ലേഖനം: ജീവിത നൗകയിലെ ചില കാറ്റുകൾ | രാജൻ പെണ്ണുക്കര, മുംബൈ

ദൈവ വചനം ഉടനീളം പരിശോധിച്ചാൽ  പല രീതിയിലും,  ഭാവത്തിലും, രൂപത്തിലും, സമയങ്ങളിലും,  അടിച്ചിട്ടുള്ള കാറ്റുകളെ കുറിച്ച് വായിക്കുന്നു.

Download Our Android App | iOS App

കാറ്റിന്റെ ശക്തിക്ക്‌ ഏറ്റകുറച്ചിൽ ഉണ്ടാകാം. ചിലപ്പോൾ കാറ്റു മന്ദമായും അല്ലെങ്കിൽ ശക്തിയോടും വീശാം.

post watermark60x60

എന്നാൽ ഓരോ കാറ്റ് വീശുമ്പോഴും അതിന്റ പുറകിൽ  ദൈവത്തിനു മനുഷ്യനോട് പറയാനുള്ള ചില മുന്നറിയിപ്പുകളും,  ദൈവീക ഉദ്ദേശങ്ങളും, സന്ദേശങ്ങളും ഉണ്ടായിരുന്നു  എന്നത് സുവ്യക്തം.

യഹോവയാം ദൈവം മനുഷ്യനെ സൃഷ്ടിച്ചതിനു ശേഷം ആദ്യമായി അടിപ്പിച്ച കാറ്റിനെ കുറിച്ച് ഉല്പത്തി 8:1 ൽ ഇങ്ങനെ  നാം വായിക്കുന്നു “ദൈവം നോഹയെയും അവനോടുകൂടെ പെട്ടകത്തിൽ ഉള്ള സകല ജീവികളെയും സകലമൃഗങ്ങളെയും ഓർത്തു; ദൈവം ഭൂമിമേൽ ഒരു കാറ്റു അടിപ്പിച്ചു; വെള്ളം നിലെച്ചു”. അതേ  ദൈവ കോപത്തിന്റ ശമനത്തിന്റെ അല്ലെങ്കിൽ ആശ്വാസത്തിന്റ കാറ്റ്.

ചില കാറ്റുകൾ നമ്മുടെ മുൻപിലെ പ്രതിസന്ധി ഘട്ടങ്ങളിൽ നാം വഴിമുട്ടി നിൽക്കുമ്പോൾ, ഒരടി ദൂരം പോലും നമുക്ക് മുൻപോട്ടു പോകുവാൻ കഴിയാതെ നാം അപകടത്തിലും, പുറകിൽ ശത്രുക്കളും നിൽക്കുമ്പോൾ,  അതിനെ തരണം ചെയ്യുവാൻ വേണ്ടിയുള്ളതാണ്.

“യഹോവ അന്നു രാത്രി മുഴുവനും മഹാ ശക്തിയുള്ള ഒരു കിഴക്കൻ കാറ്റു കൊണ്ടു കടലിനെ പിൻവാങ്ങിച്ചു ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മിൽ വേർ പിരിഞ്ഞു” (പുറ 14:21).

ചില കാറ്റുകൾ നാളെയെ ചൊല്ലി നാം കരയുന്ന വേളകളിൽ, നാളേക്കുള്ള നമ്മുടെ ഉപജീവന മാർഗം  എങ്ങനെയാകും എന്നു വിചാരിച്ചു നാം  ചിന്താകുലരായിരിക്കുമ്പോൾ,  നമ്മുടെ ബുദ്ധിക്ക് അപ്രമേയമായ ദൈവിക പദ്ധതികൾക്കുവേണ്ടി  അയച്ചതാകാം.

“അനന്തരം യഹോവ അയച്ച ഒരു കാറ്റു ഊതി കടലിൽനിന്നു കാടയെ കൊണ്ടുവന്നു പാളയത്തിന്റെ സമീപത്തു ഒരു ദിവസത്തെ വഴി ഇങ്ങോട്ടും ഒരു ദിവസത്തെ വഴി അങ്ങോട്ടും ഇങ്ങനെ പാളയത്തിന്റെ ചുറ്റിലും നിലത്തോടു ഏകദേശം രണ്ടു മുഴം അടുത്തു പറന്നു നിൽക്കുമാറാക്കി” (സംഖ്യാ 11:31).

