ചെറു ചിന്ത: “റബേക്ക!… ധ്യാനത്തിന്‍റെ മറുപടി” | പാസ്റ്റർ ജെൻസൻ ജോസഫ്

എന്നും അമ്മയായിരുന്നു ഒരു തുണ… എന്തിനുമൊരു സഹായി…

post watermark60x60

അപ്പനെടുക്കുന്ന തീരുമാനങ്ങൾ എപ്പോഴും ഉറച്ചതായിരുന്നു… ആരെയും കൂസാത്ത പ്രകൃതം… ഒന്നിനെയും പേടിയില്ല… ആകെ പേടിയുള്ളത് ദൈവത്തെ മാത്രം…
ഒരു ദേശത്തുനിന്നു മറ്റൊരു ദേശത്തെക്കു മുന്നറിയിപ്പോന്നുമില്ലാതെയുള്ള യാത്രകൾ…
ദേശത്തിലുള്ളവരുമായി ഒന്നു പരിചയം ആകുമ്പോഴത്തേക്കും അപ്പന് ദർശനമുണ്ടാകും…. പിന്നെ അപ്പനവിടെ നിൽക്കാറില്ല….
എന്നാൽ ഇപ്പോൾ… ഇവിടെ ആണ് കുറച്ചു നാളായി…
അപ്പനും അമ്മയ്ക്കും പ്രായമായി….
അപ്പൻ എപ്പോഴും നല്ല ഉന്മേഷവാനാണ്…
എന്നാൽ ‘അമ്മ… നന്നേ ക്ഷീണിച്ചിരിക്കുന്നു…

ഞാൻ ഇനി അതികനാളൊന്നുമില്ലെടാ…. മോനെ….

Download Our Android App | iOS App

പലപ്പോഴും ആ വാക്കുകൾ ഇടിത്തീ പോലെയാണ് നെഞ്ചിൽ തറയ്ക്കുന്നത്…
‘അമ്മ കടന്നുപോയാൽ ഞാൻ തനിച്ചാകും… അപ്പനു എപ്പോഴും തിരക്കാണ്… മാത്രമല്ല അദ്ദേഹത്തോട് സംസാരിക്കാൻപോലും സാവകാശം ലഭിക്കാറില്ല….

പിന്നെ ആകെയുള്ള ആശ്വാസം ആ അലരിവൃക്ഷ തണലിലാണ്…
എല്ലാ പിരിമുറുക്കങ്ങൾക്കും ഒരു ആശ്വാസം ലഭിക്കുന്നത് ഇവിടെ വന്നിരിക്കുമ്പോൾ ആണ്…കണ്ണുമടച്ചു ഉയരത്തിലേക്ക് നോക്കി ദൈവത്തെ മാത്രം ഓർത്തു മൗനമായി ധ്യാനിച്ചു അല്പനേരം….

ആകാശവിതാനങ്ങളിൽ…. ഉയരെ പറക്കുന്ന പരുന്തിന്റെ ഗതിവിഗതികളിൽ ഉറ്റുനോക്കി….
ഉരുകിയൊലിക്കുന്ന വിയർപ്പിൻ കണങ്ങളെ സ്പർശിച്ചമർത്തുന്ന ഇളങ്കാറ്റിൻ തലോടലിൽ കുളിരണിഞ്ഞു….
പിന്നെ മറുപുറത്തെവിടെയോ പോകുവാൻ തുനിയുന്ന അസ്തമയ സൂര്യന്റെ കിരണങ്ങൾ മുഖത്തിൽ പതിഞ്ഞു… മനസ്സിനെ ഇറുക്കിപ്പിടിക്കുമ്പോൾ…
അറിയാതെ ഇതുവരെ കൊണ്ടുവന്ന വിശ്വസ്തനായ ദൈവത്തിൽ അലിഞ്ഞു ചേരുന്നത് പോലെ…

ധ്യാനത്തിൽ എപ്പോഴോ ഓടിവന്ന ബാല്യക്കാരന്റെ നിലവിളി എന്നെയും കൊണ്ടെത്തിച്ചത് ഒരു അയ്യം വിളിയിലേക്കും ഒരു ഒറ്റപ്പെടലിലേക്കും ആണ്…

എന്നെ മാറോടുചേർത്തു തലോടിയവൾ…. തന്റെ സ്വപ്നങ്ങൾ എല്ലാം എന്നിലൂടെ കണ്ടവൾ… എന്റ ഓരോ പ്രവർത്തിക്കും അർത്ഥം കണ്ടവൾ… എന്നേയ്ക്കുമായി എന്നെ വിട്ടു പോയിരിക്കുന്നു….
മരണം അതൊരു ശൂന്യതയാണ്… നികത്തുവാനോ അടയ്ക്കുവാനോ കഴിയാത്ത ശൂന്യത….

ദിവസങ്ങൾ കടന്നുപോയി പാളയത്തിൽ നിന്നും ദുഃഖത്തിന്റെ അലകൾ ഒടുങ്ങിയിരിക്കുന്നു..

