഹത്തിന്റെ ആതിഥേയന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് ഈ ലേഖനം എഴുതുന്നത്.​

1. അവൻ യേശുവിനെ ക്ഷണിച്ചു (യോഹ 2 : 2 )

ഒരു വിശ്വാസിയുടെ ജീവിതയാത്രയുടെ ഏറ്റവും ആദ്യത്തേതും പ്രധാനപെട്ടതുമായ വിഷയം ആണ്‌ ഞാൻ സൂചിപ്പിച്ചതു. നീ യേശുവിനെ ക്ഷണിക്കുക! . ആത്മികമോ ഭൗതികവുമായ ഏതു വിഷയെത്തിലേക്കും നീ കാലെടുത്തു വെക്കും മുൻപേ നീ ഉറപ്പു വരുത്തേണ്ട കാര്യമോ , ദൈവപൈതലേ , യേശുവിനെ നീ ഹൃദയത്തിലേക്ക് ക്ഷണിച്ചു എന്നും അവൻ നിന്നോട് കൂടെ ഉണ്ട് എന്നുള്ളതും ആണ്‌ .
ഒരു പ്രശ്‍നം വന്നപ്പോൾ അവൻ യേശുവിനെ അന്വേഷിച്ചു പോകുകയല്ലായിരുന്നു മറിച്ചു യേശുവിനെ മുന്നമേ താൻ ക്ഷണിച്ചു, അവൻ തന്റെ ഭവനത്തിൽ ഉണ്ടായിരുന്നു എന്ന് ഉറപ്പു വരുത്തിയിരുന്നു . കാരണം യേശുകൂടെയുള്ളവൻ പ്രശ്നങ്ങളെ ഭയപ്പെടേണ്ട കാര്യം ഇല്ല .നിന്റെ വിഷയത്തെക്കാൾ വലിയ ദൈവം നിന്നോട് കൂടെയുള്ളപ്പോൾ നീ എന്തിനെയാണ് ഭയപ്പെടേണ്ടത് ? .ദാവീദ് രാജാവ് സങ്കി 56 : 3 ഇൽ ഇങ്ങനെ എഴുതി ” ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും “.അവനെ നിന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുക!

2. അവർ അവനോടു അപേക്ഷിച്ചു . (യോഹ 2 : 5 )

ഈ സംഭവുമായി ബന്ധപെട്ടു ഈ വിവാഹത്തിന്റെ ആതിഥേയൻ നമ്മെ പഠിപ്പിക്കുന്ന മറ്റൊരു കാര്യം ഇതാണ്. നമുക്ക് ഒരു വിഷയം ഉണ്ടെങ്കിൽ അത് കർത്താവിനോടു പറയുക .ഇനി വിഷയത്തിന് പരിഹാരവുമായി മറ്റെവിടെയൊക്കെ പോയാലും ഒടുവിൽ നീ യേശുവിന്റെ അടുക്കൽ വരേണ്ടിയതായിട്ടു വരും . നോക്കു അവർ വിഷയത്തിന് പരിഹാരവുമായി മറിയയെ സമീപിച്ചെങ്കിലും അവർക്കു കിട്ടിയ ഉപദേശം യേശുവിനോടു അപേക്ഷിക്കാനാണ്. ദൈവപൈതലേ നാം കേൾക്കുന്ന പ്രസംഗങ്ങളും, നാം വായിക്കുന്ന ലേഖനങ്ങളും ,നാം കണ്ടുമുട്ടുന്ന ആത്മീയരും വിശുദ്ധരും ആയ വ്യക്തികളും കേവലം ചൂണ്ടുപലകകൾ മാത്രം ആണ്‌ എന്ന സത്യം മനസിലാക്കുക . അവരൊക്കെ നമ്മെ ചൂണ്ടികാണിച്ചു പറയുന്നത് കാൽവരിയിലേക്ക് നോക്കാനാണ് , നമ്മുടെ അരുമനാഥനായ യേശുവിനോടു ചോദിക്കാനാണ് . യേശുവിനോടു അപേക്ഷിച്ചാൽ മാത്രം പോരാ അവൻ കല്പിക്കുന്നത് ചെയ്യുകയും വേണം ( യോഹ 2 :5 ). അവനോടു അപേക്ഷിക്കുന്നതും , വിഷയത്തിന് പരിഹാരം ലഭിക്കുന്നതും നമ്മെ സന്തോഷിപ്പിക്കുന്ന കാര്യം ആണെങ്കിലും അപേക്ഷിക്കുന്നതിനും പരിഹാരം ലഭിക്കുന്നതിനും മദ്ധ്യേ “അവനെ അനുസരിക്കുക” എന്നൊരു കണ്ണി ഉണ്ടെന്നു മറന്നു പോകരുത് . അവനെ അനുസരിക്കുക എന്നാൽ അവന്റെ വചനത്തെ അനുസരിക്കുക .നാം അവനെ വിളിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുമ്പോൾ ( ലൂക്കോസ് 6 :46 ) നമ്മുടെ വിഷയങ്ങൾക്ക് അവൻ പരിഹാരം അയക്കും .

