ലേഖനം: ശിശു ആകരുത് , ശിശുക്കളെപ്പോലെ ആകുക ! | ജോസ് പ്രകാശ്‌

കുട്ടികളുടെ ഇഷ്ട ചങ്ങാതിയും
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും ആയിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമാണ് (നവംബർ‍ 14) ശിശുദിനമായി ആഘോഷിക്കുന്നത്. ശൈശവം ആരോഗ്യപരമായി ആസ്വദിക്കുവാൻ കുഞ്ഞുങ്ങളെ അനുവദിക്കണമെന്ന ഓർമ്മപ്പെടുത്തൽ കൂടെയാണ് ഈ ദിവസം.

post watermark60x60

ഈ സന്ദർഭത്തിൽ ശിശുക്കളിൽ നിന്നും മുതിർന്നവരായ നാം പഠിക്കേണ്ടതായ ചില അതിപ്രധാന ആത്മീക ഉൾക്കാഴ്ചകൾ അനുവാചകരുമായി പങ്കുവെക്കുവാൻ താല്പര്യപ്പെടുന്നു.

പൊതുവായി മുതിർന്നവരെ കണ്ടു പഠിക്കാൻ കുഞ്ഞുങ്ങളെ നാം ഉപദേശിക്കാറുണ്ട്. എന്നാൽ കുഞ്ഞുങ്ങളെ നോക്കി പഠിക്കുവാനാണ് കർത്താവായ യേശു നമ്മെ അനുശാസിക്കുന്നത്.

Download Our Android App | iOS App

നിഷ്കളങ്കതയും താഴ്മയും ശിശുക്കളുടെ മുഖഭാവമാണ്. ശിശുക്കളിൽ നിന്നും ഒരിക്കലും അന്യമാകാത്ത ഈ സ്വഭാവ ഗുണങ്ങൾ നമ്മുടെ ജീവിതത്തിൽ പകർത്തേണ്ടതും നിലനിർത്തേണ്ടതും വളരെ അനിവാര്യമാണ്.

സ്വർഗ്ഗരാജ്യത്തിൽ കടക്കുവാൻ ശിശുക്കളുടെ സ്വഭാവത്തിന് ഉടമകൾ ആകണം. കാരണം ഉച്ചനീചത്വങ്ങളോ, പ്രസിദ്ധരാകുവാനുള്ള മോഹമോ, ഇടർച്ച വരുത്തണമെന്ന ചിന്തയോ കുഞ്ഞുങ്ങൾക്കില്ല. താഴ്മയോടെ ജീവിക്കാതെ സ്വർഗ്ഗത്തിൽ എത്താം എന്ന ചിന്ത തികച്ചും നിഷ്ഫലമാണ്. അതുകൊണ്ട് ക്രിസ്തു ശിഷ്യർ ശുശ്രൂഷിക്കപ്പെടുവാനുള്ള മോഹത്തെ പിന്നിലും ശുശ്രൂഷിക്കുവാനുള്ള സമർപ്പണത്തെ മുന്നിലും ആക്കണം.

ശിശുക്കളെപ്പോലെ ആകുന്നതിനു പകരം ശിശു ആകുന്നതാണ് പല ഗുരുതര പ്രശ്നങ്ങളുടെയും മൂലകാരണം. മഹാമാരി വരുത്തിയ അകലം ശിശുത്വത്തിന്റെ അർത്ഥതലങ്ങളിൽ നിന്നുള്ള അകൽച്ചയ്ക്ക് ഇടയാകാതെ സൂക്ഷിക്കാം.

വീണ്ടും ജനിച്ചിട്ടും ജഡീകരായി മാത്രം വളരുന്നവരെ ആത്മീക ശിശുക്കളെന്നാണ് പൗലോസ് അപ്പോസ്തലൻ വിവക്ഷിച്ചിരിക്കുന്നത് (1കൊരി 3:1).

ജഡീകരായവർക്ക് കട്ടിയായ ആഹാരം (ഉപദേശം) ദഹിക്കുകയില്ല. ദൈവസഭയിൽ പക്ഷവും, വേർതിരിവും, ഭിന്നതയുമുണ്ടാക്കി നായകനായ കർത്താവിനെ പുറത്താക്കി നേതാവാകാൻ ആഗ്രഹിക്കുന്നവരും അവരുടെ അനുയായികളും പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കാതെ പാല് മാത്രം കുടിച്ച് മുരടിച്ചിരിക്കുന്ന സാധാരണ മനുഷ്യരത്രെ.
അതിനാൽ ആത്മീക ജീവിതത്തിൽ ശിശു ആകരുത്. പൂർണവളർച്ച എത്തിക്കഴിഞ്ഞാൽ ശൈശവ കീഴ്‌വഴക്കങ്ങളെ പൂർണ്ണമായും ത്യജിച്ചു കളയണം.

