ലേഖനം: എന്തിനാണ് ജീവിതത്തിൽ മുൻഗണന…? | ജൈസണ്‍ മണക്കാല

ഈ ലോക ജീവിതം നശ്വരമാണ്. നശ്വരമായ ലോകത്തിൽ പലതും നേടിയെടുക്കുവാനുള്ള ഓട്ടത്തിലാണ് ഇന്നിന്റെ മനുഷ്യൻ. ആഗ്രഹങ്ങളെ കടിഞ്ഞാൺ ഇടാതെ, മാനുഷിക മൂല്യങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാതെ തികച്ചും സ്വാർഥരായി പലപ്പോഴും മനുഷ്യൻ മാറുന്നു. തങ്ങളുടെ ആഗ്രഹ സഫലീകരണത്തിനായി ഏത് കുറുക്കു വഴികൾ തേടാനും ഇന്ന് അവനു മടിയില്ല. ഒടുങ്ങാത്ത ആഗ്രഹങ്ങളും , പ്രതീക്ഷയുമാണ് ഇന്ന് മനുഷ്യനെ നിയന്ത്രിക്കുന്നത്. പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ, പ്രതീക്ഷകൾക്കനുസരിച്ചു ഉയരാൻ കഴിയാതെ വരുമ്പോൾ ജീവിതം തന്നെ ഹോമിക്കപ്പെടുന്നവരുടെ എണ്ണവും അനുദിനവും വർധിച്ചു വരുന്നു. ജീവിതത്തിൽ എന്തെല്ലാം ഉണ്ടെങ്കിലും ഒന്നിലും തൃപ്തിപ്പെടാൻ കഴിയാത്ത അവസ്ഥ. ഈ അസംതൃപ്തിയാണ് ഇന്ന് മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും.. എന്താണ് ഈ അസംതൃപ്തിക്ക് കാരണം ..?

ഒരിക്കൽ അഞ്ച് വിദ്യാർഥികൾ നീണ്ട ഇടവേളകൾക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ കാണാൻ അദ്ദേഹത്തിന്റ വീട്ടിലെത്തി. വലിയ സന്തോഷത്തോടെ ആ അധ്യാപകൻ അവരെ സ്വീകരിച്ചിരുത്തി, തുടർന്ന് അവരുടെ കഴിഞ്ഞ കാല ജീവിത വിശേഷങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു. ഇന്ന് അവരെല്ലാം ഉയർന്ന ജോലികളിലും ഉന്നതമായ നിലകളിലുമാണെന്നറിഞ്ഞ് അധ്യാപകൻ വളരെ അധികം സന്തോഷം ഉണ്ടായി. പക്ഷെ, അവരുടെ ആരുടെയും മുഖത്ത് അതിന്റേതായ യാതൊരു സന്തോഷവും കാണുവാൻ ആ അധ്യാപകന് കഴിഞ്ഞില്ല. ഉയർന്ന പദവികളും ലക്ഷങ്ങളുടെ ബാങ്ക് ബാലൻസുമൊക്കെയുണ്ടെങ്കിലും അവരാരും സന്തോഷവാന്മാർ ആയിരുന്നില്ല. അവരുടെ സംസാരത്തിൽ മുഴുവൻ നിറഞ്ഞു നിന്നത് അവരവരുടെ തൊഴിൽ പ്രശ്നങ്ങളും, ബിസിനസ്സിലെ പ്രതിസന്ധികളും, കുടുംബ വഴക്കുകളുമൊക്കെയായിരുന്നു. അവരിലൊരാൾ പറഞ്ഞു, “പണ്ട് ഞങ്ങളുടെ ഏത് പ്രശ്നത്തിനും ഞങ്ങൾക്ക് ഉപദേശം നൽകിയിരുന്നത് സാർ ആയിരുന്നു. അതു കൊണ്ട് തന്നെ ചോദിക്കുകയാണ്, ഈ അല്ലലും അലട്ടലുമൊന്നുമില്ലാതെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ഞങ്ങളെന്താണ് ചെയ്യേണ്ടത്?” ഒരു ചെറിയ ആലോചനക്ക് ശേഷം ആ അധ്യാപകൻ എഴുന്നേറ്റ് വീടിനകത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു – “ഞാൻ ഓരോ ചായയെടുക്കാം.” നിങ്ങൾ ഇരിക്കൂ …

ചായ കുടിച്ചു കഴിഞ്ഞാൽ അദ്ദേഹം തങ്ങൾക്ക് വേണ്ട ഉപദേശങ്ങൾ നൽകും എന്ന വിശ്വാസത്തോടെ അവർ എല്ലാവരും കാത്തിരുന്നു. അൽപം കഴിഞ്ഞപ്പോൾ ഒരു ട്രേയിൽ ചായ നിറച്ച ഗ്ലാസുകളുമായി അധ്യാപകൻ മടങ്ങി എത്തി. ഗുരുനാഥൻ പറഞ്ഞു ഇനി “എല്ലാവരും ചായയെടുത്ത് കുടിക്കൂ.” ഉടനെ അവർ ഒരോ കപ്പ് വീതം കൈയിലെടുത്ത് ചായ കുടിക്കാൻ തുടങ്ങി. അൽപനേരം അവർ അഞ്ച് പേരെയും നിരീക്ഷിച്ച ശേഷം അദ്ദേഹം തുടർന്ന് പറഞ്ഞു. “ഇനി നിങ്ങൾ നേരത്തെ പറഞ്ഞ വിഷയത്തിലേക്ക് വരാം.” അത് കേട്ട് അവർ അഞ്ച് പേരും പ്രതീക്ഷയോടെ ആദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. അദ്ദേഹം പറഞ്ഞു തുടങ്ങി. “ഞാനിപ്പോൾ നിങ്ങൾക്ക് മുന്നിൽ കൊണ്ടുവന്നു വെച്ച ഈ ട്രേയിൽ 7 കപ്പുകളുണ്ടായിരുന്നു. അതിൽ അഞ്ചെണ്ണം മനോഹരമായ ചിത്രപ്പണികൾ നിറഞ്ഞ വിലകൂടിയ പോർസലീൻ കപ്പുകളും, രണ്ടെണ്ണം സാധാരണ സ്റ്റീൽ ടംബ്ലറുകളായിരുന്നു. പക്ഷെ ഇവയിലെല്ലാറ്റിലും ഉള്ളത് ഒരേ ചായയായിരുന്നു.”

