ലേഖനം: സഹിക്കുന്ന മറിയ, കിതയ്ക്കുന്ന സുവിശേഷകർ | ബിജു പി. സാമുവൽ

ഗർഭിണിയായ ഭാര്യയുമായി യാത്ര ചെയ്യാനാവില്ലെന്ന് ഒഴിവുകഴിവ് പറയാനാവില്ല.
കാരണം കല്പന  പുറപ്പെടുവിച്ചത്
റോമൻ ചക്രവർത്തിയായ ഔഗുസ്തൊസ്  കൈസരാണ്. ഓരോരുത്തരും അവരവരുടെ  പട്ടണത്തിൽ ചെന്ന് പേര് വിവരങ്ങൾ മുഴുവൻ നൽകണമെന്നാണ്
ആജ്ഞ.

Download Our Android App | iOS App

അങ്ങനെ യോസേഫും മറിയയും ബേത്ളഹേമിലേക്ക് യാത്രയായി.
ഗലീലയിലെ നസറെത്തിൽ നിന്ന് ബേത്ളഹെമിലേക്കുള്ള എളുപ്പവഴി ശമര്യയിലൂടെയാണ്.  എന്നാൽ ശമര്യ പർവ്വത മേഖല ആയതിനാലും
ശമര്യരും യെഹൂദരും തമ്മിൽ ശത്രുത നിലനിൽക്കുന്നതിനാലും ആ വഴി സുരക്ഷിതമല്ല.
അതുകൊണ്ട് കുറേക്കൂടി സുരക്ഷിതമായ തെക്ക് കിഴക്ക് വശത്തുള്ള
താഴ്‌വരയിലൂടെ ആയിരിക്കാം ജോസഫും മറിയയും യാത്ര ചെയ്തത്. കഴുതപ്പുറത്താണ് ഗർഭിണിയായ മറിയയുമായി ഏകദേശം 90 മൈൽ ദൂരം ജോസഫ് സഞ്ചരിച്ചത്.

post watermark60x60

ഈ സാഹസിക യാത്ര പൂർത്തീകരിക്കാൻ ഏഴു ദിവസങ്ങൾ വരെ വേണ്ടി വന്നുവത്രേ. ദൈവഹിതപ്രകാരമുള്ള ഒരു സ്ഥലത്ത് യേശുവിന് ജന്മം നൽകാൻ മറിയ  സഹിച്ച ത്യാഗം അതുല്യമാണ്.

“ഇതാ, ഞാൻ കർത്താവിന്റെ ദാസി” (ലൂക്കൊ.1:38) എന്ന സമർപ്പണത്തിൽ യാത്രയുടെ കാഠിന്യവും ദുരിതങ്ങളും ഉൾപ്പെട്ടിരുന്നു.

സുവിശേഷകർക്ക് ഇതു പോലെയുള്ള ആഴമായ സമർപ്പണമാണ് ഉണ്ടാകേണ്ടത്.
ഒരു ഗ്രാമത്തിൽ യേശുവിനെ ജനിപ്പിക്കുന്നതിന് വേണ്ടി മറിയയെപ്പോലെ ത്യാഗം സഹിക്കാൻ തയ്യാറുള്ളവർ
എഴുന്നേറ്റിരുന്നെങ്കിൽ…

അരുണാചൽ പ്രദേശിലെ മാലോഗാം (Malogam) എന്ന ഗ്രാമത്തിൽ ഒരു പോളിംഗ് ബൂത്ത് ഉണ്ട്. 2019-ൽ അവിടെ ഇലക്ഷൻ നടത്തുന്നതിനായി
പോളിംഗ് ഉദ്യോഗസ്ഥരും
പോലീസും ഒക്കെയായി
20 പേർ 12 മണിക്കൂർ വനത്തിലൂടെ നടന്നു.
ഇത്രയും പേർ ഈ കഠിന പരിശ്രമം നടത്തിയത് എത്ര വോട്ട് ചെയ്യിക്കാനായിരുന്നു?. ഒരേ ഒരു വോട്ട് .
സകേല തയേങ് എന്ന 39 വയസ്സുകാരി മാത്രമേ അവിടെ വോട്ടർ ആയി ഉണ്ടായിരുന്നുള്ളൂ .
ആ ഒറ്റ വോട്ട് ചെയ്യിച്ച് 20 പേരും ദൗത്യം പൂർത്തീകരിച്ച് മടങ്ങിപ്പോന്നു .
സ്ഥാനാർഥികൾ പോലും വോട്ട് പിടിക്കാനായി ആ ഗ്രാമത്തിൽ പോകാറില്ല . പക്ഷേ ഉദ്യോഗസ്ഥർക്ക് അവിടെ  പോകാതിരിക്കാൻ ആവില്ല , കാരണം അതവരുടെ ജോലിയാണ് .

ലൗകികമായ ഒരു ജോലിയിൽ ഇത്ര ആഴമായ സമർപ്പണം ഉണ്ടെങ്കിൽ സുവിശേഷകരായ നമുക്ക് എത്ര അധികം സമർപ്പണം ഉണ്ടാകേണ്ടിയിരിക്കുന്നു?.

