ഓർമ്മക്കുറിപ്പ്: ഓർമ്മയിലെ പെൺകൊടി | ജിജി പ്രമോദ്

രാവിന്റെ മടിത്തട്ടിൽ നിന്നും ആലസ്യത്തോടെ ഉണർന്നു വന്ന പ്രഭാതം.. സൂര്യന്റെ ചൂട് വർദ്ധിച്ചു വരുംപോലെ റോഡിലും തിരക്ക് വർദ്ധിച്ചു.. ഡൽഹിയുടെ സമീപ പ്രദേശമായതിനാൽ ഈ സിറ്റിയും തിരക്കിൽ നിന്നും മുക്തമല്ല..
ആർക്കും വേണ്ടി കാത്തുനിൽക്കുവാൻ ആരുടെയും പക്കൽ സമയമില്ല. എല്ലാവരും എന്തിനൊക്കെയോ വേണ്ടി ഓടി പാഞ്ഞു നടക്കുന്നു. കിട്ടിയ ഓട്ടോയിൽ ഞെരുങ്ങി ഇരുന്ന് ജോലിക്കായി പോകുമ്പോഴാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. ദൂരെനിന്നേ എന്തുകൊണ്ടോ അവൾ എന്റെ ശ്രദ്ധ ആകർഷിച്ചു. ഓട്ടോയിൽ ഉണ്ടായിരുന്ന അൽപ്പം സ്ഥലം കൂടി നിറക്കുവാൻ ഒരാളിനെ കിട്ടിയ സന്തോഷത്തിൽ ഓട്ടോക്കാരൻ ഒട്ടോ നിർത്തിയപ്പോൾ അവളെ ഞാൻ ശരിക്കും നോക്കി.ഗോതമ്പിന്റെ നിറവും ഒത്ത ശരീരവും,മനോഹരങ്ങളായ മിഴികളും ഉള്ള ആ യുവതിയെ കണ്ടപ്പോൾ എന്തോ വല്ലാത്ത ഒരു ആകർഷണം തോന്നി .എങ്കിലും ചിത്ത ഭ്രമം ബാധിച്ചവളെ പോലെ അവളുടെ ഭാവം എന്നിൽ വിഷമം നിറച്ചു. അവൾ കണ്ണിൽ നിന്നു മറഞ്ഞു എങ്കിലും ഞാൻ അവളെ മനസ്സിൽ ഏറ്റു.
മടക്കയാത്ര യിൽ അവളെ എന്റെ കണ്ണുകൾ തിരഞ്ഞു..കണ്ടില്ല.
പിറ്റേദിവസം രാവിലെയും അവളെ കണ്ടു.മുടിയൊക്കെ പാറി പറന്ന് ആലസ്യത്തോടെ നടന്നുപോകുന്ന സുന്ദരി.
പിന്നീടുള്ള രണ്ടു ദിവസം അവളെ കണ്ടില്ല.

ഒരു ദിവസം മടക്കയാത്ര യിൽ വഴിയരികിൽ വാട്ടർ ടാപ്പിന്റെ അടുത്തായി ആൾക്കൂട്ടം കണ്ട് ഞാനും നോക്കി.നനഞ്ഞൊട്ടി നിൽക്കുന്ന അവളുടെ കയ്യിൽ ഒരു മഗ്ഗ് .വെള്ളം കോരി തലയിൽകൂടി ഒഴിക്കുകയാണ്.ആ കൂടിയ ജനത്തിൽ ചില കഴുകൻ കണ്ണുകൾ തന്നെ കൊത്തി വലിക്കുന്നു എന്നു പോലും മനസ്സിലാക്കുവാൻ കഴിയാതെ അവൾ തന്റെ പ്രവർത്തി തുടന്നു..അമ്മയുടെ വരവ് പ്രതീക്ഷിച്ചു നിൽക്കുന്ന ഒരു വയസ്സുകാരനായ എന്റെ മോന്റെ മുഖം ഓർത്തപ്പോൾ എന്നിലെ അമ്മ ഉണർന്നു. മറ്റെല്ലാം മറന്ന് കുഞ്ഞിന്റെ അരികിൽ എത്താൻ ഞാൻ തിടുക്കം കൂട്ടി.
പിന്നീട് ഞാൻ അവളെ കുറെ തിരഞ്ഞു .കുറെ നാളത്തേക്ക് അവളെ കണ്ടില്ല. മാസങ്ങൾക്ക് ശേഷം ഞാൻ അവളെ കണ്ടപ്പോൾ പൂർണ്ണ ഗർഭിണിയായി, വീർത്തുന്തിയ വയറും, കുഴിഞ്ഞ കണ്ണുകളുമായി ആ കാഴ്ച്ച ഹൃദയ ഭേദകം ആയിരുന്നു..കണ്ണുനീർ എന്റെ കാഴ്ച്ച മറച്ചു..മാന്യത യുടെ മുഖം മൂടി അണിഞ്ഞ സമൂഹം നൽകിയ വിലപ്പെട്ട സമ്മാനവും പേറി ഒരു ഭ്രാന്തി..
അവൾക്കായി എന്തെങ്കിലും ചെയ്യണം എന്ന തോന്നലിൽ ഞാൻ ചില വ്യക്തികളുമായി സംസാരിച്ചു. അവളെ എങ്ങനെയും രക്ഷിക്കാൻ ഉള്ള ആഗ്രഹവുമായി ഞാൻ അവളെ തേടി .വർഷങ്ങൾ ഏറെ കടന്നു പോയിട്ടും അതിനു ശേഷം അവളെ ഞാൻ കണ്ടിട്ടില്ല.. ഒരു തീരാ നോവായി ഇന്നും എന്റെ നെഞ്ചിൽ നീറ്റലായി അവൾ.
പ്രിയരേ ..സമയം ആരേയും കാത്തു നിൽക്കുന്നില്ല. ചെയ്യേണ്ട കാര്യങ്ങൾ സമചിത്തതയോടെ വേഗം ചെയ്തു തീർക്കുക. അത് ആത്മീകമോ, ഭൗതികമോ ആയിക്കൊള്ളട്ടെ.നാം മുഖാന്തരം രക്ഷ പ്രാപിക്കുവാൻ ഉള്ളവർ നമുക്ക് ചുറ്റും ഉണ്ടെന്നും നമ്മുടെ കുറവുകൾ കാരണം അവരുടെ അനുഗ്രഹം നഷ്ടമായി പോകുവാൻ ദൈവം ആഗ്രഹിക്കുന്നില്ല എന്നുമുള്ള ഉത്തമ ബോധ്യം എപ്പോഴും നമുക്ക് ഉണ്ടായിരിക്കേണം.
നന്മയുടെ പടവുകൾ തളരാതെ കയറുവാൻ സർവ്വ ശക്തൻ നമ്മെ സഹായിക്കും നിശ്ചയം.

ജിജി പ്രമോദ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.