ലേഖനം: രഹസ്യ പടയാളി | റോബിൻസൺ ജോയി, നാഗ്പൂർ

അടുത്തയിടെ ഒരു മാതാവിനെ കുറിച്ചു നടന്ന സംഭാഷണമാണ് ഈ എഴുത്തിന് പ്രജോദനമായത്. ഇനിയും പറയുന്നതെല്ലം വാസ്തവമാണ് ഇതിൽ അതിശയോക്തിയോ കള്ളമോ ഒന്നുമില്ല.
സാധാരണ ഗതിയിൽ വാഹനങ്ങളോ, യാത്രാ സൗകര്യങ്ങളോ, വൈദ്യുതിയോ, ഒന്നും തന്നെ ഇല്ലാതെയിരുന്ന, ഏതു സമയത്തും വന്യ ജീവികൾ ഇറങ്ങുന്ന, ഒരു വനമ്പ്രദേശത്തെ ഒരു സാധാരണ കർഷക കുടുംബത്തിൽ ഏഴു മക്കളിൽ ഒരുവളായി ഈ മാതാവും ജനിച്ചു. പല മക്കൾ ഉള്ള ഭവനത്തിൽ സാധാരണയായി മണ്ടനായും, മണ്ടിയായും, മറ്റ് സഹോദരങ്ങളുടെ ഇടയിൽ കൂടാനുള്ള സൗന്ദര്യവും മിടുക്കും ഇല്ലാത്ത ഒരാൾ നിശ്ചയമായും ഉണ്ടാകും.
ഈ ഭവനത്തിലെ സ്ഥിതിയും മറിച്ചായിരുന്നില്ല, ഈ പ്രിയ മാതാവിനായിരുന്നു അതിനുള്ള ചീട്ട് വീണത്. പഠിക്കാൻ ആവശ്യമായ ബുദ്ധിയോ, കണ്ടാൽ ആകർഷണം തോന്നുന്ന സൗന്ദര്യമോ, മറ്റുള്ളവരുടെ മുൻപിൽ വാചാലതയോടെ സംസ്സാരിക്കാനുള്ള ശേഷിയോ ഈ പ്രിയ മാതാവിനുണ്ടായിരുന്നില്ല. ആയതിനാൽ വീട്ടിലെ മുഴു ജോലികളും ചെയ്യാനുള്ള സൗഭാഗ്യം ലഭിച്ചിരുന്നു ഈ മാതാവിന്. എന്നാൽ ഈ മാതാവിന്റെ കൈകളെ ദൈവം അനുഗ്രഹിച്ചത് കാരണം ഈ മാതാവിന്റെ കൈകളാൽ ഉണ്ടാക്കിയിരുന്ന ആഹാരപദാർത്ഥങ്ങൾക്ക് രുചി വളരെ കൂടുതലായിരുന്നു.

post watermark60x60

ശൗലിനെ പറ്റി ശമുവേലിനോട് ദൈവം പറഞ്ഞത് (1 ശമു 16:7) സത്യം തന്നെയാണ്, ദൈവം ബാഹ്യമായ സൗന്ദര്യത്തെയല്ല നോക്കുന്നത് മറിച്ച് ഹൃദയത്തെയാണ്. നാമധേയ ക്രിസ്ത്യാനികളായിരുന്ന ഈ കർഷക കുടുംബത്തിൽ നിന്നും ആദ്യ ഫലമായി തന്നെ പിന്തുടരാനായി കർത്താവ് യോഗ്യതയുള്ളതായി കണ്ടത് കഷ്ടിച്ച് വായിക്കാൻ മാത്രം അറിയാമായിരുന്ന ഈ മാതാവിനെയായിരുന്നു. വളരെ കഷ്ടപ്പെട്ട് ഈ മാതാവ് തന്റെ വിശ്വാസത്തെ കാത്തു.
വർഷങ്ങൾക്ക് ശേഷം ഒരു ദൈവപൈതലുമായി വിവാഹം നടക്കയും, ആത്മീക കാര്യങ്ങളിൽ വളരെ നല്ലതു പോലെ പങ്കെടുക്കുവാനും, സഭയിൽ മാറി മാറി വന്നു കൊണ്ടിരുന്ന പാസ്റ്റർമാരെയും കുടുംബത്തെയും വളരെ നല്ലതു പോലെ കരുതുവാനും ഈ മാതാവിനെ ദൈവം സഹായിച്ചു. എന്നാൽ സഭക്കുള്ളിലെ ചില പ്രശ്നങ്ങളാൽ പുതിയ സഭയിൽ ചേരുകയും അവിടെയും വളരെ നല്ലതു പോലെ പാസ്റ്ററെയും കുടുംബത്തെയും സ്നേഹിക്കയും ചെയ്തു ഈ മാതാവ്.
മിക്കപ്പോഴും ഉപവാസവും പ്രാർത്ഥനയുമായി കഴിഞ്ഞിരുന്ന പുതിയ സഭയിലെ പാസ്റ്ററുടെ ഭാര്യയെ വളരെ നന്നായി ബഹുമാനിക്കയും സ്നേഹിക്കയും ചെയ്ത ഈ മാതാവ് പാസ്റ്ററുടെ ഭാര്യക്ക് മിക്ക മീറ്റിംഗുകളിലും ഒരു പിന്തുണയായി. എന്നാൽ താൻ ബഹുമാനിക്കയും സ്നേഹിക്കയും ചെയ്ത ആ പാസ്റ്ററുടെ ഭാര്യ ഈ മാതാവിനെ കുറിച്ച് സാക്ഷ്യം കൊടുത്തത് “പൊതുവായ സ്ഥലത്ത് പ്രാർത്ഥിക്കാനോ മറ്റുള്ളവരോട് സംസ്സാരിക്കുവാനോ കഴിവില്ലാത്ത സ്ത്രീ” എന്നായിരുന്നു. ഈ മാതാവിനെ കുറിച്ച് മാതാവിന്റെ ഇളയ മകന്റെ സാക്ഷ്യം ഇപ്രകാരമായിരുന്നു “രാത്രിയിൽ 2 മണിക്കും 3 മണിക്കും എഴുന്നേൽക്കുമ്പോഴെല്ലാം തന്റെ കട്ടിലിൽ ഇരുന്ന് പ്രാർത്ഥിക്കുന്ന എന്റെ മാതാവിനെയാണ് ഞാൻ കണ്ടിട്ടുള്ളത്.”
വാസ്തവമാണ്, മറ്റുള്ളവരുടെ മുൻപിൽ ആ മാതാവ് വാക്ചാതുര്യമില്ലാത്ത ഒരു സ്ത്രീ മാത്രമായിരുന്നു, എന്നാൽ രാത്രി യാമങ്ങളിൽ സാത്താന്യ ശക്തികളെ പോലും കിടുകിടെ വിറപ്പിക്കുന്ന പ്രാർത്ഥനാ വീര- അതെ ഒരു പ്രാർത്ഥനാ പടയാളിയായിരുന്നു ആ മാതാവ്. മറ്റുള്ളവർ കാണാതെ പോയതും എന്നാൽ തന്റെ പ്രാണ പ്രിയനായ യേശുവിന് മാത്രം അറിയാവുന്നതുമായ ഒരു രഹസ്യ ആത്മിക ജീവിതം ഈ മാതാവിനുണ്ടായിരുന്നു. 2001-ൽ ഈ പ്രിയ മാതാവിനെ കർത്താവ് തന്റെ അടുക്കൽ കൊണ്ടു പോകയും ചെയ്തു.