മോശെക്ക് ശേഷം ദൈവം നേതൃത്വത്തിലേക്ക് ഉയർത്തിയ വ്യക്തിയാണ് യോശുവ . അദ്ദേഹം കീഴടക്കിയ 31 രാജാക്കന്മാരുടെ ലിസ്റ്റ് യോശുവയുടെ പുസ്തകം പന്ത്രണ്ടാം അദ്ധ്യായത്തിൽ ഉണ്ട് (12:24) .
ഇനി യോശുവ 13:1-2 വായിക്കുക. വൃദ്ധനായ
യോശുവയുടെ
അടുത്ത് ദൈവം വന്ന് ആവശ്യപ്പെടുന്നത് ശ്രദ്ധിക്കുക .
“നീ വയസ്സു ചെന്നു വൃദ്ധനായിരിക്കുന്നു ; പക്ഷെ ഇനിയും വളരെ ദേശം കൈവശമാക്കാനുണ്ട് “.

31 രാജ്യങ്ങൾ കീഴടക്കി, ഇനിയൊരല്പം വിശ്രമിക്കാമെന്ന് ഒരു പക്ഷെ യോശുവ ചിന്തിച്ചു കാണുമായിരിക്കാം.  പക്ഷേ വിശ്രമത്തിനുള്ള അവസരം പോലും നൽകാതെ, മുന്നോട്ടു പോകാൻ വാർദ്ധക്യം ബാധിച്ച യോശുവയോട്
ദൈവം വീണ്ടും  ആവശ്യപ്പെടുന്നു.

നമ്മുടെ സഭകളിലെ ചെറുപ്പക്കാരോട് ഈ ആവശ്യം ദൈവം എത്രയധികം ഉന്നയിക്കുന്നുണ്ടാകും.?
എന്തേ ആ ശബ്ദം നമുക്ക് കേൾക്കാൻ ആവുന്നില്ല?.  എന്തുകൊണ്ട് നമ്മുടെ യൗവന രക്തം യേശുവിനു വേണ്ടി വിനിയോഗിക്കാൻ നമുക്ക് കഴിയുന്നില്ല?

സർവ്വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷമാണ് യേശു എന്ന്
ദൂതൻ നടത്തിയ
പ്രഖ്യാപനം  മറക്കാനാവുമോ?.
സകല ജാതിയിലും ഉള്ളവർക്ക് അവകാശപ്പെട്ടതാണ് ഈ സന്തോഷം.
അന്ന് ആകാശത്തു നിന്നും ദൂതന്മാർ ഈ സന്ദേശം അറിയിച്ചതുപോലെ ഇന്നും അറിയിച്ചിരുന്നെങ്കിൽ കൂടുതൽ ആളുകളെ പെട്ടെന്ന് *റീച്ച്* ( reach ) ചെയ്യാമായിരുന്നു.  എന്നാൽ ദൂതന്മാരെയല്ല, നമ്മെയാണ് ആ ശ്രേഷ്ഠദൗത്യം ദൈവം ഭരമേൽപ്പിച്ചത്. അതിനു പിന്നിൽ കഠിനാധ്വാനവും പരിശ്രമവും ത്യാഗവും ക്രൂശ് വഹിക്കാനുള്ള സന്നദ്ധതയും ഉണ്ടാകണം.

ഞാൻ പ്രവർത്തിക്കുന്ന പശ്ചിമ ബംഗാളിൽ സുവിശേഷ സന്ദേശം സ്വീകരിക്കാൻ പാകമായി നിൽക്കുന്ന അനേക ഗ്രാമങ്ങൾ ഇന്നുമുണ്ട്.
പക്ഷേ പോകാൻ ആളില്ല.  അങ്ങനെയുള്ള  ഏതെങ്കിലും ഗ്രാമത്തിൽ ഒരു വർഷമെങ്കിലും പ്രവർത്തിക്കാൻ സന്നദ്ധരായി ചിലർ എത്തിയിരുന്നെങ്കിൽ…

“യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ദേശം കൈവശമാക്കുവാൻ പോകുന്നതിന് നിങ്ങൾ എത്രത്തോളം മടിച്ചിരിക്കും” ( യോശുവ 18:3) എന്ന് യോശുവ ജനത്തോടു ചോദിച്ച ചോദ്യം നമ്മോടും കൂടി ഉള്ളതാണ്.

ഇന്നും ലോകം സമാധാനം തേടി അലയുന്നു.  കുടുംബത്തിലും വ്യക്തിജീവിതത്തിലും നിരാശയോടെ ജീവിക്കുന്നവർ ധാരാളം.  പ്രതീക്ഷകൾ ഇല്ലാതെ ഇരുളടഞ്ഞ പാതയിൽ തപ്പിത്തടയുന്നവർ അനേകരാണ്.
ഭയത്തിലും ഭീതിയിലും കഴിയുന്ന ജനകോടികൾ ഒരു പ്രാവശ്യം പോലും യേശുവിന്റെ ജനനത്തെപ്പറ്റി കേൾക്കാത്തപ്പോൾ കേട്ടവരെ വീണ്ടും വീണ്ടും കേൾപ്പിക്കണോ?.

അലസത ഒഴിവാക്കുക, എഴുന്നേൽക്കുക.
യേശുവിനെ ഒരിക്കലും കേൾക്കാത്തവരും അറിയട്ടെ ഒരു രക്ഷകൻ ഉണ്ടെന്ന്…

ബിജു പി. സാമുവേൽ

-ADVERTISEMENT-

You might also like
Comments
Loading...