അതേ ചിലപ്പോൾ  നമ്മുടെ മുൻപിൽ ഉണ്ടാകുന്ന കൊടുംകാറ്റ്  നമ്മെ നിരാശയിൽ നിന്നും വിടുവിക്കുന്ന, നമ്മുടെ  ഏകാന്തത മാറ്റി നമ്മോട് ദൈവത്തിനു അറിയിക്കാനുള്ള ദിവ്യ സന്ദേശമോ ദൈവസ്വരമോ കൊണ്ടുവന്നത് ആകാം, അഥവാ  ദൈവീക സാന്നിധ്യം കൊണ്ടു വന്നതോ ആകാം.

ഏലീയാവു ദൈവത്തിൽ നിന്നും ഭക്ഷിച്ച  ആഹാരത്തിന്റെ ബലം കൊണ്ടു നാല്പതു പകലും നാല്പതു രാവും ദൈവത്തിന്റെ പർവ്വതമായ ഹോരേബോളം നടന്നു.
അവിടെ അവൻ ഒരു ഗുഹയിൽ കടന്നു രാപാർത്തു; അവിടെ യഹോവയുടെ അരുളപ്പാടുണ്ടായി.

നീ പുറത്തു വന്നു പർവ്വതത്തിൽ യഹോവയുടെ മുമ്പാകെ നിൽക്ക എന്നു അവൻ കല്പിച്ചു.

അപ്പോൾ ഇതാ യഹോവ കടന്നുപോകുന്നു; ശക്തിയുള്ള ഒരു കൊടുങ്കാറ്റു യഹോവയുടെ മുമ്പിൽ പർവ്വതങ്ങളെ കീറി പാറകളെ തകർത്തു; എന്നാൽ കാറ്റിൽ യഹോവ ഇല്ലായിരുന്നു; കാറ്റിന്റെ ശേഷം ഒരു ഭൂകമ്പം ഉണ്ടായി; ഭൂകമ്പത്തിലും യഹോവ ഇല്ലായിരുന്നു.

ഭൂകമ്പത്തിന്റെ ശേഷം ഒരു തീ; തീയിലും യഹോവ ഇല്ലായിരുന്നു; തീയുടെ ശേഷം സാവധാനത്തിൽ ഒരു മൃദുസ്വരം ഉണ്ടായി.

പണ്ട് പിതാക്കന്മാർ പറഞ്ഞ ചില വാക്കുകൾ ഇന്നു ഓർത്തു പോകുന്നു!. “ഒരു പുതിയ വ്യക്തി ആദ്യമായി വലത് കാൽ വെച്ച് വീട്ടിൽ കയറുമ്പോൾ തന്നേ  അറിയാം ഇത് ഗുണമാകുമോ അഥവാ ദോഷമാകുമോ എന്ന്”.

ചിലപ്പോൾ ഈ ചൊല്ല്  യാഥാർഥ്യം അല്ലേ എന്ന് പോലും ഇന്നു തോന്നി പോകുന്നു.  അവർ വെറുതെ പറഞ്ഞതാകില്ലല്ലോ,  അവരുടെ അനുഭവങ്ങൾ അവരെ കൊണ്ട് പറയിച്ചതാകില്ലേ!.

ചിലർ ഭവനത്തിൽ വന്നു കയറിയാൽ പിന്നെ പടി പടി ആയി അനുഗ്രഹം തന്നെത്താൻ ഉണ്ടാകും എന്നും,  എന്നാൽ ചിലർ വന്നു കയറിയാൽ പിന്നെ ഒരിക്കലും ഒഴിയാത്ത ദുരിതവും എന്നും അസമാധാനവും വൻ നഷ്ടങ്ങളും മാത്രമേ കാണൂ എന്നും പറഞ്ഞു കേട്ടിട്ടുണ്ട്….

യഥാർത്ഥത്തിൽ ഇതിന്റ പൊരുൾ എന്താണ്……. അന്ധവിശ്വാസം ആയി കാണണ്ടാ…..  എന്നാൽ തെറ്റിദ്ധരിക്കയും വേണ്ട….. ഇതിൽ വല്ല വാസ്തവം ഉണ്ടോ എന്നു നോക്കാം……

ഇനിയും കാര്യത്തിലേക്ക് കടക്കാം. ഒരിക്കൽ ഒരു വ്യക്തി (മറന്നു പോകരുത് യോനാ എന്ന പേരു കേട്ട പ്രവാചകൻ) ദൈവത്തിന്റെ ആലോചനക്ക്‌ വിപരീതമായി ഒരു  ചെറിയ (യോനായുടെ കണക്കുകൂട്ടലിൽ) അനുസരണകേടു കാണിച്ചിട്ട് തന്നിഷ്ടപ്രകാരം ഒന്നും അറിയാത്ത ഭാവത്തിൽ കപ്പലിൽ കയറി.

