ലേഖനം: പകർന്ന തൈലവും ചത്ത ഈച്ചകളും | ജോസ് പ്രകാശ്

വിവിധ തൈലങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ വിശുദ്ധ തിരുവെഴുത്തുകളിലുണ്ട്. വിശുദ്ധ തൈലം, വിശേഷ തൈലം, പരിമള തൈലം, സുഗന്ധതൈലം, ആനന്ദ തൈലം… ഇങ്ങനെ നീളുന്നു പട്ടിക.

വിശിഷ്ട ഗുണങ്ങൾ ഏറെ ഉള്ളത് കൊണ്ട് തൈലത്തിന് വളരെ പ്രാധാന്യവുമുണ്ട്. തൈലം വിലയേറിയതാണ്. അതിന് ഗുണമുണ്ട്, മണമുണ്ട്. തൈലം വിശുദ്ധവും വേദന മാറ്റുന്നതുമാണ്. സുഗന്ധ തൈലത്തിന് പേരുകേട്ട ഗിലെയാദിലെ തൈലം രോഗശമനത്തിനും, വേദന സംഹാരത്തിനും ഒൗഷധമായി ഉപയോഗിച്ചിരുന്നു (യിരെമ്യാവു 8:22; 46:11).

അതുപോലെ ചത്ത ഈച്ചയ്ക്ക് നിരവധി ദോഷ വശങ്ങൾ ഉണ്ട്. അത് ദുർഗന്ധം വമിപ്പിക്കുന്നു, നഷ്ടം വരുത്തുന്നു. അതിന് ഒരു വിലയുമില്ല, ഗുണവുമില്ല, അശുദ്ധവുമാണ്.

അനേകം നാമങ്ങൾ ഉള്ള ഈ പാരിൽ പകർന്ന തൈലം പോലെ സൗരഭ്യം വീശുന്ന ഏക നാമം യേശുവിന്റേതു മാത്രമാണ്. നിത്യരക്ഷയും നിത്യ ജീവനും ഈ നാമത്തിലൂടെ മാത്രമേ ലഭിക്കൂ. അതുകൊണ്ടാണ് ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹിക്കേണ്ടി വന്നിട്ടും ലജ്ജിക്കാതെ ഈ നാമം ധരിച്ചുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തി അപ്പോസ്തലന്മാർ രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ദൈവത്തിനു ക്രിസ്തുവിന്റെ സൗരഭ്യവാസന ആയിരുന്നത്.

നമ്മെ സ്നേഹിച്ച ക്രിസ്തു തന്നെത്താൻ പിതാവിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതുപോലെ നാമും സ്നേഹത്തിലൂടെ അനേകർക്കായി യാഗമാകുമ്പോൾ അതിൽ നിന്നുയരുന്ന സൗരഭ്യത്താൽ ക്രിസ്തു നമ്മിൽ പ്രസാദിക്കും. നാശകരമായ കുഴിയിലും കുഴഞ്ഞ ചേറ്റിലും നാറ്റം വമിച്ചു കിടന്ന നമ്മെ കൂട്ടുകാരിൽ പരമായി ആനന്ദ തൈലത്താൽ അഭിഷേകം ചെയ്തതിന്റെ പ്രഥമ ഉദ്ദേശം പരദേശവാസം തീരും വരെ പാരിൽ സൗരഭ്യം പരത്തുവാനാണ്.

സഭയാം തോട്ടത്തിലും, സമൂഹത്തിലും സുഗന്ധം പുറപ്പെടുവിക്കേണ്ടവരാണ് നാം. പ്രത്യേക ഉദ്ദേശത്തിനായ് വിളിച്ചു വേർതിരിക്കപ്പെട്ടവരുടെ സമൂഹമായ ദൈവസഭ ആയിരിക്കുന്നത് ലോകത്തിലാണ്. എന്നാൽ ലോകം സഭയിൽ പ്രവേശിക്കാൻ പാടില്ല. അങ്ങനെ എവിടെയെങ്കിലും സംഭവിക്കുന്നുവെങ്കിൽ ദുർഗന്ധം വമിക്കും എന്നതിൽ സംശയമില്ല.

വിശുദ്ധമായ അഭിഷേകതൈലത്തിന്റെ യോഗപ്രകാരം വേറെ തൈലം (Duplicate Perfume) ഉണ്ടാക്കുവാൻ അനുവാദം ഇല്ലായിരുന്നു. അങ്ങനെ ചെയ്യുന്നവരെ ഛേദിച്ചുകളയണമെന്ന കല്പന ഉണ്ടായിരുന്നു. അർത്ഥാൽ
വ്യാജമായ തൈലം ഉണ്ടാക്കുവാനോ വിലയേറിയ തൈലം ദുർവ്യയം ചെയ്യുവാനോ പാടില്ലായിരുന്നു (പുറപ്പാട് -30:31-33).

