ലേഖനം: സുവിശേഷത്തിന്‍റെ സ്വാധീനം വെളിപ്പെടട്ടെ | ഷീലാ ദാസ്, കീഴൂര്‍

ലോകചരിത്രത്തില്‍ കുറിയ്ക്കപ്പെടുന്ന ഒരു മഹാവ്യാധിയായ കോവിഡ്-19 ലോകരാജ്യങ്ങളെ മുഴുവന്‍ കീഴടക്കി കൊണ്ടിരിക്കുന്നു. ആരുടെ മുമ്പിലും മുട്ടു മടക്കുവാന്‍ സാധ്യതയില്ലായെന്ന് ചിന്തിച്ച സമ്പന്ന രാഷ്ട്രങ്ങള്‍ പോലും ഈ വൈറസിനു മുമ്പില്‍ അടിയറവ് പറഞ്ഞു.തങ്ങളുടെ പണവും ബുദ്ധിയും കഴിവുകള്‍ കൊണ്ടൊന്നും സാധിക്കുന്നില്ലായെന്ന് കണ്ട് ലോക നേതാക്കന്മാർ പോലും ദൈവത്തിന് കീഴടങ്ങുന്നു. നിരീശ്വരവാദികള്‍ ദൈവമുണ്ട് എന്ന് സമ്മതിക്കത്തക്ക നിലയില്‍ കാര്യങ്ങള്‍ നീങ്ങുന്നു. കൊറോണയില്‍ നിന്നും രക്ഷപ്പെടുവാന്‍ തങ്ങളുടെ ദൈവത്വം കൊണ്ട് കഴിയില്ല എന്ന് മനസ്സിലാക്കിയ മനുഷ്യദൈവങ്ങള്‍ മാളത്തില്‍ ഒളിച്ചു. ഇതിന്‍റെയെല്ലാം നടുവില്‍ സഹായിക്കാന്‍ കഴിവും അധികാരവുമുള്ള സര്‍വ്വശക്തനായ, ജീവനുള്ള ദൈവത്തിങ്കലേക്ക് തിരിയുവാന്‍ മനസ്സില്ലാത്ത, പിശാചിനാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു കൂട്ടം മനുഷ്യര്‍, മൃഗത്തിനു പോലും ലജ്ജയാകത്തക്ക നിലയില്‍ അധപതിക്കുന്നു. പാപം മാനവജാതിയെ, കൊറോണ വൈറസിനേക്കാളധികം നശിപ്പിച്ചു കൊണ്ടിരിക്കയാണ് എന്ന് തിരിച്ചറിയാതെ പിശാചിന്‍റെ കയ്യിലെ കളിപ്പാട്ടങ്ങളായി മാറുന്ന മനഷ്യനെ കാണുമ്പോള്‍ ദുഖം തോന്നുന്നു. ആര്‍ക്കും കീഴടങ്ങാതെ കെട്ടഴിഞ്ഞവരായി നടക്കുന്ന ഈ മനുഷ്യവംശത്തെ രക്ഷിക്കാനാര്‍ക്കു കഴിയും? തങ്ങള്‍ അബദ്ധവശാല്‍ ഭൂമിയില്‍ ജനിച്ചവരല്ല, അമ്മയുടെ ഉദരത്തില്‍ എത്തുന്നതിനു മുമ്പേ, അവരെ പേര്‍ വിളിച്ച ഒരു ദൈവം ഉണ്ട് എന്ന തിരിച്ചറിവ് മാത്രമേ മനുഷ്യനെ രക്ഷിക്കുകയുള്ളൂ.

