ശുഭദിന സന്ദേശം: പാമ്പും പ്രാവും | ഡോ. സാബു പോൾ

ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ”(മത്താ.10:16).

post watermark60x60

ദൈവമക്കൾ ഒരു പ്രതിരോധത്തിനും ശ്രമിക്കാത്ത ആടുകളാണോ…?
മറ്റുള്ളവരെല്ലാം രക്തദാഹികളായ ചെന്നായ്ക്കളാണോ…?

പാമ്പിന് ഭയങ്കര ബുദ്ധിയാണോ….?
പ്രാവ് അത്രയ്ക്ക് നിഷ്കളങ്ക ജീവിയാണോ….?

Download Our Android App | iOS App

ബൈബിളിലെ തെറ്റുകൾ കണ്ടെത്താൻ പെടാപ്പാട് പെടുന്നവർക്ക് വിരൽ ചൂണ്ടാൻ ഇതൊക്കെ ധാരാളം….

നാലു ജീവികളുടെ പേര് പരാമർശിച്ചിരിക്കുന്ന ഈ വാക്യത്തിൽ സുവിശേഷീകരണത്തിനായി അയയ്ക്കപ്പെടുന്നവർ അഭിമുഖീകരിക്കാൻ സാധ്യതയുള്ള പ്രശ്നങ്ങളിൽ എങ്ങനെ നിലനിൽക്കണമെന്നാണ് യേശു ഊന്നിപ്പറയുന്നത്.

യേശുവിൻ്റെ ഉപദേശങ്ങളിൽ സുപരിചിതമായ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഉപമകളും, അക്കാലത്ത് പ്രചാരത്തിലിരുന്ന ചില പ്രയോഗങ്ങളും ഉൾക്കൊള്ളിച്ചിരുന്നു….

സാധാരണക്കാർക്ക് സരളമായ നിലയിൽ തൻ്റെ സന്ദേശമെത്തിക്കുക എന്നതായിരുന്നു അവിടുത്തെ പരമപ്രധാന ലക്ഷ്യം. പാമ്പ് ബുദ്ധിയുള്ള ജീവിയെന്നും പ്രാവ് നിഷ്കളങ്കതയുടെ പ്രതീകമെന്നുമുള്ളത് അന്നത്തെ ആളുകളുടെ ചിന്തയായിരുന്നു. അവരുടെ സംഭാഷണത്തിൽ അത്തരം പ്രയോഗങ്ങളുമുണ്ടായിരുന്നു. അതിനെ ഉപയോഗിച്ചുകൊണ്ട് തൻ്റെ സന്ദേശം കൈമാറുകയാണ് കർത്താവ് ചെയ്തത്.

മനുഷ്യനെ സൃഷ്ടിയുടെ മണിമകുടമായി നിർത്തുന്നത് വിശുദ്ധ ബൈബിൾ മാത്രമാണ്. സവിശേഷ ബുദ്ധിയില്ലാത്ത മറ്റു മൃഗങ്ങൾക്ക് അവയ്ക്കർഹമായ സ്ഥാനം മാത്രമേ ബൈബിൾ നൽകുന്നുള്ളൂ.

ഉദാഹരണമായി….
യേശുവിൻ്റെ മേൽ പരിശുദ്ധാത്മാവ് പ്രാവെന്ന രൂപത്തിൽ വന്നു എന്നതിനാൽ, പ്രാവിനെ കളങ്കമില്ലാത്ത ജീവിയെന്ന് ക്രിസ്തു വിശേഷിപ്പിച്ചതിനാൽ, ക്രിസ്തീയ വിശ്വാസികൾ പ്രാവിനെ പൂജിക്കാറില്ല….!
പാമ്പിൻ്റെ രൂപത്തിൽ പിശാച് വന്ന് മനുഷ്യരെ പാപികളാക്കി എന്നതിനാൽ പിശാചാണെന്ന് പറഞ്ഞ് പാമ്പിനെയെല്ലാം തല്ലിക്കൊല്ലാറുമില്ല…..!!

ഇതര മത വിശ്വാസങ്ങളിലേക്ക് നോക്കൂ…!

