തദ്ദേശഭരണ തെരഞ്ഞടുപ്പിൽ സാന്നിധ്യമറിയിച്ച് പെന്തെക്കൊസ്ത് സഭാംഗങ്ങളും

 

post watermark60x60

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചതോടുകൂടെ തിരഞ്ഞെടുപ്പ് മത്സരരംഗത്ത് മുൻകാലങ്ങൾക്ക്‌ വിരുദ്ധമായി സാന്നിധ്യമറിയിച്ച് പെന്തെക്കോസ്ത് സഭാംഗങ്ങളും.
പെന്തെക്കോസ്ത് സഭാംഗങ്ങൾക്ക്‌ രാഷ്ട്രീയ കാഴ്ചപ്പാടിൽ വന്ന മാറ്റവും കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് പെന്തെക്കോസ്ത് സമൂഹത്തിന്റെ പ്രാധാന്യം മനസ്സിലായി തുടങ്ങിയതിന്റെ സൂചനയുമാണിത്. ഇത്തവണ ഇടത് – വലത് രാഷ്ട്രീയ പാർട്ടികൾ സീറ്റ് വിഭജനത്തിൽ പെന്തെക്കോസ്ത് സഭാംഗങ്ങൾക്ക് കാര്യമായ പരിഗണന നൽകിയിട്ടുണ്ട്. കൂടാതെ മറ്റു രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളായും സ്വതന്ത്രരായും സഭാംഗങ്ങൾ മത്സരിക്കുന്നുണ്ട്. പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി നവംബർ 19 ആയതിനാൽ ഇനിയും കൂടുതൽ സ്ഥാനാർഥികളെ പ്രതീക്ഷിക്കാം. എ.ജി, ഐ.പി.സി, ചർച്ച് ഓഫ് ഗോഡ്, റ്റി.പി.എം, ശാരോൺ ഫെല്ലോഷിപ്പ് ചർച്ച്, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് തുടങ്ങിയ സഭാംഗങ്ങളും മറ്റു ഇതര പെന്തെക്കോസ്ത് സഭാംഗങ്ങളും തിരഞ്ഞെടുപ്പ് മത്സരരംഗത്തുണ്ട്.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും പെന്തെക്കോസ്ത്കാർക്ക് വിജയ സാധ്യതയുള്ള കൂടുതൽ സീറ്റുകളിൽ മത്സരിക്കുവാൻ അവസരം ലഭിക്കും എന്നാണ് സൂചന. ആദ്യമായി കഴിഞ്ഞ നിയമസഭാ തിരിഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുവാൻ വി എസ് ജോയിക്ക് അവസരം ലഭിച്ചിരുന്നു.
പലയിടത്തും പെന്തെക്കോസ്ത് സഭാംഗങ്ങളുടെ വോട്ടുകൾ പ്രധാനമാണ്. നിലമ്പൂർ, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, റാന്നി, അടൂർ, കൊട്ടാരക്കര, പുനലൂർ, കാട്ടാക്കട, പാറശാല, നെയ്യാറ്റിൻകര നിയോജക മണ്ഡലങ്ങളിൽ സഭാംഗങ്ങളുടെ വോട്ടുകൾ നിർണായകമാണ്.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സഭാംഗങ്ങളെ മുഖ്യധാരയിലേക്ക് നയിക്കാൻ വേണ്ട പിന്തുണ നൽകി അഴിമതി രഹിത മാതൃകാ ഭരണം കാഴ്ചവയ്ക്കുവാനുള്ള അവസരം വിജയികൾ പ്രയോജനപ്പെടുത്തട്ടെ എന്ന് ആശിക്കാം.

-ADVERTISEMENT-

You might also like