ഈ സംഭവം ഇവിടെ വിവരിച്ചത്, ആര് തെറ്റെന്നോ ആര് ശരിയെന്നോ പറയാനല്ല, മറിച്ച് നാം മറ്റുള്ളവരെ നോക്കുന്ന രീതിക്ക് ഒരു മാറ്റം വരുത്തണം എന്ന് പറയാനാണ്. നാം ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട്, അതിൽ പഠിച്ച നാലെണ്ണം ഞാൻ പറയാം:
ഒന്ന്: നാം പൊതുവിൽ കാണിക്കുന്നതിൽ ഉപരിയായി നമ്മുടെ രഹസ്യ ജീവിതത്തെയാണ് കർത്താവ് എറ്റവും ശ്രദ്ധിക്കുന്നത് എന്ന് നാം അറിഞ്ഞിരിക്കണം.
രണ്ട്: മറ്റുള്ളവരെ വിധിപ്പാനുള്ള നമ്മുടെ മാനുഷിക സഹജമായ സ്വഭാവത്തെ നാം മന:പൂർവ്വം മാറ്റിയേ മതിയാകു.
മൂന്ന്: മറ്റുള്ളവരെ ശ്രേഷ്ഠരായി എണ്ണുവാനുള്ള കർത്താവിന്റെ കല്പന നാം പിന്തുടരുന്നുണ്ടോ എന്ന് ദൈവവചനത്തിലൂടെ തന്നെത്താൻ ശോധന ചെയ്യുന്നത് പതിവാക്കണം.
നാല്: മറ്റുള്ളവരെ വിധിക്കുന്നവരായ നമ്മെ വിധിപ്പാനും ധാരാളം ആളുകൾ കാണും എന്ന വസ്‌തുത നാം ഒരിക്കലും മറക്കരുത്.
മറ്റുള്ളവരെ വിധിപ്പാൻ കൂട്ടാക്കാതെ നമ്മുടെ ജീവിതത്തെ ദൈവവചനാടിസ്ഥാനത്തിൽ ശോധന ചെയ്ത് വല്ലവിധേനയും ദൈവരാജ്യത്തിൽ കടപ്പാനായി നമുക്ക് ശ്രമിക്കാം. കൂടാതെ അകമറ്റ് മറ്റുള്ളവരെ സ്നേഹിക്കയും കഴിവുള്ളിടത്തോളം മറ്റുള്ളവരെ സഹായിക്കയും ചെയ്യാനുള്ള ക്രിസ്തുവിന്റെ സ്വഭാവത്തെ നമുക്ക് മാതൃകയാക്കാം.
നാം ഒരു പരസ്യ പ്രാർത്ഥനാ പടയാളിയാണോ അതോ രഹസ്യ പ്രാർത്ഥനാ പടയാളിയാണോ എന്ന് സ്വയം ശോധന ചെയ്യാം. ഒരു പരസ്യ പ്രാർത്ഥനാ പടയാളിയാകുന്നതിനോടൊപ്പം ഒരു രഹസ്യ പ്രാർത്ഥനാ പടയാളി കൂടെ ആയിത്തീരാം നമുക്ക്. പരസ്യ പ്രാർത്ഥനാ പടയാളികളെ പരസ്യമായി മറ്റുള്ളവർ പുകഴ്ത്തുമ്പോൾ രഹസ്യ പ്രാർത്ഥനാ പടയാളികളെ തന്റെ പിതാവിന്റെയും ദൂതന്മാരുടെയും മുൻപിൽ പേരെടുത്തു ചൊല്ലാനായി യേശുക്രിസ്തു ഉണ്ടെന്ന കാര്യവും നാം മറക്കരുത്.

Download Our Android App | iOS App

റോബിൻസൺ ജോയി, നാഗ്പൂർ

-ADVERTISEMENT-

You might also like