കാര്യങ്ങൾ വിവരിക്കും മുൻപ് ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ…… നൂറ്റാണ്ടുകൾ കൊണ്ട് യോനായുടെ അനുസരണക്കേടിനെ കുറിച്ചുള്ള ആയിരകണക്കിന് പ്രസംഗങ്ങൾ നാം കേട്ടിട്ടുണ്ട്.  എന്നാൽ യോനായുടെ അനുസരണക്കേടുകൊണ്ട് നിരപരാധികളായ മറ്റുള്ളവർക്ക് ഉണ്ടായ വേദനകളുടെയും തീരാനഷ്ടങ്ങളുടെയും യഥാർത്ഥ ചിത്രം വരച്ചുകാട്ടുന്ന ഒരു പ്രസംഗം എങ്കിലും ഇന്നുവരെ നിങ്ങൾ കേട്ടിട്ടുണ്ടോ????…  എന്റെ അഞ്ച് പതിറ്റാണ്ടിൽ അധികമായുള്ള വിശ്വാസ ജീവിത അനുഭവത്തിൽ ഞാനും ഇന്നുവരെ കേട്ടിട്ടില്ല.!!!!!!.

ഇവിടെ വളരെ ശ്രദ്ധിക്കേണ്ട വിഷയം,  ഈ കപ്പൽ വളരെ കാലങ്ങൾ ആയി  അനേകായിരം യാത്രക്കാരെ കൊണ്ട് അക്കരെ ഇക്കരെ യാത്ര (Sailing) ചെയ്തിട്ടുള്ളതാണ്. അനേകം കൂറ്റൻ  തിരമാലകളെ കീറിമുറിച്ചു പോയ മുൻകാല  പരിചയവും ധാരാളം ഉണ്ട്. എത്രയോ കാറ്റും കോളും കണ്ടതാണ്.  ഇത് കപ്പലിന്റ യാത്ര രേഖകളിലും (വോയേജു ചാർട്ടറിലും) കാണാം….

ഇന്നു വരെ ആർക്കും ഒരു സാമ്പത്തിക നഷ്ടവും വരുത്താതെ ഒരു ജീവനും ഹാനി വരുത്താതെ അക്കരെ എത്തിച്ചിട്ടുള്ള അനുഭവം ഈ കപ്പലിന് ഉണ്ട്. കടലിനെ കുറിച്ചും കപ്പലിന്റെ പാതയെ പറ്റിയും നല്ല ജ്ഞാനം ഉള്ള കപ്പിത്താൻ.

ഈ കപ്പലിലെ യാത്രകാർക്ക് ഇതൊരു പുതിയ അനുഭവം അല്ല.  അനേക നാളുകളായി ഉള്ള യാത്ര പരിചയം. ഇന്നുവരെ സന്തോഷവും സമാധാനവും ശാന്തതയും ഉള്ള യാത്രകൾ മാത്രം ആയിരുന്നു.

അങ്ങനെ കപ്പൽ തീരം വിട്ടു യാത്ര ആരംഭിച്ചു. എല്ലാ യാത്രക്കാരും  സന്തോഷത്തിൽ,  അവരുടെ ഇടയിൽ ആനന്ദത്തിന്റ പാട്ടുകളും ഉണ്ടായിരുന്നു…

എന്നാൽ യോനാ മാത്രം  കപ്പലിന്റെ അടി തട്ടിൽ ഒന്നും അറിയാതെയോ അല്ലെങ്കിൽ  അറിഞ്ഞു കൊണ്ടോ നല്ല ഉറക്കത്തിൽ.

യഥാർത്ഥത്തിൽ അനുസരണം കെട്ടവൻ കപ്പലിൽ കാൽ വച്ചപ്പോൾ മുതൽ സംഗതികൾ മാറി തുടങ്ങിയിരുന്നു!….ഇങ്ങനെ എത്ര പ്രശനങ്ങൾ കണ്ടിരിക്കുന്നു എന്ന മനോഭാവം കൊണ്ടായിരിക്കാം,  അന്തരീക്ഷത്തിൽ പെട്ടെന്നു ഉണ്ടായ വ്യതിയാനങ്ങളെ കപ്പിത്താൻ  നിസാരമായി എടുത്തുകാണും….