അപ്പൻ കൂടാരത്തിനകത്തു ദാസനായ ഏലയാസരിനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്…

എന്റെ വിവാഹസംബന്ധമായാണ്….
എനിക്കതിലേക്കു കടക്കുവാൻ ഇപ്പോൾ മാനസികമായി ഒരുക്കം അല്ല എന്ന് എങ്ങനെ പറയുവാൻ പറ്റും…

തീരുമാനങ്ങൾ എപ്പോഴും അപ്പൻറെയാണ്…
വിവാഹം അമ്മയുള്ളപ്പോഴേ നടത്താമായിരുന്നു… എന്നാൽ… അവർക്ക് സ്വജാതിയിൽ നിന്നു വേണം..

ദേശക്കാരിൽ എത്രയോ നല്ല സുന്ദരികളായ പെൺകുട്ടികൾ ഉണ്ടായിരുന്നു… കഴിച്ചിരുന്നെൻകിൽ ഇന്ന് എന്റെ കൂട്ടുകരെപ്പോലെ എനിക്കും അനേകതലമുറകളുമായി സന്തോഷിക്കമായിരുന്നു…

എന്നാൽ അപ്പന്റെ തീരുമാനത്തെയും ദൈവത്തെയും തള്ളി ഒന്നിലും ഇടപെടാൻ എനിക്ക് മനസു വന്നിട്ടില്ല… ഇനിയോട്ടുവരികയുമില്ല…

അപ്പനും ദൈവവും കൂടി തീരുമാനിക്കുന്നത് മാത്രമേ എന്റെ ജീവിതത്തിലുള്ളൂ…

ഏലയാസർ പോയിട്ടു നാളുകൾ കഴിഞ്ഞു… ഈ ദിവസങ്ങളിൽ ഒന്നിൽ അവൻ മടങ്ങിവരും…
മരുഭൂമിയിലെ ചുട്ടുപഴുത്ത മണലിൽ കൂടി നടക്കുമ്പോൾ ഓർത്തു…
.
ദൈവം എനിക്കുവേണ്ടി ഒരുവളെ അവന്റെ കയിൽ ഏല്പിക്കുമോ…
അവൾ എനിക്കും എന്റെ കുടുംബത്തിനും സഹായം ആയിരിക്കുമോ?…
അമ്മയെപ്പോലെ എന്നെ നന്നായി അറിഞ്ഞു എന്റെ കൂടെ അപ്പന്റെ ദൈവത്തെ സേവിക്കുവാൻ മടികൂടാതെ നിൽക്കുമോ?…

അലരിവൃക്ഷതണലിൽ മരത്തിലേക്ക് തലചായിക്കുമ്പോൾ മനസിയിലൂടെ ചിന്തകളുടെ കുത്തൊഴുക്കായിരുന്നു…
മോറിയ മലയിൽ എന്റെ ജീവന് പകരം കുഞ്ഞാടിനെ കരുതിയ ദൈവം എനിക്കായി ഉത്തമമായത് നല്കാതിരിക്കുമോ?…

കാൽപെരുമാറ്റത്തിന്റെശബ്ദം …. പെട്ടെന്ന് ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ഒട്ടകങ്ങളുടെ കൂട്ടങ്ങളായി മുന്നിലേക്ക് വന്നു…
എന്തെന്ന് നോക്കുവാൻ മുന്നോട്ടു നടന്നതും ഏലയാസർ മുന്നിൽ വന്നു പറഞ്ഞതും…. അവൾ മൂടുപടം ഇട്ടു കാലിൽ വീണു നമസ്കരിച്ചതും പെട്ടെന്നായിരുന്നു…

പിടിച്ചെഴുന്നേല്പിച്ചു മുന്നോട്ടു നടക്കുമ്പോൾ ഉള്ളിൽ ഇരുന്നു മനസ്സുപറഞ്ഞു….
ദൈവം എത്ര വിശ്വസ്തൻ…മനസ്സിന്റെ നീറ്റൽ മനസിലാക്കാൻ മതിയായവനാണ് വാഗ്ദത്തം പറഞ്ഞിറക്കി കൊണ്ടു വന്നവൻ…..

ഉല്പത്തി
24:63 വൈകുന്നേരത്തു യിസ്ഹാക്ക് ധ്യാനിപ്പാൻ വെളിമ്പ്രദേശത്തു പോയിരുന്നു; അവൻ തലപൊക്കി നോക്കി ഒട്ടകങ്ങൾ വരുന്നതു കണ്ടു.
24:67 യിസ്ഹാക്ക് അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തിൽ കൊണ്ടുപോയി. അവൻ റിബെക്കയെ പരിഗ്രഹിച്ചു അവൾ അവന്നു ഭാര്യയായിത്തീർന്നു; അവന്നു അവളിൽ സ്നേഹമായി. ഇങ്ങനെ യിസ്ഹാക്കിന്നു തന്റെ അമ്മയുടെ മരണദുഃഖം തീർന്നു.

പാസ്റ്റർ ജെൻസൻ ജോസഫ്

-ADVERTISEMENT-

You might also like