3. അവൻ ഒരുക്കിവെച്ചു . (യോഹ 2 : 6 )

ഇവിടെ മറ്റൊരു വിഷയം കാണുന്നത് , യേശുവിനു നിറയ്ക്കുവാൻ വേണ്ട കൽപാത്രങ്ങൾ അവിടെ തയാറായിരുന്നു എന്നുള്ളതാണ് . ഒഴിഞ്ഞതിനെ ദൈവം നിറയ്ക്കും (സങ്കി 81 :10 ) എന്നാൽ ഒരുക്കം വ്യക്തിപരം ആണ് . നോക്കു ഒഴിഞ്ഞിരുന്ന അനേകം വ്യക്തികളെ അവൻ ശിഷ്യന്മാരും അപോസ്തലന്മാരും ആയി വിളിക്കുകയും ആത്മാവിനാൽ നിറക്കുകയും ചെയ്തപ്പോൾ, ഒരുക്കമില്ലാത്ത കന്യകമാർ കൈവിടപ്പെട്ടു പോയി (മത്തായി 25 :12 ). കാനാവിലെ ആതിഥേയൻ വിഷയം യേശുവിനോടു പറഞ്ഞിട്ട് നിറയ്ക്കുവാൻ പാത്രം അന്വേഷിച്ചു നടക്കുന്നനല്ല മറിച്ചു ഒരുക്കിവെച്ചിട്ട് കർത്താവിനെ വിളിക്കുന്നവനാണ് , അവൻ ദാവീദിനെ പോലെ രാവിലെ ഒരുക്കി കാത്തിരിക്കുന്നവനാണ് ( സങ്കി 5 : 3 ). നമ്മുടെ വിഷയങ്ങളുടെമേൽ ദൈവസാന്നിധ്യം വ്യാപരിക്കുവാൻ ആഗ്രഹിക്കുന്നെങ്കിൽ നാം നമ്മുടെ ഹൃദയനിലങ്ങളെ അവനായി ഒരുക്കുകയും അവനായി വിശുദ്ധിയോടെ കാത്തിരിക്കുകയും വേണം കാരണം അപ്രകാരം കാത്തിരിക്കുന്നവർ ആണ് ശക്തിയെ പുതുക്കുന്നത് ( യെശയ്യാ 40 : 31 )

4. അവൻ ഏറ്റവും ശ്രേഷ്ഠം ആയതു പ്രാപിച്ചു (യോഹ 2 : 10 )