ചിലപ്പോൾ തുടക്കത്തിൽ എല്ലാം വളരെ അനുകൂലമെന്നും, ഉചിതമെന്നും, നല്ലതെന്നും തോന്നിയിരിക്കാം. അമിതമായ ആത്മവിശ്വാസം (Overconfidence) ചിലപ്പോൾ അപകടത്തിൽ എത്തിക്കും എന്ന വസ്‌തുത മറക്കരുത്.

എന്നാൽ  അൽപനേരത്തെ യാത്ര കഴിഞ്ഞപ്പോൾ എല്ലാവരുടെയും കണക്കു കൂട്ടൽ പൂർണമായും തെറ്റിച്ചു. ”യഹോവയോ സമുദ്രത്തിൽ ഒരു പെരുങ്കാറ്റു അടിപ്പിച്ചു; കപ്പൽ തകർന്നു പോകുവാൻ തക്കവണ്ണം സമുദ്രത്തിൽ വലിയൊരു കോൾ ഉണ്ടായി” (യോനാ 1:4).

കാറ്റും കടലും ശാന്തമാകും എന്നുള്ള പ്രതീക്ഷ അസ്തമിച്ചപ്പോൾ, രക്ഷപെടുവാൻ വേണ്ടി  *“കപ്പലിന്നു ഭാരം കുറെക്കേണ്ടതിന്നു അവർ അതിലെ ചരക്കു സമുദ്രത്തിൽ എറിഞ്ഞു കളഞ്ഞു”* (യോനാ 1:5).

ഒരു വ്യക്തിയുടെ അനുസരണക്കേട്  മൂലം നിരപരാധികളായ മറ്റു യാത്രക്കാർക്ക്  ഉണ്ടാകുന്ന വിലമതിക്കാൻ ആവാത്ത വൻ നഷ്ട്ടങ്ങൾ എത്രയധികം.

അവരുടെ  അനേക നാളിലെ സമ്പാദ്യം നഷ്ടമായി. നാളേക്ക്‌  വേണ്ടി സ്വരൂപിച്ചു വെച്ച  വിലപിടിപ്പുള്ള വസ്തുവകകൾ നഷ്ടമായി.  എത്ര പേരുടെ സ്വപ്നങ്ങൾ നിമിഷനേരം  കൊണ്ട് പൊലിഞ്ഞു പോയി.

ഇതിൽ കപ്പിത്താന് എന്തു നഷ്ടം, എല്ലാം നഷ്ടപ്പെട്ട്  ശൂന്യമായ അവസ്ഥയിൽ മരണത്തെ മുഖാമുഖം കണ്ടു വിറങ്ങലിച്ചു നിൽക്കുന്ന കുറെ പാവം മനുഷ്യ  കോലങ്ങൾ. എങ്ങനെയെങ്കിലും ജീവൻ രക്ഷിച്ചാൽ മതി എന്ന പ്രാർത്ഥനയോടെ നിൽക്കുന്ന കുറെ യാത്രികർ..

പക്ഷെ എന്തു പറയാൻ. ഇപ്പോഴും  അനുസരണക്കേടു കാണിച്ച  യോനാ കപ്പലിന്റ  അകത്തു തന്നെ.  എന്നു വരെ അനുസരണകേട് കാണിച്ച യോനാ അകത്തു നിൽക്കുന്നുവോ പുറത്ത് പെരുങ്കാറ്റു ശാന്തമാകില്ല, അനർത്ഥങ്ങൾ വിട്ടുമാറില്ല.

യോനക്കു പകരം വേറെ ഒരാളെ കടലിൽ എറിഞ്ഞാലും കടൽ ശാന്തമാകില്ല, കാറ്റിന്റെ ശക്തി കുറയുകയുമില്ല എന്ന മഹാസത്യം കൂടി നാം അറിഞ്ഞിരിക്കണം.

മറിച്ചു കാറ്റിന്റെ ശക്തി ഏറിക്കൊണ്ടിരിക്കും. അതിനു പകരമായി  മറ്റു ബദൽ മാർഗ്ഗങ്ങൾ സ്വീകരിച്ചാലും നഷ്ടങ്ങൾ നമുക്കു തന്നെ…

അതേ ആരുടെ അനുസരണക്കെട് നിമിത്തം എല്ലാരുടെയും മേൽ  അനർത്ഥം വന്നു എന്നറിയേണ്ടതിന്നു നാം ചീട്ടിടുക എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.

