ലേഖനം: 2020-ചില ആത്മീയ പാഠങ്ങൾ | പ്രിജു ജോസഫ് , സീതത്തോട്

നമ്മുടെ സോഷ്യൽ മീഡിയയിലെ കവി പാടിയത് പോലെ “പണമാണു വലുതെന്ന് ആരോ പറഞ്ഞു; പണമല്ല വലുതെന്നു ലോകമറിഞ്ഞു,പവറാണു വലുതെന്നു പലരും പറഞ്ഞു; ഇവയല്ല വലുതെന്നു നാമിന്നറിഞ്ഞു”,ഇതിനെല്ലാം മുകളിൽ ദൈവം ആണെന്നു എല്ലാവരും അറിഞ്ഞ ഒരുവർഷം ആണ് കടന്നു പോയത്.

കഴിഞ്ഞ കാലങ്ങളിലെ പോലെ അത്യാഡംബര കൺവൻഷനുകൾ ഒന്നും കാണാതിരുന്ന ഒരു വർഷം ആയിരുന്നു. ഒട്ടുമിക്ക പ്രാർത്ഥനയോഗങ്ങളും ഓൺലൈൻ വഴി ആയതുകൊണ്ട് പ്രസംഗിക്കുന്ന ആളിന്റെ പ്രശസ്തി വിളിച്ചോതുന്ന കൂറ്റൻ ഫ്ലെക്സ് ബോർഡുകൾ ഇല്ലായിരുന്നു. കൂടെ നടക്കുന്ന ബോഡി ഗാർഡുകൾ ഇല്ല, ആനയിക്കുന്ന ബാൻഡ് മേളം ഇല്ല,കെട്ടിപ്പൊക്കിയ വലിയ സ്റ്റേജുകൾ ഇല്ല.ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു എന്ന വചനങ്ങൾ എഴുതിയ പോസ്റ്ററുകളും, ബാനറുകളും പതിച്ച പഴയ കൺവൻഷനുകൾ തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.അവൻ വളരേണം, ഞാനോ കുറയേണം എന്ന വചനം ഏറക്കുറെ നിറവേറിയ വർഷം.

ആയിരങ്ങളുടെ മുമ്പിൽ പ്രസംഗിച്ച ആളുകൾ വിരലിൽ എണ്ണാവുന്ന ആളുകളുടെ മുമ്പിൽ പ്രസംഗിച്ചു, വിരലിൽ എണ്ണാവുന്ന ആളുകളുടെ മുൻപിൽ മാത്രം പ്രസംഗിച്ച ആളുകൾ പലരും ആയിരങ്ങളുടെ മുമ്പിൽ പ്രസംഗിച്ചു ദൈവത്തിന്റെയും, ദൈവ വചനത്തിന്റെയും മുമ്പിൽ എല്ലാവരും സമന്മാർ ആണന്ന് തെളിയിച്ച വർഷം.

ഒരു ആത്മീകനെ സംബന്ധിച്ച് ഒരാൾ രോഗി ആകുമ്പോൾ പ്രാർത്ഥന എന്നുള്ളത് തന്റെ ആദ്യത്തെ കാര്യം ആയിരുന്നു. ഒരു ഡോക്ടറെ സംബന്ധിച്ച് സാധാരണ പ്രാർത്ഥന എന്നുള്ളത് തൻറെ അവസാനത്തെ വാക്കും, ചികിത്സ എല്ലാം നടത്തിയിട്ടും ഫലം ഇല്ലാതെ വരുമ്പോൾ അവരും അവസാനമായി പറയും പ്രാർത്ഥിക്കുക എന്നുള്ളത്. പ്രതിവിധി ഇല്ലാത്ത കൊറോണ എന്ന രോഗത്തിന്റെ മുന്പിൽ ഡോക്ടർമാരും ആദ്യമേ പറഞ്ഞു തുടങ്ങി നിങ്ങൾ പ്രാർത്ഥിക്കുക എന്നത്.മഞ്ഞു പെയ്യുന്ന നാട്ടിൽ അയക്കണമേ എന്നു പ്രാർത്ഥിച്ച ആളുകൾ പലരും മഴ പെയ്യുന്ന നാട്ടിൽ തിരികെ വരുത്തണമേ എന്ന് പ്രാർത്ഥിച്ചു തുടങ്ങി.

ശൂന്യമായ കരവും ശുഷ്‌ക്കമായ മനസുമായി എന്റെ സമ്പത്തെന്നു ചൊല്ലുവാൻ യേശു മാത്രം എന്ന ഗാനം മനസ്സിന്റെ അടിത്തട്ടിൽ നിന്നും പാടാൻ കഴിഞ്ഞു.ഞെരുക്കമാർന്ന ജീവിതവും മുമ്പോട്ടുള്ള വഴികളെ കുറിച്ചും മനസ്സ് ഭാരപ്പെട്ടപ്പോൾ,എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും എന്ന വചനം ജീവിതത്തിൽ ഇത്ര അധികം ആശ്വാസം തരുമെന്ന് കരുതിയില്ല.

പല കല്യാണങ്ങളും, ശവമടക്കുകളും ബിഷപ്പിന് തുല്യമായ പാസ്റ്റർമാർക്ക് കോവിഡിന്റെ നടപടിക്രമം മൂലം വരാൻ കഴിഞ്ഞില്ലെങ്കിലും സാധാരണ ലോക്കൽ ചർച്ച് പാസ്റ്റർമാർക്കും ആ കാര്യങ്ങൾ ഭംഗി ആയി നടത്താൻ കഴിയും എന്ന് തെളിയിച്ച നാളുകൾ കൂടി ആയിരുന്നു കഴിഞ്ഞു പോയത്.

പത്മോസ് ദീപിൽ ഏകനായി കിടന്ന യോഹന്നാനെ പറ്റി പലവട്ടം പ്രസംഗിച്ചും വായിച്ചും കേട്ടെങ്കിലും കൊറോണ പിടിപെട്ടു ക്വാറന്റൈൻ കിടന്നപ്പോൾ അതിന്റെ ഒരു ഏകദേശ രൂപം പിടികിട്ടി.

നമ്മൾ അകറ്റി നിർത്തിയ നമ്മുടെ ആത്മീയ ജീവിതത്തിന് കോട്ടം തട്ടുന്ന പല പ്രവണതകളും ജനിതക മാറ്റം സംഭവിച്ചു വരും വർഷങ്ങളിൽ വീണ്ടും നമ്മുടെ കൂടെ കൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

അടുത്ത വർഷത്തെ പറ്റി ഒന്നും പ്രവചിക്കാൻ ഇപ്രാവശ്യം ആരും ധൈര്യം കാണിച്ചില്ല. അനുഗ്രഹത്തിന്റെ വർഷം ആകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

എന്തായാലും ഇരുപത്തിമൂന്നാം സങ്കീർത്തനക്കാരനോടു കൂടി നമുക്കും പറയാം, “കൂരിരുൾ താഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.”
ദൈവം നമ്മളെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.

പ്രിജു ജോസഫ് , സീതത്തോട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.