ഭാവന: അവന്റെ ഉപകാരങ്ങൾ | ദീന ജെയിംസ്, ആഗ്ര

രാവിലെമുതലുള്ള അച്ചായന്റെ മുഖത്തെ വിഷാദഭാവം ശ്രദ്ധയിൽ പെട്ടതാണ്. ഇടയ്ക്കൊന്നു ചോദിക്കുകയും ചെയ്തിരുന്നു അതിനെപ്പറ്റി. ഒന്നുമില്ല എന്ന മറുപടി ആയിരുന്നു. വീട്ടുകാര്യങ്ങളിൽ മുഴുകി പിന്നീടാകാര്യം ശ്രദ്ധയിൽ നിന്നും വിട്ടുപോയി. യോഹന്നാൻ യേശുവിന്റെ മാറോടു ചേർന്നിരുന്നപോലെ കുടുംബമായി യേശുവിന്റെ മാറോടുചേർന്നിരിക്കുന്നു എന്നഭിമാനിക്കുന്ന അലക്സ് സഹോദരന്റെയും ജെസ്സിസഹോദരിയുടെയും കാര്യമാണ് പറഞ്ഞുവരുന്നത്. വളരെ ആത്മീകപശ്ചാതലമുള്ള കുടുംബമാണ്. മക്കൾ രണ്ടുപേരും വിവാഹിതരായി വിദേശത്തു കഴിയുന്നു. സഭയുടെ എല്ലാ ആത്മീകകൂട്ടായ്മയിലും മുന്നിൽ നിൽക്കുന്നു അലക്സും ജെസ്സിയും.
ഉച്ചയൂണ് കഴിഞ്ഞു പതിവുള്ള ഉച്ചമയക്കത്തിനുവേണ്ടി കട്ടിലിൽ കിടന്നിട്ട് ഉറക്കം വന്നില്ല അദ്ദേഹത്തിന്. എഴുന്നേറ്റ് സിറ്റൗട്ടിലെ ചാരുകസേരയിൽ വന്നിരുന്നു.

ഓരോരോ ചിന്തകൾ മനസിനെ വല്ലാതെ വേട്ടയാടികൊണ്ടിരിന്നു. വല്ലാത്തൊരു വീർപ്പുമുട്ടൽ…. അടുക്കപണിയൊക്കെ ഒതുക്കി പത്രവായനയ്ക്ക് തയ്യാറാവുന്ന ജെസ്സി അപ്പോഴാ അദ്ദേഹം ചാരുകസേരയിൽ ഇരിക്കുന്ന കണ്ടത്. വീട്ടുപണികൾ കാരണം ഉച്ചയൂണിന് ശേഷമാണ് ജെസ്സിയുടെ പത്ര വായന പതിവായി – ആഹാ, ഇതെന്താ ഇന്ന് കിടന്നില്ലേ, ഉച്ചയുറക്കം മുടക്കാറില്ലല്ലോ? ഓ, ചൂട് കാരണം കിടക്കാൻ വയ്യ… മറുപടി കേട്ടു മുറിയിലേക്ക് നടന്നു ജെസ്സി. പത്രവായനയിൽ മുഴുകി. വലിയൊരു അലർച്ച കേട്ടുകൊണ്ട് പുറത്തേക്ക് വന്നപ്പോൾ കണ്ടകാഴ്ച്ച അലക്സ് തറയിൽ ബോധമറ്റുകിടക്കുന്നു. നിലവിളിയോടെ ഓടിയെത്തി കുലുക്കി വിളിച്ചു ജെസ്സി. പ്രതികരണമുണ്ടായില്ല. ബഹളം കേട്ടു അയൽവാസികളൊക്കെ നോക്കുന്നുണ്ടെക്കിലും ആരും സഹായത്തിനു വന്നില്ല കോവിഡ് ഭീതി കാരണം. എന്തുചെയ്യണമെന്നറിയാതെ നിലവിളിച്ചുനിൽക്കാനേ ജെസ്സിക്കായുള്ളൂ. പെട്ടന്നൊരു അയൽവാസി മനസലിഞ്ഞു കാറുമായി വന്നു, ഹോസ്പിറ്റലിൽ എത്തിച്ചു. പരിശോധനകൾ ഒക്കെ കഴിഞ്ഞു ഡോക്ടറുടെ മറുപടി കേട്ടപ്പോഴാണ് ആശ്വാസമായത്. കുഴപ്പം ഒന്നുമില്ല ബി.പി അല്പം കൂടിയത് ആണ്. രണ്ടുദിവസത്തെ ആശുപത്രിവാസമൊക്ക കഴിഞ്ഞു മടങ്ങി വീട്ടിലെത്തിയപ്പോൾ പെട്ടന്ന് ബി. പി. കൂടാനുള്ള കാരണം അനേഷിച്ചു ജെസ്സി അലക്സിനോട്. എന്തുപറയാനാ, ഈ വർഷം വളരെ പ്രതീക്ഷകളുടേതായിരുന്നു. കഴിഞ്ഞ ഡിസംബറിൽ കൂട്ടുസഹോദരനും ഭാര്യയും അമേരിക്കയിൽ പോയതു സഹിക്കാവയ്യാതെ മക്കളോട് പറഞ്ഞു നമ്മൾക്കും വിസയൊക്കെ ശരിയാക്കി വന്നപ്പോഴല്ലേ ഈ കൊറോണയുടെ വരവ്… നമുക്ക് എന്നാലും പോകാൻ സാധിച്ചില്ലല്ലോ എന്റെ ജെസ്സി… ഭർത്താവിന്റെ മറുപടി കേട്ട ജെസ്സി എന്തുപറയണമെന്നറിയാതെ അന്ധാളിച്ചിരുന്നു.
എന്റെ മനുഷ്യാ, പോകാൻ സാധിക്കാതിരുന്നതിൽ ദൈവത്തിനു നന്ദി പറ… ആ സഹോദരനും സഹോദരിയും പോയിട്ട് മടങ്ങിവരാൻ കഴിയാതെ ഭാരപ്പെട്ടത് നിങ്ങൾ മറന്നോ? മടങ്ങി വന്നപ്പോഴോ കോവിഡ് പോസിറ്റീവ് ആയി അനുഭവിച്ച വേദനകൾ…നമ്മളും അവർക്കുവേണ്ടി പ്രാർത്ഥിച്ചതല്ലേ. ഇതൊന്നും സംഭവിക്കാതെ ദൈവം നമ്മെ സൂക്ഷിച്ചല്ലോ… അവന്റെ ഉപകാരങ്ങൾ എങ്ങനെ മറക്കാൻ കഴിഞ്ഞു നിങ്ങൾക്ക്????
ഭാര്യയുടെ വാക്കുകൾ കേട്ട അലക്സ് തന്റെ ആ വലിയ തെറ്റിനെയോർത്ത് പശ്ചാത്തപിച്ചു. അതേടി, എനിക്ക് തെറ്റുപറ്റി… അവന്റെ ഉപകാരങ്ങൾ ഒരുനിമിഷത്തേക്ക് ഞാൻ മറന്നു….
എൻ മനമേ യഹോവയെ വാഴ്ത്തുക. അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്.

ദീന ജെയിംസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.