കൗതുകത്തോടെ തന്റെ വാക്കുകൾ കേട്ടുകൊണ്ടിരുന്ന ആ അഞ്ച് പേരോടുമായി അദ്ദേഹം ചോദിച്ചു. “എന്തു കൊണ്ടാണ് നിങ്ങളാരും ആ സ്റ്റീൽ ടംബ്ലർ എടുത്തില്ല? എന്തു കൊണ്ടാണ് നിങ്ങൾ അഞ്ച് പേരും പോർസലീൻ കപ്പുകൾ മാത്രമെടുത്തത്..?” ആ അഞ്ച് പേരും പെട്ടെന്നൊരുത്തരം പറയാൻ കഴിയാതെ സങ്കോചത്തോടെ പരസ്പരം നോക്കി. അദ്ദേഹം തുടർന്നു പറഞ്ഞു . “ചായ കുടിക്കുക എന്നതാണ് നമ്മുടെ ആവശ്യം. ഇവിടെ കപ്പുകളിൽ മാത്രമേ വ്യത്യാസമുള്ളൂ. അതിനകത്തുള്ള ചായ ഒന്ന് തന്നെയാണ്. ഇവിടെ നാം ചായക്കാണ് പ്രാധാന്യം നൽകേണ്ടിയിരുന്നത്. പക്ഷെ അറിഞ്ഞോ അറിയാതെയോ നാം പ്രാധാന്യം നൽകിയത് കപ്പുകൾക്കാണ്.”

ഇന്ന് പലരുടെയും ക്രിസ്തീയ ജീവിതവും ഈ പറയപ്പെട്ട കഥയ്ക്ക് തുല്യമാണ്. ജീവിതത്തിൽ മുൻഗണന (Priority) നൽകേണ്ടതിനെ പുറകിലെറിഞ്ഞു ഈ ലോകത്തിന്റെ സന്തോഷങ്ങളിൽ ഇടം തേടുകയാണ്. ഈ ലോകത്തിന്റെ സ്ഥാനവും, മാനവും, പദവിയും (ജോലി ) , പണവും, സൗന്ദര്യം ഒക്കെ ഇന്ന് നമ്മുടെ ജീവിതത്തിൽ ദൈവത്തെക്കാൾ മുഖ്യ സ്ഥാനം അലങ്കരിക്കുക ആണ്. ആദിമ മനുഷ്യന്റെ പരാജയവും അത് തന്നെ ആയിരുന്നു. ദൈവത്തിന്റെ വാക്കിനേക്കാൾ അവളുടെ ഹൃദയത്തിലെ ചിന്തകൾ ആയിരുന്നു (ഉല്പത്തി 3:6 ആ വൃക്ഷഫലം “തിന്മാൻ” നല്ലതും “കാണ്മാൻ ഭംഗി”യുള്ളതും ജ്ഞാനം പ്രാപിപ്പാൻ “കാമ്യവും” എന്നു ” സ്ത്രീ കണ്ടു” .) അവളെ പാപത്തിലേക്കും അത് വഴി ദൈവത്തിൽ നിന്നും അകറ്റിയത്. തുടർന്ന് ഇസ്രായേൽ മക്കൾക്ക്‌ ദൈവം കല്പ്പന നൽകുമ്പോൾ ദൈവം പറയുന്നു ” ഞാൻ അല്ലാതെ അന്യ ദൈവങ്ങൾ നിങ്ങൾക്കുണ്ടാകരുത് ” . ദൈവത്തിനേക്കാൾ ഉപരി എന്തിനും നാം മുഖ്യ സ്ഥാനം നൽകിയാലും അത് അന്യ ആരാധനയാണ്. ദൈവം അത് നമ്മിൽ നിന്നും ആഗ്രഹിക്കുന്നില്ല. 16 സങ്കീർത്തനത്തിൽ ( 8 വാക്യം ) ദാവീദ് പാടുന്നത് ” ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു ” എന്നത്രെ. അങ്ങനെ ഉള്ളവർക്ക് ജീവിതത്തിന്റെ ഏതവസ്ഥകളിലും കുലുങ്ങേണ്ടി വരില്ല. ആകയാൽ കർത്താവിനാകട്ടെ നമ്മുടെ ജീവിതത്തിലെ എല്ലാറ്റിനെയും മുഖ്യസ്ഥാനം (first priority). മഹാത്മാ ഗാന്ധിയുടെ വാക്കുകളിൽ ” Action expresses priorities” (പ്രവർത്തികൾ മുൻഗണന പ്രകടമാക്കും). അതെ, നമ്മുടെ ജീവിതവും, പ്രവർത്തികളും കർത്താവിന് മുൻഗണന നൽകുന്നതാവട്ടെ. ക്രിസ്തുവിന്റെ പത്രമായ നമ്മിൽ നിന്നും ദൈവവും അത് പ്രതീക്ഷിക്കുന്നു. ലോകവും അത് കാണട്ടെ… ജീവിത വിജയം സുനിശ്ചിതം..!!

ജൈസണ്‍ മണക്കാല

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.