നല്ല തൈലക്കാരനായ നസറായനായ യേശുവിന്റെ നല്ല മാർഗ്ഗത്തെയും സുവിശേഷത്തെയും ആരുടെയും അല്പഭോഷത്വം നിമിത്തം നാറുവാൻ ഇടയാക്കരുത്. അങ്ങനെ സംഭവിക്കാതിരിപ്പാൻ തീയതിനോട് വെറുത്ത് നല്ലതിനോട് പറ്റിച്ചേരണം. സകലമനുഷ്യരുടെയും മുമ്പിൽ യോഗ്യമായതു മുൻകരുതി തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കണം.

ജീവൻ ഉള്ളവർ എന്ന പേര് ഉണ്ടെങ്കിലും, ആത്മീയമരണം സംഭവിച്ചാൽ ചത്ത ഈച്ചയ്ക്ക് സമാനമായി തീർന്ന് സത്യമാർഗ്ഗം ദുഷിക്കപ്പെടും. സഹോദരനോട് നിരക്കാതെയും സഭയിൽ തീർക്കാതെയും കാര്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ മറ്റുള്ളവരെ അറിയിക്കുമ്പോൾ ദുർഗന്ധം കൂടുകയേ ഉള്ളൂ. അകത്ത് പരിഹരിക്കേണ്ടത് പുറത്ത് പ്രസിദ്ധമാക്കുന്നത് ഭൂഷണമല്ല ഭോഷത്വമാണ്.

ഏക രക്ഷകനായ യേശുവിനെക്കുറിച്ചുള്ള പ്രകാശനം ലഭിച്ച ശേഷം ദൈവത്തിന്റെ നല്ല വചനത്തെ ആസ്വദിക്കാതെ ലോകമോഹത്തിനു പുറകേ പിന്മാറിപ്പോകുന്നവരിലൂടെ നല്ല തൈലം വല്ലാതെ നാറുവാൻ ഇടവരുന്നു. ലോകത്തിന്റെ മാലിന്യം വിട്ടോടിയവർ അതിൽ വീണ്ടും കുടുങ്ങി തോറ്റുപോയാൽ എങ്ങനെ സൗരഭ്യം പരക്കും?

കൃപയാൽ കിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നവർ വിശുദ്ധ തൈലത്തെ അശുദ്ധമാക്കുന്ന ചത്ത ഈച്ചകളെപ്പോലെയാണ് എന്നതിൽ രണ്ടുപക്ഷമില്ല.
ക്രിസ്തുവിലൂടെ പുതിയ സൃഷ്ടി ആയവർ തിന്മയും ദുഷ്ടതയും ആയ പഴയ പുളിമാവ് പൂർണ്ണമായും നീക്കിക്കളയാതെ ജയകരമായ ക്രിസ്തീയ ജീവിതം നയിക്കുവാൻ കഴികയില്ല.

തൈലത്തെ ഇല്ലാതാക്കി ദുർഗന്ധം വമിപ്പിക്കുന്ന ചത്ത ഈച്ചയുടെ സ്വഭാവം മാറ്റി എപ്പോഴും സുഗന്ധം പരത്തുന്ന മൂല്യമുള്ള തൈലം പോലെ ജീവിക്കാൻ ശ്രമിക്കണം. അങ്ങനെ വിശുദ്ധിയോടെ സുഗന്ധം പരത്തി ജീവിക്കുമ്പോൾ മറ്റുള്ളവർ മാറ്റിനിറുത്തിയാലും, നല്ലവരെന്ന് പറഞ്ഞില്ലെങ്കിലും നല്ലവനും വിശ്വസ്തനുമായ ദാസനേ എന്ന രക്ഷിതാവിന്റെ വിളി കേൾക്കാൻ കഴിയുന്നതാണ് ഏറ്റവും ഉത്തമമായ സൗഭാഗ്യം. ആകയാൽ പ്രാണൻ പോകുവോളം അഥവാ പ്രാണപ്രിയന്റെ പുനരാഗമനം വരെ പാരിൽ സൗരഭ്യം പരത്തുന്നവരായി ജീവിക്കാം.

നിന്റെ തൈലം സൌരഭ്യമായതു; നിന്റെ നാമം പകർന്ന തൈലം പോലെ ഇരിക്കുന്നു. ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു
(ഉത്തമഗീതം-1:2; സഭാപ്രസംഗി-10:1).

ജോസ് പ്രകാശ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.