യേശു ചെയ്ത അത്ഭുതത്തിനു ശേഷം വീഞ്ഞ് കുടിച്ച വിരുന്നുവാഴി ഒരു കാര്യം ​ഇങ്ങനെ പറയുകയുണ്ടായി ” നീ നല്ല വീഞ്ഞ് ഇത് വരെയും സൂക്ഷിച്ചുവെച്ചുവല്ലോ ” എന്ന് .ആ ആതിഥേയൻ ഇങ്ങനെ പറഞ്ഞു കാണും എന്ന് ഞാൻ ചിന്തിക്കുന്നു . “ഞാൻ ഏറ്റവും നല്ല വീഞ്ഞ് തന്നെയാണ് എന്റെ അതിഥികൾക്ക് കൊടുത്തത് എന്നാൽ യേശു തന്നത് കുടിച്ചപ്പോൾ ഇതുവരെ കുടിച്ചതെല്ലാം ഇളപ്പമായി തോന്നി” . ഞാൻ പറയട്ടെ ദൈവപൈതലേ , ലോകം നിനക്കു എന്തും തന്നോട്ടെ, ധനം , മാനം,പ്രശസ്തി , അധികാരം ; എന്നാൽ ഇതൊന്നും , ഒന്നും ഒന്നും , എന്റെ യേശു തരുന്നതിനു പകരം വെക്കാൻ കഴിയുന്നതല്ല . അവന്റെ സ്നേഹത്തിനു പകരം വെക്കാൻ, നിത്യജീവന് പകരം വെക്കാൻ, കൂട്ട്ടായ്മക്കു പകരം വെക്കാൻ നിന്റെ ജീവിതം പോരാ . അവൻ നിനക്ക് തരുന്നെങ്കിൽ ഏറ്റവും ശ്രേഷ്ഠം ആയതു ആയിരിക്കും തരുന്നത് . എന്ത് കൊണ്ട് പൗലോസ് എല്ലാം ഉപേക്ഷിച്ചു ചവറു എന്ന് എണ്ണിയതെന്നു ( ഫിലിപ്പി 3 : 11 ) , എന്ത് കൊണ്ട് യോസേഫ് തന്റെ നിലം വിറ്റത് എന്ന് ( അപ്പൊ 4 : 37 ), എന്ത് കൊണ്ട് സക്കായി തന്റെ വസ്തുവക ദരിദ്രർക്ക് കൊടുത്തതെന്ന് ( ലൂക്കോസ് 19 :8 ) ചിന്തിക്കുമ്പോൾ , ഇതൊക്കെ ചെയ്തിട്ടും അതൊന്നും അവർക്കു ഒരു നഷ്ടമായി തോന്നാത്തതിന് കാരണം ചിന്തിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്ന ഒരു സത്യം, അവർ അവന്റെ പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത രുചിച്ചറിഞ്ഞു എന്നുള്ളതാണ്. ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളത് തന്നെ ചിന്തിപ്പിൻ( കൊലൊസ്സ്യർ 3 : 2 )!

5. അവന്റെ ജീവിതത്തിലൂടെ ക്രിസ്തു മഹത്വപ്പെട്ടു (യോഹ 2 : 11 )

യേശു തന്റെ മഹത്വം വെളിപ്പെടുത്താനായി ഇഹലോകവാസകാലത്തു ആദ്യമായി ഉപയോഗിച്ചത് ഈ കാനാവിലെ കല്യാണത്തെ ആയിരുന്നു . അവന്റെ ആവശ്യത്തിന്റെ മുഖത്ത് ഒരുക്കത്തോടെ കർത്താവിനോടു അപേഷിച്ചപ്പോൾ ഒരു വിടുതൽ അവന്റെ ജീവിതത്തിലും, കുടുംബത്തിലും കാണാൻ കഴിയുകയും ,വരാമായിരുന്നു വലിയ ഒരു ലജ്ജാകരമായ വിഷയത്തിൽ നിന്നും വിടുതൽ പ്രാപിക്കുകയും ചെയ്തു. നമ്മുടെ ജീവിതം കൊണ്ട് യേശു മഹത്വപ്പെടുന്നെതിനേക്കാൾ എന്ത് വല്യ ഭാഗ്യം ആണ് നമുക്ക് വരുവാനുള്ളത് . നാം അവന്റെ സന്നിധിയിൽ നമ്മെ തന്നെ താഴ്ത്തി സമർപ്പിച്ചിരുന്നെങ്കിൽ അവൻ എത്ര അധികം നമ്മെ ഉയർത്തുമായിരുന്നു ( 1 പത്രോസ് 5 :6 ) .

പ്രിയ വായനക്കാരാ , നീ യേശുവിനെ നിന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയും , അവനായി ഒരുക്കിവെച്ചു ,അവനോടു അപേക്ഷിക്കുയും ചെയ്യുമ്പോൾ ,നീ ഏറ്റവും ശ്രേഷ്ഠം ആയതു പ്രാപിക്കുകയും ദൈവം നിന്റെ ജീവിതത്തെ തന്റെ നാമ മഹത്വത്തിനായി ഉപയോഗിക്കുകയും ചെയ്യും .​ഒരു കാര്യം കൂടി . യേശു ഉള്ള പടകിലും യേശു ഇല്ലാത്ത പടകിലും കാറ്റ് അടിക്കും . എന്നാൽ യേശു ഇല്ലാത്ത പടകു കാറ്റടിച്ചു തകർന്നു പോകുമ്പോൾ യേശു ഉള്ള പടകു കാറ്റിനെയും കടലിനെയും വകഞ്ഞു മാറ്റി മുന്നേറി തന്റെ ലക്ഷ്യത്തിൽ എത്തിച്ചേരും .
ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ !

നിബു വർഗീസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.