ദൈവത്തിന്‍റെ സ്വന്തം നാടെന്നും, സാക്ഷര കേരളം , സുന്ദര കേരളം എന്നുമൊക്കെ വാഴ്ത്തിപ്പാടി നടന്നവര്‍ക്ക് പോലും ചിന്തിക്കാന്‍കഴിയാത്ത നിലയില്‍ അധപതിച്ചുപോയ കേരളത്തില്‍ കൊറോണയ്ക്കു മുമ്പേ അകലം പാലിച്ച ബന്ധങ്ങള്‍. പല ബന്ധങ്ങളും ബന്ധനങ്ങളായി തോന്നും വിധത്തില്‍ അകന്നു കൊണ്ടിരിക്കുന്നു. ഒരു കഴിഞ്ഞ കാലഘട്ടം പുരുഷ മേധാവിത്വം മൂലം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടെങ്കില്‍; ഇന്ന് രാഷ്ട്രീയ സാംസ്ക്കാരിക മത മേഖലകളില്‍ തങ്ങള്‍ക്ക് ലഭിച്ച സ്വാതന്ത്ര്യം മതിവരുവോളം ആഘോഷിക്കുന്നു. മാറ് മറയ്ക്കുവാന്‍ പോലും അവകാശമില്ലാതിരുന്ന കാലത്ത് നിന്നും സമത്വത്തിനു വേണ്ടി വാദിക്കുന്ന നിലയിലെത്തി സ്ത്രീകള്‍. ചില നാളുകള്‍ക്ക് മുമ്പ് പ്രസിദ്ധ എഴുത്തുകാരി സുഗതകുമാരി എഴുതി, ഒരു സ്ത്രീയുടെ നാശത്തിനു പിമ്പില്‍ മറ്റൊരു സ്ത്രീ ഉണ്ടാകും എന്ന്. എത്ര സത്യമായി മാറി. സ്വന്ത കുടുംബത്തിനകത്ത് നല്ല അമ്മയായി, ഭാര്യയായി ഒതുങ്ങി നിന്നവര്‍ ഇന്ന് രാജ്യഭരണം വരെ ഏറ്റെടുത്തു എന്നത് ശരിയാണെങ്കിലും മൂല്യം നഷ്ടപ്പെടുന്നവരായി മാറിയോ എന്നു സംശയം. ലഭിച്ച സ്വാതന്ത്ര്യം ദുര്‍വിനിയോഗം ചെയ്താല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെ ശ്രദ്ധിക്കാതെ സ്വൈര്യ വിഹാരം നടത്തുമ്പോള്‍ ഒരുപക്ഷേ വീട്ടിലുള്ളവര്‍ കടിഞ്ഞാണ്‍ ഇട്ടില്ലെങ്കിലും അധികാരമുള്ള സര്‍വ്വേശ്വരന്‍ ഉണ്ടെന്ന കാര്യം മറക്കല്ലേ. ഇതിനിടയിലും സ്ത്രീകളെ ക്രൂരമായി മര്‍ദ്ദിക്കുന്ന, പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുന്ന, അവളുടെ ശമ്പളം വാങ്ങി മദ്യപിച്ച്, കുടുംബത്തെ തകര്‍ത്തു കളയുന്ന വില കുറഞ്ഞ പുരുഷന്മാരും ഇല്ലാതില്ല. സ്വന്തജീവിതം പോലെ സംരക്ഷിക്കാം എന്ന് ഉറപ്പു നല്‍കിയ പലരും ഘാതകരായി മാറുന്ന ലോകം. എന്നാല്‍ സ്വാതന്ത്ര്യത്തെ ദുര്‍വിനിയോഗം ചെയ്യുന്ന സ്ത്രീകളും അറിയാന്‍ ഒരു വാക്ക്, നിങ്ങള്‍ നിങ്ങളുടെ ആദര്‍ശങ്ങള്‍ക്കു വേണ്ടി നടക്കുമ്പോള്‍ നിങ്ങളെ സ്നേഹിച്ചു കാത്തിരിക്കുന്ന, നിങ്ങള്‍ നൊന്തു പ്രസവിച്ച കുഞ്ഞുങ്ങളെ ഒരു നിമിഷം ഓര്‍ക്കുന്നത് നല്ലത്. ഉദരത്തില്‍ പിറന്ന കുഞ്ഞിനെ കുലയ്ക്ക് കൊടുക്കയും കാമുകന്‍റെ മുമ്പില്‍ വിട്ടു കൊടുക്കയും ഒരുവേള അവസരം വരുമ്പോള്‍ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടുകയും ഒക്കെ ചെയ്യുമ്പോള്‍, വേദനിക്കുന്ന ഈ കുഞ്ഞുങ്ങള്‍ നാളെ അധോലോക നായകരായി മാറില്ല എന്ന് ആരു കണ്ടു. മൊബൈല്‍ ഫോണുകളിലുടെ ലഭിക്കുന്ന രഹസ്യബന്ധങ്ങള്‍ മൂലം, വിവാഹം കഴിക്കാമെന്ന വാഗ്ദാനങ്ങള്‍ നല്കി, അവളെ സ്വന്തമാക്കിയിട്ട് , അവന്റെ ആവശ്യംകഴിഞ് തെരുവിൽ വലിച്ചെറിയപെട്ട എത്രയെത്ര യുവതികളെ നാം കണ്ടു. ആത്മഹത്യ കൊണ്ട് തങ്ങളുടെ സ്വന്തജീവിതം മാത്രമേ നഷ്ടമാകൂ എന്ന ചിന്ത ഭരിച്ചെങ്കില്‍ എത്ര