ബുദ്ധിയിൽ കുഞ്ഞുങ്ങളായി തുടരുന്നതും നന്മയ്ക്ക് ശിശുക്കൾ ആയിരിക്കുന്നതുമാണ് കൃപായുഗത്തിലെ നവീന പഠിപ്പിക്കലുകൾക്കും, പിണക്കത്തിനും, പിളർപ്പുകൾക്കും തുടർന്നുള്ള പിരിഞ്ഞു പോകലുകൾക്കും കാരണമാകുന്നത്. ആകയാൽ ബുദ്ധിയിൽ (ആത്മീകത്തിൽ) മുതിർന്നവരാകാം (1കൊരി 14:20).

പുത്രത്വം പ്രാപിച്ചവർ ബുദ്ധിയിൽ ശിശുക്കളായി തുടർന്നാൽ പക്വതയില്ലാതെ ആത്മാനുഭവം വിട്ട് ജഡാഭിലാഷത്തിലേക്ക് പിന്മാറാൻ സാധ്യതയുണ്ട്. നവീന ഉപദേശങ്ങളുടെ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആകാതിരിപ്പാൻ കട്ടിയുള്ള ആഹാരം ഭക്ഷിക്കണം. അതിനുള്ള ഔഷധം തിരുവചനം ആണ്.

പ്രായം തികഞ്ഞിട്ടും പക്വത ഇല്ലാതെ ആദ്യപാഠങ്ങൾ (ബാലപാഠങ്ങൾ) ആവർത്തിക്കാതെ നീതിയുടെ വചനം നന്നായി അഭ്യസിച്ചു പരിചയമുള്ള ഉപദേഷ്ടാക്കന്മാർ ആയിരിക്കുന്നതിൽ നമുക്ക് ശ്രദ്ധപുലർത്താം. പ്രായത്തിന്റെ പഴക്കമല്ല ആത്മാവിന്റെ പുതുക്കമാണ് ആത്മീകരുടെ നങ്കൂരം.

പത്രോസ് അപ്പോസ്തലൻ വിശദമാക്കിയത് പോലെ ശിശുക്കളുടെ ശാരീരിക വളർച്ചയ്ക്ക് മായമില്ലാത്ത പാൽ അത്യന്താപേക്ഷിതം ആയതുപോലെ ആത്മ മനുഷ്യന്റെ വളർച്ചയ്ക്ക് കലർപ്പില്ലാത്ത വചനം എന്ന പാൽ ഒഴിവാക്കാനാവാത്തതാണ്. പഥ്യവചനം കൈക്കൊള്ളുന്നതിൽ ശിശു ആകാതെയും എന്നാൽ ദുഷ്ടത, ചതിവ്, വ്യാജഭാവം, അസൂയ തുടങ്ങി നമ്മെ മലിനപ്പെടുത്തുന്ന ജഡത്തിന്റെ പ്രവൃത്തികൾക്ക് ശിശുക്കളുടെ മനോഭാവം പുലർത്തുകയുമാണ് വേണ്ടത്.

“നിങ്ങൾ മനംതിരിഞ്ഞു ശിശുക്കളെപ്പോലെ ആകുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ ഒരിക്കലും കടക്കയില്ല” എന്ന യേശു കർത്താവിന്റെ മുന്നറിയിപ്പിന് വിധേയപ്പെട്ട് നമുക്ക് ഒരു മാറ്റത്തിന് തയ്യാറാകാം. അക്ഷരീകമായി ഒരു ശിശുവിനെപ്പോലെ ചെറുതാകുവാൻ കഴിഞ്ഞില്ലെങ്കിലും നമ്മുടെ സ്വയത്തെ താഴ്ത്തി ആന്തരിക മനുഷ്യനെ ചെറുതാക്കുവാൻ കഴിയണം. ഭൂമിയിലെ ഉയർച്ചക്കായുള്ള ഭ്രമം ഉപേക്ഷിച്ച് ഉയരത്തിലെ ഉന്നതവ്യക്തിത്വത്തിനായി കാംക്ഷിക്കാം (മത്തായി 18:2-4).

ആകയാൽ കുഞ്ഞുങ്ങളുടെ വിശിഷ്ട ഗുണങ്ങളായ നിഷ്കളങ്കതയും, താഴ്മയും, വിശ്വാസവും, ആശ്രയവും ശിഷ്ട ജീവിതത്തിൽ പ്രതിഫലിപ്പിച്ച് മുന്നേറാൻ സർവ്വകൃപാലുവായ ദൈവം നമുക്ക് കൃപ നല്കട്ടെ.

ജോസ് പ്രകാശ്

-ADVERTISEMENT-

You might also like