അവരുടെ സാങ്കല്പിക കഥകളിൽ പക്ഷികളും മൃഗങ്ങളും എന്തൊക്കെയോ സൽപ്രവൃത്തികൾ ചെയ്തു എന്ന് പറഞ്ഞ് അവയെ ദൈവതുല്യമാക്കുകയോ പൂജിക്കുകയോ ഒക്കെ ചെയ്യുന്നു….
അത്തരം ജീവികൾക്ക് അങ്ങനെയുള്ള വകതിരിവോ, വിശേഷബുദ്ധിയോ ഇല്ലെന്ന് അവയുടെ ജീവിതചക്രം വീക്ഷിച്ചാൽ സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാകുന്ന കാര്യമാണ്.
കഥാകാരന്മാരുടെ ഭാവനാസൃഷ്ടികൾ മാത്രമായിരുന്നു അസാമാന്യ പ്രവൃത്തികൾ ചെയ്യുന്ന അത്തരം ജീവികൾ….

മറ്റുള്ള മതവിശ്വാസങ്ങളെ വിടാം….

ക്രൈസ്തവർ എന്നഭിമാനിക്കുന്നവർ പോലും അവിശ്വസനീയമായ ഐതീഹ്യങ്ങൾക്കു പിന്നാലെ പാഞ്ഞ് പലരെയും ദൈവങ്ങളാക്കി പൂജിക്കുന്നില്ലേ…?
ബൈബിളിൻ്റെ യഥാർത്ഥ പഠിപ്പിക്കലിൽ നിന്നും വ്യത്യസ്തമായി, ഏക സത്യ ദൈവത്തോടൊപ്പം മനുഷ്യരെ നിർത്തി ആരാധിക്കുന്നത് തെറ്റാണെന്നും അത് ബഹുദൈവ വിശ്വാസികളായ വിജാതീയരുടെ അന്ധമായ വിശ്വാസത്തിൻ്റെ അനുകരണമാണെന്നും എന്നാണിവർ തിരിച്ചറിയുക…?

ബൈബിളിനെ യഥാർത്ഥമായി വ്യാഖ്യാനിക്കുന്നു എന്നവകാശപ്പെടുന്നവരോടും കൂടി ഒരു വാക്ക്…

കർത്താവ് പറയുന്ന ഉപമകളിൽ അവിടുന്ന് ഏത് ഉദ്ദേശ്യത്തോടെ ഒരു കാര്യം പറയുന്നുവോ, അതേ അർത്ഥം മാത്രമേ എടുക്കാവൂ…!

ഉദാഹരണമായി…. ചെന്നായ്ക്കളുടെ ഇടയിൽ ആടുകളായിട്ടാണ് തൻ്റെ ശിഷ്യരെ കർത്താവ് ഇവിടെ ഉപമിച്ചത്. ചെന്നായ്ക്കളോട് എതിർക്കാൻ ആടുകൾക്ക് ശക്തിയില്ലെങ്കിലും അവ തമ്മിൽ കൊമ്പുകോർക്കാറുള്ളതിനാൽ അത്യാവശ്യം വഴക്കും യുദ്ധവുമൊക്കെ ആടുകൾ തമ്മിലാകാം എന്ന് വ്യാഖ്യാനിച്ചാൽ അപകടമായി…

ഇന്നത്തെ വേദഭാഗത്തിലെ ദൂത് നൽകി ലഘുചിന്തയ്ക്ക് സമാപ്തി കുറിക്കാം…
പ്രതിരോധമില്ലാത്ത ദൈവജനത്തെ തകർക്കാൻ അധികാരികൾ ചെന്നായ്ക്കളെപ്പോലെ ശ്രമിക്കുമ്പോൾ ദൈവമക്കളെ സഹായിക്കാനും ശക്തീകരിക്കാനും പരിശുദ്ധാത്മാവുണ്ട്. അത് ദൈവത്തിൻ്റെ ഭാഗം. എന്നാൽ ദൈവജനം ശ്രദ്ധിക്കേണ്ടത് വിവേകത്തോടും നിഷ്കളങ്കതയോടും നിലനിൽക്കുക എന്നതാണ്.

ഇന്ന് സാമൂഹീക മാധ്യമങ്ങളിലൂടെ അവിവേകം വിളമ്പി വടി കൊടുത്ത് അടി മേടിക്കുന്നവരുണ്ട്….
സ്വയ പ്രതിരോധത്തിനായി തന്ത്രങ്ങൾ മെനയുന്നവരുണ്ട്…
അങ്ങനെയുള്ളവരുടെ കൂടെ പരിശുദ്ധാത്മാവുണ്ടാവില്ല!

നമുക്ക് പൂർണ്ണമായും കർത്താവിലാശ്രയിക്കാം….!
വിവേകത്തോടും നിഷ്കളങ്കതയോടും നിലനിൽക്കാം….!!
ചെന്നായ്ക്കളുടെ തന്ത്രങ്ങളെ ദൈവം തകർക്കും…!!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

You might also like