നന്നായിരുന്നു. അല്പകാലത്തെ ദുഖത്തിനു ശേഷം എല്ലാവരും മറക്കും. അതാണ് മനുഷ്യന് ദൈവം കൊടുത്ത ഗുണങ്ങളിലൊന്ന്. അന്യന്‍റെ വീട്ടിലെ മരണം പോലും കണ്ണ് നനയിപ്പിക്കുന്ന സ്ത്രീകള്‍ക്ക് അപവാദമായി; സയനൈഡ് എന്ന മാരകവിഷത്താല്‍, സ്വന്തം കൈകളില്‍ പിടഞ്ഞുവീണ മനുഷ്യരെ കണ്ട് സന്തോഷിക്കുന്ന ജോളിമാര്‍ വര്‍ദ്ധിക്കുന്നു. ഇതെല്ലാം നടക്കുമ്പോഴും തുല്യതക്കു വേണ്ടി മുറവിളി കൂട്ടുന്ന സ്ത്രീ കൂട്ടങ്ങള്‍.. ഇതിന്‍റെയെല്ലാം അര്‍ത്ഥം എന്ത്?…
ധനം എത്ര വര്‍ദ്ധിച്ചാലും, വിജ്ഞാനം പെരുകിയാലും, വീടുകള്‍ എത്ര ഉയര്‍ത്തി പണിതാലും, എത്ര ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ചതിച്ച് കൈക്കലാക്കിയാലും, ജ്ഞാനികളില്‍ ജ്ഞാനിയായി ശലോമോന്‍റെ വാക്കുകള്‍ കടമെടുക്കട്ടെ,
“എല്ലാം മായ മായ”. എന്നാല്‍ ഇത്രയും അധഃപതിച്ച മനുഷ്യ വര്‍ഗ്ഗത്തെ ഇങ്ങനെ കൈവിടുവാന്‍ സര്‍വ്വേശ്വരനായ ദൈവത്തിനു കഴിയുമോ? ഒരു നാളും ഇല്ല. പിന്നെ എന്താണൊരു പരിഹാരം. അതേ മാനവജാതിയുടെ പാപത്തിനു പരിഹാരം നല്‍കുന്ന മറ്റൊരു മാര്‍ഗ്ഗവും പ്രയോജനപ്പെടില്ല എന്ന് കണ്ട് സര്‍വ്വശക്തനായ ദൈവം, തന്‍റെ മകനായ യേശുക്രിസ്തുവിനെ കാല്‍വറി കൊലക്കളത്തില്‍ തകര്‍ത്തു കളയാന്‍ ഇഷ്ടം തോന്നി. അത് ഒരു സുവാര്‍ത്തയായി മാറി. ആ സദ്വാര്‍ത്ത ഇന്നും അനേകരെ നിത്യമായ പാപപരിഹാരത്തിലേക്കും സമാധാനത്തിലേക്കും നയിച്ചു കൊണ്ടിരിക്കുന്നു. ആ സത്യസുവിശേഷം സ്വാധീനിച്ചവര്‍ ഇന്ന് ലോകത്തെ സ്വാധീനിക്കുന്നവരാണ്. നിയമങ്ങള്‍ കൊണ്ട് രൂപാന്തരം വരാത്ത മനുഷ്യരെ സ്നേഹത്താല്‍ മാറ്റിയെടുക്കുന്ന മാര്‍ഗ്ഗമാണ് സുവിശേഷം.

എത്ര കൊടുംപാപിയെയും സ്നേഹിപ്പാന്‍ കഴിവുള്ള ദൈവപുത്രന്‍ ഇന്നും നിങ്ങളെ രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നു. ഈ സത്യസുവിശേഷത്തിന്‍റെ സ്വാധീനത്തിലെത്തിയവര്‍ ലോകത്തിന്‍റെ അഴുക്കുചാലുകളിലേക്കോ, പാപത്തിന്‍റെ വശീകരണ ശക്തിയിലേക്കോ പോകാനാഗ്രഹിക്കുന്നില്ല. ദൈവം തന്ന സ്വാതന്ത്ര്യത്തെ ദുര്‍വിനിയോഗം ചെയ്യാതെ ദൈവത്തിന്‍റെ സ്നേഹത്തിലേക്ക് മടങ്ങി വന്നാല്‍ ദൈവത്തിന് വിടുവിപ്പാന്‍ കഴിയാതവണ്ണം തകര്‍ന്ന ആരും മനുഷ്യരുടെ ഇടയിലില്ല.
പ്രീയ വായനക്കാരേ, നിങ്ങളെ ഈ സുവിശേഷം സ്വാധീനിച്ചുവോ?..ഈ ലോകത്തിലെ വ്യര്‍ത്ഥമായതിലൊന്നും നിങ്ങളുടെ വിലയേറിയ ജീവിതം നശിപ്പിച്ചു കളയരുതേ. മറ്റാരെക്കാളും അധികം നിങ്ങളെ തിരിച്ചറിയുന്ന ജീവനുള്ള ദൈവത്തിന്‍റെ സ്നേഹം നിങ്ങളെ സ്വാധീനിക്കട്ടെ. ലോകത്തിലെ സകല പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കാവാന്‍ കഴിയുന്ന ഏകമാര്‍ഗ്ഗമായ സത്യസുവിശേഷം ഓരോരുത്തരെയും സ്വാധീനിക്കുവാന്‍ ദൈവം ഇടയാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു, ആശംസിക്കുന്നു.

ഷീലാ ദാസ്, കീഴൂര്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.