അങ്ങനെ ഒരു തിരിച്ചറിവ് അവരുടെ മനസ്സിൽ വന്നതു തന്നെ വളരെ പ്രശംസനീയവും  പ്രധാനപ്പെട്ടതുമായ ഒരു വിഷയം തന്നെ.  ഇന്നു പലർക്കും ഇല്ലാത്തതും ഈ തിരിച്ചറിവാണ്…..

അങ്ങനെ അവർ ചീട്ടിട്ടു; ചീട്ടു യോനെക്കു വീണു എന്ന് വായിക്കുന്നു. “പിന്നെ അവർ യോനയെ എടുത്തു സമുദ്രത്തിൽ ഇട്ടുകളകയും സമുദ്രത്തിന്റെ കോപം അടങ്ങുകയും ചെയ്തു” (യോനാ 1:15).

ഈ ലോകമാകുന്ന സമുദ്രത്തിലെ, കപ്പലാകുന്ന നമ്മുടെ സ്വയജീവിതത്തിൽ,   കുടുംബംങ്ങളിൽ , സഭകളിൽ ,  സമൂഹത്തിൽ,  ചിലർ കാൽ ചവിട്ടുന്ന നിമിഷം മുതൽ തകർച്ചയുടെയും, പെരും കാറ്റിന്റെയും അസമാധാനത്തിന്റെയും, അതുപോലെ  കപ്പൽ ഉലഞ്ഞാടി തകർത്തു പോകുന്ന അവസ്ഥകളും  ഉണ്ടായിട്ടില്ലേ.

എത്ര വർഷങ്ങളായി സന്തോഷത്തോടെ,  ശാന്തമായി,  സമാധാനത്തോടെ ഓടിയിരുന്ന നൗക ഇന്നു കൊടുംകാറ്റിൽ ആടിയുലയുന്ന അവസ്ഥായിൽ ആണോ.

എങ്കിൽ നാം മനസിലാക്കുക ദൈവ ഹിതത്തിനു വിപരീതമായി ഏതോ അനുസരണം കെട്ട യോനാ കടന്നു  കൂടിയിരിക്കുന്നു.

അത് ഒരു സുഹൃബന്ധത്തിന്റെ രൂപത്തിലോ, ആത്മികതയുടെ പേരിലോ, വേണമെങ്കിൽ സമ്പത്തായോ, ചിലപ്പോൾ നാം ഒരിക്കലും ചിന്തിക്കാത്ത രൂപത്തിലോ ഭാവത്തിലോ കടന്നു വരാം…..

ഒരു തിരിച്ചറിവ്, ഒരു വിവേചനവരം നാം പ്രാപിക്കേണ്ട അവസരം വന്നിരിക്കുന്നു. അല്ലാതെ കാറ്റേ കടലേ ശാന്തമാകു എന്നു പ്രാർത്ഥിച്ചിട്ട് കാര്യമില്ല. ദൈവം പ്രാർത്ഥന  ഒട്ടു കേൾക്കുകയും ഇല്ല.

അതേ നമ്മുടെ മുൻപിൽ ഉണ്ടാകുന്ന കാറ്റുകൾ ഏതു വിധം എന്ന് തുടക്കത്തിൽ തന്നേ നാം തിരിച്ചറിയുക. അതിൽ കൂടി ദൈവത്തിന് നമ്മോട് അറിയിക്കാനുള്ള സന്ദേശം എന്തെന്ന്  നാം നന്നായി ഗ്രഹിച്ചുകൊള്ളുക.

കൂടാതെ അത് വീശിയതിന്റെ ഉദ്ദേശവും  അതിന്റ വ്യക്തമായ കാരണവും നാം നന്നായി  മനസ്സിലാക്കി ജീവിതം നയിച്ചാൽ ജീവിതത്തിൽ വരുന്ന തീരാനഷ്ട്ടങ്ങളെ  ഒഴിവാക്കാം.

ഈ മേഖലകളിൽ ഞാൻ എന്ന വ്യക്തി ഒരു യോനാ ആയി മാറരുതേ എന്നു പ്രാത്ഥിച്ചുകൊണ്ട് തത്കാലം ഇവിടെ നിർത്താം………

കപ്പൽ തകരാതെ അക്കരെ എത്തിക്കാം.

വേഗം നാം ചേർന്നിടും ഭംഗിയേറിയാതീരത്ത്……

ജാഗ്രതൈ……….

രാജൻ പെണ്ണുക്കര, മുംബൈ

-ADVERTISEMENT-

You might also like
Comments
Loading...